Showing posts with label പഠനം. Show all posts
Showing posts with label പഠനം. Show all posts

Thursday, November 3, 2011

പ്രണയത്തെക്കുറിച്ച്




ഒരു സാമൂഹ്യ ജീവിതത്തില്‍ മറ്റു മനുഷ്യര്‍ തന്നെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?
ഒരു നേര്‍ത്ത വരമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ എതിരെ വരുന്ന ആള്‍
ശ്രദ്ധിച്ചില്ലയെങ്കില്‍ തീര്‍ച്ചയായും കൂട്ടിയിടിക്കാനുള്ള സാധ്യത ധാരാളം.
മറ്റുള്ളവരുടെ ശ്രദ്ധയില്‍ നമ്മള്‍ ഇല്ലാതെ പോകുന്നത് അപകടങ്ങളിലേക്ക്
നമ്മളെ കൊണ്ടുപോയേക്കാം എന്ന ഭയത്തില്‍ നിന്നാണ് പരിഗണനയുടെ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവന്നത്. അതാണ്‌ വൈകാതെ പരസ്പരമുള്ള സ്നേഹമായി പരിണമിക്കുന്നത്.സ്നേഹം ഒരു ഉത്തരവാദിത്വം കൂടിയാകുന്നു. നമ്മള്‍ ഒരാളെ സ്നേഹിക്കുന്നുവെന്നത് അയാളെ നമ്മുടെ സംരക്ഷണവലയത്തില്‍
ചേര്‍ത്ത്‌ നിര്‍ത്തുന്നു എന്നുകൂടി അര്‍ത്ഥമാക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ അയാളുടെ സംരക്ഷണ വലയത്തില്‍ ചേര്‍ന്നു നില്‍ക്കുന്നു എന്നുമാകുന്നു.
അതുകൊണ്ടാണ്‌ അങ്ങിനെ കരുതുന്നവരില്‍ നിന്ന് ഉണ്ടാകുന്ന അശ്രദ്ധ ഒരു അവഗണനയായി നാം തിരിച്ചറിയുകയും അതില്‍ നാം ദുഖിക്കേണ്ടതായും വരുന്നത്.

അടുക്കാനും അകലാനും പ്രേരിപ്പിക്കുന്ന ഒരു രസതന്ത്രം
മനുഷ്യരില്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉപനിഷത്തുകള്‍ ഉപദേശിക്കുന്ന ധ്യാനത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പ്രേരണയാകുന്ന
നിസ്സംഗതയും നിര്‍മമതയുമെല്ലാം അതിനെ ആശ്രയിച്ചാണു നില്‍കുന്നത്.
അടുപ്പം ദുഖമുണ്ടാക്കുമെന്നും അകലം സംയമനം തരുമെന്നും
വിശ്വസിക്കപ്പെടുന്നതു കൊണ്ട് കൂടിയാണിത്.
ഈ അകലത്തെ കുറിച്ചുള്ള ബോധമാണ്‌ പ്രണയത്തെ സങ്കടത്തിന്റെ കണ്ണീരണിയിച്ച് നിര്‍ത്തുന്നത്.
എത്ര അടുത്താലും അകലെയാണെന്ന തോന്നല്‍ .
കാരണം പ്രണയം ഒരു ആശ്രിതത്വമാണ്.
അത് നിരന്തരമായി താലോലിക്കപ്പെടാനുള്ള അഭിവാഞ്ചയാണ്.
അത് സ്ഥലകുലമുഖ ന്യായങ്ങളെ അംഗീകരിക്കുന്നില്ല.

പുരുഷന്‍ സാമൂഹ്യചക്രത്തിന്റെ പല്ലുകളിലുടക്കി വ്യാധികളില്‍ ഉഴലുമ്പോള്‍
നിരന്തരനായ ഒരു പ്രണയിതാവായിരിക്കാന്‍ സാധ്യതകള്‍ ദുര്‍ബലം.
യുഗങ്ങളായി പുരുഷ ഹൃദയം ആര്‍ജ്ജിച്ച അധികാര പ്രമത്തതയുടെ അധമത്വം അവന്റെ നിത്യ പ്രണയത്തിന് വിഘാതമാകുന്നു.

നിത്യ കാമുകി ആയിരിക്കാന്‍ കൊതിക്കുന്ന സ്ത്രീ പ്രണയത്തിന്റെ പ്രത്യയങ്ങള്‍ നിരന്തരം മാറ്റികൊണ്ടിരിക്കും. പ്രണയത്തിലെ അസമത്വങ്ങള്‍ ഉയര്‍ത്തുന്ന അസൂയയും സ്ത്രീ ജീവിതത്തിനു മേലെ പുരുഷന്‍ സ്ഥാപിക്കുന്ന
അധീശത്വത്തിനുള്ള കാരണങ്ങളില്‍ ഒന്നാണ്. പ്രണയം നിരാകരിക്കപെടുന്നതിലെ
പ്രതിഷേധം കടുത്തതാകുന്നതിലെ കാമ്പുകളില്‍ ഈ അമര്‍ഷവും ഒളിച്ചിരിക്കുന്നു.

ജീവിതം എന്നാല്‍ വെറുതെ ജീവിച്ച് തീര്‍ക്കലല്ലെന്ന് സാരം.
ചുഴികളും മലരികളും കാണാതെ പോകുമ്പോഴും ഒരു സമുദ്രം
അത് അതിന്റെ ഗര്‍ഭത്തില്‍ എല്ലാം സൂക്ഷിക്കുന്നു.
കാണുന്നത് മാത്രമാകുന്നില്ല ജീവിതം.

Friday, October 21, 2011

മ്യത്യു വിചാരം.


രോഗപീഡകള്‍ മൂലം.
ആത്മാഹത്യകള്‍ വഴി.
കൊലചെയ്യപ്പെടുന്നവരായി.
അപകടങ്ങളിലൂടെ.
വാര്‍ദ്ധക്യസഹജമായി.

ദുരൂഹവും നിഗൂഡവും അനിശ്ചിതവുമാണ് മരണത്തിന്റെ വഴികള്‍

കാമനകളില്‍ നീന്തിത്തുടിക്കുന്ന മനുഷ്യര്‍ അതില്‍ ഭയപ്പെടാതിരിക്കുന്നതെങ്ങിനെ?

ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കിയിരുന്ന നമ്മള്‍ കണ്ടിട്ടില്ലാത്ത ഏതോ ഒരു വസ്തു മസ്തിഷ്കമടക്കമുള്ള ശരീരത്തെ ത്യജിക്കുക വഴിയാണ് നമ്മള്‍ ജഡമായി മാറുന്നത്. ജഡം എന്നുറപ്പാക്കിയ ഒരു ശരീരത്തെ നമ്മുക്കാവശ്യമുള്ളപ്പോള്‍ ആവശ്യമായ രാസപദാര്‍ത്ഥങ്ങളുടെ സങ്കലന ഫലമായി പ്രവര്‍ത്തനക്ഷമമാക്കി തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞാലേ ശാസ്ത്രത്തിന് മരണത്തിന്റെ ദുരൂഹത
നീക്കിയെടുക്കാന്‍ കഴിയൂ .

1893- ല്‍ ഷിക്കാഗോവിലെ സര്‍വ്വമത സമ്മേളനത്തില്‍പങ്കെടുത്ത്കൊണ്ട്  സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു.

"അമ്യതാത്മാക്കളാണ് നിങ്ങള്‍ മുക്തരൂപികള്‍ ,പവിത്രര്‍ , നിത്യര്‍ . ജഡമല്ല നിങ്ങള്‍ . നിങ്ങള്‍ ദേഹങ്ങളല്ല. ജഡം നിങ്ങളുടെ അടിമ, അല്ലാതെ നിങ്ങള്‍ ജഡത്തിന്റെ അടിമകളല്ല."

ഇത് മരണത്തിനു വേറെ ഒരു തലം സമ്മാനിക്കുന്നു. ജീവിതം എന്നത് ശരീരം
മാത്രമല്ല . ശരീരത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മറ്റൊരു ഘടകം ജീവിതത്തിലുണ്ട് എന്ന ചിന്ത. മസ്തിഷ്കം അല്ലാത്ത മറ്റെന്തോ ഒന്നുകൂടി. മരണത്തിനു ഹനിക്കാനാവാത്ത എന്തോ ഒന്ന്. തത്വചിന്തകര്‍ ജീവാത്മാവ് എന്ന് വിളിക്കുന്ന ഒന്ന്.

നമ്മള്‍ ശരീരങ്ങളിലൂടെ മാത്രം തിരിച്ചറിയപ്പെടുന്നവര്‍ ആയതുകൊണ്ട്, ഇല്ലാതാകുന്ന ശരീരം മൂലം, ഒരാളുടെ മരണം, അയാളെ സംബന്ധിച്ച് നമുക്ക്‌ ഒരു പൂര്‍ണ്ണ വിരാമമാണ്.നമ്മളെ അലട്ടുന്ന സങ്കടം ഇനിയൊരിക്കലും നമുക്കയാളെ നേരില്‍ കാണാനാവില്ലല്ലോ എന്നതാണ്.

അപൂര്‍വ്വമായൊഴിച്ച്, ജീവിതകാരന്റെ അനിഷ്ടമായാണ് മരണം കടന്നുവരുന്നത്. കൊലപാതകത്തിലാവട്ടെ നിര്‍ബന്ധിതമായി മരണം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ആത്മഹത്യാകാരന്മാര്‍ ഒരുപക്ഷെ ആഗ്രഹിച്ചുതന്നെ എടുക്കുന്നതാവും.

വ്യത്യസ്ഥതകളെയൊക്കെ പരിഗണിച്ചാലും ഒന്നുറപ്പാണ്, ശരീരത്തിന്റെ ജീവചംക്രമണം നിലക്കുന്നതിലൂടെയാണ് ആ ശരീരം ജഡമാകുന്നത്. അവിടെ ഒരാത്മാവിന്റെ സാന്നിദ്ധ്യം ആരും തിരിച്ചറിയുന്നില്ല. ശരീരത്തില്‍ കുടുങ്ങി കിടക്കുന്നതാണ് ആത്മാവ്, മരണം ആത്മാവിന്റെ മുക്തിയാണ് ഉറപ്പാക്കുന്നത്. അങ്ങനെ ജഡം അതിന്റെ ഫലശ്രുതിയാണെന്ന് വ്യാഖ്യാനിക്കുന്നത് ദുര്‍ഗ്രഹത വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നല്ല. ആദ്ധ്യാത്മികതലത്തില്‍ ധർമ്മാർത്ഥികൾക്ക് ഇത് ആശ്വാസമായിരിക്കും. ഇത്തരം സങ്കല്‍പ്പത്തില്‍ ലളിത മനസ്കര്‍ ത്യപ്തരാകുകയും ചെയ്യും.

Wednesday, April 6, 2011

വേദനകൾ ഘാനയിലേക്ക് നീളുമ്പോൾ


“നിന്നിലൂടെ ഞാൻ എന്നിലെത്തുമ്പോൾ ഞാൻ നിന്നെയും നീ എന്നെയും അറിയുന്നു.           നമ്മളെന്ന ബോധമുള്ള ഒരു ജനത ഈ ലോകത്ത് പിറവിയെടുക്കുന്നു. പിന്നെ ഞാനും നീയും  ചേർന്ന് ഗോതമ്പ് വിളയിക്കുന്നു. കൊയ്യുന്നു. വീഞ്ഞും പലഹാരങ്ങളും നിർമ്മിക്കുന്നു.”


രഞ്ജിത്ത് ചെമ്മാട്ശ്രീ രഞ്ചിത്ത് ചെമ്മാട് എഴുതിയ “ ഘാനയിലെ കൊക്കൊപ്പാടങ്ങൾ “ എന്ന കഥയിലേക്ക് നാം കടക്കുന്നത് പ്രത്യാശയുടെ  പ്രകാശ കിരണങ്ങൾ ചിതറി തെറിക്കുന്ന ഈ മഹത്തായ വാചകത്തിനകത്ത് കൂടിയാണ്. ആ ക്വട്ടേഷന്റെ അവസാനത്തിൽ നാമറിയുന്നു, ആ വാചകം സോഷ്യൽ നെറ്റ് വർക്കിലെ ഒരു വെറും ചുമർ വാചകമായിരുന്നെന്ന്. നമ്മൾ കരുതി വെച്ച പ്രത്യാശയിൽ നിന്നുമാറി  ഈ കഥ നമ്മളോട് സംവദിക്കാൻ ശ്രമിക്കുന്നതെന്തായിരിക്കും എന്ന സംശയം ആ നിമിഷം മുതൽ നമ്മളെ പിടികൂടുകയായി. അതിനുകാരണം താരതമ്യേന വ്യക്തിയെ  മറച്ചുപിടിച്ച് ചോദനകളെ കെട്ടഴിച്ചുവിടുന്നതിന് ധാരാളം സാധ്യതകൾ തുറന്നിടുന്ന അയഥാർത്ഥ ലോകത്തെ കുറിച്ചുള്ള ഭയാശങ്കകൾ തന്നെയാണ്.
ഭായാശങ്കകൾ എന്തുമാകട്ടെ ഒരു കാര്യം ആദ്യമെ പറഞ്ഞുവെക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള കാലം കഥകൾക്ക് പശ്ചാത്തലമാകാൻ ജീവിതം പൂത്ത് തളിർക്കാൻ പോകുന്നത് ഒരുപക്ഷെ ഈ അയഥാർത്ഥലോകത്തായിരിക്കും. യാഥാർത്ഥ്യങ്ങളുടെ ലോകത്ത് നിങ്ങൾക്ക് പ്രശ്നങ്ങളെ നേരിട്ട് ഹതാശയനാകേണ്ടതുണ്ട്. ഇവിടെ ഒരു മൌസ് ക്ലിക്കിൽ മൊത്തം ജീവിതത്തേയും നിഷേധിക്കാം. സൌകര്യങ്ങളെ സായൂജ്യമായെടുക്കുന്ന മനുഷ്യന് ജീവിതം മായായാണന്ന് അനുഭവപ്പെടാൻ വലിയ ജ്ഞാനമാർഗ്ഗങ്ങൾ തേടിപോകേണ്ടതില്ല.
ഒരു മുതലാളിത്ത സമൂഹത്തിൽ മൂല്യങ്ങൾ എങ്ങിനെ  ലാഭകരമായി വിപണനം ചെയ്യുന്നു എന്നതിന്റെ വഴികൾ ഇന്ന് അജ്ഞാതമല്ല. പക്ഷെ ദരിദ്രരായ ജനതയിൽ നിന്ന് പടികൾ കയറിവരുന്നവർ സ്വന്തം ജനതയെ തന്നെ ആഗോളകമ്പോളത്തിൽ നാണയമാറ്റി മാറ്റുന്നതിന്റെ എളുപ്പവഴികളുടെ ദയനീയത ഈ കഥ നമ്മോട് പറയുന്നു. മനുഷ്യത്വം എന്നത് വിപണനത്തെ ഉത്തേജിപ്പിക്കാനുള്ള ഒരു പോംവഴി മാത്രമാണെന്ന് ഒരു ഞെട്ടലോടെ മാത്രമെ നമുക്ക് തിരിച്ചറിയാനാവൂ.. ജീവകാരുണ്യ പ്രവർത്തനങ്ങൾ എങ്ങിനെ ഒരു ദരിദ്ര ജനതയുടെ അദ്ധ്വാനത്തിന്റെ വില്പനശേഷിയെ കമ്പോളത്തിൽ  വിലനിർവീര്യമാക്കുന്നുവെന്നത്  ഒരു പുതിയ കാഴ്ചയായി നമ്മളെ വേട്ടയാടുക തന്നെ ചെയ്യും.
പടി പടിയായി വളർന്നുകയറുന്ന പ്രമേയത്തിൽ ആദ്യം നാം കണ്ടുമുട്ടുന്ന മനുഷ്യർ എത്രപെട്ടന്നാണ് രൂപപരിണാമം വന്നു മറ്റേതോ ഗ്രഹത്തിലെ ജീവികൾ പൊലെ നമുക്ക് അപരിചിതരായി മാറുന്നത്. കഥ മലയാളത്തിൽ പറഞ്ഞത് കൊണ്ട് മാത്രമാണ് നായകനെ നമുക്ക് മലയാളിയായി വായിച്ചെടുക്കാൻ കഴിയുന്നത്. അതല്ലെങ്കിൽ ലോകത്തെ ഏതൊരു സ്ത്രീവേട്ടക്കാരനായും നമുക്കയാളെ സങ്കൽപ്പിക്കാം. മത്സ്യങ്ങളുടെ കാഴ്ചബംഗ്ലാവിൽ പോലും അയാൾ തിരയുന്നത് മാംസത്തിന്റെ വളവുകളും ചെരിവുകളുമാണ്. ഒരു സൌഹ്യദത്തിന്റെ നേരിയ ബലത്തിലും അയാൾ അന്വേഷിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവിനെ നിയന്ത്രിക്കാനുള്ള  ഒരു സാന്ത്വനമാണ്.
വിചിത്രമായ ഒരു സന്ധിയിൽ  വിത്യസ്ഥവും  സ്വയം പ്രഖ്യാപിതവുമായ ലക്ഷ്യങ്ങളുമായി ഒരുമിക്കുന്ന രണ്ടുമനുഷ്യർ എങ്ങനെ അവരുടെ ലക്ഷ്യങ്ങൾ കൈമാറ്റം ചെയ്യുന്നുവെന്നത് ചെറുതല്ലാത്ത ഒരു കൌതുകത്തോടെ മാത്രമെ നമുക്ക് വായിച്ചവസാനിപ്പിക്കാനാവു. സ്ത്രീകളുടെ നിമ്നോന്നതങ്ങളെ  മത്സ്യത്തിന്റെ വിശപ്പിലെ മംസമോഹത്തിലും സാധൂകരിക്കുന്ന പുരുഷനും ദാരിദ്രത്തിന്റെ പടുകുഴിയിൽ പുതഞ്ഞുപോയ ബന്ധുക്കളെ കൈപിടിച്ചുയർത്താൻ വന്ന സ്ത്രീയും ഒടുവിൽ വായനക്കാരന്റെ മുന്നിൽ വന്നു നിൽക്കുന്നത് പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട അവരുടെ ദൌത്യവുമായാണ്.
ഇതിലേറെ ശക്തമായി ഈ വിഷയം എങ്ങിനെ അവതരിപ്പിക്കും എന്നെനിക്കറിയില്ല. ഒരു ഭാഗത്ത് ആഴം കാണാത്ത കൊക്കരണികളിൽ നിന്ന് കരകയറാനാവതെ ഊർദ്ദ്വശ്വാസം വലിക്കുന്ന ഒരു ജനത. മറുവശത്ത് ആഡംബരങ്ങളുടെ വർണ്ണത്തേരിൽ അനന്തവിഹായസ്സിൽ പറന്നു നടക്കുന്ന ജനത. ഇവർക്ക് തമ്മിൽ പൊരുത്തങ്ങളുടെ സാധ്യത നീക്കിയിരിപ്പില്ലെന്നറിഞ്ഞും. ഒരു കഥ പറയാൻ ഈ സങ്കേതം കരുപ്പിടിപ്പിച്ചെടുത്ത കഥാക്യത്തിന്റെ ആത്മധൈര്യം പ്രശംസനീയം. അത് ക്യത്യമായ അളവിൽ ഒരു ചിത്രകാരൻ ചാലിച്ചെടുത്ത ചായം പോലെ മനോഹരമാക്കി അവതരിപ്പിച്ചത് അഭിനന്ദനീയം.
ഇത്തരം വിചിത്രമായ ദശാസന്ധികളെ അവതരിപ്പിക്കേണ്ടിവരുമ്പോൾ സാധാരണ എഴുത്തുകാർക്കുണ്ടാകുന്ന സന്ദേഹമൊന്നും ഇവിടെ പ്രകടമാകുന്നില്ല. ഒരു പക്ഷെ അനുഭവങ്ങളുടെ ഒരു കൈത്തഴക്കം വിവരണങ്ങളിൽ മേൽക്കൈ നേടുന്നുവോ എന്ന ഒരു വേള വായനക്കാരൻ സംശയിക്കുന്നുമുണ്ട്. ഒരു പക്ഷെ നായകന്റെ സ്വഭാവത്തിലെ വൈരുദ്ധ്യം മറികടക്കാൻ ഏറെ സഹായിക്കുന്ന ഒരു വാചകം “ഉറൂഗ്വ വേഴ്സ് ഘാന, അസ്സമാവോ ഗ്യാൻസ് മിസ്സിങ്ങ് ദ പെനാൽട്ടി”ഇൻബോക്സിലൂടെ കഥാക്യത്തിന് വീണുകിട്ടുന്നുണ്ട്. പെനാൽട്ടി പോസ്റ്റിൽ തട്ടി തിരിച്ചുവന്നു നായകനെ മനുഷ്യത്വത്തിന്റെ കാർഗോ ബോക്സിൽ വീഴ്ത്തുമ്പോൾ ഒരു പെനാൽട്ടി സാർഥകമാകുന്നുവന്ന് നാം ആശ്വസിക്കും.


അനുവാചകനെ കാര്യം ബോധിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികകൾ വസ്തുതയെ സ്ഥാപിക്കുന്നുണ്ടെങ്കിലും ഒരു കഥയുടെ ആരൂഡത്തിൽ അതെത്രമാത്രം സാധുതമാണന്ന് കാലം തെളിയിക്കണം. സമ്പന്നതയുടെ ധാരാളിപ്പ് പ്രകടിപ്പിക്കുന്ന ധാരാളം ബിംബങ്ങൾ (അറ്റ്ലാന്റിസ്) സന്ദർഭത്തെ സാധൂകരിക്കാതെ വന്നുപോകുന്നുവെന്നത് ന്യൂനതയായി കാണുമെങ്കിലും ഭാഷകൊണ്ട് മനോജ്ഞമാക്കിയ തത്വ്വിചാരങ്ങൾ ആ പശ്ചാത്തലത്തിന്റെ ചെടിപ്പ് മറയിലാക്കുന്നു. എലീന ഫ്രെഡറിക്കിന്റെ വളർച്ചയെ കാണിക്കുന്ന കാലഗണന അതിന്റെ വേഗം കൊണ്ട് അതിശയം ജനിപ്പിക്കുമ്പോൾ കഥാപാത്രത്തിന്റെ വിശ്വാസ്യതയെ അത് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് നായക കഥാപാത്രത്തിന്റെ സ്വഭാവചിത്രണത്തിലും ചില ആശയക്കുഴപ്പങ്ങൾ സ്യഷ്ടിക്കുന്നുണ്ട്.


സൂക്ഷമായ ഒരു ശ്രദ്ധാവിചാരത്തിൽ മാത്രമാണ് ന്യൂനതകളെ കുറിച്ചുള്ള അപായസൂചനകൾ അലട്ടുക.അത് മാറ്റി നിറുത്തി ചിന്തിച്ചാൽ കാവ്യഭാഷയുടെ അരികുപറ്റി ഒഴുകി വരുന്ന അക്ഷരങ്ങൾ കഥയുടെ നിർമ്മിതിയിൽ ചെലുത്തിയിട്ടുള്ള സ്വാധീനം വായനക്കാരനെ ശരിക്കും ആഹ്ലാദിപ്പിക്കും. കഥയുടെ പശ്ചാത്തലത്തെ കുറിച്ചുള്ള ക്ലിഷ്ടത അവനെ വായനയുടെ ഒരു ഘട്ടത്തിലും അലട്ടുന്നില്ല. പുതിയ കാലത്തിന്റെ ഭാഷ ലക്ഷ്യം വെക്കുന്ന വായനക്കാരെനെ അത് കണ്ടെത്തുക തന്നെ ചെയ്യും . ഈ കഥ അതിന്റെ സാക്ഷ്യപത്രമാകട്ടെ.



Comments