Friday, April 19, 2013


ഏഴാം നിലയിലെ ആകാശം.

ഷെയ്ക്ക്മാരുടെ കമ്മട്ടങ്ങളില്‍ നിന്ന് തെറിച്ചു 
വീഴുന്ന നാണയങ്ങളുടെ കിലുക്കം ഉറക്കം 
കളഞ്ഞ രാത്രികളില്‍ മലയാളി 
ജാഗരൂഗനായിരുന്നു. നീട്ടി വളര്‍ത്തിയ 
നഖങ്ങളുമായി അവന്‍ ഗള്‍ഫിലേക്കുള്ള 
പത്തെമാരികളില്‍ കയറിക്കൂടി പടിഞ്ഞാറ് 
നോക്കി പ്രയാണമാരംഭിച്ചു . മരുഭൂമിയുടെ 
ആഴങ്ങളില്‍ പുതഞ്ഞു കിടക്കുന്ന 
നാണയങ്ങള്‍ പരതിയെടുക്കാന്‍ അവന് 
നീണ്ട നഖങ്ങള്‍ വേണമായിരുന്നു.

ചേരമാന്‍ പെരുമാള്‍ തൊട്ട് പുറപ്പെട്ട് 
പോയവരുടെ കഥകള്‍ മലയാളിക്ക്‌ ഏറെ 
പറയാനുണ്ട്‌. അതില്‍ ഏറെ വിചിത്രവും 
ദുഖകരവുമായ ജീവിതകഥകള്‍ ഗള്‍ഫ്‌ 
മലയാളിയുടേത്‌ തന്നെയാണ്.  ഒരിക്കല്‍ 
അകത്ത്‌ കടന്നാല്‍  പിന്നീട് ഒരിക്കലും 
പുറത്ത്‌ കടക്കാനാവാത്ത “ഭൂല്‍ഭിലായി" 
എന്ന ബംഗാള്‍  നവാബുമാരുടെ 
കൊട്ടാരത്തെകുറിച്ച്  ചരിത്രത്തില്‍ 
വായിച്ചിട്ടുണ്ട്. ഗള്‍ഫ്‌ ജീവിതം മലയാളിയെ 
സംബന്ധിച്ച് തീര്‍ത്തും ഭൂല്‍ഭിലായ്‌ 
തന്നെയാണ്. പട്ടിണിയുടെ 
ആര്‍ത്തനാദങ്ങളില്‍ നിന്ന് കാതുപൊത്തി 
പരതിയെത്തിയ നാണയങ്ങളുടെ 
ലോകത്ത്‌ ദാരിദ്ര്യവും ദുരിതവും 
അവനെ കളിയാക്കി ചിരിച്ചു. തന്റെ 
വിരല്‍ നഖം കൊണ്ട് മാത്രം നാണയങ്ങള്‍ 
സഞ്ചിയില്‍ കയറില്ലെന്നു വളരെ 
വൈകിയാണ് അവന്‍  തിരിച്ചറിഞ്ഞത്‌. 

അത്തരം തിരിച്ചറിവുകളുടെ കഥകള്‍ 
പറയാനല്ല അവന്‍ ആദ്യകാലത്ത്‌ തന്റെ 
കഥാ പാടവം പുറത്തെടുത്തത്. വെറുതെ 
നിറം പിടിപ്പിച്ച ഇല്ലാക്കഥകള്‍ 
പറയാനായിരുന്നു. അത്തരം
കഥകളിലാവട്ടെ നിറയെ നീലയും 
മഞ്ഞയും വല്ലാതെ പുതഞ്ഞുകിടന്നു. 
ഇതുയര്‍ത്തിയത് അവന്റെ തന്നെ 
വിശ്വാസ്യതയുടെ 
അസ്തിത്വമില്ലായ്മയായിരുന്നു. 
ഗള്‍ഫ്‌ മലയാളികളില്‍ വളരെയേറെപ്പേര്‍ 
സാഹിതീസേവനപ്രവര്‍ത്തനങ്ങള്‍ 
നടത്തുന്നവരായി ഉണ്ടെങ്കിലും വിരലില്‍ 
എണ്ണാവുന്നവര്‍ മാത്രമാണ് കേരളത്തില്‍ 
സര്‍വ്വത്രീകമായ അംഗീകാരം നേടിയിട്ടുള്ളത്. 
അതില്‍ തന്നെ യശ്ശരീരനായ ശ്രീ. ടി. വി. 
കൊച്ചുബാവ , ആടുജീവിതം എന്ന ഒരൊറ്റ 
കൃതിയിലൂടെ അത്യധികമായ പ്രശസ്തി 
കൈവരിച്ച ശ്രീ. ബെന്യാമിനും കഴിഞ്ഞാല്‍ 
മുഖ്യധാര മലയാള സാഹിത്യവിപണിയില്‍ 
വ്യാപാരമൂല്യമുള്ളവര്‍ തീരെ ഇല്ലായെന്ന് 
തന്നെ പറയാം. മലയാള സാഹിത്യത്തില്‍ 
മേല്‍വിലാസമുണ്ടാക്കിയതിനുശേഷം 
ഗള്‍ഫില്‍ നിന്ന് എഴുതിയിരുന്നത് കൊണ്ടാകും 
കരുണാകരനെ ഗള്‍ഫ്‌ സാഹിത്യകാരനായി 
ആരും കുറച്ച് കാണാത്തത്.

സാമ്പാദീകമോഹങ്ങളുടെ മൂല്യവിചാരം എന്ത് 
തന്നെയായാലും ധനാര്‍ത്തികളുടെ പുറകെ 
പായുന്നതിന്റെ ഉദാഹരണജീവിതമാണ് 
ഗള്‍ഫിലെ മലയാളി. അതിന്റെ ഭാഗമായി 
അവര്‍ സഹിക്കുന്ന ത്യാഗത്തിന്റെയും 
അനുഭവിക്കുന്ന ദുരിതങ്ങളുടെയും ചിത്രങ്ങളെ 
പ്രത്യേകിച്ച് അവര്‍ തന്നെ വരച്ചു വെക്കുന്ന 
ചിത്രണങ്ങളെ അവഗണിക്കാനാണ് 
കേരളത്തിനകത്തെ മുഖ്യധാരാ മലയാളി 
എന്നും ശ്രമിച്ചിട്ടുള്ളത്‌. അതുകൊണ്ട് തന്നെ 
ഗള്‍ഫ്‌   മലയാളിയുടെ 
സാഹിത്യപ്രവര്‍ത്തനങ്ങളെ 
വളരെയൊന്നും ഗൌരവത്തില്‍ അവര്‍ 
എടുക്കാറുമില്ല. ഇത്തരം ഒരു ചരിത്ര 
പശ്ചാത്തലത്തില്‍ നിന്ന് വേണം ഗള്‍ഫില്‍ 
ഒരിക്കലും ജോലി ചെയ്ത് ജീവിചിട്ടില്ലാത്ത 
ശ്രീ. രഘുനാഥ് പലേരി ഗള്‍ഫ്‌ മലയാളിയുടെ 
കഥ പറയുന്നത് അനുഭവിച്ചറിയാന്‍. .
യഥാതദ സംഭവങ്ങളുടെ ചിത്രണം പോലെ 
ഇത്രയേറെ വിശ്വാസയോഗ്യമായി ഒരു കഥ 
സംഭാവിക്കുന്നതിന്റെ മനോഹാരിത കൂടി 
അനുഭവിച്ചറിയാനുള്ള അവസരമാണ് 
ഏഴാം നിലയിലെ ആകാശം വായനക്കാര്‍ക്ക്‌ 
മുന്നില്‍ ഒരുക്കുന്നത്.

കടുത്ത കമ്മ്യൂണിസ്റ്റ്‌ ആയിരിക്കുകയും തങ്ങളുടെ 
വിപ്ലവസ്വപ്നങ്ങള്‍  വെറും ജീവനകലാവിദഗ്ദര്‍ 
മാത്രമായ മലയാളികളില്‍ സാക്ഷാല്‍ക്കരിക്കാന്‍ 
സാധ്യതയില്ല എന്ന് ബോധ്യം വന്നതിനലാവാം , 
സ്വയം സാമ്പത്തീകമായെങ്കിലും രക്ഷപ്പെടുക 
എന്ന നൂലില്‍ കയറി എഴുപതുകളില്‍ തന്നെ 
ഗള്‍ഫ്‌ പൂകിയ ഈയെമ്മസ് എന്ന് 
വിളിക്കപ്പെടുന്ന ഈ എം ഷെരീഫിന്റെ 
യാഥാര്‍ത്ഥ ജീവിതത്തെ മുന്‍ നിര്‍ത്തിയാണ് 
ഏഴാം നിലയിലെ  ആകാശം കഥയായി 
വിടരുന്നത്.  പരസ്പരം എറിഞ്ഞുടക്കുന്ന 
വാക്കുകളുടെ സംഘര്‍ഷത്തില്‍ 
ഉത്പാദിതമാകുന്ന  സൗഹൃദതകര്‍ച്ചയുടെ 
അര്‍ത്ഥരാഹിത്യം കണ്ടെത്താനുള്ള ശ്രമമാണ് 
കഥയില്‍ .  അഴിച്ചുവെച്ച ഫേവര്‍ലൂബ 
വാച്ചിന്റെ  നിലച്ചുപോയ സമയത്തിലൂടെ 
ഘനീഭവിച്ചുപോകുന്ന കാലത്തിന്റെ 
തടവറയില്‍ കുടുങ്ങിപോകുന്ന ഗള്‍ഫ്‌ 
മലയാളിയുടെ ആത്മാലാപത്തെ 
സാന്ത്വനിപ്പിക്കാനുള്ള കാരുണ്യമാണ് 
കഥയിലൂടെ കോരിയൊഴിക്കുന്നത്. 

പലേരിയുടെ തന്നെ മുന്‍കാല കഥകളുടെ 
രചനാ രീതിയില്‍ നിന്നും തികച്ചും 
വിത്യസ്തമായ  ഭാഷയും പശ്ചാത്തലവും 
തീര്‍ത്തുകൊണ്ടാണ്  
ഏഴാം നിലയിലെ ആകാശം എന്ന 
സമാഹാരത്തിലെ  അതേ പേരിലുള്ള 
അവസാന കഥ നില്‍ക്കുന്നത്‌.. 

പൊതുവേ വലിയ പ്രകടനപരതയില്ലാത്ത, 
ഒരു നേരിയ അന്തര്‍മുഖത്വം 
ആവരണമാക്കിയ കാരുണ്യമുമുക്ഷുക്കളായ 
കഥാപാത്രങ്ങളാണ്  പലേരി കഥകളില്‍ 
ഇതുവരെ വന്നുപോയിരുന്നത്. എന്നാല്‍ 
അതില്‍ നിന്നും തികച്ചും വിത്യസ്തമായി, 
കുറേക്കൂടി തങ്ങളെ സ്വയം തുറന്നു 
പ്രകടിപ്പിക്കാന്‍  മടിക്കാട്ടത്തവരുടെ 
പ്രാതിനിധ്യമാണ് ഏഴാം  നിലയിലെ 
ആകാശത്തിലെ മനുഷ്യര്‍ക്കുള്ളത്. 
വളരെയേറെ വെളിച്ചം വീണുകിടക്കുന്ന 
മുഖഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന 
കഥാപാത്രങ്ങളുടെ സ്വഭാവ ചിത്രണത്തിലെ 
വ്യക്തത അവര്‍ തങ്ങളില്‍ ആരോ ആണെന്ന 
തോന്നല്‍ ഓരോ ഗള്‍ഫ്‌ മലയാളിക്കും സ്വയം 
തോന്നുന്ന തരത്തില്‍ അതീവ സൂക്ഷ്മമായ 
ഒരാഖ്യാനമാണ് കഥാകൃത്ത് മുന്നോട്ട് 
വെക്കുന്നത്.  അങ്ങനെ ഗള്‍ഫില്‍ ജീവിതം 
നഷ്ടപ്പെടുത്തുന്നവരുടെ ആത്മനിഷ്ഠമായ 
ദുരിതപര്‍വ്വമായി ഏഴാം നിലയിലെ ആകാശം 
വിന്യസിക്കപ്പെടുന്നു .

മനുഷ്യരെ പരസ്പരം സ്നേഹിക്കാന്‍ 
പ്രേരിപ്പിക്കുകയും അവരെ അതിനായി 
പഠിപ്പിക്കുകയും ചെയ്യുന്ന അക്ഷരങ്ങളുടെ 
ഒരനര്‍ഗ്ഗളധാരയാണ് രഘുനാഥ് 
പലേരിയുടെ  കഥകള്‍ .

 ആ കഥകളില്‍ ഒരുപാട് വാക്കുകളുടെ 
കുത്തൊഴുക്കില്ല . അമിത വികാര 
പ്രകടനങ്ങളുടെ  സമ്മര്‍ദ്ദങ്ങള്‍ ഒട്ടുമേയില്ല. 
ഏതോ ഒരു തണുത്ത സ്പര്‍ശം നമ്മുടെ 
തീപിടിച്ച കണക്കെയുള്ള ചര്‍മ്മത്തില്‍  
എത്തരുണത്തില്‍  സാന്ത്വനമേകുന്നുവോ 
അത്രയും ശീതളമായ  ഒരു തലോടലാല്‍ 
കുളിരൂറുന്ന മനസ്സുമായി  നമ്മള്‍ ആ 
കഥകളുടെ വായന പൂര്‍ത്തിയാക്കുന്നു.   


ജീവിതത്തില്‍ മനുഷ്യര്‍ അപൂര്‍വ്വമായെങ്കിലും 
അഭിമുഖീകരിക്കുന്ന കഠിനമായ ജീവിത
സമസ്യകളെ  തേടിയലഞ്ഞു തളര്‍ന്ന് , 
ആര്‍ത്തനായി ഒരിക്കലും അതിന്റെ 
അവശതകളെ അദ്ദേഹം വായനക്കാരിലേക്ക്‌ 
പകര്‍ത്തുന്നതേയില്ല.  ജീവിതം എത്ര 
ലളിതമാണന്ന്, സൗമ്യവും , മധുരവുമായ 
ദീപ്തപദാവലികള്‍ കൊണ്ട്  വായനക്കാരന് 
അല്പം പോലും ക്ലിഷ്ടതയേല്പ്പിക്കാതെ,
മൂര്‍ദ്ദാവില്‍ തലോടുന്ന വിരലുകളുടെ സ്നിഗ്ദത 
പോലെ അനുഭവിപ്പിച്ചറിയിക്കുന്നു. 

 സംഭവബാഹുല്യങ്ങളുടെ ബഹളമയമായ 
ചിത്രണങ്ങളില്ല. പൊള്ളയായ 
ഉത്സവാഘോഷങ്ങളുടെ ശബ്ദഘോഷങ്ങളില്ല. 
തികച്ചും ശാന്തമായ അക്ഷോഭ്യതയുടെ 
നിര്‍വ്വചനമെന്നത് പോലെ അതീവ ഹൃദ്യമായി 
ആ കഥകള്‍ വായനക്കാരന്റെ സ്വാസ്ഥ്യത്തെ 
ഹനിക്കാതെ ഒരു കാരുണ്യമായി അവനില്‍ 
വന്നു നിറയുന്നു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പലകാലങ്ങളിലായി 
വിവിധ ലക്കങ്ങളില്‍ വായിച്ചെടുത്ത കഥകളുടെ 
സമാഹാരമാണ് മാതൃഭൂമി ബുക്ക്സ് വിപണിയില്‍ 
എത്തിച്ച “ഏഴാം നിലയിലെ ആകാശം.”

 മൗനത്തിന്റെ ചിറകുകള്‍ ,
 ഒറ്റ ചിറകുള്ള പക്ഷി,
 അച്ഛനമ്മമാരുടെ വീട്,
 ഏഴാം നിലയിലെ ആകാശം .
ഇത്രയും കഥകളാണ് ഈ സമാഹാരത്തില്‍ 
ഉള്‍ക്കൊള്ളുന്നത്.

"നേരം പുലരുമ്പോള്‍ " എന്ന കെ.പി.കുമാരന്‍  
ഒരുക്കിയ സിനിമയ്ക്ക് ആധാരമായ കഥയാണ്  
"മൗനത്തിന്റെ  ചിറകുകള്‍ ". സിനിമ വന്നിട്ട് 
തന്നെ കാലങ്ങളായി . എന്നാല്‍  പലേരിയുടെ  
മുന്‍കാല സമാഹാരങ്ങളില്‍ ഒന്നും തന്നെ ഈ 
കഥ സ്ഥാനം പിടിച്ചുകണ്ടിട്ടില്ല.  ജീവിത 
തകര്‍ച്ചയുടെ  ഉരുള്‍ പൊട്ടലുകളും പേമാരിയും  
അതിജീവിച്ച് പ്രത്യാശകളുടെ വെളിച്ചം 
കണ്ടെത്തുന്ന നാന്‍സി എന്ന യുവതിയുടെ 
പ്രതീക്ഷാനിര്‍ഭരമായ ജീവിതാഭിലാഷങ്ങള്‍ 
വായനക്കാരനെയും 
ഉത്തേജിതനാക്കുകയാണ്  ഈ കഥയില്‍ . 

പറക്കുക എന്നത്‌ പക്ഷിയുടെ ജീവിതം 
തന്നെയാണ്. അത് എല്ലാ തടവുകളില്‍ 
നിന്നുമുള്ള മോചനമാണ് . കുഞ്ഞിശങ്കരനും 
മറ്റൊന്നല്ല ആഗ്രഹിക്കുന്നത്. പക്ഷെ 
പറക്കാനുള്ള  വ്യഗ്രതയില്‍ അയാള്‍ക്ക്‌ 
പലപ്പോഴായി  നഷ്ടപ്പെടുന്നത്  തന്റെ 
തന്നെ ചിറകുകള്‍ ആണ്.   എന്നിട്ടും 
പുഴയുടെ അങ്ങേക്കരയില്‍  തെളിഞ്ഞു
കത്തുന്ന വിളക്കിന്‍ നാളം  അയാള്‍ക്ക്‌ 
വേണ്ടി മാത്രം കാത്തിരിക്കുന്നു എന്ന്  
അയാള്‍ക്ക്‌ ഉറപ്പുണ്ട്. എല്ലാ മനുഷ്യരുടെയും 
പ്രയാണം അത്തരം ഒരു വെളിച്ചത്തിലേക്ക്‌ 
തന്നെയാണ്. അങ്ങോട്ടേക്ക്  പറക്കാന്‍ 
ഒരു ചിറക്‌ തന്നെ ധാരാളമെന്ന്  
ഓര്‍മ്മിപ്പിക്കുകയാണ് കുഞ്ഞിശങ്കരനിലൂടെ "
"ഒറ്റ ചിറകുള്ള പക്ഷി".

അനാഥരാക്കപ്പെടുന്ന  അച്ഛനമ്മമാരുടെ 
സങ്കടം ഇത്രയേറെ കരള്‍ കലങ്ങുന്ന 
ഭാഷയില്‍ മറ്റെവിടെയെങ്കിലും 
വായിച്ചെടുക്കാന്‍ കഴിഞ്ഞതായി ഓര്‍മ്മയില്‍ 
എങ്ങുമില്ല. അതികഠിനമായ ഒരു 
സാമൂഹ്യവിമര്‍ശനം സാധ്യമാക്കാന്‍ 
ഉപയോഗപ്പെടുത്തുന്ന ഭാഷയുടെ 
കാഠിന്യം നമുക്ക്‌ ഊഹിക്കാന്‍ കഴിയും . 
എന്നാല്‍ ഇവിടെ പ്രയോജനപ്പെടുത്തുന്ന 
ഭാഷ അത്തരത്തില്‍ ഒന്നല്ല തന്നെ. 
എന്ന് മാത്രമല്ല, ആ ആഖ്യാനം 
നിര്‍വ്വഹിക്കപ്പെടുന്നതിന്റെ ഭാഷയുടെ 
സരളതയും നിഷ്കളങ്കതയും ഉണര്‍ത്തിവിടുന്ന 
മാധുര്യം ഏതു പ്രളയജലമുപയോഗിച്ചും  കഴുകി 
മാറ്റാനാവും എന്ന് കരുതാനാവില്ല. 

തിന്മയുടെ കഴുത്ത് മുറിക്കാനുള്ള ആയുധമായി 
കത്തിയെക്കാള്‍ ഒരു പക്ഷെ ഒരു പൂവിനാവും 
എന്ന് സ്ഥാപിക്കുകയാണ് ഇവിടെ. 
മധുരമീനാക്ഷി  എന്ന തമിഴ്‌ കിളിയും 
നാട്ടുകാരിയായ മറ്റൊരു കിളിയും നടത്തുന്ന 
സംവാദത്തിലൂടെ ഇതള്‍ വിരിയുന്ന കഥയില്‍ 
മനുഷ്യരുടെ വേദനകള്‍ 
അവന്റേതുമാത്രമായ വേദനകളല്ല എന്നും മറിച്ച് 
അത് ഈ പ്രപഞ്ചത്തിലെ  മറ്റ് ജീവജാലങ്ങളെ 
കൂടി  ബന്ധപ്പെട്ടു കിടക്കുന്ന ശൃംഖലയുടെ 
ഒരു ഭാഗം മാത്രമാണെന്ന്  നിരീക്ഷിക്കപ്പെടുന്നു. 
തന്റെ ചുറ്റുപാടുകള്‍ക്ക് നേരെ നിരന്തരമായി 
തുറന്നുവെച്ച ഒരു മസ്തിഷ്ക ജാലകത്തിന്റെ 
അപാരമായ സര്‍വ്വജീവിസ്നേഹം തന്നെയാണ് 
" അച്ഛനമ്മമാരുടെ വീട്" എന്ന കഥയിലൂടെ 
തെളിയിക്കപ്പെടുന്നത്.

രഘുനാഥ് പലേരി സംരക്ഷിക്കാന്‍ 
ശ്രമിക്കുന്നത് താന്‍ തന്നെ ആഗ്രഹിക്കുന്ന 
സ്നേഹത്തിന്റെ ഒരു ലോകത്തെയാണ്. 
മനുഷ്യര്‍ക്ക്‌ വന്നുഭവിക്കുന്ന  പിഴവുകള്‍ 
സ്വാഭാവീകമെന്നത്  പോലെ  
തിരുത്തപ്പെടാവുന്നത് കൂടിയാണ് എന്നദ്ദേഹം 
കുറിച്ചുവെക്കുന്നത്  ലോകം 
സ്നേഹമയമായിരിക്കട്ടെ  
എന്ന അദ്ദേഹത്തിന്റെ തന്നെ ആദര്‍ശത്തിന്റെ 
ഭാഗമായാണ് . 

വലിയ വലിയ തത്വഘോഷണങ്ങള്‍  
വേദികളില്‍ നടത്തുകയും 
അവസരങ്ങളെയാകട്ടെ തന്റെ മാത്രം 
നേട്ടത്തിനായി പ്രയോജനപ്പെടുത്തുകയും 
ചെയ്യുന്നവരുടെ ഇടയില്‍ അപവാദമായ ഒരു 
നിലപാടില്‍ അദ്ദേഹം തന്നിലുറച്ചുനില്‍ക്കുന്നു. 
അത്തരം നിലപാടിന്റെ പ്രതിഫലനങ്ങളായി 
അദ്ദേഹത്തിന്റെ കഥകളും തിളങ്ങുന്നു.