Friday, June 24, 2011

മാത്യഭൂമി ആഴ്ചപതിപ്പിൽ സി.എസ്. ചന്ദ്രിക എഴുതിയ കാഞ്ചീപുരം എന്ന കഥയുടെ ഒരു അധികവായന.


കാഞ്ചിപുരം: താരയും ചന്ദ്രികയും ഞാനും.താരയേയും ദേവിയേയും എനിക്ക് വല്ലാതെ ഇഷ്ടമായി.

അവർ കാഞ്ചിപുരത്തല്ല. എനിക്കരികെ സജീവമായി തന്നെ വന്നു നിന്നു. താരയേക്കാൾ എനിക്ക് ദേവിയെയാണ് ഇഷ്ടമായത്. കാഞ്ചിയിലെ ദേവി കാമാക്ഷിയാണ്. പക്ഷെ, താരയും ദേവിയും  ശ്രീകോവിലിന് മുന്നിലെത്തിയപ്പോൾ  ശത്രുതാപൂർവ്വം ഭക്തരെ ഓടിച്ചുവിട്ടിരുന്ന വ്യദ്ധ ബ്രാഹ്മണൻ അകത്തെ കാമാക്ഷിയേയും പുറത്ത് തൊഴാതെ  നിന്ന ദേവിയേയും മാറി മാറി നോക്കി.
താര അതുകണ്ടതാണ്.


ഭക്തരെ ഓടിച്ച് വിടുന്ന തിരക്കിലും വ്യദ്ധൻ കാമാക്ഷിയെ ദേവിയിൽ തിരയുകയായിരുന്നോ.?
ദേവി സുന്ദരിയാണെന്ന് താര പറയുമ്പോൾ നാം സന്തോഷിക്കുന്നു. സാധാരണ സ്ത്രീകൾ മറ്റു സ്ത്രീകളിൽ സൌന്ദര്യം കാണുന്നത് അപൂർവ്വമായത് കൊണ്ട് കൂടിയാവാം അത്. എന്നിട്ടും ദേവിയുടെ നീണ്ടിടതൂർന്ന മുടി പിൻഭാഗം മുഴുവൻ നിറഞ്ഞു കവിഞ്ഞു കിടക്കുന്നതിൽ ആരെയും ഒളിപ്പിച്ചിട്ടില്ലെന്ന് കാറ്റിൽ പറന്നു സത്യം പറയാൻ ഇടവന്നതെന്താവാം. അങ്ങനെ തെളിയിച്ചില്ലെങ്കിൽ സംശയം തോന്നാവുന്നതാണ് ദേവിയുടെ ജീവിതം എന്ന് പറയാതെ പറയുന്നതിന് തുല്യമായില്ലെ ആ പ്രസ്താവം. എന്റെ സത്യമാണ് എന്റെ സൌന്ദര്യം എന്നതും സംശയാസ്പദമാകുന്നത് അതുകൊണ്ടാണ്. സത്യം സുന്ദരമായിരിക്കും പക്ഷെ സൌന്ദര്യം സത്യമാണെന്ന് എന്തുവെച്ചാണ് നാമുറപ്പിക്കുക. ഈ സത്യവാദത്തിന്റെ മറുപുറത്ത് ഒരു നീരസം മണക്കുന്നതായിരുന്നു അഴകിന്റെ സാന്നിദ്ധ്യം. എന്നിട്ടും നമ്മൾ താരയുടെ സത്യത്തിൽ മാത്രം ചരിക്കാനാണ് ഇഷ്ടപ്പെടുക. പക്ഷെ പിന്നീട് നമുക്ക് തിരിച്ചുവന്ന് ചിലതൊക്കെ തിരിച്ചറിയേണ്ടിവരുന്നത് ആഹ്ലാദകരമായി അനുഭവപ്പെടാതെ പോയി.

താരക്ക് ദേവിയോട് പ്രണയമാണ്
ഒരുപാട്  വർഷം അവർ ഒരുമിച്ച് ഡൽഹിയിൽ കഴിഞ്ഞതാണ്.
ദേവിക്ക് പക്ഷെ താരയെ കൂടാതെ ഒരു പ്രണയമുണ്ട്. അഴക്. അഴക് ദേവിയുടെ ഭർത്താവാണ്.അവർക്ക് ഒരു മകളുമുണ്ട്. മാധവി.സ്റ്റേറ്റ്സിൽ പഠിക്കുന്നു.

നടന്ന് നടന്ന് താരക്ക് വഴിതെറ്റി.
സാക്ഷാൽ കാമാക്ഷി ശിവനെ കിട്ടാൻ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി തപസ്സുചെയ്ത ആ മാഞ്ചുവട്ടിൽ ഒറ്റക്ക് നിന്ന ദേവിയുടെ കണ്ണിൽ മഴ രണ്ടു തുള്ളിയായി പെയ്തു. കാമിച്ച പുരുഷനേ കിട്ടാനുള്ള സ്ത്രീകളുടെ സഹനങ്ങളെ ഓർത്ത് താരക്ക് ആ മാഞ്ചുവടിനെ വല്ലാതെ വെറുക്കേണ്ടിവരുന്നു. എന്നിട്ട് കാമിച്ച പെണ്ണിന്റെ കണ്ണിലെ നീർത്തുള്ളികൾ താര വടിച്ചുകളഞ്ഞു. പത്ത് വർഷം കാണാതെ പോയ ആ മഴ, ഒരു ഞൊടിയിടയിലെ ഉച്ചാടനത്തിനിടയിൽ ദേവിയുടെ കണ്ണിൽ എന്തിനാവാം   നിറഞ്ഞത്. താരയുടെ വെറുപ്പ്   വെറും ഒരു നിത്യകന്യകയുടെ പ്രതിരോധം മാത്രമാണോ.? അതിന്റെ പ്രതിഫലനമായിരുന്നോ സുമംഗലികളോടുള്ള പുച്ഛം. അതോ ഒരു പുരുഷനെ തന്നിലേക്ക് ആകർഷിക്കാനാവാത്ത അപാകതകൾ മനസ്സും ശരീരവും പേറുന്നു എന്ന തോന്നലോ..? സ്നേഹം സത്യമായിരിക്കുക. അത് ഒഴുകി  പരക്കുന്നിടത്ത് വരമ്പുകൾ തീർക്കുക. വരമ്പുകൾക്കിപ്പുറത്തുള്ളത് മാത്രം എങ്ങിനെ സത്യമാകും.

 കഥയിലെവിടെയും കഥാകാരി താരയുടെ സൌന്ദര്യത്തെ വർണ്ണിക്കുന്നില്ല. പക്ഷെ താരക്ക് പ്രണയമുണ്ട്. ദേവിയോടോത്ത് അനുഭവിച്ച പ്രണയലീലകൾ താര ഓർത്തെടുക്കുന്നുണ്ട്.  ഒരാൾ സ്ത്രീയായിരിക്കുന്നതും പുരുഷനായിരിക്കുന്നതും ജീവൽഘടനയുടെ ഭാഗമായിരിക്കെ അവരുടെ ആകർഷണങ്ങളെയും അതേ ജീവൽഘടനയുടെ ഭാഗമായി എന്തെ കാണാനാവുന്നില്ല.? ദേവിയോടുള്ള അധമ്യമായ പ്രണയത്തിനിടക്കും അഴകിനോടൂള്ള ദേവിയുടെ വിധേയത്വത്തെ അംഗീകരിക്കേണ്ടി വരുന്നുണ്ട് താരക്ക്. അഴകിന്റെ സ്നേഹം ഇളകിമറിഞ്ഞപ്പോൾ ദേവി താരയുടെ കണ്ണുകളിൽ നോക്കി. ദേവിക്ക് അഴക് വേദനിക്കുന്നതിഷ്ടമല്ല. താരക്ക് ദേവി വേദനിക്കുന്നത് ഇഷ്ടമല്ല. താര പറഞ്ഞു:.

 “പോകണം. സന്തോഷമായിട്ടിരിക്കണം. അഴകിനോട് തുറന്നുപറയണം. നമ്മുടെ പ്രണയം ആർക്കുമുമ്പിലും ഒളിച്ചുവെക്കേണ്ട. ഒളിച്ചുവെച്ചാൽ അതൊരു തരം അപമാനവും വേദനയും ആയി മാറും. അത്തരമൊരു മുറിവ് നമ്മുടെ ജീവിതത്തിൽ വേണ്ട.”

അഴക് പക്ഷെ പരമശിവനൊന്നുമല്ല. അയാൾ ആനന്ദത്തിനായി മറ്റു സ്ത്രീകളുമായുള്ള  അറ്റകുറ്റ പണികളിൽ വ്യാപ്യതനാണ്.
 അയാൾക്ക് ന്യായമുണ്ട്.

 “ഒരുവറുക്ക് പല ഉറവുകൾ ഇരിക്കലാം. അത് തപ്പല്ലൈ.”

 പക്ഷെ ദേവിയെ അയാൾക്ക് നഷ്ടപ്പെട്ടുകൂടാ.

 “ഉന്നെപോലെ എനക്ക് വേറെയാരും കെടയാത്

 ഈ ന്യായം താര എങ്ങിനെയാണ് അംഗീകരിച്ചെതെന്നും ദേവിയെ തിരിച്ചുപോകാൻ നിർബന്ധിച്ചെതെന്നും ഓർത്ത് നാം അത്ഭുതപ്പെടുന്നു. കഥാകാരി എങ്ങിനെ കെട്ടിപൊക്കാൻ ശ്രമിച്ചാലും താര എന്ന കഥാപാത്രത്തിന്റെ ദുർബ്ബലത മറനീക്കി ഇവിടെ പുറത്ത് വരുന്നു. താരയുടെ വിശ്വാസ്യതയെയാണ് ഇത് ബാധിക്കുന്നത്.

അന്തരീക്ഷ വർണ്ണനയുടെ മനോഹാരിത കാഞ്ചി കാമാക്ഷി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരഭൌമ തലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളും ഈ അന്തരീക്ഷത്തിന് ചാരുതയേകുന്നുണ്ട്.

താര.

ഈ പേര് പുരാണത്തിലെ അഞ്ച് നിത്യകന്യകമാരിൽ ഒരാളുടേതാണ്. സ്വാഭാവികമായി താര തനിക്ക് വിവാഹത്തിലുള്ള വിരക്തി സ്വയം വ്യക്തമാക്കുന്നുണ്ട്. രാത്രി അടച്ചിട്ട ട്രയിനിന്റെ വാതിൽ തള്ളിതുറന്ന് വരാവുന്ന പുരുഷന്മാരെ കുറിച്ച് അവൾക്ക് വേവലാതികളുണ്ട്. എന്തിന് ടെലിഫോൺ റിസീവറിൽ അറിയാതെ പതിക്കുന്ന പുരുഷന്റെ ഉമിനീർ പോലും  എത്ര അറപ്പോടെയാണ് അവൾ നോക്കുന്നത്. താര പക്ഷെ ദേവിയെപോലെ സത്യമുള്ള ഒരു സ്ത്രീയല്ലെന്ന് നമുക്ക് തോന്നുന്നുണ്ടോ..?

പുരാണങ്ങളിലും താര അത്ര ശരിയായിരുന്നില്ല. ബാലിയുടെ ഭാര്യയായിരിക്കേ ചതിയിൽ കൊല്ലപ്പെട്ടപ്പോൾ ചതിച്ചവനെ ഭർത്താവാക്കാൻ താര മടിയൊന്നും കാണിക്കുന്നില്ല രാമായണത്തിൽ.

അതിലും വിശേഷമാണ് ഭാഗവതത്തിൽ ബ്രഹസ്പതിയുടെ ഭാര്യയായിരുന്നു താര. ഒരു രാത്രിയിൽ ചന്ദ്രൻ അവളെ അപഹരിച്ചു. തന്മൂലമുണ്ടായ ഘോരമായ ദേവാസുരയുദ്ധത്തിനൊടുവിൽ ബ്രഹ്മാവ് ഇടപ്പെട്ടാണ് താരയെ ഒടുവിൽ ബ്രഹസ്പതിക്ക് തിരിച്ചേൽപ്പിച്ചത്. പക്ഷെ അപ്പോഴേക്കും താര ചന്ദ്രന്റെ മകനായി ബുധനെ പ്രസവിച്ചു കഴിഞ്ഞിരുന്നു.

ഈ താരയുടെ സത്യത്തിൽ എനിക്കത്ര ബോധ്യം പോരെന്ന് സാരം.സ്വന്തം ഉറവിനു വിരുദ്ധമായി, വിശ്വാസ്യതയില്ലാത്ത ഒരു പുരുഷന് പ്രണയിനിയെ ദാനം ചെയ്യുന്നതിന്റെ ദുരന്തം, തിരിച്ചറിയാനാവാത്ത ദുർബ്ബലയായിരുന്നില്ലല്ലോ താര. അതും ആ  പ്രണയം ലോകത്തിനോട് തുറന്ന് വെക്കാൻ മടിയില്ലാത്ത താര.

ക്ഷേത്രത്തിൽ നിന്ന് ദേവി താരയെ കൊണ്ട്പോകുന്നത് ഒരു പട്ടുവസ്ത്രശാലയിലേക്കാണ്.
ഒരു പക്ഷെ ഈ കഥയുടെ അവതാര ലക്ഷ്യം കുടിയിരിക്കുന്നത് ഈ പട്ട് വസ്ത്ര ശാലയിലായിരിക്കണം. ഇവിടെ കഥാകാരി ഒരു ചരിത്ര വസ്തുതയെ പരാമർശിക്കുന്നുണ്ട്. ഒരു പക്ഷെ പ്രണയികൾക്ക് താരയുടെ തന്നെ ജീവിതത്തിന്റെ ഒരു പരിപ്രേക്ഷ്യമായി വ്യാഖ്യാനിക്കാവുന്ന ഒരു ചരിത്ര വസ്തുത. ചന്ദ്രിക ആവിഷ്കരിക്കുന്ന ഒരു പ്രണയ സത്യം. ഒരു പക്ഷെ ഈ കഥക്ക് വേണ്ടി ഒരുങ്ങിയിരുന്ന ഒരു വസ്തുതയായി നാമതിനെ വായിച്ചെടുക്കും. ഈ കഥയുടെ സാക്ഷാൽക്കാരവും ഈ കഥക്ക് പുറകെ എന്നെ വരുത്തിയതും ഒരു പക്ഷെ ഇത് തന്നെയായിരിക്കും കാരണം.

 പട്ടുവസ്ത്രത്തിലെ മനോഹരമായ മയില്പീലിയിലേക്ക് കൈ നീട്ടിയ താരയുടെ ഉള്ളിലേക്ക് തിളച്ച വെള്ളത്തിലേക്ക് വീഴുന്ന പട്ടുനൂൽ പുഴുക്കള്.

താരയുടെ അസ്വസ്ഥത മൌനമായി സാന്ത്വനപ്പെടുത്തി ദേവി ആ സാരി ഇഷ്ടം കൊണ്ടുതന്നെ വാങ്ങി.

ഈ വൈരുദ്ധ്യം മറികടന്നും പട്ടുനൂൽ പുഴുക്കളുടെ ദുരന്തത്തോടുള്ള  താരയുടെ സമീപനത്തെ എത്ര അലിവോടും സ്നേഹത്തോടെയുമാണ് കഥാകാരി ചിത്രീകരിക്കുന്നത്.

ക്യസ്തുവിനുമുൻപ് 2640-ൽ ചൈന ഭരിച്ചിരുന്ന ഹ്യൂയാൻസാങ്ങ് ചക്രവർത്തിയുടെ പല ഭാര്യമാരിൽ ഒരാളായ സീലിംഗ്ജി ഒരിക്കൽ മൾബറിമരത്തിന്റെ തണലിലിരുന്ന് ചായ കുടിക്കുമ്പോൾ തിളച്ച ചായപാത്രത്തിൽ വീണ ഒരു പട്ടുനൂൽ പുഴു, ലോകത്തുള്ള മുഴുവൻ പട്ടുനൂൽ പുഴുക്കളുടെയും ചൈനയുടെ തന്നെയും വിധി നിർണ്ണയിച്ചു. ആ കഥ ഓർമ്മിച്ചെടുക്കുക വഴി. താര രണ്ടു സംഗതികൾ സ്ഥാപിച്ചെടുക്കുന്നുണ്ട് ഒന്നു താര എന്ന കഥാപാത്രത്തിന്റെ ബൌദ്ധീകമായ ആഴം. രണ്ട് പ്രണയം ലോകത്തെ കൊണ്ടെത്തിക്കുന്ന ദുരന്തം. വെറും പതിനാലുകാരിയായ സീലിംഗ്ജി, (ജി ആണൊ ജൊ ആണോ എന്തൊ.) മറ്റു പ്രണയിനിമാരെ മറികടന്നു  ചക്രവർത്തിയുടെ പ്രണയം മുഴുവനായി അപഹരിക്കാനുള്ള ഒരു താക്കോൽ തേടി അലയുമ്പോഴാണ് പാവം പട്ടുനൂൽ പുഴു അവളുടെ ചായകോപ്പയിൽ വന്നു വീഴുന്നത്. നൂലായി മാറിയ അതിന്റെ ഭംഗിയും ഉറപ്പും അവളെ ആകർഷിച്ചു. ആർക്കും നൽകാനാവാത്ത ചക്രവർത്തിയുടെ അതീവ ഭംഗിയുള്ള മേൽകുപ്പായം സീലിംഗ്ജിയുടെ പ്രണയോപഹാരമായി ചരിത്രത്തിനുമുന്നിൽ നിവർന്നുകിടന്നു.


ഇതൊക്കെ ഓർത്തെടുക്കുന്ന താര വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമാകുന്നുണ്ട്. പക്ഷെ അപ്പോഴും നമ്മെ അലട്ടുന്നത് പാവം പട്ടുനൂല്പുഴുക്കളുടെ വിധിയാണ്. ആരുടെയൊക്കെ പ്രണയത്തിൽ ഉപഹാരമാകുന്നതിന് ജീവൻ ബലി കൊടുക്കേണ്ടിവരുന്ന ഒരു ജീവിസമൂഹം അവയുടെ വിധി മറി കടക്കാൻ എങ്ങനെയാണവർക്കാകുക. വല്ലാത്ത ഒരു സമസ്യയാണ് കഥാകാരി നമ്മുടെ മുന്നിൽ ഉയർത്തുന്നത്. ഇതാണ് ഞാൻ നടേ സൂചിപ്പിച്ചത് ഈ കഥയുടെ ലക്ഷ്യമായി ഞാൻ കാണുന്നത് ഒരു പക്ഷെ ഈ ചരിത്രവസ്തുതയുടെ ആലേഖനമെന്ന്. അതാവട്ടെ കഥാകാരി മനോഹരമായി ആവിഷ്കരിക്കുകയും ചെയ്തു.

സ്ത്രീപക്ഷ രാഷ്ട്രീയം ഒരാശയമായി രൂപാന്തരപ്പെടുകയും അത് അന്തർധാരയായി കഥകൾ ജനിക്കുകയും ചെയ്യുക വഴി സ്ത്രീകളുടെ പുരുഷവിരുദ്ധതക്ക് ബാലിശമായ മനഃശാസ്ത്ര കാരണങ്ങൾ തേടി അലയേണ്ടി വരുന്നില്ല. ക്യത്യമായും ചില അധികാര വിവക്ഷകൾ തന്നെ യാണ് ഈ വിഷയത്തിലെ അജണ്ട നിർണ്ണയിക്കുന്നതെന്ന് ഇന്ന് അത്ര രഹസ്യമൊന്നുമല്ല. താരയുടെ പാത്രരൂപികരണത്തിൽ കഥാകാരിക്ക് പലപ്പോഴും കൈപിഴക്കുന്നത് ആശയത്തിലെ ഈ ദുർബ്ബലത മൂലമാണ്. ഇത്തരം മാനാസീകാവസ്ഥകൾ ജനിതകഘടനയുടെ പ്രത്യേകതകൾ മൂലമാണെന്ന് ശാസ്ത്രം സ്ഥാപിച്ചിട്ടുള്ളത് സമൂഹം അംഗീകരിച്ചുതുടങ്ങിയെന്നത്കൊണ്ട് ഇത്തരം ചിത്രീകരണത്തിൽ അസ്വാഭാവീകമായി യാതൊന്നും തന്നെ കാണേണ്ടതുമില്ല.

കഥയുടെ ഉപക്രമവും ഉപസംഹാരവും തികച്ചും അനാവശ്യമെന്ന് വായനക്കാരന് തോന്നിയാൽ അവരെ പഴിക്കരുത്. ക്യത്യമായ ഒരു എഡിറ്റിംഗിന്റെ അഭാവം ഈ കഥയുടെ രൂപഭംഗിയെ വല്ലാതെ കെടുത്തുന്നുണ്ട്. താരയുടെ വ്യക്തിത്വത്തെ വായനക്കാരന് ബോദ്ധ്യപ്പെടുത്തുന്ന ധാരാളം സന്ദർഭങ്ങൾ സ്വാഭാവികമായി കഥയിൽ വന്നുപോകുന്നു എന്നിരിക്കെ തിരുവന്തപുരത്തെ മ്ലേച്ചമായ സംഭവവികാസങ്ങളുടെ ചിത്രീകരണം ഒരു തരത്തിലും താരയെയോ കഥയെയോ ഒട്ടും തന്നെ സഹായിക്കുന്നില്ല. അതിനേക്കാൾ അപഹാസ്യമാകുന്നത് തന്റെ സ്ത്രീപക്ഷ രാഷ്ട്രിയത്തിന്റെ ബലം ചിത്രീകരിക്കാനായി ഉപസംഹാരത്തിന്റെ തൊട്ട് മുന്നത്തെ ഖണ്ഡത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ചിത്രീകരണത്തിനായി മണ്ഡപത്തിലെ മഠാധിപതിയേയും വ്യദ്ധ ബ്രാഹ്മണനേയും ഭയപ്പെടുത്തുന്നതിനായി ചന്ദ്രിക ആ സ്ത്രീഭക്തകളുടെ വായിൽകൂടി ഉണ്ടാക്കുന്ന ഓംകാരനാദം (നാദമാണ് ഭേരിയല്ല) കേട്ട് മഠാധിപതിയും വ്യദ്ധബ്രാഹ്മണനും നടുങ്ങിയില്ലെന്ന് മാത്രമല്ല വായനക്കാർക്ക് അത് ബോധ്യപ്പെട്ടതുമില്ല. അവർ ആരുടെയും ശത്രുക്കളോ എന്തെങ്കിലും കയ്യടക്കിവെക്കാൻ ശ്രമിക്കുന്നവരോ അല്ലെന്ന് വായനക്കാരന് ബോധ്യമുണ്ടെന്നത് ചന്ദ്രിക അറിയേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഒരു ഡോൺ ക്വിക്സോട്ട് സിൻഡ്രം ഒഴിവാക്കാമായിരുന്നു. മാത്രവുമല്ല  അത് ഒരു സ്ത്രീപക്ഷ സിനിമയിലെ അതിശക്തമായ ഒരു രംഗത്തിന്റെ ആവർത്തനം പോലെ വായനക്കാരന് തോന്നുകയും ചെയ്തു. ഓർമ്മയുണ്ടല്ലോ കെ.ജി.ജോർജ്ജിന്റെ നല്ലകാലത്ത് കള്ളിക്കാട് രാമചന്ദ്രന്റെ സഹായത്തോടേ ജോർജ്ജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ല്. ആ സിനിമയിലെ അവസാന രംഗത്തിന്റെ ഓർമ്മ കാഞ്ചിപുരത്തിന്  ഒരു തരത്തിലും ഗുണകരമാകാൻ പോകുന്നില്ല.

 രേഖാചിത്രങ്ങൾക്ക് ധാരാളം സാധ്യതയുണ്ടായിരുന്ന കാഞ്ചിപുരം ക്ഷേത്രത്തിന്റെ പശ്ചാത്തലമുണ്ടായിട്ടും കഥക്ക് ചിത്രമെഴുതിയ വിദ്വാൻ പതിവുപോലെ ധാരാളം കരിമഷി കടലാസിൽ കോരിയൊഴിച്ചിട്ടുണ്ട്. അതുകൊണ്ട് കഥക്ക് കണ്ണുതട്ടാതിരിക്കുകയെങ്കിലും ചെയ്യുമായിരിക്കും എന്നു കരുതിയോ എന്തോ?