Thursday, November 3, 2011

പ്രണയത്തെക്കുറിച്ച്




ഒരു സാമൂഹ്യ ജീവിതത്തില്‍ മറ്റു മനുഷ്യര്‍ തന്നെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?
ഒരു നേര്‍ത്ത വരമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ എതിരെ വരുന്ന ആള്‍
ശ്രദ്ധിച്ചില്ലയെങ്കില്‍ തീര്‍ച്ചയായും കൂട്ടിയിടിക്കാനുള്ള സാധ്യത ധാരാളം.
മറ്റുള്ളവരുടെ ശ്രദ്ധയില്‍ നമ്മള്‍ ഇല്ലാതെ പോകുന്നത് അപകടങ്ങളിലേക്ക്
നമ്മളെ കൊണ്ടുപോയേക്കാം എന്ന ഭയത്തില്‍ നിന്നാണ് പരിഗണനയുടെ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവന്നത്. അതാണ്‌ വൈകാതെ പരസ്പരമുള്ള സ്നേഹമായി പരിണമിക്കുന്നത്.സ്നേഹം ഒരു ഉത്തരവാദിത്വം കൂടിയാകുന്നു. നമ്മള്‍ ഒരാളെ സ്നേഹിക്കുന്നുവെന്നത് അയാളെ നമ്മുടെ സംരക്ഷണവലയത്തില്‍
ചേര്‍ത്ത്‌ നിര്‍ത്തുന്നു എന്നുകൂടി അര്‍ത്ഥമാക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ അയാളുടെ സംരക്ഷണ വലയത്തില്‍ ചേര്‍ന്നു നില്‍ക്കുന്നു എന്നുമാകുന്നു.
അതുകൊണ്ടാണ്‌ അങ്ങിനെ കരുതുന്നവരില്‍ നിന്ന് ഉണ്ടാകുന്ന അശ്രദ്ധ ഒരു അവഗണനയായി നാം തിരിച്ചറിയുകയും അതില്‍ നാം ദുഖിക്കേണ്ടതായും വരുന്നത്.

അടുക്കാനും അകലാനും പ്രേരിപ്പിക്കുന്ന ഒരു രസതന്ത്രം
മനുഷ്യരില്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉപനിഷത്തുകള്‍ ഉപദേശിക്കുന്ന ധ്യാനത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പ്രേരണയാകുന്ന
നിസ്സംഗതയും നിര്‍മമതയുമെല്ലാം അതിനെ ആശ്രയിച്ചാണു നില്‍കുന്നത്.
അടുപ്പം ദുഖമുണ്ടാക്കുമെന്നും അകലം സംയമനം തരുമെന്നും
വിശ്വസിക്കപ്പെടുന്നതു കൊണ്ട് കൂടിയാണിത്.
ഈ അകലത്തെ കുറിച്ചുള്ള ബോധമാണ്‌ പ്രണയത്തെ സങ്കടത്തിന്റെ കണ്ണീരണിയിച്ച് നിര്‍ത്തുന്നത്.
എത്ര അടുത്താലും അകലെയാണെന്ന തോന്നല്‍ .
കാരണം പ്രണയം ഒരു ആശ്രിതത്വമാണ്.
അത് നിരന്തരമായി താലോലിക്കപ്പെടാനുള്ള അഭിവാഞ്ചയാണ്.
അത് സ്ഥലകുലമുഖ ന്യായങ്ങളെ അംഗീകരിക്കുന്നില്ല.

പുരുഷന്‍ സാമൂഹ്യചക്രത്തിന്റെ പല്ലുകളിലുടക്കി വ്യാധികളില്‍ ഉഴലുമ്പോള്‍
നിരന്തരനായ ഒരു പ്രണയിതാവായിരിക്കാന്‍ സാധ്യതകള്‍ ദുര്‍ബലം.
യുഗങ്ങളായി പുരുഷ ഹൃദയം ആര്‍ജ്ജിച്ച അധികാര പ്രമത്തതയുടെ അധമത്വം അവന്റെ നിത്യ പ്രണയത്തിന് വിഘാതമാകുന്നു.

നിത്യ കാമുകി ആയിരിക്കാന്‍ കൊതിക്കുന്ന സ്ത്രീ പ്രണയത്തിന്റെ പ്രത്യയങ്ങള്‍ നിരന്തരം മാറ്റികൊണ്ടിരിക്കും. പ്രണയത്തിലെ അസമത്വങ്ങള്‍ ഉയര്‍ത്തുന്ന അസൂയയും സ്ത്രീ ജീവിതത്തിനു മേലെ പുരുഷന്‍ സ്ഥാപിക്കുന്ന
അധീശത്വത്തിനുള്ള കാരണങ്ങളില്‍ ഒന്നാണ്. പ്രണയം നിരാകരിക്കപെടുന്നതിലെ
പ്രതിഷേധം കടുത്തതാകുന്നതിലെ കാമ്പുകളില്‍ ഈ അമര്‍ഷവും ഒളിച്ചിരിക്കുന്നു.

ജീവിതം എന്നാല്‍ വെറുതെ ജീവിച്ച് തീര്‍ക്കലല്ലെന്ന് സാരം.
ചുഴികളും മലരികളും കാണാതെ പോകുമ്പോഴും ഒരു സമുദ്രം
അത് അതിന്റെ ഗര്‍ഭത്തില്‍ എല്ലാം സൂക്ഷിക്കുന്നു.
കാണുന്നത് മാത്രമാകുന്നില്ല ജീവിതം.

Friday, October 21, 2011

മ്യത്യു വിചാരം.


രോഗപീഡകള്‍ മൂലം.
ആത്മാഹത്യകള്‍ വഴി.
കൊലചെയ്യപ്പെടുന്നവരായി.
അപകടങ്ങളിലൂടെ.
വാര്‍ദ്ധക്യസഹജമായി.

ദുരൂഹവും നിഗൂഡവും അനിശ്ചിതവുമാണ് മരണത്തിന്റെ വഴികള്‍

കാമനകളില്‍ നീന്തിത്തുടിക്കുന്ന മനുഷ്യര്‍ അതില്‍ ഭയപ്പെടാതിരിക്കുന്നതെങ്ങിനെ?

ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കിയിരുന്ന നമ്മള്‍ കണ്ടിട്ടില്ലാത്ത ഏതോ ഒരു വസ്തു മസ്തിഷ്കമടക്കമുള്ള ശരീരത്തെ ത്യജിക്കുക വഴിയാണ് നമ്മള്‍ ജഡമായി മാറുന്നത്. ജഡം എന്നുറപ്പാക്കിയ ഒരു ശരീരത്തെ നമ്മുക്കാവശ്യമുള്ളപ്പോള്‍ ആവശ്യമായ രാസപദാര്‍ത്ഥങ്ങളുടെ സങ്കലന ഫലമായി പ്രവര്‍ത്തനക്ഷമമാക്കി തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞാലേ ശാസ്ത്രത്തിന് മരണത്തിന്റെ ദുരൂഹത
നീക്കിയെടുക്കാന്‍ കഴിയൂ .

1893- ല്‍ ഷിക്കാഗോവിലെ സര്‍വ്വമത സമ്മേളനത്തില്‍പങ്കെടുത്ത്കൊണ്ട്  സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു.

"അമ്യതാത്മാക്കളാണ് നിങ്ങള്‍ മുക്തരൂപികള്‍ ,പവിത്രര്‍ , നിത്യര്‍ . ജഡമല്ല നിങ്ങള്‍ . നിങ്ങള്‍ ദേഹങ്ങളല്ല. ജഡം നിങ്ങളുടെ അടിമ, അല്ലാതെ നിങ്ങള്‍ ജഡത്തിന്റെ അടിമകളല്ല."

ഇത് മരണത്തിനു വേറെ ഒരു തലം സമ്മാനിക്കുന്നു. ജീവിതം എന്നത് ശരീരം
മാത്രമല്ല . ശരീരത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മറ്റൊരു ഘടകം ജീവിതത്തിലുണ്ട് എന്ന ചിന്ത. മസ്തിഷ്കം അല്ലാത്ത മറ്റെന്തോ ഒന്നുകൂടി. മരണത്തിനു ഹനിക്കാനാവാത്ത എന്തോ ഒന്ന്. തത്വചിന്തകര്‍ ജീവാത്മാവ് എന്ന് വിളിക്കുന്ന ഒന്ന്.

നമ്മള്‍ ശരീരങ്ങളിലൂടെ മാത്രം തിരിച്ചറിയപ്പെടുന്നവര്‍ ആയതുകൊണ്ട്, ഇല്ലാതാകുന്ന ശരീരം മൂലം, ഒരാളുടെ മരണം, അയാളെ സംബന്ധിച്ച് നമുക്ക്‌ ഒരു പൂര്‍ണ്ണ വിരാമമാണ്.നമ്മളെ അലട്ടുന്ന സങ്കടം ഇനിയൊരിക്കലും നമുക്കയാളെ നേരില്‍ കാണാനാവില്ലല്ലോ എന്നതാണ്.

അപൂര്‍വ്വമായൊഴിച്ച്, ജീവിതകാരന്റെ അനിഷ്ടമായാണ് മരണം കടന്നുവരുന്നത്. കൊലപാതകത്തിലാവട്ടെ നിര്‍ബന്ധിതമായി മരണം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ആത്മഹത്യാകാരന്മാര്‍ ഒരുപക്ഷെ ആഗ്രഹിച്ചുതന്നെ എടുക്കുന്നതാവും.

വ്യത്യസ്ഥതകളെയൊക്കെ പരിഗണിച്ചാലും ഒന്നുറപ്പാണ്, ശരീരത്തിന്റെ ജീവചംക്രമണം നിലക്കുന്നതിലൂടെയാണ് ആ ശരീരം ജഡമാകുന്നത്. അവിടെ ഒരാത്മാവിന്റെ സാന്നിദ്ധ്യം ആരും തിരിച്ചറിയുന്നില്ല. ശരീരത്തില്‍ കുടുങ്ങി കിടക്കുന്നതാണ് ആത്മാവ്, മരണം ആത്മാവിന്റെ മുക്തിയാണ് ഉറപ്പാക്കുന്നത്. അങ്ങനെ ജഡം അതിന്റെ ഫലശ്രുതിയാണെന്ന് വ്യാഖ്യാനിക്കുന്നത് ദുര്‍ഗ്രഹത വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നല്ല. ആദ്ധ്യാത്മികതലത്തില്‍ ധർമ്മാർത്ഥികൾക്ക് ഇത് ആശ്വാസമായിരിക്കും. ഇത്തരം സങ്കല്‍പ്പത്തില്‍ ലളിത മനസ്കര്‍ ത്യപ്തരാകുകയും ചെയ്യും.

Monday, July 18, 2011

അമ്മ



അമ്മയെ കുറിച്ച് എഴുതണമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ല.
കാരണം അമ്മ ശരീരിയല്ലാതെ എന്നോടൊപ്പം ഉണ്ട് എന്നാണ് എപ്പോഴെത്തെയും എന്റെ വിശ്വാസം. ഉള്ളത് ഇല്ലാതായ ആ ശരീരത്തെ കുറിച്ചുള്ള വേവലാതിയാണ്. അത് ഞാന്‍ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്.


നാല് വർഷത്തോളം ഞങ്ങൾ ടെലിഫോണിൽ മാത്രമുള്ള സംഭാഷണങ്ങളിൽ, കാണതെ ചേർന്നുനിന്നതിന്റെ ഓർമ്മകളുണ്ട്. ദീർഘകാലം കാണാതിരിക്കുക എന്നത് അത്ര അത്ഭുതമല്ല ഞങ്ങളെ സംബന്ധിച്ച്. അതുകൊണ്ട് അമ്മ വീട്ടിലുണ്ടല്ലോ എന്നത് എന്റെ എന്നത്തേയും ഒരുറപ്പായിരുന്നു. അത് ഒട്ടും അതിശയകരമൊന്നുമായിരുന്നില്ല. വീട്ടിൽ നിന്നു മൂവായിരത്തി എഴുനൂറോളം കിലോ മീറ്റർ അകലെ ആയി പോയ ഞാൻ അമ്മയുടെ സാന്നിദ്ധ്യം മുൻപും  ഓർമ്മയിൽ നിലനിർത്തുകയായിരുന്നുവല്ലോ.!!


അഞ്ചു ധമനികൾ തകർത്ത മസ്തിഷ്കാഘാതത്തെ പതിനെഴുവർഷം അതിജീവിക്കാൻ കരുത്തുകാണിച്ചു അമ്മ. ദുരിതങ്ങളുടെ ഘോഷയാത്രയെ ആർക്കും ഭാരമാക്കിയില്ല.ജീവിതം സഹനങ്ങളുടെ തനിയാവർത്തനം മാത്രം. അല്ലെങ്കിലും അവർ പലപാട് പൊരുതിതന്നെയാണ് ജീവിതം പിടിച്ചെടുത്തത്. പിൽക്കാലത്ത് സമ്പന്നരായ മക്കളുടെ ധാരാളിത്തമൊന്നും അവരെ മോഹിപ്പിച്ചതുമില്ല. നിസ്വയായി ജീവിച്ചു. അതിലേറെ നിസ്വയായി യാത്രയും പറഞ്ഞു.


ഊഷ്മളമായ സ്നേഹാദരസ്മ്യതികൾ ഏത് മകനും അമ്മയെ കുറിച്ചുണ്ടാകും. വാക്കുകളിൽ വികാരപ്രപഞ്ചമൊന്നും പൊലിപ്പിച്ചെടുക്കാനാവില്ല അമ്മയെ കുറിച്ച്. അല്ലെങ്കിലും പൊലിമയിലല്ലല്ലോ കാതൽ. എങ്കിലും ദീപ്തമായ ഒരു സ്മരണ ഹ്യദയം കുടഞ്ഞുകളയാനാവാതെ സൂക്ഷിക്കുന്നു. ഒരു യാത്രമൊഴി. ഗുരുവായൂർ ബസ് സ്റ്റാന്റിലെ സിമന്റു ബഞ്ചിൽ ചേർന്നിരുന്ന് ആശ്ലേഷിച്ച് നെറുകയിൽ ഉമ്മ വെച്ച് യാത്രയാക്കുകയായിരുന്നു അമ്മ. ഓർമ്മയിലെ ഗദ്ഗദം. അമ്മക്കറിയില്ലായിരുന്നല്ലൊ വിജനമായ മരുഭൂമിയുടെ അനാഥമായ ഏകാന്തത്തിലേക്കാണ് മകനെ യാത്രയാക്കുന്നതെന്ന്.പിന്നീട് കിട്ടിയ അവസരത്തിൽ, അടുക്കും ചിട്ടയും തെറ്റിയ ഓർമ്മകളിൽ സ്വയം പരതി കഷ്ടപ്പെടുന്ന അമ്മയോട് ആ കഥകൾ പറഞ്ഞു ബോധിപ്പിക്കാൻ മകനും കഴിയാതെ പോയി. അമ്മ ഒന്നും അറിയാതിരുന്നതും നന്നായി.


അമ്മ യാത്രയാവുമ്പോൾ അടുത്ത് ഞാനില്ലായിരുന്നു. പോകും എന്നു ഒരു വിദൂര സൂചന പോലും ഇല്ല്ലായിരുന്നു. അജ്ഞാതയായ ഒരനുജത്തിയോട് ഒരുപാട് കാര്യങ്ങൾ എന്നോട് പറയാൻ പറഞ്ഞ് ഏൽപ്പിച്ചായിരുന്നു അമ്മ ഇറങ്ങിയത്. 


അതെപ്പോഴും അങ്ങനെ തന്നെ ആയിരുന്നു. പഠനകാലത്തെ എന്റെ യാത്രകളിലെ കഥകൾ ചോദിച്ചറിയുന്നത് അമ്മക്ക് എന്നും ഇഷ്ടമായിരുന്നു. രാത്രി വൈകുവോളം അമ്മ കാത്തിരിക്കും കഥകൾ കേൾക്കാൻ. ഉപജീവനാർത്ഥം വിദേശത്തായപ്പോഴും ദീർഘനേരം ടെലിഫോൺ സംഭാഷണങ്ങളിൽ ഞങ്ങൾ പരസ്പരം ചേർത്തുപിടിച്ചു.  അമ്മ വെറും ഒരു ശരീരമായി യാത്ര പറയുന്നത് കാണാതെ കഴിക്കാൻ എനിക്കായല്ലോ എന്നത്.എന്റെ വലിയ ഒരാശ്വാസമാണ്. അതുകൊണ്ട് അമ്മ ഇല്ലാതായി എന്നു എനിക്ക് വിശ്വസിക്കേണ്ടിവരുന്നില്ല.


ജൂലായ്18 ബുധനാഴ്ച.  നാലുവർഷം മുൻപ് . അന്നു രാമായണമാസത്തിന്റെ ആരംഭമായിരുന്നു. ആ ദിവസത്തിന്റെ നിശ്ചേതനത്വം ഓർമ്മയിൽ ബാക്കിയുണ്ട്. അമ്മ പക്ഷെ എവിടെ പോകാൻ. എന്റെ കഥകളുടെ ഏക ശ്രോതാവ്. ഇടക്കൊക്കെ സാമി…. എന്ന വിളി ഞാൻ കേൾക്കാറുള്ളതല്ലേ. ഞാൻ തേച്ചുമിനുക്കി വെക്കുന്ന എന്റെ ഓർമ്മകൾക്ക് എങ്ങിനെയാണ് ക്ലാവ് പിടിക്കുക.

Friday, June 24, 2011

മാത്യഭൂമി ആഴ്ചപതിപ്പിൽ സി.എസ്. ചന്ദ്രിക എഴുതിയ കാഞ്ചീപുരം എന്ന കഥയുടെ ഒരു അധികവായന.


കാഞ്ചിപുരം: താരയും ചന്ദ്രികയും ഞാനും.



താരയേയും ദേവിയേയും എനിക്ക് വല്ലാതെ ഇഷ്ടമായി.

അവർ കാഞ്ചിപുരത്തല്ല. എനിക്കരികെ സജീവമായി തന്നെ വന്നു നിന്നു. താരയേക്കാൾ എനിക്ക് ദേവിയെയാണ് ഇഷ്ടമായത്. കാഞ്ചിയിലെ ദേവി കാമാക്ഷിയാണ്. പക്ഷെ, താരയും ദേവിയും  ശ്രീകോവിലിന് മുന്നിലെത്തിയപ്പോൾ  ശത്രുതാപൂർവ്വം ഭക്തരെ ഓടിച്ചുവിട്ടിരുന്ന വ്യദ്ധ ബ്രാഹ്മണൻ അകത്തെ കാമാക്ഷിയേയും പുറത്ത് തൊഴാതെ  നിന്ന ദേവിയേയും മാറി മാറി നോക്കി.
താര അതുകണ്ടതാണ്.


ഭക്തരെ ഓടിച്ച് വിടുന്ന തിരക്കിലും വ്യദ്ധൻ കാമാക്ഷിയെ ദേവിയിൽ തിരയുകയായിരുന്നോ.?
ദേവി സുന്ദരിയാണെന്ന് താര പറയുമ്പോൾ നാം സന്തോഷിക്കുന്നു. സാധാരണ സ്ത്രീകൾ മറ്റു സ്ത്രീകളിൽ സൌന്ദര്യം കാണുന്നത് അപൂർവ്വമായത് കൊണ്ട് കൂടിയാവാം അത്. എന്നിട്ടും ദേവിയുടെ നീണ്ടിടതൂർന്ന മുടി പിൻഭാഗം മുഴുവൻ നിറഞ്ഞു കവിഞ്ഞു കിടക്കുന്നതിൽ ആരെയും ഒളിപ്പിച്ചിട്ടില്ലെന്ന് കാറ്റിൽ പറന്നു സത്യം പറയാൻ ഇടവന്നതെന്താവാം. അങ്ങനെ തെളിയിച്ചില്ലെങ്കിൽ സംശയം തോന്നാവുന്നതാണ് ദേവിയുടെ ജീവിതം എന്ന് പറയാതെ പറയുന്നതിന് തുല്യമായില്ലെ ആ പ്രസ്താവം. എന്റെ സത്യമാണ് എന്റെ സൌന്ദര്യം എന്നതും സംശയാസ്പദമാകുന്നത് അതുകൊണ്ടാണ്. സത്യം സുന്ദരമായിരിക്കും പക്ഷെ സൌന്ദര്യം സത്യമാണെന്ന് എന്തുവെച്ചാണ് നാമുറപ്പിക്കുക. ഈ സത്യവാദത്തിന്റെ മറുപുറത്ത് ഒരു നീരസം മണക്കുന്നതായിരുന്നു അഴകിന്റെ സാന്നിദ്ധ്യം. എന്നിട്ടും നമ്മൾ താരയുടെ സത്യത്തിൽ മാത്രം ചരിക്കാനാണ് ഇഷ്ടപ്പെടുക. പക്ഷെ പിന്നീട് നമുക്ക് തിരിച്ചുവന്ന് ചിലതൊക്കെ തിരിച്ചറിയേണ്ടിവരുന്നത് ആഹ്ലാദകരമായി അനുഭവപ്പെടാതെ പോയി.

താരക്ക് ദേവിയോട് പ്രണയമാണ്
ഒരുപാട്  വർഷം അവർ ഒരുമിച്ച് ഡൽഹിയിൽ കഴിഞ്ഞതാണ്.
ദേവിക്ക് പക്ഷെ താരയെ കൂടാതെ ഒരു പ്രണയമുണ്ട്. അഴക്. അഴക് ദേവിയുടെ ഭർത്താവാണ്.അവർക്ക് ഒരു മകളുമുണ്ട്. മാധവി.സ്റ്റേറ്റ്സിൽ പഠിക്കുന്നു.

നടന്ന് നടന്ന് താരക്ക് വഴിതെറ്റി.
സാക്ഷാൽ കാമാക്ഷി ശിവനെ കിട്ടാൻ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി തപസ്സുചെയ്ത ആ മാഞ്ചുവട്ടിൽ ഒറ്റക്ക് നിന്ന ദേവിയുടെ കണ്ണിൽ മഴ രണ്ടു തുള്ളിയായി പെയ്തു. കാമിച്ച പുരുഷനേ കിട്ടാനുള്ള സ്ത്രീകളുടെ സഹനങ്ങളെ ഓർത്ത് താരക്ക് ആ മാഞ്ചുവടിനെ വല്ലാതെ വെറുക്കേണ്ടിവരുന്നു. എന്നിട്ട് കാമിച്ച പെണ്ണിന്റെ കണ്ണിലെ നീർത്തുള്ളികൾ താര വടിച്ചുകളഞ്ഞു. പത്ത് വർഷം കാണാതെ പോയ ആ മഴ, ഒരു ഞൊടിയിടയിലെ ഉച്ചാടനത്തിനിടയിൽ ദേവിയുടെ കണ്ണിൽ എന്തിനാവാം   നിറഞ്ഞത്. താരയുടെ വെറുപ്പ്   വെറും ഒരു നിത്യകന്യകയുടെ പ്രതിരോധം മാത്രമാണോ.? അതിന്റെ പ്രതിഫലനമായിരുന്നോ സുമംഗലികളോടുള്ള പുച്ഛം. അതോ ഒരു പുരുഷനെ തന്നിലേക്ക് ആകർഷിക്കാനാവാത്ത അപാകതകൾ മനസ്സും ശരീരവും പേറുന്നു എന്ന തോന്നലോ..? സ്നേഹം സത്യമായിരിക്കുക. അത് ഒഴുകി  പരക്കുന്നിടത്ത് വരമ്പുകൾ തീർക്കുക. വരമ്പുകൾക്കിപ്പുറത്തുള്ളത് മാത്രം എങ്ങിനെ സത്യമാകും.

 കഥയിലെവിടെയും കഥാകാരി താരയുടെ സൌന്ദര്യത്തെ വർണ്ണിക്കുന്നില്ല. പക്ഷെ താരക്ക് പ്രണയമുണ്ട്. ദേവിയോടോത്ത് അനുഭവിച്ച പ്രണയലീലകൾ താര ഓർത്തെടുക്കുന്നുണ്ട്.  ഒരാൾ സ്ത്രീയായിരിക്കുന്നതും പുരുഷനായിരിക്കുന്നതും ജീവൽഘടനയുടെ ഭാഗമായിരിക്കെ അവരുടെ ആകർഷണങ്ങളെയും അതേ ജീവൽഘടനയുടെ ഭാഗമായി എന്തെ കാണാനാവുന്നില്ല.? ദേവിയോടുള്ള അധമ്യമായ പ്രണയത്തിനിടക്കും അഴകിനോടൂള്ള ദേവിയുടെ വിധേയത്വത്തെ അംഗീകരിക്കേണ്ടി വരുന്നുണ്ട് താരക്ക്. അഴകിന്റെ സ്നേഹം ഇളകിമറിഞ്ഞപ്പോൾ ദേവി താരയുടെ കണ്ണുകളിൽ നോക്കി. ദേവിക്ക് അഴക് വേദനിക്കുന്നതിഷ്ടമല്ല. താരക്ക് ദേവി വേദനിക്കുന്നത് ഇഷ്ടമല്ല. താര പറഞ്ഞു:.

 “പോകണം. സന്തോഷമായിട്ടിരിക്കണം. അഴകിനോട് തുറന്നുപറയണം. നമ്മുടെ പ്രണയം ആർക്കുമുമ്പിലും ഒളിച്ചുവെക്കേണ്ട. ഒളിച്ചുവെച്ചാൽ അതൊരു തരം അപമാനവും വേദനയും ആയി മാറും. അത്തരമൊരു മുറിവ് നമ്മുടെ ജീവിതത്തിൽ വേണ്ട.”

അഴക് പക്ഷെ പരമശിവനൊന്നുമല്ല. അയാൾ ആനന്ദത്തിനായി മറ്റു സ്ത്രീകളുമായുള്ള  അറ്റകുറ്റ പണികളിൽ വ്യാപ്യതനാണ്.
 അയാൾക്ക് ന്യായമുണ്ട്.

 “ഒരുവറുക്ക് പല ഉറവുകൾ ഇരിക്കലാം. അത് തപ്പല്ലൈ.”

 പക്ഷെ ദേവിയെ അയാൾക്ക് നഷ്ടപ്പെട്ടുകൂടാ.

 “ഉന്നെപോലെ എനക്ക് വേറെയാരും കെടയാത്

 ഈ ന്യായം താര എങ്ങിനെയാണ് അംഗീകരിച്ചെതെന്നും ദേവിയെ തിരിച്ചുപോകാൻ നിർബന്ധിച്ചെതെന്നും ഓർത്ത് നാം അത്ഭുതപ്പെടുന്നു. കഥാകാരി എങ്ങിനെ കെട്ടിപൊക്കാൻ ശ്രമിച്ചാലും താര എന്ന കഥാപാത്രത്തിന്റെ ദുർബ്ബലത മറനീക്കി ഇവിടെ പുറത്ത് വരുന്നു. താരയുടെ വിശ്വാസ്യതയെയാണ് ഇത് ബാധിക്കുന്നത്.

അന്തരീക്ഷ വർണ്ണനയുടെ മനോഹാരിത കാഞ്ചി കാമാക്ഷി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരഭൌമ തലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളും ഈ അന്തരീക്ഷത്തിന് ചാരുതയേകുന്നുണ്ട്.

താര.

ഈ പേര് പുരാണത്തിലെ അഞ്ച് നിത്യകന്യകമാരിൽ ഒരാളുടേതാണ്. സ്വാഭാവികമായി താര തനിക്ക് വിവാഹത്തിലുള്ള വിരക്തി സ്വയം വ്യക്തമാക്കുന്നുണ്ട്. രാത്രി അടച്ചിട്ട ട്രയിനിന്റെ വാതിൽ തള്ളിതുറന്ന് വരാവുന്ന പുരുഷന്മാരെ കുറിച്ച് അവൾക്ക് വേവലാതികളുണ്ട്. എന്തിന് ടെലിഫോൺ റിസീവറിൽ അറിയാതെ പതിക്കുന്ന പുരുഷന്റെ ഉമിനീർ പോലും  എത്ര അറപ്പോടെയാണ് അവൾ നോക്കുന്നത്. താര പക്ഷെ ദേവിയെപോലെ സത്യമുള്ള ഒരു സ്ത്രീയല്ലെന്ന് നമുക്ക് തോന്നുന്നുണ്ടോ..?

പുരാണങ്ങളിലും താര അത്ര ശരിയായിരുന്നില്ല. ബാലിയുടെ ഭാര്യയായിരിക്കേ ചതിയിൽ കൊല്ലപ്പെട്ടപ്പോൾ ചതിച്ചവനെ ഭർത്താവാക്കാൻ താര മടിയൊന്നും കാണിക്കുന്നില്ല രാമായണത്തിൽ.

അതിലും വിശേഷമാണ് ഭാഗവതത്തിൽ ബ്രഹസ്പതിയുടെ ഭാര്യയായിരുന്നു താര. ഒരു രാത്രിയിൽ ചന്ദ്രൻ അവളെ അപഹരിച്ചു. തന്മൂലമുണ്ടായ ഘോരമായ ദേവാസുരയുദ്ധത്തിനൊടുവിൽ ബ്രഹ്മാവ് ഇടപ്പെട്ടാണ് താരയെ ഒടുവിൽ ബ്രഹസ്പതിക്ക് തിരിച്ചേൽപ്പിച്ചത്. പക്ഷെ അപ്പോഴേക്കും താര ചന്ദ്രന്റെ മകനായി ബുധനെ പ്രസവിച്ചു കഴിഞ്ഞിരുന്നു.

ഈ താരയുടെ സത്യത്തിൽ എനിക്കത്ര ബോധ്യം പോരെന്ന് സാരം.സ്വന്തം ഉറവിനു വിരുദ്ധമായി, വിശ്വാസ്യതയില്ലാത്ത ഒരു പുരുഷന് പ്രണയിനിയെ ദാനം ചെയ്യുന്നതിന്റെ ദുരന്തം, തിരിച്ചറിയാനാവാത്ത ദുർബ്ബലയായിരുന്നില്ലല്ലോ താര. അതും ആ  പ്രണയം ലോകത്തിനോട് തുറന്ന് വെക്കാൻ മടിയില്ലാത്ത താര.

ക്ഷേത്രത്തിൽ നിന്ന് ദേവി താരയെ കൊണ്ട്പോകുന്നത് ഒരു പട്ടുവസ്ത്രശാലയിലേക്കാണ്.
ഒരു പക്ഷെ ഈ കഥയുടെ അവതാര ലക്ഷ്യം കുടിയിരിക്കുന്നത് ഈ പട്ട് വസ്ത്ര ശാലയിലായിരിക്കണം. ഇവിടെ കഥാകാരി ഒരു ചരിത്ര വസ്തുതയെ പരാമർശിക്കുന്നുണ്ട്. ഒരു പക്ഷെ പ്രണയികൾക്ക് താരയുടെ തന്നെ ജീവിതത്തിന്റെ ഒരു പരിപ്രേക്ഷ്യമായി വ്യാഖ്യാനിക്കാവുന്ന ഒരു ചരിത്ര വസ്തുത. ചന്ദ്രിക ആവിഷ്കരിക്കുന്ന ഒരു പ്രണയ സത്യം. ഒരു പക്ഷെ ഈ കഥക്ക് വേണ്ടി ഒരുങ്ങിയിരുന്ന ഒരു വസ്തുതയായി നാമതിനെ വായിച്ചെടുക്കും. ഈ കഥയുടെ സാക്ഷാൽക്കാരവും ഈ കഥക്ക് പുറകെ എന്നെ വരുത്തിയതും ഒരു പക്ഷെ ഇത് തന്നെയായിരിക്കും കാരണം.

 പട്ടുവസ്ത്രത്തിലെ മനോഹരമായ മയില്പീലിയിലേക്ക് കൈ നീട്ടിയ താരയുടെ ഉള്ളിലേക്ക് തിളച്ച വെള്ളത്തിലേക്ക് വീഴുന്ന പട്ടുനൂൽ പുഴുക്കള്.

താരയുടെ അസ്വസ്ഥത മൌനമായി സാന്ത്വനപ്പെടുത്തി ദേവി ആ സാരി ഇഷ്ടം കൊണ്ടുതന്നെ വാങ്ങി.

ഈ വൈരുദ്ധ്യം മറികടന്നും പട്ടുനൂൽ പുഴുക്കളുടെ ദുരന്തത്തോടുള്ള  താരയുടെ സമീപനത്തെ എത്ര അലിവോടും സ്നേഹത്തോടെയുമാണ് കഥാകാരി ചിത്രീകരിക്കുന്നത്.

ക്യസ്തുവിനുമുൻപ് 2640-ൽ ചൈന ഭരിച്ചിരുന്ന ഹ്യൂയാൻസാങ്ങ് ചക്രവർത്തിയുടെ പല ഭാര്യമാരിൽ ഒരാളായ സീലിംഗ്ജി ഒരിക്കൽ മൾബറിമരത്തിന്റെ തണലിലിരുന്ന് ചായ കുടിക്കുമ്പോൾ തിളച്ച ചായപാത്രത്തിൽ വീണ ഒരു പട്ടുനൂൽ പുഴു, ലോകത്തുള്ള മുഴുവൻ പട്ടുനൂൽ പുഴുക്കളുടെയും ചൈനയുടെ തന്നെയും വിധി നിർണ്ണയിച്ചു. ആ കഥ ഓർമ്മിച്ചെടുക്കുക വഴി. താര രണ്ടു സംഗതികൾ സ്ഥാപിച്ചെടുക്കുന്നുണ്ട് ഒന്നു താര എന്ന കഥാപാത്രത്തിന്റെ ബൌദ്ധീകമായ ആഴം. രണ്ട് പ്രണയം ലോകത്തെ കൊണ്ടെത്തിക്കുന്ന ദുരന്തം. വെറും പതിനാലുകാരിയായ സീലിംഗ്ജി, (ജി ആണൊ ജൊ ആണോ എന്തൊ.) മറ്റു പ്രണയിനിമാരെ മറികടന്നു  ചക്രവർത്തിയുടെ പ്രണയം മുഴുവനായി അപഹരിക്കാനുള്ള ഒരു താക്കോൽ തേടി അലയുമ്പോഴാണ് പാവം പട്ടുനൂൽ പുഴു അവളുടെ ചായകോപ്പയിൽ വന്നു വീഴുന്നത്. നൂലായി മാറിയ അതിന്റെ ഭംഗിയും ഉറപ്പും അവളെ ആകർഷിച്ചു. ആർക്കും നൽകാനാവാത്ത ചക്രവർത്തിയുടെ അതീവ ഭംഗിയുള്ള മേൽകുപ്പായം സീലിംഗ്ജിയുടെ പ്രണയോപഹാരമായി ചരിത്രത്തിനുമുന്നിൽ നിവർന്നുകിടന്നു.


ഇതൊക്കെ ഓർത്തെടുക്കുന്ന താര വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമാകുന്നുണ്ട്. പക്ഷെ അപ്പോഴും നമ്മെ അലട്ടുന്നത് പാവം പട്ടുനൂല്പുഴുക്കളുടെ വിധിയാണ്. ആരുടെയൊക്കെ പ്രണയത്തിൽ ഉപഹാരമാകുന്നതിന് ജീവൻ ബലി കൊടുക്കേണ്ടിവരുന്ന ഒരു ജീവിസമൂഹം അവയുടെ വിധി മറി കടക്കാൻ എങ്ങനെയാണവർക്കാകുക. വല്ലാത്ത ഒരു സമസ്യയാണ് കഥാകാരി നമ്മുടെ മുന്നിൽ ഉയർത്തുന്നത്. ഇതാണ് ഞാൻ നടേ സൂചിപ്പിച്ചത് ഈ കഥയുടെ ലക്ഷ്യമായി ഞാൻ കാണുന്നത് ഒരു പക്ഷെ ഈ ചരിത്രവസ്തുതയുടെ ആലേഖനമെന്ന്. അതാവട്ടെ കഥാകാരി മനോഹരമായി ആവിഷ്കരിക്കുകയും ചെയ്തു.

സ്ത്രീപക്ഷ രാഷ്ട്രീയം ഒരാശയമായി രൂപാന്തരപ്പെടുകയും അത് അന്തർധാരയായി കഥകൾ ജനിക്കുകയും ചെയ്യുക വഴി സ്ത്രീകളുടെ പുരുഷവിരുദ്ധതക്ക് ബാലിശമായ മനഃശാസ്ത്ര കാരണങ്ങൾ തേടി അലയേണ്ടി വരുന്നില്ല. ക്യത്യമായും ചില അധികാര വിവക്ഷകൾ തന്നെ യാണ് ഈ വിഷയത്തിലെ അജണ്ട നിർണ്ണയിക്കുന്നതെന്ന് ഇന്ന് അത്ര രഹസ്യമൊന്നുമല്ല. താരയുടെ പാത്രരൂപികരണത്തിൽ കഥാകാരിക്ക് പലപ്പോഴും കൈപിഴക്കുന്നത് ആശയത്തിലെ ഈ ദുർബ്ബലത മൂലമാണ്. ഇത്തരം മാനാസീകാവസ്ഥകൾ ജനിതകഘടനയുടെ പ്രത്യേകതകൾ മൂലമാണെന്ന് ശാസ്ത്രം സ്ഥാപിച്ചിട്ടുള്ളത് സമൂഹം അംഗീകരിച്ചുതുടങ്ങിയെന്നത്കൊണ്ട് ഇത്തരം ചിത്രീകരണത്തിൽ അസ്വാഭാവീകമായി യാതൊന്നും തന്നെ കാണേണ്ടതുമില്ല.

കഥയുടെ ഉപക്രമവും ഉപസംഹാരവും തികച്ചും അനാവശ്യമെന്ന് വായനക്കാരന് തോന്നിയാൽ അവരെ പഴിക്കരുത്. ക്യത്യമായ ഒരു എഡിറ്റിംഗിന്റെ അഭാവം ഈ കഥയുടെ രൂപഭംഗിയെ വല്ലാതെ കെടുത്തുന്നുണ്ട്. താരയുടെ വ്യക്തിത്വത്തെ വായനക്കാരന് ബോദ്ധ്യപ്പെടുത്തുന്ന ധാരാളം സന്ദർഭങ്ങൾ സ്വാഭാവികമായി കഥയിൽ വന്നുപോകുന്നു എന്നിരിക്കെ തിരുവന്തപുരത്തെ മ്ലേച്ചമായ സംഭവവികാസങ്ങളുടെ ചിത്രീകരണം ഒരു തരത്തിലും താരയെയോ കഥയെയോ ഒട്ടും തന്നെ സഹായിക്കുന്നില്ല. അതിനേക്കാൾ അപഹാസ്യമാകുന്നത് തന്റെ സ്ത്രീപക്ഷ രാഷ്ട്രിയത്തിന്റെ ബലം ചിത്രീകരിക്കാനായി ഉപസംഹാരത്തിന്റെ തൊട്ട് മുന്നത്തെ ഖണ്ഡത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ചിത്രീകരണത്തിനായി മണ്ഡപത്തിലെ മഠാധിപതിയേയും വ്യദ്ധ ബ്രാഹ്മണനേയും ഭയപ്പെടുത്തുന്നതിനായി ചന്ദ്രിക ആ സ്ത്രീഭക്തകളുടെ വായിൽകൂടി ഉണ്ടാക്കുന്ന ഓംകാരനാദം (നാദമാണ് ഭേരിയല്ല) കേട്ട് മഠാധിപതിയും വ്യദ്ധബ്രാഹ്മണനും നടുങ്ങിയില്ലെന്ന് മാത്രമല്ല വായനക്കാർക്ക് അത് ബോധ്യപ്പെട്ടതുമില്ല. അവർ ആരുടെയും ശത്രുക്കളോ എന്തെങ്കിലും കയ്യടക്കിവെക്കാൻ ശ്രമിക്കുന്നവരോ അല്ലെന്ന് വായനക്കാരന് ബോധ്യമുണ്ടെന്നത് ചന്ദ്രിക അറിയേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഒരു ഡോൺ ക്വിക്സോട്ട് സിൻഡ്രം ഒഴിവാക്കാമായിരുന്നു. മാത്രവുമല്ല  അത് ഒരു സ്ത്രീപക്ഷ സിനിമയിലെ അതിശക്തമായ ഒരു രംഗത്തിന്റെ ആവർത്തനം പോലെ വായനക്കാരന് തോന്നുകയും ചെയ്തു. ഓർമ്മയുണ്ടല്ലോ കെ.ജി.ജോർജ്ജിന്റെ നല്ലകാലത്ത് കള്ളിക്കാട് രാമചന്ദ്രന്റെ സഹായത്തോടേ ജോർജ്ജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ല്. ആ സിനിമയിലെ അവസാന രംഗത്തിന്റെ ഓർമ്മ കാഞ്ചിപുരത്തിന്  ഒരു തരത്തിലും ഗുണകരമാകാൻ പോകുന്നില്ല.

 രേഖാചിത്രങ്ങൾക്ക് ധാരാളം സാധ്യതയുണ്ടായിരുന്ന കാഞ്ചിപുരം ക്ഷേത്രത്തിന്റെ പശ്ചാത്തലമുണ്ടായിട്ടും കഥക്ക് ചിത്രമെഴുതിയ വിദ്വാൻ പതിവുപോലെ ധാരാളം കരിമഷി കടലാസിൽ കോരിയൊഴിച്ചിട്ടുണ്ട്. അതുകൊണ്ട് കഥക്ക് കണ്ണുതട്ടാതിരിക്കുകയെങ്കിലും ചെയ്യുമായിരിക്കും എന്നു കരുതിയോ എന്തോ?

Saturday, April 9, 2011

ആർ ഉണ്ണിയുടെ “ലീല“ കൾ


പ്രസിദ്ധ സംവിധായകനായ ശ്രീ.രഞിത്ത് അവതരിപ്പിച്ച കേരള കഫേ എന്ന സിനിമാസമുച്ചയത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഘണ്ഡം “ബ്രിഡ്ജ്” ആയിരുന്നു. ശ്രീ.ആർ.ഉണ്ണി എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ആ കൊച്ചുസിനിമ, ഹ്യദയാർജ്ജകമായിരുന്നു. വിഷയത്തിന്റെ സാർവ്വലൌകീകത്വം മാത്രമല്ല അതവതരിപ്പിച്ച രീതി ആ സംവിധായകന്റെ മിടുക്കിന്റെ എല്ലാകാലത്തേക്കുമുള്ള ഒരടയാളമായി വർത്തിക്കും. എന്നാലും അതെഴുതിയ ക്യതഹസ്തനെ എളുപ്പത്തിൽ തഴഞ്ഞ് പോവുക അസാദ്ധ്യം. സംവിധായകന് സാക്ഷാൽക്കരിക്കാനായി പാകത്തിൽ കളിമണ്ണ് കുഴച്ചുകൊടുക്കക ഒട്ടും സുഖകരമായ ഒരു ശ്രമമല്ല.അതേറ്റവും സ്തുത്യർഹമായി നിർവഹിച്ചതിന്റെ അംഗീകാരം ഉണ്ണിക്ക് മാത്രം സ്വന്തം.ബ്രിഡ്ജിന്റെ ഓർമ്മയുംകൊണ്ട് നമ്മൾ ഉണ്ണിയുടെ വിസ്ത്യതമായ കഥ “ലീല” വായിക്കാനിരിക്കുകയാണ്. മാത്യഭൂമി ആഴ്ചപതിപ്പിന്റെ ഒക്ടോബർ 31-ലെ ലക്കം 34-ൽ പതിനാറ് പേജുകളിലായി വിശാലമായ ചിത്രങ്ങളുമായി നിറഞ്ഞ് കിടക്കുകയാണ് ലീല. നമ്മൾ പ്രതീക്ഷകളോടെ വായന തുടങ്ങി.
കപ്പലിൽ ജോലി ചെയ്ത കുന്നേലെ പാപ്പന്റെ മകൻ ജോയിയെ കണ്ടിട്ട് വന്നത്കൊണ്ട് ടൈറ്റാനിക് സ്വപ്നം കണ്ട് ഉറങ്ങി. കേറ്റ് വിൻസ്ലെറ്റിനു പകരം കല്യാണിവാരസ്യാരെയാണ് സ്വപ്നത്തിൽ കണ്ടത്. എന്തായാലും നടക്കാൻ വയ്യാത്ത വാരസ്യാർ നിറഞ്ഞ സ്വപ്നം അവസാനിപ്പിക്കാൻ കടന്നുവന്നത് കഥാനായകൻ കുട്ടിയപ്പൻ. പാതിരാത്രിയിൽ തീർച്ചയായും വലിയൊരു ദൌത്യവുമായാവുമല്ലോ കുട്ടിയപ്പൻ വരിക. അത് നമ്മുടെ തോന്നൽ. ഉണ്ണിക്ക് അത് വകവെക്കേണ്ട കാര്യമില്ല. കുട്ടിയപ്പൻ വന്ന കാര്യം നാലാലൊരു നിവ്യത്തിയുണ്ടെങ്കിൽ പറയില്ല. പറഞ്ഞാൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് പേജ് നീട്ടാൻ കഴിയില്ലല്ലോ?
കുട്ടിയപ്പൻ എന്ന മനോവൈകല്യം ബാധിച്ച മനുഷ്യന്റെ ഹ്യദയം പങ്കുവെക്കുന്ന പിള്ളേച്ചൻ എന്ന കഥാപാത്രമാണ് കഥ പറയുന്നത്. അയാൾ ഭാര്യയും ഒരു മകളുമായി സമാധാനമായി കുടുംബത്തിൽ കഴിയുന്ന മാന്യനാണ്. കുട്ടിയപ്പനാകട്ടെ, അയാളുടെ സ്വഭാവവിഷ്കരണവുമായി ബന്ധപ്പെട്ട് നമ്മുടെ മുന്നിൽ കഥാക്യത്ത് ഒരു സംഭവം വിവരിക്കുന്നുണ്ട്. അത് ഏലിയാമ്മയുടെ നടുവ് ഒടിക്കുന്നതാണ് (മുഴുവൻ അറിയാൻ കഥ വായിക്കുക, എനിക്കോ പണീ കിട്ടി നിങ്ങളങ്ങിനെ ചുളിവിൽ കാര്യം സാധിക്കേണ്ട).
ഈ രണ്ട് വ്യക്തികൾ തമ്മിലുള്ള രസതന്ത്രം തീർത്തും  വൈക്യതങ്ങളുടെ ഒരക്ഷയ ഖനിയാണ്. കഥാക്യത്ത് തരുന്ന ജീവിത ചിത്രണങ്ങളിൽ വളരെ വ്യക്തമാണ് ആ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള വൈരുദ്ധ്യവും. ഒരാൾ സുനിശ്ചിതമായ ജീവിത പന്ഥാവിൽ ഭാര്യ മകൾ തുടങ്ങി പരമ്പരാഗത ജീവിതം അനുഷ്ഠാനമായ ഒരു സാധാരണക്കാരൻ. മറ്റെയാളുടെ ജീവിതവീക്ഷണം വളരെ വികലമാണ്.. ഇങ്ങനെ വിരുദ്ധ സ്വഭാവക്കാരായ  രണ്ട് കഥാപാത്രങ്ങളെ കൂട്ടിക്കെട്ടി പറയുന്ന ഒരു കഥയുടെ സ്വാഭാവികമായ വൈകല്യങ്ങളാണ് വായനക്കാരനെ വലക്കുന്നത്.
കുട്ടിയപ്പന് ഒരു സ്വപ്നവും ലക്ഷ്യവുമുണ്ട്. ആ ലക്ഷ്യമാണ് ഉണ്ണി കഥയാക്കാൻ ഇറങ്ങി പുറപ്പെട്ടത്. അതെന്താണന്ന് അറിയുമ്പോൾ വായനക്കാരൻ ന്യായമായും സംശയിക്കും. ആർക്കാണ് യഥാർത്ഥ വൈകല്യം?കഥ വരുന്നത് കഥാക്യത്തിലുടെയല്ലേ? കഥയിലുള്ളവർ വായനക്കാരനെ സംബന്ധിച്ചിടത്തോളം വെറും സങ്കല്പം മാത്രം. ഇനി കഥാപാത്രങ്ങൾക്ക് റോൾ മോഡൽ ഉണ്ടെങ്കിൽ അതറിയാവുന്നയാൾ കഥാക്യത്ത് മാത്രം. ഇനി അതല്ലെങ്കിൽ കഥയുണ്ടായി വരുന്നത് കഥാക്യത്തിന്റെ ഭാവനയിൽ നിന്ന്. ചുരുക്കി പറഞ്ഞാൽ കഥാക്യത്തിന്റെ മനസ്സിന്റെ ഉള്ളിൽ നിന്നാണ് കഥ വരുന്നത്. അത് സുന്ദരമായാലും വിരൂപമായാലും അത് പ്രതിനിധാനം ചെയ്യുന്നത് കഥാക്യത്തിന്റെ മനഃഭാവമാണ്. എങ്കിൽ യഥാർത്ഥ പ്രതി ആരാണ്. ശരിക്കുപറഞ്ഞാൽ കുട്ടിയപ്പൻ ഇറങ്ങി വന്നത് കോട്ടയത്തെ ഏതെങ്കിലും ഈഞ്ചക്കാട്ടിൽ നിന്നല്ല. ഉണ്ണിയുടെ മനസ്സിൽ നിന്നുതന്നെയാണ്. ഇവിടെ ഞാൻ ചോദിക്കുന്നു ഈ മനുഷ്യർക്കൊക്കെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ആ നട്ടാപാതിരാക്ക് കുട്ടിയപ്പൻ തന്റെ മുടിഞ്ഞ ആശയുമായി ഉണ്ണിയെ തട്ടിവിളിച്ചത് വാതിലിനു പുറത്ത് നിന്നാണോ അതൊ മനസ്സിനകത്ത് നിന്നാണോ എന്നത് എന്റെ മാത്രം സംശയമല്ലെന്ന് കഥ വായിച്ചുപോകുന്ന സഹ്യദയർക്കെല്ലാം തോന്നിപോകുന്ന തരത്തിലാണ് പിന്നിടങ്ങോട്ടുള്ള ആഖ്യാനം. കുട്ടിയപ്പൻ തന്റെ ആശ നിറവേറ്റുന്നതിനായി നടത്തുന്ന യജ്ഞത്തിൽ ഒരു ഘട്ടത്തിലും കഥ പറയുന്നയാൾ മാറി നിന്ന് കഥ പറയുന്നില്ല. ഒരിടത്തും കഥാക്യത്ത് മൂന്നാമനാകുന്നില്ല. ക്യത്യമാണ് സംഭവങ്ങളുടെ വിവരണം. കുട്ടിയപ്പൻ ലക്ഷ്യം അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ പിന്നെ കുട്ടിയപ്പനെ ലക്ഷ്യത്തിലെത്തിക്കാനുള്ള ത്വര കഥാക്യത്തിലാണ് നാം കാണുന്നത്. എന്തായിരുന്നു കുട്ടിയപ്പന്റെ ലക്ഷ്യം? ഇതാ കഥയിലെ കുട്ടിയപ്പൻ പിള്ളേച്ചനോട് ചോദിക്കുന്നു.,
“ അതേ ഒരു കൊമ്പനാനയുടെ തുമ്പികൈയിൽ ഒരു പെണ്ണിനെ തുണിയില്ലാതെ       ചേർത്ത്നിറുത്തിയാൽ എങ്ങനെ ഇരിക്കും?”
ഞാനൊന്നും മിണ്ടിയില്ല. (പിള്ളേച്ചൻ)
“കണ്ടാൽ നെറ്റിപ്പട്ടം അഴിച്ചുവെച്ചതുപോലെയിരിക്കണം. എന്നിട്ട് ആനയുടെ രണ്ട് കൊമ്പുകളിലും പിടിച്ചുകൊണ്ട് തുമ്പികൈയിൽ ചാരി നിൽക്കുന്ന പെണ്ണിനെ എനിക്കൊന്നു ഭോഗിക്കണം”

അമ്മയും ഭാര്യയും പ്രായമായ മകളുമുള്ള സ്നേഹിതന്റെ അടുത്ത് വന്ന് ഒരാൾ ജന്മലക്ഷ്യം പോലെ ആവശ്യപ്പെടുന്ന സംഗതിയാണു മേലെ കാണുന്നത്. ഇതാണ് കഥയുടെ ത്രെഡ്. ഈ ത്രെഡ് സാക്ഷാൽക്കരിക്കാനാണ് മാത്യുഭൂമി വാരിക അതിന്റെ പതിനാറ് പേജ് ഉണ്ണിക്ക് കൊടുത്തത്. സധാരണ ഗതിയിൽ ഒരാൾ വന്ന് ധൈര്യമായി വേറൊരാളോട് ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുമ്പോൾ അവർ തമ്മിൽ ഇത്തരം കാര്യങ്ങളിൽ കാര്യമായ പൊരുത്തം ഉണ്ട് എന്നല്ലേ നമുക്ക് ധരിക്കാനാവൂ.. തന്നെയുമല്ല, എന്തെങ്കിലും തരത്തിലുള്ള ഒരു പ്രതിഷേധവും ഉണ്ണിയിൽ നിന്നുണ്ടാകുന്നില്ല. ആ പ്രക്രിയ എങ്ങിനെ നടത്തിയെടുക്കും എന്ന ഉൽകണ്ഠയാണ് അയാൾ കുട്ടിയപ്പനുമായി പങ്കുവെക്കുന്നത്. പിന്നീട് ഭാര്യയോട് പ്രതിവചിക്കുമ്പോൾ പിള്ളേച്ചൻ ആനയെ വാങ്ങിക്കാ‍നായി പോകുന്ന കാര്യം സമ്മതിക്കുന്നുമുണ്ട്. ഇതിൽ നിന്ന് വായനക്കാരൻ മനസ്സിലാക്കിയെടുക്കുന്നത് എന്താണ്? കുട്ടിയപ്പനും പിള്ളേച്ചനും ഒന്നു തന്നെ. ഒരു മനസ്സിന്റെ രണ്ടു ഭാവങ്ങൾ. ഇത്രയൊന്നും പോയില്ലെങ്കിലും പിള്ളേച്ചൻ കുട്ടിയപ്പന്റെ കലാപ്രകടനങ്ങൾ ആസ്വദിക്കാൻ കാണിക്കുന്ന
താൽ‌പ്പര്യം എങ്ങിനെയാണ് നമുക്ക് നിഷ്കളങ്കമായി നോക്കിനിൽക്കാനാവുക.

എന്തായിരിക്കും ഇത്തരം ഒരു കഥയിലൂടെ വായനക്കാരിലേക്ക് വിനിമയം ചെയ്യാൻ കഥാക്യത്ത് ആഗ്രഹിച്ചത്? പുതുമയാണൊ? ശീഘ്രഭോഗികളായ ആളുകൾക്ക് പുതിയ കാമസൂത്രം പഠിപ്പിക്കുന്ന വാത്സ്യായനനായി ചരിത്രം പൂകാമെന്ന്  കഥാക്യത്ത് മോഹിച്ചതാണോ? ഇത്തരം ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിന്റെ സാമൂഹ്യ പ്രതികരണങ്ങളെകുറിച്ച് ഒരു ധാരണയുമില്ലാത്ത ആളാണോ കഥാക്യത്ത്? വായനക്കാരിൽ ഇതുണ്ടാക്കാവുന്ന ജുഗുപ്സ ഒരു സാമൂഹ്യജീവിയെന്ന നിലയിൽ കഥാക്യത്തിനെ അലട്ടുന്നുപോലുമില്ലന്നാണോ?
പെൺവേട്ടക്കാരാനായ കുട്ടിയപ്പൻ, ആനവേട്ടക്കിറങ്ങിയിട്ട് ഒടുക്കം ആനയെ കിട്ടിയപ്പോൾ പിള്ളേച്ചന് കഥ എവിടെയെങ്കിലും ഒന്നവസാനിപ്പിക്കുക അനിവാര്യതയാകുന്നതാണു പിന്നെ നമ്മൾ കാണുന്നത്. തങ്കപ്പൻ നായരെയും മകളെയും കൊണ്ട് മലകയറുന്ന കുട്ടിയപ്പനെയും പിള്ളേച്ചനെയും കണ്ട് ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ മുഖം ചുളിപ്പിച്ചിരിക്കുന്ന വായനക്കാരൻ കാര്യമായി ചിന്തിക്കുക ഇതെവിടെ ചെന്നാണ് അവസാനിക്കുക എന്നു തന്നെയായിരിക്കും. അത് കണ്ടറിഞ്ഞിട്ടാണെന്ന് തോന്നും വിധം, വളരെ പെട്ടന്ന് കഥാക്യത്ത് കുട്ടിയപ്പനെയും പെൺകുട്ടിയേയും  വസ്ത്രാക്ഷേപത്തിനു വിധേയരാക്കുന്നു. വാ‍യനക്കാരൻ ഇത്തിരി ഇക്കിളി ആയിക്കോട്ടെയെന്ന് മാത്രമാണ് ഉണ്ണിയുടെ താല്പര്യം. കാരണം അതു വരെ പറഞ്ഞുവന്ന കഥയുടെ സ്പിരിറ്റിൽ നിന്ന് മാറി പെട്ടന്ന് നമ്മൾ കാണുന്നത് കുട്ടിയപ്പൻ പെൺകുട്ടിയുടെ നെറുകയിൽ ഉമ്മവെക്കുന്നതാണ്. അതുവരെ പറഞ്ഞു വന്ന കഥാരീതിയിൽ നിന്നു യാതൊരു പ്രകോപനവുമില്ലാതെയാണ് പെട്ടന്ന് വായനക്കാരെ ഞെട്ടിപ്പിച്ചുകൊണ്ട് ഓതിരം കടകം മറിഞ്ഞു കുട്ടിയപ്പനെ ഉണ്ണി മാലാഖയാക്കുന്നത്.എന്നാൽ ദൈവനീതിക്ക് ദാക്ഷിണ്യമില്ലന്ന് ഡോ. ഭാസ്കരൻ നായർ പണ്ട് പറഞ്ഞത് ഉണ്ണിക്കറിയില്ലായിരിക്കും. എന്നാൽ ആനന്ദന്റെ ആന സിനിമകൾ കണ്ടിരുന്ന ഒരു പ്രേക്ഷകൻ പറഞ്ഞത് പോലെ ആനന്ദൻ വിട്ടാലും ആന വിടുമോ? ആന അത് തന്നെ ചെയ്തു.
അതിദയനീയമായ ഒരു ദുരന്തത്തെ അത്രയും നീചമായ ഗജസുരതമാക്കി അവതരിപ്പിച്ച കഥാക്യത്തിന്റെ മനോനിലയെ പറ്റി ഒരു ഗവേഷണം നടത്തുന്നത് നന്നായിരിക്കും.കഥയിലെ അതെ വായനയിലേക്ക് നമുക്കൊന്നു പോകാം:-
പരിണാമദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നിൽ നഗ്നനായ കുട്ടിയപ്പൻ, അതിനുപിന്നിൽ നഗ്നയായ ലീല, അതിനുപിന്നിൽ ഭൂമിയിലെ ഏറ്റവും വലിയ മ്യഗം. നടക്കുന്നതിനിടയിൽ പെട്ടന്നാണ് ലീല തിരിഞ്ഞുനിന്നത്. ഒരു നിമിഷത്തിന്റെ അർധമാത്രയിൽ തന്റെ ഇണയേ ചേർത്ത് പിടിക്കും പോലെ നീണ്ടുവന്നൊരു കൈ ലീലയെ ചുറ്റിനിന്നു. അത് ആകാശത്തേക്ക് അവളെ ഉയർത്തിയിട്ട് കൊമ്പിന്റെ മൂർച്ചയിൽ രാകിയെടുത്തു. പിന്നെ, കാലുകൾക്കിടയിലേക്ക് കിടത്തിയിട്ട് ഇരുട്ടിന്റെ മഹാകാരം പൂണ്ട ആ വലിയ ജീവി ഉപരിസുരതത്തിനെന്നപോലെ ലീലയിലേക്ക് തന്റെ ഭാരത്തെ ഇറക്കി വെച്ചു.
ഈ വാചകങ്ങൾ വായനക്കാരൻ എങ്ങിനെയാണിത് വായിച്ചെടുക്കേണ്ടത്? ആ ഉപമ പോലും എത്ര വൈക്യതമാണ്. പരിണാമദശയിൽ, ഒരു സിദ്ധാന്തത്തെ അപമാനിച്ചുകൊണ്ടുപോലും ഇദ്ദേഹം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതെന്താണ്? അച്ഛൻ പീഡിപ്പിച്ച് അനാഥയാക്കിയ ആ പെൺക്കുട്ടിക്ക് ഒരു നല്ല മരണം പോലും ഉണ്ണിക്ക് കൊടുക്കാൻ തോന്നുന്നില്ല. എത്ര ക്രൂരമാണ് ഇത്തരം മനഃസ്ഥിതി. കുട്ടിയപ്പൻ വിട്ടുപോയ കാര്യം ആനയിലൂടെ സ്ഥാപിച്ചെടുക്കുന്ന വിക്യതമനസ്സായി കഥാക്യത്ത് മാറുന്ന കാഴ്ച മാത്രമെ ഈ കഥ ബാക്കിവെക്കുന്നുള്ളു. ഒരുപക്ഷെ ഇദ്ദേഹത്തിന്റെ കഥകൾ വായിച്ച് കുളിരുകൊള്ളുന്ന വായനക്കാരോട് നിശ്ശഃബ്ദമായി പറയുന്നത് ഒരു പക്ഷെ ഇതായിരിക്കാം.
“കുട്ടിയപ്പന്റെ സുരതം കാണാൻ നിങ്ങളെ കൊണ്ടുവന്നിട്ട് ഒന്നും കാണിക്കാതെ കൊണ്ടുപോയി എന്ന് നിങ്ങൾ പറയില്ല. ഇതിലും മഹത്തായ കാഴ്ച ഒരു കഥാക്യത്തും ഇന്നോളം വായനക്കാർക്ക് നൽകിയിട്ടില്ല. ഈ ആനസുരതം കണ്ട് ആനന്ദിക്കൂ..“
ഇനിയുള്ള കാലം വരാനിരിക്കുന്ന കഥകളുടെ ഒരു സ്നാപകനാവും ഒരുപക്ഷെ ഈ കഥ. ലൈംഗീകത മനുഷ്യനെ ഒരിക്കലും മടുപ്പിക്കില്ല എന്നത് കൊണ്ട് അതിന്റെ വൈവിദ്ധ്യമുള്ള രചനകളുടെ ഒരു ഒഴുക്ക് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഒട്ടുമിക്കതും നമുക്ക് ചുറ്റുമുള്ള ജീവികളാണ് ഇനി ഭയപ്പെടേണ്ടത്. ഇതുപോലെയുള്ള കഥാക്യത്തുക്കൾ ഒട്ടുമിക്കതും പുതുമക്ക് വേണ്ടി വിവിധതരം ജീവികളുടെ കൂടെ കൂടാനാണ് സാധ്യത. ആർക്ക് എന്ത് ഭാവനയുണ്ടായാലും അതൊക്കെ വായനക്കാരന്റെ നെഞ്ചത്താണ് പരീക്ഷിക്കാൻ തുടങ്ങുക എന്നത് കൊണ്ട് വായനക്കാരന്റെ ക്ലിഷ്ടത ഇനിയും ഏറാനാണ് സാധ്യത. ദ്യശ്യമാദ്ധ്യമങ്ങളെ വെല്ലുവിളിക്കാനുള്ള ഇത്തരം നീക്കങ്ങൾ എവിടെ ചെന്ന് അവസാനിക്കുമെന്ന് പ്രവചിക്കാനാവില്ല. കഥയെഴുത്തും ഇപ്പോൾ പല ഉണ്ണി എഴുത്തുകാർക്കും സുരതമായി. ഇനി എല്ലാം കാത്തിരുന്ന് കാണാം.


Wednesday, April 6, 2011

ട്രാഫിക് : മലയാള സിനിമ വീണ്ടും യുവത്വമാർജ്ജിക്കുന്നു.


   വളരെ നാളുകൾക്ക് ശേഷം ഒരു മലയാള സിനിമ കണ്ട് ആഹ്ലാദത്തോടെ തിയ്യറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആദരവോടെ ഓർത്തത് സിനിമയുടെ നിർമ്മാതാവായ ശ്രീ.ലിസ്റ്റിൻ സ്റ്റീഫനെയാണ്. ചിത്രത്തിന്റെ പ്രമേയം വിലയിരുത്തിയാൽ, രണ്ടര കോടി മുടക്കി ഇങ്ങനെ ഒരു സാഹസത്തിന് മുതിരുമ്പോൾ ഒരിക്കലും ഒരു സാമ്പത്തീകലാഭം അദ്ദേഹം മോഹിച്ചിരുന്നുവെന്ന് പ്രതീക്ഷിക്കാനെ തരമില്ല. പക്ഷെ രാജേഷ് പിള്ളയെന്ന ഭാവനാശാലിയായ ചെറുപ്പക്കാരൻ പ്രേക്ഷകരെയെന്നല്ല അദ്ദേഹത്തെയും ഒട്ടും നിരാശപ്പെടുത്തിയില്ല. സിനിമയുടെ അവസാന ദിവസമായിട്ടും തിയ്യേറ്ററിൽ നിറഞ്ഞ  നിശ്ശഃബ്ദമായ സദസ്സ് ലിസ്റ്റിനും രാജേഷ് പിള്ളക്കും ആദരവ് നൽകുകയായിരുന്നു.

തിയ്യേറ്ററിലെ ശബ്ദ സംവിധാനത്തിന്റെ തകരാറാണോ അതൊ അരോചകമായി കൊണ്ടിരിക്കുന്ന ശ്രീനിവാസന്റെ ശബ്ദത്തിന്റെ കുഴപ്പമാണോ കേൾവിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു കമന്ററിയോടെയാണു സിനിമ തുടങ്ങുന്നത്. സിനിമയുടെ കാതലിനെ സൂചിപ്പിക്കുന്നതാണ് ആ ആത്മഭാഷണമെങ്കിലും ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിൽ ഒരു സുന്ദരി ഓടിക്കുന്ന കാർ തിരശ്ശീലയിൽ നീങ്ങികൊണ്ടിരുന്നത് ശ്രദ്ധ വെച്ചിരുന്ന പ്രേക്ഷകൻ ദ്യശ്യത്തിനു തന്നെയാണു പ്രാധാന്യം കൊടുത്തത്. പിന്നീട് അങ്ങനെയൊരു ഭാഷണം സിനിമയുടെ മൊത്തം ടോണിനു അത്രയൊന്നും അത്യാവശ്യമായിരുന്നില്ല എന്ന് പ്രേക്ഷകനും ബോധ്യപ്പെടുന്ന തരത്തിൽ ഡയനമിക്കായ രംഗങ്ങളിലൂടെയാണു കഥ വികാസപരിണാമങ്ങൾ തേടുന്നത്.
ആദിമദ്ധ്യാന്തമുള്ള ഒരു കഥയോ അതിശക്തമെന്ന് അവകാശപ്പെടാവുന്ന ഒരു തിരക്കഥയോ ഈ ചിത്രത്തിലൂടെ നാം കണ്ടെത്തുന്നില്ല. പക്ഷെ ദ്യശ്യങ്ങൾ എടുത്ത രീതിയും അവ യോജിപ്പിച്ച രീതിയും ഒരുപക്ഷെ സിനിമ മറ്റാരേക്കാളും സംവിധായകന്റെ മാത്രം സ്യഷ്ടിയാണന്ന തത്വത്തെ അടിവരയിടുന്നുണ്ട് ഈ ചിത്രം. മഹേഷ് നാരായണൻ എന്ന സന്നിവേശക്കാരനും ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകനും ബോബി സഞ്ജയ് സഹോദരന്മാർ എഴുതിവെച്ച ഷോട്ടുകളെ സാക്ഷാൽക്കരിക്കാൻ കുറച്ചൊന്നുമല്ല രാജേഷ് പിള്ളയെ സഹായിച്ചത്. ഉദ്വേഗം നിലനിർത്താൻ സഹായിക്കേണ്ട സംഗീതം  പക്ഷെ ബഹളമയമായി എന്നത് ഇത്തരം ഒരു പ്രമേയത്തിൽ നിശ്ശഃബ്ദതയുടെ സാധ്യത തിരിച്ചറിയാൻ സംവിധായകന് കഴിയാതെ പോയതായിരിക്കാം.
 

വിത്യസ്ത കുലഗോത്രഗാത്രരായ കുറച്ചു മനുഷ്യരെ, ഒരു സെപ്തംബർ 16 നു കാലത്ത്  8.50 നു കൊച്ചിയിലെ ഒരു ട്രാഫിക് സിഗ്നലിനു മുന്നിൽ നടക്കുന്ന തികച്ചും സാധാരണമായ ഒരപകടം, ഏതെല്ലാം തരത്തിൽ ജീവിതത്തിന്റെ വഴി തിരിച്ചുവിടുന്നു എന്ന് അതിശയത്തോടെ നമ്മൾ രണ്ടുമണിക്കൂർ നേരം അഗാധമായ ഉൽകണ്ഠയോടെ നോക്കിയിരുന്നുപോകും. ഒരു നിമിഷം പോലും സംവിധായകൻ വെറുതെ കളയുന്നില്ല.ഒരു രംഗം പോലും അനാവശ്യമെന്ന് കാണികൾക്ക് തോന്നുന്നുമില്ല. അളന്നു മുറിച്ച ഷോട്ടുകൾ.പലപ്പോഴും ആശയകുഴപ്പമുണ്ടാക്കാവുന്ന സന്നിവേശങ്ങൾ. കയ്യടക്കം  വന്ന തഴക്കക്കാരനെപോലെ സംവിധായകൻ സീനുകളോരോന്നും കാണികളുടെ മനസ്സിൽ പതിപ്പിച്ച് ഒരു സംശയത്തിനുപോലും സാധ്യത നൽകാതെ വീർപ്പടക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു.
 

എല്ലാ പ്രതീക്ഷകളുടെയും അപ്പുറത്ത് വിധി കരുതി വെച്ചിരിക്കുന്ന ദുരന്തങ്ങളെ തിരിച്ചറിയാനാവാതെ വിളക്കിലേക്ക് ഓടിയടുക്കുന്ന ഈയ്യാം പാറ്റകൾ. മനുഷ്യന്റെ വിധിയും ഏറെയൊന്നും വിത്യസ്തമല്ല.  വിധവയായ സഹോദരിയുടെ മകന്റെ ഭാരിച്ച ഫീസ് നൽകാൻ ഗതികേടുകൊണ്ടാണ് സുദേവൻ കൈക്കൂലി വാങ്ങിക്കുന്നത്. കയ്യോടെ പിടിക്കപ്പെടുന്ന അയാൾ പാർട്ടിയാപ്പീസിൽ കൈക്കൂലി കൊടുത്ത് തിരിച്ച് ജോലിക്ക് കയറുന്നത് അന്നായിരുന്നു. സെപ്തംബർ 16. ഡോക്ടർ ഏബിൾ പ്രിയതമക്ക് ജന്മദിനത്തിനു   അതിശയസമ്മാനാമായി ഒരു പുതിയ കാർ ഷോറൂമിൽ നിന്ന് ഇറക്കുന്നത് ആ ദിവസമായിരുന്നു. അന്നു തന്നെയാണു റയ്ഹാൻ എന്ന ചെറുപ്പക്കാരൻ ആദ്യമായി അയാളുടെ ജീവിതഭിലാഷമായ ചാനലിലെ ജോലിയിൽ ആദ്യത്തെ ദിനം തുടങ്ങുന്നത്. അന്ന് തന്നെയാണു പ്രശസ്ത സിനിമാ താരം സിദ്ധാർത്ഥിന്റെ മകളുടെ ഹ്യദയശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.ഈ മനുഷ്യരുടെയെല്ലാം സങ്കീർണ്ണമായ വിധിയെ ഒരു ചരടിൽ കോർത്ത് എങ്ങിനെ ഒരു ആദിമദ്ധ്യാന്തമുള്ള ഒരു കഥയായി ചലചിത്രത്തിലൂടെ നമുക്ക് കാണിച്ചുതരാം എന്ന് മനോഹരമായി സ്ഥാപിച്ചെടുക്കുകയാണു രാജേഷ് പിള്ള.
 

സിനിമയുടെ യാത്ര തുടക്കം മുതലെ ബുദ്ധിപരമായ ചില കയ്യടക്കങ്ങളിലൂടെയാണു സംവിധായകൻ രൂപപ്പെടുത്തിയിരിക്കുന്നത്. അത്തരം നിലപാടുകളുടെ ഒരപകടാവസ്ഥ ഏത് നിമിഷത്തിലും അത് കൈവിട്ടുപോകുമെന്നതാണു. ഭാഗ്യമെന്നുപറയട്ടെ ചിത്രത്തിന്റെ ചന്തം കുറക്കുന്ന ഒരപശബ്ദം പോലും എങ്ങും വീഴാതെ ഒരു പുതിയ സൌന്ദര്യബോധം ചിത്രത്തിലൂടെ ഒരുക്കിയെടുക്കാൻ സംവിധായകനായി എന്നത് എത്രമാത്രം ശ്ലാഘനീയം എന്ന് പറയാതിരിക്കാൻ വയ്യ. രണ്ട് ഷോട്ടുകളുടെ ഇടയിൽ കടന്നുവരുന്ന ആശയകുഴപ്പം മൂന്നാമത്തെ ഷോട്ടിൽ മറികടക്കുമ്പോൾ കാണികൾക്ക് ക്യത്യമായി തിരിച്ചറിയാനാവുന്ന ഒന്ന് ഒരു പുതിയ ചലചിത്രഭാഷ രസകരമായി അനുഭവപ്പെടുന്നു എന്നതാണു. തികച്ചും അപകടകരമായ ഈ രീതി ഒരു പക്ഷെ ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന ഒരു ട്രീറ്റ്മെന്റിന്റെ ഭാഗം കൂടിയായി നമുക്ക് വായിച്ചെടുക്കാവുന്നതാണ്.
 

സാമാന്യമായി പറയാവുന്ന ഒരു കഥയും സിനിമക്കില്ല എന്നതിലപ്പുറം പറയുന്ന സംഭവങ്ങൾ പ്രേക്ഷകന്റെ നിതാന്ത ശ്രദ്ധ ആവശ്യപ്പെടുന്നത് കൊണ്ട് കാഴ്ചയിലെ ഏത് അലംഭാവവും സിനിമയുടെ മൊത്തമായ ആസ്വാദനത്തെ ബാധിക്കും. അതുകൊണ്ട് തന്നെ കഥ ഇവിടെ വിവരിക്കുന്നതിൽ വലിയ അർത്ഥമില്ല. പകരം എനിക്ക് പൊരുത്തപ്പെടാൻ കഴിയാതിരുന്ന ചില പോരായ്മകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. പോരായ്മയെന്നാൽ എന്റെ മാത്രം കാഴചപ്പാടിനെ അടിസ്ഥാനമാക്കി പറയുന്നതാണ്. അങ്ങനെ ചൂണ്ടിക്കാണിക്കുമ്പോൾ അതൊന്നും വലിയ കല്ലുകടിയായി അനുഭവപ്പെടുന്നവയല്ല. എങ്കിലും കുറച്ചുകൂടി ശ്രദ്ധയാവാമായിരുന്നു എന്ന് എനിക്ക് തോന്നിയതും അത് ചിത്രത്തിന്റെ എടുപ്പിനു കുറെകൂടി സൌന്ദര്യം നൽകുമായിരുന്നു എന്ന എന്റെ വിശ്വാസവുമാണ്.
 

റയ്ഹാനോടൊത്തുള്ള യാത്രയിൽ സുദേവനു കിട്ടുന്ന നാസറിന്റെ നിർദ്ദേശം ഡോക്ടർ ഏബിളിന്റെ ഭാര്യക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹത്തെ വഴിയിൽ ഇറക്കി പകരം ഒരു ഡോക്ടറെ കൂടെ കൂട്ടണമെന്നുമാണ്. ഇതാകട്ടെ ഡോക്ടർ ഏബിൾ അറിയുന്നുമില്ല. പിന്നെ എന്തു പ്രകോപനമാണ് ഡോക്ടറുടെ പ്രവർത്തികൾക്ക് ന്യായീകരണമായി പറയാൻ കഴിയുക. ആ കഥാപാത്ര സ്യഷ്ടിയിൽ പൊതുവെ ഒരു അശ്രദ്ധ എഴുത്തുകാർ കാണിച്ചു എന്ന് പറയാതിരിക്കാനാവില്ല. തികച്ചും ഉദ്വോഗജനകമായ ആ യാത്രയുടെ ഉൽകണ്ഠ വർദ്ധിപ്പിച്ച് കാണികളെ ത്രസിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഡോക്ടറെ വഴിവിട്ട് പോകാൻ സംവിധായകൻ അനുവദിച്ചതെന്ന് സാമാന്യബോധമുള്ള കാണികൾ തിരിച്ചറിയും എന്നത് ഒരു പരാജയമായി സംവിധായകൻ കാണണം. ഒരു യാത്രയിൽ ത്രസിപ്പിക്കാനുള്ള ധാരാളം സാധ്യതകൾ വേറെയുണ്ടെന്നിരിക്കെ ആ കഥാപാത്രത്തിന്റെ അതുവരെയുള്ള വ്യക്തിത്വം ബലികഴിച്ചുകൊണ്ടുള്ള അവതരണം അനുചിതമായത്  തിർക്കഥയിലെ വലിയ ഒരു പോരായ്മയാണ്.
 

ഇതേ അപകടം അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും തിരിച്ചറിയപ്പെടും. പ്രത്യേകിച്ച് സിദ്ധാർത്ഥ് എന്ന കഥാപാത്രത്തിനു കണ്ടെടുത്ത നടൻ ദുനിയാവിലെ ഒരു വേഷവും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന ഒരാളായി അനുഭവപ്പെടുന്നില്ല. എങ്ങിനെയാണു ഇയാൾ മലയാളസിനിമയിൽ പിടിച്ചുനിൽക്കുന്നതെന്നു എനിക്ക് മനസ്സിലാകുന്നില്ല. അത്രയൊന്നും അഭിനയശേഷിയില്ലാത്ത ഒരു നടനുപോലും വികാര തീവ്രമാക്കാവുന്ന ധാരാളം അവസരങ്ങൾ ആ കഥാപാത്രം വെച്ചുനീട്ടുന്നുണ്ട്. ദയനീയമെന്ന് പറയട്ടെ ഒന്നും തിരിച്ചറിയാത്ത ഒരു അന്ധാളിപ്പ് മാത്രമായി ആ നടൻ തിയ്യേറ്റർ വിടുമ്പോൾ കാണികളുടെ ഒരു ഓർമ്മ പോലുമാകുന്നില്ല. എന്നാൽ മറിച്ചൊരു ചിന്തയുണ്ടാക്കുന്ന ഒരു നടന്റെ സാന്നിദ്ധ്യം പരാമർശിക്കാതെ പോകാനെ കഴിയില്ല. സായികുമാർ. ഈ സിനിമ കണ്ടുകഴിയുമ്പോൾ നമ്മൾ നമ്മളോട് തന്നെ ചോദിക്കും. എന്തിനാണു ഈ നടൻ ഇത്ര താഴെ ഇറങ്ങി നിൽക്കുന്നത്. എന്തൊരു അനുപമമായ അനുഭവമാണു റയ്ഹാന്റെ അച്ഛനിലൂടെ ഈ നടൻ കാണികൾക്ക് പകർന്നു നൽകുന്നത്. ഒരുപക്ഷെ കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്കുള്ള റയ്ഹാന്റെ യാത്രയിൽ ഞാനോർത്ത് സങ്കടപ്പെട്ടത് മുഴുവൻ ആ അച്ഛനെയോർത്താണ്. അത്രയേറെ ഹ്യദയാർജ്ജകമായിരുന്നു സായികുമാറിന്റെ വേഷപകർച്ച. കാലങ്ങളായി മലയാളസിനിമ അഭിനയത്തിന്റെ രണ്ടുകോമരങ്ങളെ വെച്ച് കളിക്കുന്നു. ആ കോമരങ്ങളെക്കാൾ എത്രയോ ഉയരത്തിലാണു അഭിനയത്തിന്റെ ഈ മൂർത്തി എന്ന് മനസ്സുപറയുന്നു. പറഞ്ഞിട്ടെന്ത് കാര്യം മൂർത്തിക്കല്ലല്ലോ വില. കോമരങ്ങൾക്കും പൂജാരികൾക്കുമല്ലേ?
 

അഭിനേതാക്കൾക്ക് ചെറിയ ചെറിയ വേഷങ്ങളെ ചിത്രത്തിലുള്ളു. മുഴുനീള വേഷം സംവിധായകനുമാത്രമാണു. പക്ഷെ ഓരോ അഭിനേതാക്കളും വളരെയെറെ ശ്രദ്ധ അവരവരുടെ വേഷങ്ങൾ മികവുറ്റതാക്കുന്നതിൽ കാണിച്ചുവെന്നത് ചെറിയൊരു കാര്യമല്ല. രജീവ് ആയി വരുന്ന ആസിഫിന്റെ പ്രകടനം മലയാളത്തിനു കഴിവുറ്റ ഒരു നടന്റെ ആഗമനം വാഗ്ദാനം ചെയ്യുന്നു. കൂട്ടത്തിൽ ശ്രീനിവാസനോട് സൂചിപ്പിക്കാനുള്ളത്, ആലിക്കോയക്കാടെ മോൻ ഗൾഫിൽ വന്നപ്പോൾ കുഞ്ഞാമുണ്ണിക്ക ചോദിച്ച ഒരു ചോദ്യമുണ്ട്. “ അല്ല ആലിക്കോയെ അന്റെ ചെക്കനിപ്പോ ഒരുമാതിരി കാര്യത്തിനൊക്കെ പോന്നിരിക്കണേല്ലോ.? ന്നാ പിന്നെ ഇപ്പണി അനക്കങ്ങട് നിർത്തിക്കൂടെ..?” ഈ ചിത്രം ശ്രീനിവാസൻ എന്ന നടനു അങ്ങിനെ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
 

എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും അവസാനം തളർന്ന് നിൽക്കുമ്പോൾ നമ്മൾ അറിയാതെ ആഗ്രഹിച്ചുപോകും. ഒരു മഴ പെയ്തെങ്കിൽ. ഒരു മഴയുടെ കുളിർനീരിൽ വെറുതെ നിന്ന് ഈറനായാൽ ഒലിച്ചുപോകുന്ന കണ്ണിർ മഴത്തുള്ളികളായല്ലെ കാഴ്ചക്കാരിലെത്തു. സംവിധായകനും അങ്ങനെ ആഗ്രഹിച്ചുവെന്നു തോന്നുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങുന്ന സുദേവൻ കാറോടിച്ചിറങ്ങുന്നത് നിറഞ്ഞുപെയ്യുന്ന മഴയിലേക്കാണു. സ്വന്തം പേരിലെ കൈക്കൂലിയുടെ കറ ആ മഴയിൽ ഒലിച്ചുപോകുന്നത് സുദേവനും അനുഭവിക്കുന്നുണ്ടാവും. തിയ്യേറ്റർ വിടുന്ന പ്രേക്ഷകനും അതുവരെ ഉള്ളിൽ നിറഞ്ഞ ചൂട് ആ മഴയിൽ നനഞ്ഞ് ഒരു നേർത്ത തണുപ്പായി മാറുന്ന ആഹ്ലാദവുമായി തന്നെ യാണു അനുഭവിക്കുന്നത്.
 

വേദനകൾ ഘാനയിലേക്ക് നീളുമ്പോൾ


“നിന്നിലൂടെ ഞാൻ എന്നിലെത്തുമ്പോൾ ഞാൻ നിന്നെയും നീ എന്നെയും അറിയുന്നു.           നമ്മളെന്ന ബോധമുള്ള ഒരു ജനത ഈ ലോകത്ത് പിറവിയെടുക്കുന്നു. പിന്നെ ഞാനും നീയും  ചേർന്ന് ഗോതമ്പ് വിളയിക്കുന്നു. കൊയ്യുന്നു. വീഞ്ഞും പലഹാരങ്ങളും നിർമ്മിക്കുന്നു.”


രഞ്ജിത്ത് ചെമ്മാട്ശ്രീ രഞ്ചിത്ത് ചെമ്മാട് എഴുതിയ “ ഘാനയിലെ കൊക്കൊപ്പാടങ്ങൾ “ എന്ന കഥയിലേക്ക് നാം കടക്കുന്നത് പ്രത്യാശയുടെ  പ്രകാശ കിരണങ്ങൾ ചിതറി തെറിക്കുന്ന ഈ മഹത്തായ വാചകത്തിനകത്ത് കൂടിയാണ്. ആ ക്വട്ടേഷന്റെ അവസാനത്തിൽ നാമറിയുന്നു, ആ വാചകം സോഷ്യൽ നെറ്റ് വർക്കിലെ ഒരു വെറും ചുമർ വാചകമായിരുന്നെന്ന്. നമ്മൾ കരുതി വെച്ച പ്രത്യാശയിൽ നിന്നുമാറി  ഈ കഥ നമ്മളോട് സംവദിക്കാൻ ശ്രമിക്കുന്നതെന്തായിരിക്കും എന്ന സംശയം ആ നിമിഷം മുതൽ നമ്മളെ പിടികൂടുകയായി. അതിനുകാരണം താരതമ്യേന വ്യക്തിയെ  മറച്ചുപിടിച്ച് ചോദനകളെ കെട്ടഴിച്ചുവിടുന്നതിന് ധാരാളം സാധ്യതകൾ തുറന്നിടുന്ന അയഥാർത്ഥ ലോകത്തെ കുറിച്ചുള്ള ഭയാശങ്കകൾ തന്നെയാണ്.
ഭായാശങ്കകൾ എന്തുമാകട്ടെ ഒരു കാര്യം ആദ്യമെ പറഞ്ഞുവെക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള കാലം കഥകൾക്ക് പശ്ചാത്തലമാകാൻ ജീവിതം പൂത്ത് തളിർക്കാൻ പോകുന്നത് ഒരുപക്ഷെ ഈ അയഥാർത്ഥലോകത്തായിരിക്കും. യാഥാർത്ഥ്യങ്ങളുടെ ലോകത്ത് നിങ്ങൾക്ക് പ്രശ്നങ്ങളെ നേരിട്ട് ഹതാശയനാകേണ്ടതുണ്ട്. ഇവിടെ ഒരു മൌസ് ക്ലിക്കിൽ മൊത്തം ജീവിതത്തേയും നിഷേധിക്കാം. സൌകര്യങ്ങളെ സായൂജ്യമായെടുക്കുന്ന മനുഷ്യന് ജീവിതം മായായാണന്ന് അനുഭവപ്പെടാൻ വലിയ ജ്ഞാനമാർഗ്ഗങ്ങൾ തേടിപോകേണ്ടതില്ല.
ഒരു മുതലാളിത്ത സമൂഹത്തിൽ മൂല്യങ്ങൾ എങ്ങിനെ  ലാഭകരമായി വിപണനം ചെയ്യുന്നു എന്നതിന്റെ വഴികൾ ഇന്ന് അജ്ഞാതമല്ല. പക്ഷെ ദരിദ്രരായ ജനതയിൽ നിന്ന് പടികൾ കയറിവരുന്നവർ സ്വന്തം ജനതയെ തന്നെ ആഗോളകമ്പോളത്തിൽ നാണയമാറ്റി മാറ്റുന്നതിന്റെ എളുപ്പവഴികളുടെ ദയനീയത ഈ കഥ നമ്മോട് പറയുന്നു. മനുഷ്യത്വം എന്നത് വിപണനത്തെ ഉത്തേജിപ്പിക്കാനുള്ള ഒരു പോംവഴി മാത്രമാണെന്ന് ഒരു ഞെട്ടലോടെ മാത്രമെ നമുക്ക് തിരിച്ചറിയാനാവൂ.. ജീവകാരുണ്യ പ്രവർത്തനങ്ങൾ എങ്ങിനെ ഒരു ദരിദ്ര ജനതയുടെ അദ്ധ്വാനത്തിന്റെ വില്പനശേഷിയെ കമ്പോളത്തിൽ  വിലനിർവീര്യമാക്കുന്നുവെന്നത്  ഒരു പുതിയ കാഴ്ചയായി നമ്മളെ വേട്ടയാടുക തന്നെ ചെയ്യും.
പടി പടിയായി വളർന്നുകയറുന്ന പ്രമേയത്തിൽ ആദ്യം നാം കണ്ടുമുട്ടുന്ന മനുഷ്യർ എത്രപെട്ടന്നാണ് രൂപപരിണാമം വന്നു മറ്റേതോ ഗ്രഹത്തിലെ ജീവികൾ പൊലെ നമുക്ക് അപരിചിതരായി മാറുന്നത്. കഥ മലയാളത്തിൽ പറഞ്ഞത് കൊണ്ട് മാത്രമാണ് നായകനെ നമുക്ക് മലയാളിയായി വായിച്ചെടുക്കാൻ കഴിയുന്നത്. അതല്ലെങ്കിൽ ലോകത്തെ ഏതൊരു സ്ത്രീവേട്ടക്കാരനായും നമുക്കയാളെ സങ്കൽപ്പിക്കാം. മത്സ്യങ്ങളുടെ കാഴ്ചബംഗ്ലാവിൽ പോലും അയാൾ തിരയുന്നത് മാംസത്തിന്റെ വളവുകളും ചെരിവുകളുമാണ്. ഒരു സൌഹ്യദത്തിന്റെ നേരിയ ബലത്തിലും അയാൾ അന്വേഷിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവിനെ നിയന്ത്രിക്കാനുള്ള  ഒരു സാന്ത്വനമാണ്.
വിചിത്രമായ ഒരു സന്ധിയിൽ  വിത്യസ്ഥവും  സ്വയം പ്രഖ്യാപിതവുമായ ലക്ഷ്യങ്ങളുമായി ഒരുമിക്കുന്ന രണ്ടുമനുഷ്യർ എങ്ങനെ അവരുടെ ലക്ഷ്യങ്ങൾ കൈമാറ്റം ചെയ്യുന്നുവെന്നത് ചെറുതല്ലാത്ത ഒരു കൌതുകത്തോടെ മാത്രമെ നമുക്ക് വായിച്ചവസാനിപ്പിക്കാനാവു. സ്ത്രീകളുടെ നിമ്നോന്നതങ്ങളെ  മത്സ്യത്തിന്റെ വിശപ്പിലെ മംസമോഹത്തിലും സാധൂകരിക്കുന്ന പുരുഷനും ദാരിദ്രത്തിന്റെ പടുകുഴിയിൽ പുതഞ്ഞുപോയ ബന്ധുക്കളെ കൈപിടിച്ചുയർത്താൻ വന്ന സ്ത്രീയും ഒടുവിൽ വായനക്കാരന്റെ മുന്നിൽ വന്നു നിൽക്കുന്നത് പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട അവരുടെ ദൌത്യവുമായാണ്.
ഇതിലേറെ ശക്തമായി ഈ വിഷയം എങ്ങിനെ അവതരിപ്പിക്കും എന്നെനിക്കറിയില്ല. ഒരു ഭാഗത്ത് ആഴം കാണാത്ത കൊക്കരണികളിൽ നിന്ന് കരകയറാനാവതെ ഊർദ്ദ്വശ്വാസം വലിക്കുന്ന ഒരു ജനത. മറുവശത്ത് ആഡംബരങ്ങളുടെ വർണ്ണത്തേരിൽ അനന്തവിഹായസ്സിൽ പറന്നു നടക്കുന്ന ജനത. ഇവർക്ക് തമ്മിൽ പൊരുത്തങ്ങളുടെ സാധ്യത നീക്കിയിരിപ്പില്ലെന്നറിഞ്ഞും. ഒരു കഥ പറയാൻ ഈ സങ്കേതം കരുപ്പിടിപ്പിച്ചെടുത്ത കഥാക്യത്തിന്റെ ആത്മധൈര്യം പ്രശംസനീയം. അത് ക്യത്യമായ അളവിൽ ഒരു ചിത്രകാരൻ ചാലിച്ചെടുത്ത ചായം പോലെ മനോഹരമാക്കി അവതരിപ്പിച്ചത് അഭിനന്ദനീയം.
ഇത്തരം വിചിത്രമായ ദശാസന്ധികളെ അവതരിപ്പിക്കേണ്ടിവരുമ്പോൾ സാധാരണ എഴുത്തുകാർക്കുണ്ടാകുന്ന സന്ദേഹമൊന്നും ഇവിടെ പ്രകടമാകുന്നില്ല. ഒരു പക്ഷെ അനുഭവങ്ങളുടെ ഒരു കൈത്തഴക്കം വിവരണങ്ങളിൽ മേൽക്കൈ നേടുന്നുവോ എന്ന ഒരു വേള വായനക്കാരൻ സംശയിക്കുന്നുമുണ്ട്. ഒരു പക്ഷെ നായകന്റെ സ്വഭാവത്തിലെ വൈരുദ്ധ്യം മറികടക്കാൻ ഏറെ സഹായിക്കുന്ന ഒരു വാചകം “ഉറൂഗ്വ വേഴ്സ് ഘാന, അസ്സമാവോ ഗ്യാൻസ് മിസ്സിങ്ങ് ദ പെനാൽട്ടി”ഇൻബോക്സിലൂടെ കഥാക്യത്തിന് വീണുകിട്ടുന്നുണ്ട്. പെനാൽട്ടി പോസ്റ്റിൽ തട്ടി തിരിച്ചുവന്നു നായകനെ മനുഷ്യത്വത്തിന്റെ കാർഗോ ബോക്സിൽ വീഴ്ത്തുമ്പോൾ ഒരു പെനാൽട്ടി സാർഥകമാകുന്നുവന്ന് നാം ആശ്വസിക്കും.


അനുവാചകനെ കാര്യം ബോധിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികകൾ വസ്തുതയെ സ്ഥാപിക്കുന്നുണ്ടെങ്കിലും ഒരു കഥയുടെ ആരൂഡത്തിൽ അതെത്രമാത്രം സാധുതമാണന്ന് കാലം തെളിയിക്കണം. സമ്പന്നതയുടെ ധാരാളിപ്പ് പ്രകടിപ്പിക്കുന്ന ധാരാളം ബിംബങ്ങൾ (അറ്റ്ലാന്റിസ്) സന്ദർഭത്തെ സാധൂകരിക്കാതെ വന്നുപോകുന്നുവെന്നത് ന്യൂനതയായി കാണുമെങ്കിലും ഭാഷകൊണ്ട് മനോജ്ഞമാക്കിയ തത്വ്വിചാരങ്ങൾ ആ പശ്ചാത്തലത്തിന്റെ ചെടിപ്പ് മറയിലാക്കുന്നു. എലീന ഫ്രെഡറിക്കിന്റെ വളർച്ചയെ കാണിക്കുന്ന കാലഗണന അതിന്റെ വേഗം കൊണ്ട് അതിശയം ജനിപ്പിക്കുമ്പോൾ കഥാപാത്രത്തിന്റെ വിശ്വാസ്യതയെ അത് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് നായക കഥാപാത്രത്തിന്റെ സ്വഭാവചിത്രണത്തിലും ചില ആശയക്കുഴപ്പങ്ങൾ സ്യഷ്ടിക്കുന്നുണ്ട്.


സൂക്ഷമായ ഒരു ശ്രദ്ധാവിചാരത്തിൽ മാത്രമാണ് ന്യൂനതകളെ കുറിച്ചുള്ള അപായസൂചനകൾ അലട്ടുക.അത് മാറ്റി നിറുത്തി ചിന്തിച്ചാൽ കാവ്യഭാഷയുടെ അരികുപറ്റി ഒഴുകി വരുന്ന അക്ഷരങ്ങൾ കഥയുടെ നിർമ്മിതിയിൽ ചെലുത്തിയിട്ടുള്ള സ്വാധീനം വായനക്കാരനെ ശരിക്കും ആഹ്ലാദിപ്പിക്കും. കഥയുടെ പശ്ചാത്തലത്തെ കുറിച്ചുള്ള ക്ലിഷ്ടത അവനെ വായനയുടെ ഒരു ഘട്ടത്തിലും അലട്ടുന്നില്ല. പുതിയ കാലത്തിന്റെ ഭാഷ ലക്ഷ്യം വെക്കുന്ന വായനക്കാരെനെ അത് കണ്ടെത്തുക തന്നെ ചെയ്യും . ഈ കഥ അതിന്റെ സാക്ഷ്യപത്രമാകട്ടെ.



Comments