Thursday, August 16, 2012

നെല്ലിയാമ്പതി ഒരോര്‍മ്മ പാഠം 

ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി മനുഷ്യര്‍ പച്ചപ്പുകള്‍ 
നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന തിരക്കിലാണ്. ഒരു കാലത്ത്‌ ശ്യാമസുന്ദരകേരകേദാര 
മായിരുന്ന പ്രദേശമാണ് കേരളം.എന്നാല്‍ നിരന്തരമായ  വനം കയ്യേറ്റങ്ങളുടെ ആത്യന്തീക 
ദുരന്തമായി മഴ മറന്നുപോകുന്ന ദേശമായി കേരളം വളരുന്നു.ബാക്കി നില്‍ക്കുന്ന പച്ചപ്പുകളും 
തങ്ങള്‍ക്ക് പണ്ടാരമടക്കണം എന്നതാണ് നെല്ലിയാമ്പതിയില്‍ ഇപ്പോള്‍ ഉയരുന്ന കേരളാകോണ്‍ഗ്രസ് മുദ്രാവാക്യം. ഒരു പ്രദേശത്തിന്റെ നിലനില്‍പ്പിന് ഹാനികരമായ വിധത്തില്‍ കാടുകള്‍ കയ്യേറി കൃഷിയുടെ മറ പിടിച്ച് പ്രകൃതിയുടെ സമതുലിതാവസ്ഥ തകര്‍ക്കുന്ന നശീകരണ  
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്  എന്തുകൊണ്ടാണ് ഭീകരവാദപ്രവര്‍ത്തനമായി തിരിച്ചറിയപ്പെടാത്തത്? ഒരു ജനസമൂഹത്തിന്റെ ഭാവിയില്‍ മുഴുവന്‍ ഇരുട്ട് വീഴ്ത്തുന്ന, ഒരുപക്ഷെ 
ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രകൃതിഭംഗികളെ കുരുതി കൊടുക്കുന്ന ഇതല്ലേ യാഥാര്‍ത്ഥ 
ഭീകരവാദം?.

നിലവില്‍ ഭീകരവാദം  എന്നത് ഏതെങ്കിലും  ഒരു  മതം അതിന്റെ മൌലീകവാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ചാര്‍ത്തി കൊടുത്തിട്ടുള്ള ഭയസംഭ്രമമാണ്. അല്ലാതെ ഒരു മതത്തിലെ പ്രമാണിമാര്‍ സംഘടിതമായി നടത്തുന്ന
 ചൂഷണ പ്രവര്‍ത്തനത്തെയും അവരുടെ രാഷ്ട്രീയവും സാമ്പത്തീകവുമായ  നേട്ടങ്ങള്‍ക്ക്‌
വേണ്ടി മതാചാരണങ്ങളെ പ്രയോജനപ്പെടുത്തുന്നതിനെയോ ദൈവത്തിന്റെയും ഭക്തിയുടെയും 
മറ പിടിച്ച് തങ്ങളുടെ ഗൂഡതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍  ആ മതത്തിലെ തന്നെ  സാധാരണമനുഷ്യരെ  ഉപയോഗപ്പെടുത്തുന്നതിനെയോ  മത തീവ്രവാദ ഭീകര  പ്രവര്‍ത്തനമായി ഇതുവരെ ആരും വ്യാഖ്യാനിച്ചുപറഞ്ഞിട്ടില്ല.!

ഒന്നോര്‍ത്തുനോക്കുക കേരളത്തിന്റെ പാരിസ്ഥിതിക സമതുലനം തകര്‍ക്കുന്നതില്‍ ക്രിസ്തീയസഭകളുടെ  നേതൃത്വത്തില്‍  നടത്തിയ പ്രവര്‍ത്തനം എങ്ങിനെ ഭീകാരവാദം അല്ലാതെയാകും?  നാട്ടുരാജാക്കന്മാരില്‍ നിന്ന്  വനഭൂമി  പാട്ടത്തിനെടുത്ത് തോട്ടങ്ങള്‍ നിര്‍മ്മിച്ച സായിപ്പന്മാര്‍ കൃഷിയുടെ പുതിയ വഴികള്‍ തുറന്നു കൊടുക്കുക മാത്രമായിരുന്നില്ല അധികാരത്തിന്റെ പുതിയ കൃഷി രീതി പരീക്ഷിക്കുക കൂടിയായിരുന്നു.അത് പള്ളികള്‍ സമര്‍ത്ഥമായി അനുകരിക്കുന്ന കാഴ്ചയാണ് കേരളം പിന്നീട് കണ്ടുനിന്നത്. പശ്ചിമഘട്ട മലനിരകളുടെ മുകളിലേക്ക് ഓടിക്കയറിയ കുരിശുകളുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തത്ര ബഹുലമായിരുന്നു. പയ്യെ പയ്യെ ഇടിഞ്ഞു തുടങ്ങിയ മലനിരകള്‍ പിന്നീട് ഒഴുക്കിവിട്ട പാല്‍ നുരകള്‍ ഒരു പശുവും ചുരത്തിയതായിരുന്നില്ല. ചരുവില്‍ വെച്ച് പിടിപ്പിച്ച കമ്പുകള്‍ കുറഞ്ഞ മെലിഞ്ഞ മരത്തില്‍ നിന്നും ചുരണ്ടിയിറങ്ങിയതായിരുന്നു. ആ മരം പിന്നെ പയ്യെ പയ്യെ കേരളത്തിന്റെ രാഷ്ട്രീയനഭസ്സിലെ ശുക്ര നക്ഷത്രമായി.!!

ഇന്നിപ്പോള്‍ നെല്ലിയാമ്പതി കാടുകളെ കയ്യേറ്റക്കാര്‍ക്ക് പതിച്ച് കൊടുക്കാന്‍ വാശിപിടിച്ച് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖത്തേക്ക്‌ ഒന്ന് സൂക്ഷിച്ച് നോക്കുക. കുറുക്കന്റെ കൌശലത്തോടെ മറച്ചുപിടിച്ച കുരിശിന്റെ തുമ്പ്‌ കാണുന്നവരോട് അത്  തങ്ങളുടെ വെറും 
വാലാണെന്ന്   പറയാനും അവര്‍  മടിക്കില്ല. കുടിയേറ്റക്കാരന്‍ കയ്യേറ്റകരനല്ല എന്ന തമാശ 
വെറും തമാശയല്ല എന്ന് തിരിച്ചറിയണമെന്ന് സാരം.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുര്‍ഭഗസന്തതിയാണ് കേരളാകോണ്‍ഗ്രസ് എന്ന പാര്‍ട്ടി.
സാക്ഷാല്‍ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ്സിന്റെ സംസ്ഥാന  ആഭ്യന്തരമന്ത്രിയുടെ അനഭിഗമ്യയാത്രയുടെ അനന്തരഫലമായിരുന്നു ആ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രജനനം.
ഈ പാര്‍ട്ടി ഇക്കണ്ട കാലം നടത്തിയ മഹത്തായ  രാഷ്ട്രീയ പ്രവര്‍ത്തനം എന്തായിരുന്നു?.
ആര്‍ എസ് എസ് ഉയര്‍ത്തിക്കൊണ്ടുവന്ന അഭിനവഹൈന്ദവവാദ   അധികാര രാഷ്ട്രീയം ജനാധിപത്യരീതിയില്‍ സ്ഥാപിച്ചെടുക്കാന്‍ പടച്ചുണ്ടാക്കിയ  ഉപകരണമായിരുന്നു  ജനസംഘം എന്ന ഭാരതീയ ജനതാ പാര്‍ട്ടി. സവര്‍ണ്ണഹൈന്ദവതയുടെ അധികാര മോഹത്തിന് അത്  എങ്ങനെ ഒരു മുഖംമൂടി ആകുന്നുവോ അത് പോലെ തന്നെ ക്രിസ്ത്യന്‍ വര്‍ഗ്ഗീയതക്ക് ജനാധിപത്യമറയില്‍ വിളവെടുക്കാന്‍ ഒരു നിലമൊരുക്കല്‍ മാത്രമാണ് ഈ പാര്‍ട്ടി.
എത്ര കഷ്ണങ്ങളായി ഇത് മാറിയാലും അതിന്റെ ചരടിന്റെ ഒരറ്റത്ത്‌ എന്നും ഏതെങ്കിലും ഒരു പുണ്യ  പാതിരിപിതാവിന്റെ പെരുവിരല്‍  കാണാം.!

ഈ പാര്‍ട്ടി നാളിതുവരെ നടത്തിയ ഇടപെടലുകള്‍ കേരള രാഷ്ട്രീയത്തെ എത്ര മലീമസമാക്കി
എന്നതിനേക്കാള്‍ , നാം ഭയപ്പെടേണ്ടത് കേരളത്തിന്റെ പരിതസ്ഥിതി സമതുലനത്തെ ഇത് എത്രമാത്രം അവതാളത്തിലാക്കി എന്നതാണ്.ഈ പാര്‍ട്ടി ഉണ്ടായ കാലം മുതല്‍ 
വനം കയ്യേറ്റക്കാരുടെ സംരക്ഷണവും പരിപാലനവും മാത്രമാണ് ഒരെയോരജണ്ട . നിത്യനിദാനജീവിതത്തിനു വഴിമുട്ടുന്ന സാധുക്രൈസ്തവരെ കുടുംബങ്ങളോടെ മലകയറ്റി
വിട്ടത്‌  അവിടെ ആകാവുന്നത്ര വനം കയ്യേറുക എന്ന ലക്ഷ്യത്തിന് തന്നെയായിരുന്നു.
കൃഷിയുടെ മറവില്‍ മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റിയപ്പോള്‍ അത്  ഉരുള്‍ പൊട്ടലിനും മറ്റ് പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു . കാലങ്ങളായി ഈ കലാപരിപാടി തുടര്‍ന്ന് നടത്തിയവര്‍  അതിന്റെ ദുരന്തവഴികളെ അതിവികൃതമായി അവഗണിക്കുകയായിരുന്നു. വരുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരുകളെ പ്രതി ചേര്‍ത്ത്‌ നഷ്ടപരിഹാരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നതാണ് അതിശയകരം .അവിടെയും കമിഴ്ന്നുവിഴുമ്പോള്‍ 
മുക്കാല്‍ പണം മൂക്കില്‍ കയറ്റണം.!!

കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്ര ശക്തമായി ഇടപെടുന്ന മറ്റേത് വര്‍ഗ്ഗീയതയുണ്ട്? ഇപ്പോഴും ലീഗിനെ പ്രതി ഇസ്ലാമീക വര്‍ഗ്ഗീയതയെ അപലപിച്ച് നടക്കുന്ന മനുഷ്യര്‍ തീരെ ശ്രദ്ധിക്കാത്ത ചില വസ്തുതകളുണ്ട്. വിളക്ക് തെളിക്കാന്‍ മടിച്ചും ഹൈന്ദവ പേരുകളോടുള്ള അനപഥൃത  പ്രകടിപ്പിച്ചും മണ്ടന്‍ കളി കളിക്കുന്നു എന്നല്ലാതെ കേരളത്തിന്റെ നെഞ്ചില്‍ ആഴത്തില്‍ പതിയുന്ന എന്ത് ദ്രോഹമാണ് ലീഗിന്റെ ചിലവില്‍ ഇസ്ലാം വര്‍ഗ്ഗീയത ഇവിടെ പ്രവര്‍ത്തിച്ചിട്ടുള്ളത്? ജമായത്ത് ഇസ്ലാമി ചത്ത്‌ പണിഞ്ഞിട്ടും സ്വന്തം നയങ്ങളില്‍ നിരന്തരമായി വെള്ളം ചേര്‍ത്ത്‌ കൊണ്ടിരുന്നു എന്നതല്ലാതെ അവരുടെ പ്രാഥമീക അജണ്ട പോലും പുറത്തെടുക്കാന്‍ അവര്‍ക്കായില്ല.
ലീഗിനെ ഒരു തരത്തിലും അവര്‍ക്ക്‌ സ്വാധീനിക്കാന്‍ ആയില്ല എന്ന് മാത്രമല്ല ലീഗിന്റെ മറ്റേ അറ്റത്ത്‌ അധികാര വഴിയില്‍ നിന്ന് ദൂരെമാറി നില്‍ക്കേണ്ടി വരികയും ചെയ്തു. എന്നിട്ടും തരംകിട്ടുമ്പോഴൊക്കെ ലീഗിന്റെ നെഞ്ചത്തിട്ടു പണിയുന്നതിലാണ് വര്‍ഗ്ഗീയ വിരോധികളുടെ 
എന്നത്തേയും തായം കളി. അപ്പുറത്ത്‌ പുരോഗമന ശക്തികളെ തകര്‍ക്കുന്നതിനും ഇതര മതസ്ഥരെ ദ്രോഹിക്കുന്നതിനും (നിലക്കല്‍ പ്രശ്നം)  ആരാധനാലയത്തിന്റെ അള്‍ത്താരകള്‍ വര്‍ഗ്ഗീയതയുടെ വിഷധാര നടത്തുമ്പോള്‍ ചോദ്യം ചെയ്യാന്‍ പോയിട്ട് ഒന്നെതിര്‍ക്കാന്‍ പോലും ശബ്ദം പൊങ്ങാത്തവരാണ് ഇവരെന്നതും സത്യം.കേരളത്തിലെ ഒരു ജമായത്തിലെയും  ഏതെങ്കിലും ഖാളി ഒരു തിട്ടൂരം എഴുതി രാജ്യത്തെ ജനാധിപത്യരാഷ്ട്രീയത്തില്‍ ഇടപെടാന്‍ നോക്കിയതായി ചരിത്രമില്ല പകരം ഏതു ഇടവകയിലെ ഏതു പിതാവിന് വേണമെങ്കിലും തങ്ങളുടെ സങ്കുചിത താല്പര്യത്തിന് അനുസൃതമായി ഏതു കുഞ്ഞാടിനെയും എങ്ങിനെയും വഴിതെറ്റിക്കാമെന്നതാണ് സത്യം. അതൊക്കെ അതാത് മതത്തിനകത്തെ മാത്രം പ്രശ്നങ്ങളാണ് എന്ന് പറഞ്ഞൊഴിയുകയാണ് മലയാളി മതേതരന്റെ എന്നത്തേയും സ്വഭാവഗുണം. അത് തന്നെയാണ് ഈ വര്‍ഗ്ഗീയ വാദികളുടെ സ്വസ്ഥതയുടെ അടിസ്ഥാനവും.