പ്രസിദ്ധ സംവിധായകനായ ശ്രീ.രഞിത്ത് അവതരിപ്പിച്ച കേരള കഫേ എന്ന സിനിമാസമുച്ചയത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഘണ്ഡം “ബ്രിഡ്ജ്” ആയിരുന്നു. ശ്രീ.ആർ.ഉണ്ണി എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ആ കൊച്ചുസിനിമ, ഹ്യദയാർജ്ജകമായിരുന്നു. വിഷയത്തിന്റെ സാർവ്വലൌകീകത്വം മാത്രമല്ല അതവതരിപ്പിച്ച രീതി ആ സംവിധായകന്റെ മിടുക്കിന്റെ എല്ലാകാലത്തേക്കുമുള്ള ഒരടയാളമായി വർത്തിക്കും. എന്നാലും അതെഴുതിയ ക്യതഹസ്തനെ എളുപ്പത്തിൽ തഴഞ്ഞ് പോവുക അസാദ്ധ്യം. സംവിധായകന് സാക്ഷാൽക്കരിക്കാനായി പാകത്തിൽ കളിമണ്ണ് കുഴച്ചുകൊടുക്കക ഒട്ടും സുഖകരമായ ഒരു ശ്രമമല്ല.അതേറ്റവും സ്തുത്യർഹമായി നിർവഹിച്ചതിന്റെ അംഗീകാരം ഉണ്ണിക്ക് മാത്രം സ്വന്തം.ബ്രിഡ്ജിന്റെ ഓർമ്മയുംകൊണ്ട് നമ്മൾ ഉണ്ണിയുടെ വിസ്ത്യതമായ കഥ “ലീല” വായിക്കാനിരിക്കുകയാണ്. മാത്യഭൂമി ആഴ്ചപതിപ്പിന്റെ ഒക്ടോബർ 31-ലെ ലക്കം 34-ൽ പതിനാറ് പേജുകളിലായി വിശാലമായ ചിത്രങ്ങളുമായി നിറഞ്ഞ് കിടക്കുകയാണ് ലീല. നമ്മൾ പ്രതീക്ഷകളോടെ വായന തുടങ്ങി.
കപ്പലിൽ ജോലി ചെയ്ത കുന്നേലെ പാപ്പന്റെ മകൻ ജോയിയെ കണ്ടിട്ട് വന്നത്കൊണ്ട് ടൈറ്റാനിക് സ്വപ്നം കണ്ട് ഉറങ്ങി. കേറ്റ് വിൻസ്ലെറ്റിനു പകരം കല്യാണിവാരസ്യാരെയാണ് സ്വപ്നത്തിൽ കണ്ടത്. എന്തായാലും നടക്കാൻ വയ്യാത്ത വാരസ്യാർ നിറഞ്ഞ സ്വപ്നം അവസാനിപ്പിക്കാൻ കടന്നുവന്നത് കഥാനായകൻ കുട്ടിയപ്പൻ. പാതിരാത്രിയിൽ തീർച്ചയായും വലിയൊരു ദൌത്യവുമായാവുമല്ലോ കുട്ടിയപ്പൻ വരിക. അത് നമ്മുടെ തോന്നൽ. ഉണ്ണിക്ക് അത് വകവെക്കേണ്ട കാര്യമില്ല. കുട്ടിയപ്പൻ വന്ന കാര്യം നാലാലൊരു നിവ്യത്തിയുണ്ടെങ്കിൽ പറയില്ല. പറഞ്ഞാൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് പേജ് നീട്ടാൻ കഴിയില്ലല്ലോ?
കുട്ടിയപ്പൻ എന്ന മനോവൈകല്യം ബാധിച്ച മനുഷ്യന്റെ ഹ്യദയം പങ്കുവെക്കുന്ന പിള്ളേച്ചൻ എന്ന കഥാപാത്രമാണ് കഥ പറയുന്നത്. അയാൾ ഭാര്യയും ഒരു മകളുമായി സമാധാനമായി കുടുംബത്തിൽ കഴിയുന്ന മാന്യനാണ്. കുട്ടിയപ്പനാകട്ടെ, അയാളുടെ സ്വഭാവവിഷ്കരണവുമായി ബന്ധപ്പെട്ട് നമ്മുടെ മുന്നിൽ കഥാക്യത്ത് ഒരു സംഭവം വിവരിക്കുന്നുണ്ട്. അത് ഏലിയാമ്മയുടെ നടുവ് ഒടിക്കുന്നതാണ് (മുഴുവൻ അറിയാൻ കഥ വായിക്കുക, എനിക്കോ പണീ കിട്ടി നിങ്ങളങ്ങിനെ ചുളിവിൽ കാര്യം സാധിക്കേണ്ട).
ഈ രണ്ട് വ്യക്തികൾ തമ്മിലുള്ള രസതന്ത്രം തീർത്തും വൈക്യതങ്ങളുടെ ഒരക്ഷയ ഖനിയാണ്. കഥാക്യത്ത് തരുന്ന ജീവിത ചിത്രണങ്ങളിൽ വളരെ വ്യക്തമാണ് ആ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള വൈരുദ്ധ്യവും. ഒരാൾ സുനിശ്ചിതമായ ജീവിത പന്ഥാവിൽ ഭാര്യ മകൾ തുടങ്ങി പരമ്പരാഗത ജീവിതം അനുഷ്ഠാനമായ ഒരു സാധാരണക്കാരൻ. മറ്റെയാളുടെ ജീവിതവീക്ഷണം വളരെ വികലമാണ്.. ഇങ്ങനെ വിരുദ്ധ സ്വഭാവക്കാരായ രണ്ട് കഥാപാത്രങ്ങളെ കൂട്ടിക്കെട്ടി പറയുന്ന ഒരു കഥയുടെ സ്വാഭാവികമായ വൈകല്യങ്ങളാണ് വായനക്കാരനെ വലക്കുന്നത്.
കുട്ടിയപ്പന് ഒരു സ്വപ്നവും ലക്ഷ്യവുമുണ്ട്. ആ ലക്ഷ്യമാണ് ഉണ്ണി കഥയാക്കാൻ ഇറങ്ങി പുറപ്പെട്ടത്. അതെന്താണന്ന് അറിയുമ്പോൾ വായനക്കാരൻ ന്യായമായും സംശയിക്കും. ആർക്കാണ് യഥാർത്ഥ വൈകല്യം?കഥ വരുന്നത് കഥാക്യത്തിലുടെയല്ലേ? കഥയിലുള്ളവർ വായനക്കാരനെ സംബന്ധിച്ചിടത്തോളം വെറും സങ്കല്പം മാത്രം. ഇനി കഥാപാത്രങ്ങൾക്ക് റോൾ മോഡൽ ഉണ്ടെങ്കിൽ അതറിയാവുന്നയാൾ കഥാക്യത്ത് മാത്രം. ഇനി അതല്ലെങ്കിൽ കഥയുണ്ടായി വരുന്നത് കഥാക്യത്തിന്റെ ഭാവനയിൽ നിന്ന്. ചുരുക്കി പറഞ്ഞാൽ കഥാക്യത്തിന്റെ മനസ്സിന്റെ ഉള്ളിൽ നിന്നാണ് കഥ വരുന്നത്. അത് സുന്ദരമായാലും വിരൂപമായാലും അത് പ്രതിനിധാനം ചെയ്യുന്നത് കഥാക്യത്തിന്റെ മനഃഭാവമാണ്. എങ്കിൽ യഥാർത്ഥ പ്രതി ആരാണ്. ശരിക്കുപറഞ്ഞാൽ കുട്ടിയപ്പൻ ഇറങ്ങി വന്നത് കോട്ടയത്തെ ഏതെങ്കിലും ഈഞ്ചക്കാട്ടിൽ നിന്നല്ല. ഉണ്ണിയുടെ മനസ്സിൽ നിന്നുതന്നെയാണ്. ഇവിടെ ഞാൻ ചോദിക്കുന്നു ഈ മനുഷ്യർക്കൊക്കെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ആ നട്ടാപാതിരാക്ക് കുട്ടിയപ്പൻ തന്റെ മുടിഞ്ഞ ആശയുമായി ഉണ്ണിയെ തട്ടിവിളിച്ചത് വാതിലിനു പുറത്ത് നിന്നാണോ അതൊ മനസ്സിനകത്ത് നിന്നാണോ എന്നത് എന്റെ മാത്രം സംശയമല്ലെന്ന് കഥ വായിച്ചുപോകുന്ന സഹ്യദയർക്കെല്ലാം തോന്നിപോകുന്ന തരത്തിലാണ് പിന്നിടങ്ങോട്ടുള്ള ആഖ്യാനം. കുട്ടിയപ്പൻ തന്റെ ആശ നിറവേറ്റുന്നതിനായി നടത്തുന്ന യജ്ഞത്തിൽ ഒരു ഘട്ടത്തിലും കഥ പറയുന്നയാൾ മാറി നിന്ന് കഥ പറയുന്നില്ല. ഒരിടത്തും കഥാക്യത്ത് മൂന്നാമനാകുന്നില്ല. ക്യത്യമാണ് സംഭവങ്ങളുടെ വിവരണം. കുട്ടിയപ്പൻ ലക്ഷ്യം അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ പിന്നെ കുട്ടിയപ്പനെ ലക്ഷ്യത്തിലെത്തിക്കാനുള്ള ത്വര കഥാക്യത്തിലാണ് നാം കാണുന്നത്. എന്തായിരുന്നു കുട്ടിയപ്പന്റെ ലക്ഷ്യം? ഇതാ കഥയിലെ കുട്ടിയപ്പൻ പിള്ളേച്ചനോട് ചോദിക്കുന്നു.,
“ അതേ ഒരു കൊമ്പനാനയുടെ തുമ്പികൈയിൽ ഒരു പെണ്ണിനെ തുണിയില്ലാതെ ചേർത്ത്നിറുത്തിയാൽ എങ്ങനെ ഇരിക്കും?”
ഞാനൊന്നും മിണ്ടിയില്ല. (പിള്ളേച്ചൻ)
“കണ്ടാൽ നെറ്റിപ്പട്ടം അഴിച്ചുവെച്ചതുപോലെയിരിക്കണം. എന്നിട്ട് ആനയുടെ രണ്ട് കൊമ്പുകളിലും പിടിച്ചുകൊണ്ട് തുമ്പികൈയിൽ ചാരി നിൽക്കുന്ന പെണ്ണിനെ എനിക്കൊന്നു ഭോഗിക്കണം”
അമ്മയും ഭാര്യയും പ്രായമായ മകളുമുള്ള സ്നേഹിതന്റെ അടുത്ത് വന്ന് ഒരാൾ ജന്മലക്ഷ്യം പോലെ ആവശ്യപ്പെടുന്ന സംഗതിയാണു മേലെ കാണുന്നത്. ഇതാണ് കഥയുടെ ത്രെഡ്. ഈ ത്രെഡ് സാക്ഷാൽക്കരിക്കാനാണ് മാത്യുഭൂമി വാരിക അതിന്റെ പതിനാറ് പേജ് ഉണ്ണിക്ക് കൊടുത്തത്. സധാരണ ഗതിയിൽ ഒരാൾ വന്ന് ധൈര്യമായി വേറൊരാളോട് ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുമ്പോൾ അവർ തമ്മിൽ ഇത്തരം കാര്യങ്ങളിൽ കാര്യമായ പൊരുത്തം ഉണ്ട് എന്നല്ലേ നമുക്ക് ധരിക്കാനാവൂ.. തന്നെയുമല്ല, എന്തെങ്കിലും തരത്തിലുള്ള ഒരു പ്രതിഷേധവും ഉണ്ണിയിൽ നിന്നുണ്ടാകുന്നില്ല. ആ പ്രക്രിയ എങ്ങിനെ നടത്തിയെടുക്കും എന്ന ഉൽകണ്ഠയാണ് അയാൾ കുട്ടിയപ്പനുമായി പങ്കുവെക്കുന്നത്. പിന്നീട് ഭാര്യയോട് പ്രതിവചിക്കുമ്പോൾ പിള്ളേച്ചൻ ആനയെ വാങ്ങിക്കാനായി പോകുന്ന കാര്യം സമ്മതിക്കുന്നുമുണ്ട്. ഇതിൽ നിന്ന് വായനക്കാരൻ മനസ്സിലാക്കിയെടുക്കുന്നത് എന്താണ്? കുട്ടിയപ്പനും പിള്ളേച്ചനും ഒന്നു തന്നെ. ഒരു മനസ്സിന്റെ രണ്ടു ഭാവങ്ങൾ. ഇത്രയൊന്നും പോയില്ലെങ്കിലും പിള്ളേച്ചൻ കുട്ടിയപ്പന്റെ കലാപ്രകടനങ്ങൾ ആസ്വദിക്കാൻ കാണിക്കുന്ന
താൽപ്പര്യം എങ്ങിനെയാണ് നമുക്ക് നിഷ്കളങ്കമായി നോക്കിനിൽക്കാനാവുക.
എന്തായിരിക്കും ഇത്തരം ഒരു കഥയിലൂടെ വായനക്കാരിലേക്ക് വിനിമയം ചെയ്യാൻ കഥാക്യത്ത് ആഗ്രഹിച്ചത്? പുതുമയാണൊ? ശീഘ്രഭോഗികളായ ആളുകൾക്ക് പുതിയ കാമസൂത്രം പഠിപ്പിക്കുന്ന വാത്സ്യായനനായി ചരിത്രം പൂകാമെന്ന് കഥാക്യത്ത് മോഹിച്ചതാണോ? ഇത്തരം ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിന്റെ സാമൂഹ്യ പ്രതികരണങ്ങളെകുറിച്ച് ഒരു ധാരണയുമില്ലാത്ത ആളാണോ കഥാക്യത്ത്? വായനക്കാരിൽ ഇതുണ്ടാക്കാവുന്ന ജുഗുപ്സ ഒരു സാമൂഹ്യജീവിയെന്ന നിലയിൽ കഥാക്യത്തിനെ അലട്ടുന്നുപോലുമില്ലന്നാണോ?
പെൺവേട്ടക്കാരാനായ കുട്ടിയപ്പൻ, ആനവേട്ടക്കിറങ്ങിയിട്ട് ഒടുക്കം ആനയെ കിട്ടിയപ്പോൾ പിള്ളേച്ചന് കഥ എവിടെയെങ്കിലും ഒന്നവസാനിപ്പിക്കുക അനിവാര്യതയാകുന്നതാണു പിന്നെ നമ്മൾ കാണുന്നത്. തങ്കപ്പൻ നായരെയും മകളെയും കൊണ്ട് മലകയറുന്ന കുട്ടിയപ്പനെയും പിള്ളേച്ചനെയും കണ്ട് ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ മുഖം ചുളിപ്പിച്ചിരിക്കുന്ന വായനക്കാരൻ കാര്യമായി ചിന്തിക്കുക ഇതെവിടെ ചെന്നാണ് അവസാനിക്കുക എന്നു തന്നെയായിരിക്കും. അത് കണ്ടറിഞ്ഞിട്ടാണെന്ന് തോന്നും വിധം, വളരെ പെട്ടന്ന് കഥാക്യത്ത് കുട്ടിയപ്പനെയും പെൺകുട്ടിയേയും വസ്ത്രാക്ഷേപത്തിനു വിധേയരാക്കുന്നു. വായനക്കാരൻ ഇത്തിരി ഇക്കിളി ആയിക്കോട്ടെയെന്ന് മാത്രമാണ് ഉണ്ണിയുടെ താല്പര്യം. കാരണം അതു വരെ പറഞ്ഞുവന്ന കഥയുടെ സ്പിരിറ്റിൽ നിന്ന് മാറി പെട്ടന്ന് നമ്മൾ കാണുന്നത് കുട്ടിയപ്പൻ പെൺകുട്ടിയുടെ നെറുകയിൽ ഉമ്മവെക്കുന്നതാണ്. അതുവരെ പറഞ്ഞു വന്ന കഥാരീതിയിൽ നിന്നു യാതൊരു പ്രകോപനവുമില്ലാതെയാണ് പെട്ടന്ന് വായനക്കാരെ ഞെട്ടിപ്പിച്ചുകൊണ്ട് ഓതിരം കടകം മറിഞ്ഞു കുട്ടിയപ്പനെ ഉണ്ണി മാലാഖയാക്കുന്നത്.എന്നാൽ ദൈവനീതിക്ക് ദാക്ഷിണ്യമില്ലന്ന് ഡോ. ഭാസ്കരൻ നായർ പണ്ട് പറഞ്ഞത് ഉണ്ണിക്കറിയില്ലായിരിക്കും. എന്നാൽ ആനന്ദന്റെ ആന സിനിമകൾ കണ്ടിരുന്ന ഒരു പ്രേക്ഷകൻ പറഞ്ഞത് പോലെ ആനന്ദൻ വിട്ടാലും ആന വിടുമോ? ആന അത് തന്നെ ചെയ്തു.
അതിദയനീയമായ ഒരു ദുരന്തത്തെ അത്രയും നീചമായ ഗജസുരതമാക്കി അവതരിപ്പിച്ച കഥാക്യത്തിന്റെ മനോനിലയെ പറ്റി ഒരു ഗവേഷണം നടത്തുന്നത് നന്നായിരിക്കും.കഥയിലെ അതെ വായനയിലേക്ക് നമുക്കൊന്നു പോകാം:-
പരിണാമദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നിൽ നഗ്നനായ കുട്ടിയപ്പൻ, അതിനുപിന്നിൽ നഗ്നയായ ലീല, അതിനുപിന്നിൽ ഭൂമിയിലെ ഏറ്റവും വലിയ മ്യഗം. നടക്കുന്നതിനിടയിൽ പെട്ടന്നാണ് ലീല തിരിഞ്ഞുനിന്നത്. ഒരു നിമിഷത്തിന്റെ അർധമാത്രയിൽ തന്റെ ഇണയേ ചേർത്ത് പിടിക്കും പോലെ നീണ്ടുവന്നൊരു കൈ ലീലയെ ചുറ്റിനിന്നു. അത് ആകാശത്തേക്ക് അവളെ ഉയർത്തിയിട്ട് കൊമ്പിന്റെ മൂർച്ചയിൽ രാകിയെടുത്തു. പിന്നെ, കാലുകൾക്കിടയിലേക്ക് കിടത്തിയിട്ട് ഇരുട്ടിന്റെ മഹാകാരം പൂണ്ട ആ വലിയ ജീവി ഉപരിസുരതത്തിനെന്നപോലെ ലീലയിലേക്ക് തന്റെ ഭാരത്തെ ഇറക്കി വെച്ചു.
ഈ വാചകങ്ങൾ വായനക്കാരൻ എങ്ങിനെയാണിത് വായിച്ചെടുക്കേണ്ടത്? ആ ഉപമ പോലും എത്ര വൈക്യതമാണ്. പരിണാമദശയിൽ, ഒരു സിദ്ധാന്തത്തെ അപമാനിച്ചുകൊണ്ടുപോലും ഇദ്ദേഹം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതെന്താണ്? അച്ഛൻ പീഡിപ്പിച്ച് അനാഥയാക്കിയ ആ പെൺക്കുട്ടിക്ക് ഒരു നല്ല മരണം പോലും ഉണ്ണിക്ക് കൊടുക്കാൻ തോന്നുന്നില്ല. എത്ര ക്രൂരമാണ് ഇത്തരം മനഃസ്ഥിതി. കുട്ടിയപ്പൻ വിട്ടുപോയ കാര്യം ആനയിലൂടെ സ്ഥാപിച്ചെടുക്കുന്ന വിക്യതമനസ്സായി കഥാക്യത്ത് മാറുന്ന കാഴ്ച മാത്രമെ ഈ കഥ ബാക്കിവെക്കുന്നുള്ളു. ഒരുപക്ഷെ ഇദ്ദേഹത്തിന്റെ കഥകൾ വായിച്ച് കുളിരുകൊള്ളുന്ന വായനക്കാരോട് നിശ്ശഃബ്ദമായി പറയുന്നത് ഒരു പക്ഷെ ഇതായിരിക്കാം.
“കുട്ടിയപ്പന്റെ സുരതം കാണാൻ നിങ്ങളെ കൊണ്ടുവന്നിട്ട് ഒന്നും കാണിക്കാതെ കൊണ്ടുപോയി എന്ന് നിങ്ങൾ പറയില്ല. ഇതിലും മഹത്തായ കാഴ്ച ഒരു കഥാക്യത്തും ഇന്നോളം വായനക്കാർക്ക് നൽകിയിട്ടില്ല. ഈ ആനസുരതം കണ്ട് ആനന്ദിക്കൂ..“
ഇനിയുള്ള കാലം വരാനിരിക്കുന്ന കഥകളുടെ ഒരു സ്നാപകനാവും ഒരുപക്ഷെ ഈ കഥ. ലൈംഗീകത മനുഷ്യനെ ഒരിക്കലും മടുപ്പിക്കില്ല എന്നത് കൊണ്ട് അതിന്റെ വൈവിദ്ധ്യമുള്ള രചനകളുടെ ഒരു ഒഴുക്ക് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഒട്ടുമിക്കതും നമുക്ക് ചുറ്റുമുള്ള ജീവികളാണ് ഇനി ഭയപ്പെടേണ്ടത്. ഇതുപോലെയുള്ള കഥാക്യത്തുക്കൾ ഒട്ടുമിക്കതും പുതുമക്ക് വേണ്ടി വിവിധതരം ജീവികളുടെ കൂടെ കൂടാനാണ് സാധ്യത. ആർക്ക് എന്ത് ഭാവനയുണ്ടായാലും അതൊക്കെ വായനക്കാരന്റെ നെഞ്ചത്താണ് പരീക്ഷിക്കാൻ തുടങ്ങുക എന്നത് കൊണ്ട് വായനക്കാരന്റെ ക്ലിഷ്ടത ഇനിയും ഏറാനാണ് സാധ്യത. ദ്യശ്യമാദ്ധ്യമങ്ങളെ വെല്ലുവിളിക്കാനുള്ള ഇത്തരം നീക്കങ്ങൾ എവിടെ ചെന്ന് അവസാനിക്കുമെന്ന് പ്രവചിക്കാനാവില്ല. കഥയെഴുത്തും ഇപ്പോൾ പല ഉണ്ണി എഴുത്തുകാർക്കും സുരതമായി. ഇനി എല്ലാം കാത്തിരുന്ന് കാണാം.