Saturday, November 23, 2013

കാരുണ്യം.




“ആന ഇറങ്ങുന്ന കാട്ടിലെ സ്കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് ഭാഗ്യായി, വല്ല കോണ്‍വെന്റിലും മറ്റുമായിരുന്നുവെങ്കില്‍ ഒറപ്പായിട്ടും ഞാന്‍ പത്താംക്ലാസ് കടക്കില്ലായിരുന്നു. ഇപ്പോഴും പല ഇംഗ്ലീഷ്‌ വാക്കുകളുടെയും സ്പെല്ലിംഗ് കൃത്യമായി എനിക്കറിയില്ല. ”

ഇത് പറയുന്നത് വയനാട്ടുകാരിയായ വെറും ഒരു സാധാരണ സ്ത്രീയല്ല. നാനോ ചികിത്സാരംഗത്ത്‌ തന്റേതായ ഒരു ലോകം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അസാധാരണ ധിഷണാശാലിയായ ഒരു ഗവേഷകയാണ്. സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുറിവുകളും പാടുകളും മായുന്നതിനായുള്ള ഔഷധം കണ്ടുപിടിച്ച ശാസ്ത്രജ്ഞ. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് (പി.സി.ഓ.ഡി പോലുള്ള ) സ്ത്രീസമൂഹത്തെ എന്നെന്നേക്കുമായി കരകയറ്റുവാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ആപാദചൂഡം മുഴുകിയിരിക്കുന്ന അതുല്യ പ്രതിഭ.

എന്നാല്‍ ഞാറക്കല്‍ കടപ്പുറത്തെ മത്സ്യതൊഴിലാളി സമൂഹത്തിലെ സാധാരണ സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം ലക്ഷ്മി മാഡം മാത്രമാണ് ഡോക്ടര്‍ ലക്ഷ്മി രാഹുല്‍ ലക്ഷ്മണ്‍ എന്ന ഈ മഹാ തേജസ്വിനി.

കഴിവോ പരാധീനതയോ എന്ന് ഉറപ്പില്ലാത്ത ഡിസ്ലെക്സിയയെ മറികടന്നും കഠിനമായ പരിശ്രമങ്ങളിലൂടെ ഉന്നത നിലയില്‍ അവര്‍ നേടിയെടുത്ത ബിരുദങ്ങളുടെ നീണ്ട നിര അവരുടെ പേരിനെ സമ്പന്നമാക്കുന്നുണ്ടെങ്കിലും, അതൊന്നുമല്ല, മറിച്ച് അസാധാരണമായ ഒരു ജീവിതത്തെ തികച്ചും സാധാരണമായി അനുഭവിക്കുന്നതിലെ ലളിതരീതികളുടെ ആകര്‍ഷണീയത തന്നെയാണ് എന്നെ അവരുടെ മുന്നില്‍ വിനയാന്വിതനാക്കുന്നത്.

നീരുവന്നു വീര്‍ത്ത കറുത്ത നിറം വീണ രണ്ടുകാലുകളില്‍ ഇഴഞ്ഞുവലിയുന്ന ഇടതുകാലും വേദന കൊണ്ട് അല്പം പോലും ഉയര്‍ത്താനാവാത്ത ഇടതുകയ്യുമായി ഞാനവരുടെ മുന്നിലെത്തി. കയ്യിന്റെ വിരലുകള്‍ മടങ്ങുകയോ നിവരുകയോ ചെയ്യാതെ ആയിട്ട് നാളുകള്‍ കുറച്ചായി. നൂറു യൂണിറ്റ് ഇന്‍സുലിന്റെ ബലത്തിലും നൂറില്‍ നിര്‍ത്താന്‍ കഴിയാത്ത പ്രമേഹം എന്നെ വലച്ചുകൊണ്ടിരുന്നു.

എന്റെ ഈ അവസ്ഥക്ക് പിന്നില്‍ ഞാന്‍ ജോലി ചെയ്തിരുന്ന രാജ്യത്തെ എന്നെ ചികിത്സിച്ചിരുന്ന മലയാളിയായ ഒരു ഡോക്ടറുടെ കഠിനമായ അനാസ്ഥ ഒരു കാരണമായിരുന്നു. വെറും വേദന മാത്രം കൊണ്ട് കഴിഞ്ഞിരുന്ന എനിക്ക് രണ്ടുകാലിലും നീര് വരുത്തി തന്നത് അദ്ദേഹം തെറ്റായി എഴുതി തന്ന മരുന്നായിരുന്നു. അദ്ദേഹം തന്നെ എന്നെ ഇത് ഏതോ ഒരു നിസ്സാര സംഗതിയായി തെര്യപ്പെടുത്തിയിരുന്നു.

എന്റെ പാന്‍ക്രിയാസ്‌ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനദ്ദേഹം പറഞ്ഞ കാരണം രസകരമായിരുന്നു.
ദീര്‍ഘ നാളത്തെ മരുന്നുകളുടെ ദുരുപയോഗം. എത്ര നിസ്സാരം.

പതിമൂന്ന് വര്‍ഷത്തെ ചികിത്സകൊണ്ട് താരതമ്യേന ഉപദ്രവം കുറഞ്ഞ ടൈപ്പ്‌ രണ്ട് രൂപത്തിലുള്ള എന്റെ പ്രമേഹം ഉപദ്രവകാരിയായ ടൈപ്പ്‌ ഒന്നിലേക്ക്‌ മാറ്റി തരികയായിരുന്നു എന്നെ ചികില്‍സിച്ച മറ്റു ഡോക്ടര്‍മാര്‍ . അതുകൊണ്ടാണ് മറ്റു മരുന്നുകള്‍ മാറ്റി നൂറു യൂനിറ്റ്‌ ഇന്‍സുലിന്‍ അദ്ദേഹം എനിക്കുപദേശിച്ചത് . അപ്പോഴും പ്രമേഹം അറ്റവയറ്റിലും നൂറ്റി തൊണ്ണൂറ് കവിഞ്ഞു തന്നെ നിന്നു.

വേദനകളാല്‍ ദീനമായ ഒരു ജീവിതവുമായാണ് ഞാന്‍ ഡോക്ടര്‍ ലക്ഷ്മിയുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്നത്. അതിന് കാരണമായതാവട്ടെ രഘുവേട്ടന്റെ Raghunath Paleri രാഗദ്വേഷ നിര്‍ബന്ധ സമ്മര്‍ദ്ദങ്ങളും.

ഡോക്ടര്‍ ലക്ഷ്മി രണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒന്ന് ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന എന്റെ രീതി ഒരിക്കലും ഉപേക്ഷിക്കരുത്. മറ്റൊന്ന് പ്രമേഹരോഗികളെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഗോതമ്പ്‌ തൊട്ടുപോകരുത്. ഒരാള്‍ പ്രമേഹ രോഗിയാവുമ്പോള്‍ അയാള്‍ക്ക്‌ ആദ്യം ഉപദേശിക്കപ്പെടുന്ന ഭക്ഷണം ഗോതമ്പ്‌ ആണല്ലോ? എനിക്കാകട്ടെ ഗോതമ്പ്‌ ചതുര്‍ത്ഥിയുമാണ്. പാലിന്റെ പഴം ചൊല്ല് സത്യമാണെന്ന് ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്‌.

ഇതെഴുതുമ്പോള്‍ നാലുമാസങ്ങള്‍ക്ക് മുന്‍പ്‌ രഘുവേട്ടന്റെ കയ്യും പിടിച്ചു കടലോരത്തെ ആ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെ ഇടനാഴിയില്‍ വേദനയുമായി കാത്തിരുന്ന എന്നെ ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ തിരയുകയാണ്.

ആ ഞാന്‍ ഇപ്പോഴവിടെയില്ല .

പക്ഷെ എന്റെ മുന്നില്‍ ശ്രീവിദ്യയുണ്ട്.
ചെങ്ങനൂര്‍ നിന്ന് എളമക്കരയില്‍ വന്നു താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി.

കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികളിലെ കേമന്മാരായ ഡോക്ടര്‍മാര്‍ കാല്‍ മുറിച്ചുകളയാന്‍ ഉപദേശിച്ചുവിട്ട ശ്രീവിദ്യ. ഹിമോഗ്ലോബിനോപ്പതി (hemoglobinopathy) യാണ് ശ്രീവിദ്യയുടെ അസുഖം. പേര് കേട്ട് ഭയപ്പെടേണ്ടതില്ല . പേരിനേക്കാള്‍ ഭയങ്കരമാണ് ഈ അസുഖം കൊണ്ടുവരുന്ന അനുഭവങ്ങള്‍ . എങ്കിലും കേള്‍ക്കാന്‍ ലളിതമായി ഇങ്ങനെ പറയാം . കാലിലെ രക്ത നാഡികള്‍ അതിനാവശ്യമായ രക്തം അവിടെ എത്തിക്കാത്തത് കൊണ്ട് കാലില്‍ നീലനിറം ബാധിക്കുകയും മരവിക്കുകയും ചെയ്യുന്നു എന്നതാണ് ഈ അസുഖം.ഒട്ടൊക്കെ പാരമ്പര്യമാണ് ഈ അസുഖത്തിന്റെ കാതല്‍ . ലോക ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനം പേര് മാത്രം അനുഭവിക്കുന്ന ഒരു ദുരിതം.

ആകെയുള്ള ചികിത്സ ആ കാലിനെ അങ്ങ് മറന്നുകളയുക.
എന്ന് പറഞ്ഞാല്‍ അതങ്ങ് മുറിച്ചു കളയുക.

ജയപ്പൂര്‍ പോയാല്‍ എത്ര കാലുകിട്ടും. അതുകൊണ്ട് തൃപ്തിപ്പെടുക. കാരണം നിലവിലെ മരുന്നുകള്‍ ഒന്നും തന്നെ ശ്രീവിദ്യയുടെ കാലുകളെ രക്ഷിക്കാന്‍ പര്യാപ്തമല്ല എന്ന് നേരെത്തെ കണ്ട ഡോക്ടര്‍മാര്‍ പറഞ്ഞുകഴിഞ്ഞിരുന്നു. പുതിയ ഒരു മരുന്നും അതിനായി കണ്ടെത്തിയിട്ടുമില്ല.

അവിടെയാണ് നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്രയത്നങ്ങളുടെ കാഠിന്യത്തെ അവഗണിച്ചും വൈദ്യവൃത്തി എന്ന സ്വന്തം തൊഴിലിനെ ദൈവീകമായ ഒരനുഭവമായി ആസ്വദിക്കുന്ന ഒരാളുടെ സാന്നിദ്ധ്യം പ്രസക്തമാകുന്നത്.

അതെ അവര്‍ ശ്രമിക്കുകയാണ് . രോഗത്തിന്റെ രീതികളെ കുറിച്ച് വിശദമായി പഠിച്ചു കൊണ്ട് ഒരു മരുന്ന് കമ്പനിക്കാരുടെയും സഹായമില്ലാതെ സ്വന്തമായി മരുന്നുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഒരു മൂത്ത ചേച്ചിയുടെ വാല്‍സല്യത്തോടെ ശ്രീവിദ്യയെ അവര്‍ ശുശ്രൂഷിക്കുന്നു . ശ്രീവിദ്യക്ക് ഒരിക്കലും തന്റെ കാല്‍ നഷ്ടപ്പെടില്ല എന്നവര്‍ ഉറപ്പാക്കി കഴിഞ്ഞു.ആ ഉറപ്പിന് സാക്ഷ്യം പറയാന്‍ എന്റെ പാന്‍ക്രിയാസ്‌ ചെറിയ തോതില്‍ ഇന്‍സുലിന്‍ തന്നുതുടങ്ങിയിരിക്കുന്നു.
അതുകൊണ്ടായിരിക്കണം മകള്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഡോക്ടര്‍ ലക്ഷ്മിയുടെയും ഉണ്ട് എന്ന് ശ്രീവിദ്യയുടെ അമ്മ പറഞ്ഞത്‌ വെറുതെയാവില്ല എന്ന് ഞാന്‍ കരുതുന്നത്.

കല്‍പ്പറ്റയിലെ കാട്ടിനുള്ളിലെ സ്കൂളില്‍ നേരാംവണ്ണം അക്ഷരം പഠിപ്പിക്കാതെ ഇവരെ ഇങ്ങനെ ഒരു ഡോക്ടറാകാന്‍ പറഞ്ഞുവിട്ട ഗുരുനാഥന്മാരോടും ഊര്‍ജ്ജതന്ത്രം പഠിക്കാന്‍ ആഗ്രഹിച്ച മകളെ വൈദ്യം പഠിപ്പിക്കാന്‍ വാശി പിടിച്ച ദീര്‍ഘദര്‍ശിയായ അവരുടെ പിതാവിനോടും നമുക്ക്‌ നന്ദിയുള്ളവരാകാം.

Friday, April 19, 2013


ഏഴാം നിലയിലെ ആകാശം.

ഷെയ്ക്ക്മാരുടെ കമ്മട്ടങ്ങളില്‍ നിന്ന് തെറിച്ചു 
വീഴുന്ന നാണയങ്ങളുടെ കിലുക്കം ഉറക്കം 
കളഞ്ഞ രാത്രികളില്‍ മലയാളി 
ജാഗരൂഗനായിരുന്നു. നീട്ടി വളര്‍ത്തിയ 
നഖങ്ങളുമായി അവന്‍ ഗള്‍ഫിലേക്കുള്ള 
പത്തെമാരികളില്‍ കയറിക്കൂടി പടിഞ്ഞാറ് 
നോക്കി പ്രയാണമാരംഭിച്ചു . മരുഭൂമിയുടെ 
ആഴങ്ങളില്‍ പുതഞ്ഞു കിടക്കുന്ന 
നാണയങ്ങള്‍ പരതിയെടുക്കാന്‍ അവന് 
നീണ്ട നഖങ്ങള്‍ വേണമായിരുന്നു.

ചേരമാന്‍ പെരുമാള്‍ തൊട്ട് പുറപ്പെട്ട് 
പോയവരുടെ കഥകള്‍ മലയാളിക്ക്‌ ഏറെ 
പറയാനുണ്ട്‌. അതില്‍ ഏറെ വിചിത്രവും 
ദുഖകരവുമായ ജീവിതകഥകള്‍ ഗള്‍ഫ്‌ 
മലയാളിയുടേത്‌ തന്നെയാണ്.  ഒരിക്കല്‍ 
അകത്ത്‌ കടന്നാല്‍  പിന്നീട് ഒരിക്കലും 
പുറത്ത്‌ കടക്കാനാവാത്ത “ഭൂല്‍ഭിലായി" 
എന്ന ബംഗാള്‍  നവാബുമാരുടെ 
കൊട്ടാരത്തെകുറിച്ച്  ചരിത്രത്തില്‍ 
വായിച്ചിട്ടുണ്ട്. ഗള്‍ഫ്‌ ജീവിതം മലയാളിയെ 
സംബന്ധിച്ച് തീര്‍ത്തും ഭൂല്‍ഭിലായ്‌ 
തന്നെയാണ്. പട്ടിണിയുടെ 
ആര്‍ത്തനാദങ്ങളില്‍ നിന്ന് കാതുപൊത്തി 
പരതിയെത്തിയ നാണയങ്ങളുടെ 
ലോകത്ത്‌ ദാരിദ്ര്യവും ദുരിതവും 
അവനെ കളിയാക്കി ചിരിച്ചു. തന്റെ 
വിരല്‍ നഖം കൊണ്ട് മാത്രം നാണയങ്ങള്‍ 
സഞ്ചിയില്‍ കയറില്ലെന്നു വളരെ 
വൈകിയാണ് അവന്‍  തിരിച്ചറിഞ്ഞത്‌. 

അത്തരം തിരിച്ചറിവുകളുടെ കഥകള്‍ 
പറയാനല്ല അവന്‍ ആദ്യകാലത്ത്‌ തന്റെ 
കഥാ പാടവം പുറത്തെടുത്തത്. വെറുതെ 
നിറം പിടിപ്പിച്ച ഇല്ലാക്കഥകള്‍ 
പറയാനായിരുന്നു. അത്തരം
കഥകളിലാവട്ടെ നിറയെ നീലയും 
മഞ്ഞയും വല്ലാതെ പുതഞ്ഞുകിടന്നു. 
ഇതുയര്‍ത്തിയത് അവന്റെ തന്നെ 
വിശ്വാസ്യതയുടെ 
അസ്തിത്വമില്ലായ്മയായിരുന്നു. 
ഗള്‍ഫ്‌ മലയാളികളില്‍ വളരെയേറെപ്പേര്‍ 
സാഹിതീസേവനപ്രവര്‍ത്തനങ്ങള്‍ 
നടത്തുന്നവരായി ഉണ്ടെങ്കിലും വിരലില്‍ 
എണ്ണാവുന്നവര്‍ മാത്രമാണ് കേരളത്തില്‍ 
സര്‍വ്വത്രീകമായ അംഗീകാരം നേടിയിട്ടുള്ളത്. 
അതില്‍ തന്നെ യശ്ശരീരനായ ശ്രീ. ടി. വി. 
കൊച്ചുബാവ , ആടുജീവിതം എന്ന ഒരൊറ്റ 
കൃതിയിലൂടെ അത്യധികമായ പ്രശസ്തി 
കൈവരിച്ച ശ്രീ. ബെന്യാമിനും കഴിഞ്ഞാല്‍ 
മുഖ്യധാര മലയാള സാഹിത്യവിപണിയില്‍ 
വ്യാപാരമൂല്യമുള്ളവര്‍ തീരെ ഇല്ലായെന്ന് 
തന്നെ പറയാം. മലയാള സാഹിത്യത്തില്‍ 
മേല്‍വിലാസമുണ്ടാക്കിയതിനുശേഷം 
ഗള്‍ഫില്‍ നിന്ന് എഴുതിയിരുന്നത് കൊണ്ടാകും 
കരുണാകരനെ ഗള്‍ഫ്‌ സാഹിത്യകാരനായി 
ആരും കുറച്ച് കാണാത്തത്.

സാമ്പാദീകമോഹങ്ങളുടെ മൂല്യവിചാരം എന്ത് 
തന്നെയായാലും ധനാര്‍ത്തികളുടെ പുറകെ 
പായുന്നതിന്റെ ഉദാഹരണജീവിതമാണ് 
ഗള്‍ഫിലെ മലയാളി. അതിന്റെ ഭാഗമായി 
അവര്‍ സഹിക്കുന്ന ത്യാഗത്തിന്റെയും 
അനുഭവിക്കുന്ന ദുരിതങ്ങളുടെയും ചിത്രങ്ങളെ 
പ്രത്യേകിച്ച് അവര്‍ തന്നെ വരച്ചു വെക്കുന്ന 
ചിത്രണങ്ങളെ അവഗണിക്കാനാണ് 
കേരളത്തിനകത്തെ മുഖ്യധാരാ മലയാളി 
എന്നും ശ്രമിച്ചിട്ടുള്ളത്‌. അതുകൊണ്ട് തന്നെ 
ഗള്‍ഫ്‌   മലയാളിയുടെ 
സാഹിത്യപ്രവര്‍ത്തനങ്ങളെ 
വളരെയൊന്നും ഗൌരവത്തില്‍ അവര്‍ 
എടുക്കാറുമില്ല. ഇത്തരം ഒരു ചരിത്ര 
പശ്ചാത്തലത്തില്‍ നിന്ന് വേണം ഗള്‍ഫില്‍ 
ഒരിക്കലും ജോലി ചെയ്ത് ജീവിചിട്ടില്ലാത്ത 
ശ്രീ. രഘുനാഥ് പലേരി ഗള്‍ഫ്‌ മലയാളിയുടെ 
കഥ പറയുന്നത് അനുഭവിച്ചറിയാന്‍. .
യഥാതദ സംഭവങ്ങളുടെ ചിത്രണം പോലെ 
ഇത്രയേറെ വിശ്വാസയോഗ്യമായി ഒരു കഥ 
സംഭാവിക്കുന്നതിന്റെ മനോഹാരിത കൂടി 
അനുഭവിച്ചറിയാനുള്ള അവസരമാണ് 
ഏഴാം നിലയിലെ ആകാശം വായനക്കാര്‍ക്ക്‌ 
മുന്നില്‍ ഒരുക്കുന്നത്.

കടുത്ത കമ്മ്യൂണിസ്റ്റ്‌ ആയിരിക്കുകയും തങ്ങളുടെ 
വിപ്ലവസ്വപ്നങ്ങള്‍  വെറും ജീവനകലാവിദഗ്ദര്‍ 
മാത്രമായ മലയാളികളില്‍ സാക്ഷാല്‍ക്കരിക്കാന്‍ 
സാധ്യതയില്ല എന്ന് ബോധ്യം വന്നതിനലാവാം , 
സ്വയം സാമ്പത്തീകമായെങ്കിലും രക്ഷപ്പെടുക 
എന്ന നൂലില്‍ കയറി എഴുപതുകളില്‍ തന്നെ 
ഗള്‍ഫ്‌ പൂകിയ ഈയെമ്മസ് എന്ന് 
വിളിക്കപ്പെടുന്ന ഈ എം ഷെരീഫിന്റെ 
യാഥാര്‍ത്ഥ ജീവിതത്തെ മുന്‍ നിര്‍ത്തിയാണ് 
ഏഴാം നിലയിലെ  ആകാശം കഥയായി 
വിടരുന്നത്.  പരസ്പരം എറിഞ്ഞുടക്കുന്ന 
വാക്കുകളുടെ സംഘര്‍ഷത്തില്‍ 
ഉത്പാദിതമാകുന്ന  സൗഹൃദതകര്‍ച്ചയുടെ 
അര്‍ത്ഥരാഹിത്യം കണ്ടെത്താനുള്ള ശ്രമമാണ് 
കഥയില്‍ .  അഴിച്ചുവെച്ച ഫേവര്‍ലൂബ 
വാച്ചിന്റെ  നിലച്ചുപോയ സമയത്തിലൂടെ 
ഘനീഭവിച്ചുപോകുന്ന കാലത്തിന്റെ 
തടവറയില്‍ കുടുങ്ങിപോകുന്ന ഗള്‍ഫ്‌ 
മലയാളിയുടെ ആത്മാലാപത്തെ 
സാന്ത്വനിപ്പിക്കാനുള്ള കാരുണ്യമാണ് 
കഥയിലൂടെ കോരിയൊഴിക്കുന്നത്. 

പലേരിയുടെ തന്നെ മുന്‍കാല കഥകളുടെ 
രചനാ രീതിയില്‍ നിന്നും തികച്ചും 
വിത്യസ്തമായ  ഭാഷയും പശ്ചാത്തലവും 
തീര്‍ത്തുകൊണ്ടാണ്  
ഏഴാം നിലയിലെ ആകാശം എന്ന 
സമാഹാരത്തിലെ  അതേ പേരിലുള്ള 
അവസാന കഥ നില്‍ക്കുന്നത്‌.. 

പൊതുവേ വലിയ പ്രകടനപരതയില്ലാത്ത, 
ഒരു നേരിയ അന്തര്‍മുഖത്വം 
ആവരണമാക്കിയ കാരുണ്യമുമുക്ഷുക്കളായ 
കഥാപാത്രങ്ങളാണ്  പലേരി കഥകളില്‍ 
ഇതുവരെ വന്നുപോയിരുന്നത്. എന്നാല്‍ 
അതില്‍ നിന്നും തികച്ചും വിത്യസ്തമായി, 
കുറേക്കൂടി തങ്ങളെ സ്വയം തുറന്നു 
പ്രകടിപ്പിക്കാന്‍  മടിക്കാട്ടത്തവരുടെ 
പ്രാതിനിധ്യമാണ് ഏഴാം  നിലയിലെ 
ആകാശത്തിലെ മനുഷ്യര്‍ക്കുള്ളത്. 
വളരെയേറെ വെളിച്ചം വീണുകിടക്കുന്ന 
മുഖഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന 
കഥാപാത്രങ്ങളുടെ സ്വഭാവ ചിത്രണത്തിലെ 
വ്യക്തത അവര്‍ തങ്ങളില്‍ ആരോ ആണെന്ന 
തോന്നല്‍ ഓരോ ഗള്‍ഫ്‌ മലയാളിക്കും സ്വയം 
തോന്നുന്ന തരത്തില്‍ അതീവ സൂക്ഷ്മമായ 
ഒരാഖ്യാനമാണ് കഥാകൃത്ത് മുന്നോട്ട് 
വെക്കുന്നത്.  അങ്ങനെ ഗള്‍ഫില്‍ ജീവിതം 
നഷ്ടപ്പെടുത്തുന്നവരുടെ ആത്മനിഷ്ഠമായ 
ദുരിതപര്‍വ്വമായി ഏഴാം നിലയിലെ ആകാശം 
വിന്യസിക്കപ്പെടുന്നു .

മനുഷ്യരെ പരസ്പരം സ്നേഹിക്കാന്‍ 
പ്രേരിപ്പിക്കുകയും അവരെ അതിനായി 
പഠിപ്പിക്കുകയും ചെയ്യുന്ന അക്ഷരങ്ങളുടെ 
ഒരനര്‍ഗ്ഗളധാരയാണ് രഘുനാഥ് 
പലേരിയുടെ  കഥകള്‍ .

 ആ കഥകളില്‍ ഒരുപാട് വാക്കുകളുടെ 
കുത്തൊഴുക്കില്ല . അമിത വികാര 
പ്രകടനങ്ങളുടെ  സമ്മര്‍ദ്ദങ്ങള്‍ ഒട്ടുമേയില്ല. 
ഏതോ ഒരു തണുത്ത സ്പര്‍ശം നമ്മുടെ 
തീപിടിച്ച കണക്കെയുള്ള ചര്‍മ്മത്തില്‍  
എത്തരുണത്തില്‍  സാന്ത്വനമേകുന്നുവോ 
അത്രയും ശീതളമായ  ഒരു തലോടലാല്‍ 
കുളിരൂറുന്ന മനസ്സുമായി  നമ്മള്‍ ആ 
കഥകളുടെ വായന പൂര്‍ത്തിയാക്കുന്നു.   


ജീവിതത്തില്‍ മനുഷ്യര്‍ അപൂര്‍വ്വമായെങ്കിലും 
അഭിമുഖീകരിക്കുന്ന കഠിനമായ ജീവിത
സമസ്യകളെ  തേടിയലഞ്ഞു തളര്‍ന്ന് , 
ആര്‍ത്തനായി ഒരിക്കലും അതിന്റെ 
അവശതകളെ അദ്ദേഹം വായനക്കാരിലേക്ക്‌ 
പകര്‍ത്തുന്നതേയില്ല.  ജീവിതം എത്ര 
ലളിതമാണന്ന്, സൗമ്യവും , മധുരവുമായ 
ദീപ്തപദാവലികള്‍ കൊണ്ട്  വായനക്കാരന് 
അല്പം പോലും ക്ലിഷ്ടതയേല്പ്പിക്കാതെ,
മൂര്‍ദ്ദാവില്‍ തലോടുന്ന വിരലുകളുടെ സ്നിഗ്ദത 
പോലെ അനുഭവിപ്പിച്ചറിയിക്കുന്നു. 

 സംഭവബാഹുല്യങ്ങളുടെ ബഹളമയമായ 
ചിത്രണങ്ങളില്ല. പൊള്ളയായ 
ഉത്സവാഘോഷങ്ങളുടെ ശബ്ദഘോഷങ്ങളില്ല. 
തികച്ചും ശാന്തമായ അക്ഷോഭ്യതയുടെ 
നിര്‍വ്വചനമെന്നത് പോലെ അതീവ ഹൃദ്യമായി 
ആ കഥകള്‍ വായനക്കാരന്റെ സ്വാസ്ഥ്യത്തെ 
ഹനിക്കാതെ ഒരു കാരുണ്യമായി അവനില്‍ 
വന്നു നിറയുന്നു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പലകാലങ്ങളിലായി 
വിവിധ ലക്കങ്ങളില്‍ വായിച്ചെടുത്ത കഥകളുടെ 
സമാഹാരമാണ് മാതൃഭൂമി ബുക്ക്സ് വിപണിയില്‍ 
എത്തിച്ച “ഏഴാം നിലയിലെ ആകാശം.”

 മൗനത്തിന്റെ ചിറകുകള്‍ ,
 ഒറ്റ ചിറകുള്ള പക്ഷി,
 അച്ഛനമ്മമാരുടെ വീട്,
 ഏഴാം നിലയിലെ ആകാശം .
ഇത്രയും കഥകളാണ് ഈ സമാഹാരത്തില്‍ 
ഉള്‍ക്കൊള്ളുന്നത്.

"നേരം പുലരുമ്പോള്‍ " എന്ന കെ.പി.കുമാരന്‍  
ഒരുക്കിയ സിനിമയ്ക്ക് ആധാരമായ കഥയാണ്  
"മൗനത്തിന്റെ  ചിറകുകള്‍ ". സിനിമ വന്നിട്ട് 
തന്നെ കാലങ്ങളായി . എന്നാല്‍  പലേരിയുടെ  
മുന്‍കാല സമാഹാരങ്ങളില്‍ ഒന്നും തന്നെ ഈ 
കഥ സ്ഥാനം പിടിച്ചുകണ്ടിട്ടില്ല.  ജീവിത 
തകര്‍ച്ചയുടെ  ഉരുള്‍ പൊട്ടലുകളും പേമാരിയും  
അതിജീവിച്ച് പ്രത്യാശകളുടെ വെളിച്ചം 
കണ്ടെത്തുന്ന നാന്‍സി എന്ന യുവതിയുടെ 
പ്രതീക്ഷാനിര്‍ഭരമായ ജീവിതാഭിലാഷങ്ങള്‍ 
വായനക്കാരനെയും 
ഉത്തേജിതനാക്കുകയാണ്  ഈ കഥയില്‍ . 

പറക്കുക എന്നത്‌ പക്ഷിയുടെ ജീവിതം 
തന്നെയാണ്. അത് എല്ലാ തടവുകളില്‍ 
നിന്നുമുള്ള മോചനമാണ് . കുഞ്ഞിശങ്കരനും 
മറ്റൊന്നല്ല ആഗ്രഹിക്കുന്നത്. പക്ഷെ 
പറക്കാനുള്ള  വ്യഗ്രതയില്‍ അയാള്‍ക്ക്‌ 
പലപ്പോഴായി  നഷ്ടപ്പെടുന്നത്  തന്റെ 
തന്നെ ചിറകുകള്‍ ആണ്.   എന്നിട്ടും 
പുഴയുടെ അങ്ങേക്കരയില്‍  തെളിഞ്ഞു
കത്തുന്ന വിളക്കിന്‍ നാളം  അയാള്‍ക്ക്‌ 
വേണ്ടി മാത്രം കാത്തിരിക്കുന്നു എന്ന്  
അയാള്‍ക്ക്‌ ഉറപ്പുണ്ട്. എല്ലാ മനുഷ്യരുടെയും 
പ്രയാണം അത്തരം ഒരു വെളിച്ചത്തിലേക്ക്‌ 
തന്നെയാണ്. അങ്ങോട്ടേക്ക്  പറക്കാന്‍ 
ഒരു ചിറക്‌ തന്നെ ധാരാളമെന്ന്  
ഓര്‍മ്മിപ്പിക്കുകയാണ് കുഞ്ഞിശങ്കരനിലൂടെ "
"ഒറ്റ ചിറകുള്ള പക്ഷി".

അനാഥരാക്കപ്പെടുന്ന  അച്ഛനമ്മമാരുടെ 
സങ്കടം ഇത്രയേറെ കരള്‍ കലങ്ങുന്ന 
ഭാഷയില്‍ മറ്റെവിടെയെങ്കിലും 
വായിച്ചെടുക്കാന്‍ കഴിഞ്ഞതായി ഓര്‍മ്മയില്‍ 
എങ്ങുമില്ല. അതികഠിനമായ ഒരു 
സാമൂഹ്യവിമര്‍ശനം സാധ്യമാക്കാന്‍ 
ഉപയോഗപ്പെടുത്തുന്ന ഭാഷയുടെ 
കാഠിന്യം നമുക്ക്‌ ഊഹിക്കാന്‍ കഴിയും . 
എന്നാല്‍ ഇവിടെ പ്രയോജനപ്പെടുത്തുന്ന 
ഭാഷ അത്തരത്തില്‍ ഒന്നല്ല തന്നെ. 
എന്ന് മാത്രമല്ല, ആ ആഖ്യാനം 
നിര്‍വ്വഹിക്കപ്പെടുന്നതിന്റെ ഭാഷയുടെ 
സരളതയും നിഷ്കളങ്കതയും ഉണര്‍ത്തിവിടുന്ന 
മാധുര്യം ഏതു പ്രളയജലമുപയോഗിച്ചും  കഴുകി 
മാറ്റാനാവും എന്ന് കരുതാനാവില്ല. 

തിന്മയുടെ കഴുത്ത് മുറിക്കാനുള്ള ആയുധമായി 
കത്തിയെക്കാള്‍ ഒരു പക്ഷെ ഒരു പൂവിനാവും 
എന്ന് സ്ഥാപിക്കുകയാണ് ഇവിടെ. 
മധുരമീനാക്ഷി  എന്ന തമിഴ്‌ കിളിയും 
നാട്ടുകാരിയായ മറ്റൊരു കിളിയും നടത്തുന്ന 
സംവാദത്തിലൂടെ ഇതള്‍ വിരിയുന്ന കഥയില്‍ 
മനുഷ്യരുടെ വേദനകള്‍ 
അവന്റേതുമാത്രമായ വേദനകളല്ല എന്നും മറിച്ച് 
അത് ഈ പ്രപഞ്ചത്തിലെ  മറ്റ് ജീവജാലങ്ങളെ 
കൂടി  ബന്ധപ്പെട്ടു കിടക്കുന്ന ശൃംഖലയുടെ 
ഒരു ഭാഗം മാത്രമാണെന്ന്  നിരീക്ഷിക്കപ്പെടുന്നു. 
തന്റെ ചുറ്റുപാടുകള്‍ക്ക് നേരെ നിരന്തരമായി 
തുറന്നുവെച്ച ഒരു മസ്തിഷ്ക ജാലകത്തിന്റെ 
അപാരമായ സര്‍വ്വജീവിസ്നേഹം തന്നെയാണ് 
" അച്ഛനമ്മമാരുടെ വീട്" എന്ന കഥയിലൂടെ 
തെളിയിക്കപ്പെടുന്നത്.

രഘുനാഥ് പലേരി സംരക്ഷിക്കാന്‍ 
ശ്രമിക്കുന്നത് താന്‍ തന്നെ ആഗ്രഹിക്കുന്ന 
സ്നേഹത്തിന്റെ ഒരു ലോകത്തെയാണ്. 
മനുഷ്യര്‍ക്ക്‌ വന്നുഭവിക്കുന്ന  പിഴവുകള്‍ 
സ്വാഭാവീകമെന്നത്  പോലെ  
തിരുത്തപ്പെടാവുന്നത് കൂടിയാണ് എന്നദ്ദേഹം 
കുറിച്ചുവെക്കുന്നത്  ലോകം 
സ്നേഹമയമായിരിക്കട്ടെ  
എന്ന അദ്ദേഹത്തിന്റെ തന്നെ ആദര്‍ശത്തിന്റെ 
ഭാഗമായാണ് . 

വലിയ വലിയ തത്വഘോഷണങ്ങള്‍  
വേദികളില്‍ നടത്തുകയും 
അവസരങ്ങളെയാകട്ടെ തന്റെ മാത്രം 
നേട്ടത്തിനായി പ്രയോജനപ്പെടുത്തുകയും 
ചെയ്യുന്നവരുടെ ഇടയില്‍ അപവാദമായ ഒരു 
നിലപാടില്‍ അദ്ദേഹം തന്നിലുറച്ചുനില്‍ക്കുന്നു. 
അത്തരം നിലപാടിന്റെ പ്രതിഫലനങ്ങളായി 
അദ്ദേഹത്തിന്റെ കഥകളും തിളങ്ങുന്നു. 










Tuesday, October 9, 2012

പ്രാകൃതം ഈ പ്രകൃതം.



സദൃശ്യം ചേഷ്ടതെ സ്വസ്യാ
പ്രകൃതേര്‍ ജ്ഞാന വാനപി 
പ്രകൃതീം യാന്തി ഭൂതാനി 
നിഗ്രഹ:  കിം കരിഷ്യതി.

ഭഗവത്ഗീത - കര്‍മ്മകാണ്ഡം - 33.

(ഒരുപാട് അറിവുകള്‍ ഉള്ളവര്‍ പോലും തങ്ങളുടെ
പൂര്‍വ്വാര്‍ജ്ജിത സംസ്കാരത്തിന് അധീനമായ
സ്വഭാവത്തിനനുസരിച്ച്  പ്രവര്‍ത്തിക്കുന്നു. 
അങ്ങനെയിരിക്കെ ജന്മവാസനയനുസരിച്ചുള്ള 
കര്‍മ്മരീതിയെ നിയന്ത്രിക്കുക വഴി എന്ത് 
പ്രയോജനമാണ് ഉള്ളത്?)

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന 
ജീനുകളാണ് മനുഷ്യരുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് 
എന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നു.
ജീനുകളെ കുറിച്ചുള്ള പഠനങ്ങള്‍ അതിവികസിതമായ 
കാലഘട്ടത്തില്‍ ഈ ശ്ലോകം അതിനെ സാധൂകരിക്കുന്നതില്‍ 
ഉളവായ അതിശയം മാത്രമല്ല ദര്‍ശനങ്ങള്‍ മതിക്കുന്ന 
ശാസ്ത്രത്തിന്റെ സാധ്യതകളെ കൂടിയാണ്
ഇത് ശ്രദ്ധയില്‍ കൊണ്ടുവരുന്നത് .

ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളുടെ 
സ്വയംഖനന  അക്ഷയഖനിയാണ് മനുഷ്യമനസ്സ് . 
അതില്‍ ഉറവയെടുക്കുന്ന ആശകളുടെ സ്വഭാവത്തെ 
നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രകൃതം
തന്നെയാണ്. ഈ ആശകള്‍ സമൂഹത്തിന്റെ പൊതുവായ 
നിലനില്‍പിന് പ്രതികൂലമായി ബാധിക്കുന്നത് ആണോയെന്നത് 
ആഗ്രഹിക്കുന്നയാളുടെ വിവേകത്തെ ആശ്രയിച്ചിരിക്കുന്നു. 
ആ വിവേകവും നിര്‍ണ്ണയിക്കപ്പെടുന്നത്
അയാളുടെ പ്രകൃതത്തിന് അനുസരിച്ചാണ്. തന്റെ 
ദുരുദ്ദേശപരമായ സ്വാര്‍ത്ഥങ്ങളെ  സാക്ഷാല്‍ക്കരിക്കുക 
മാത്രമാണ് തന്റെ അവതാരോദ്ദേശം എന്ന് അയാളുടെ 
പ്രകൃതം അയാളോട് നിര്‍ദ്ദേശിക്കുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്
ഒരുപക്ഷെ കുറ്റവാളികളുടെ ഒരു ലോകമാവാം.

അതാത് സമയത്ത്‌ പ്രകടിപ്പിക്കപ്പെടുന്ന നന്മ തിന്മകളെ 
മുന്‍നിര്‍ത്തിയാണ് മനുഷ്യന്‍ വിലയിരുത്തപ്പെടുന്നത്. 
തീര്‍ത്തും ആപേക്ഷികമായ ഈ വിലയിരുത്തലുകള്‍ക്ക് 
അടിസ്ഥാനമാകുന്ന മനുഷ്യന്റെ പ്രവര്‍ത്തികള്‍ക്ക്
പിന്നില്‍ അവന്റെ ജന്മവാസനയുടെ താളം അദൃശ്യമായി
 ചലിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അദ്ധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞ 
ഒരു വാചകം ആനുഷാംഗികമായി ഓര്‍ത്ത്‌ പോവുകയാണ് .
 " ഒരാശയം നമ്മള്‍ സ്വീകരിക്കണമെങ്കില്‍ , അതേ 
ആശയത്തിന്റെ അന്തസത്ത ഒരു മനോഭാവമായി നമ്മളിലും 
ഉണ്ടായിരിക്കണം. ഉദാഹരണത്തിന് സഹജീവികളെ കുറിച്ചുള്ള 
ഉദാത്തമായ പരിഗണന മനസ്സില്‍ പേറുന്ന
ഒരാള്‍ക്ക്‌ മാര്‍ക്സിസം അതില്ലാത്തെ മറ്റൊരാളേക്കാള്‍ വേഗത്തില്‍
മനസ്സിലാക്കാന്‍ കഴിയും."

നന്മയുള്ളവരായി കീര്‍ത്തിക്കപ്പെടുന്നവരെല്ലാം നന്മയില്‍ 
മാത്രം ധ്യാനലീനരായി കഴിയുന്നവരല്ല. പലപ്പോഴും 
സാമൂഹ്യബോധം എന്ന വിവേകം അവരെ തിന്മയില്‍ നിന്ന് 
ധാരാളമായി പിന്തിരിപ്പിക്കുന്നുണ്ട്. മറിച്ച് തിന്മയുടെ 
അപ്പോസ്തലനമാരായി അപകീര്‍ത്തിപ്പെടുന്നവര്‍ ജീവിതം
മുഴുവന്‍ അതിനുവേണ്ടി ഉഴിഞ്ഞുവെച്ചവരല്ല. സാഹചര്യങ്ങള്‍
സഹകരിക്കുമ്പോള്‍ അവനവന് ഗുണകരമായി ഭവിക്കുന്ന 
അവന്റെ നന്മയാണ് സമൂഹത്തിന് ഗുണഭവീകരിക്കാത്തതിനാല്‍ 
തിന്മയായി വ്യാഖ്യാനം ചെയ്യപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ഇത് രൂപം കൊള്ളുന്നത് മനുഷ്യരുടെ നിലനില്പിനെ
അടിസ്ഥാനമാക്കിയാണ്. ഉണ്ണാത്തവന് ഉരുള കിട്ടാത്തതിന്റെയും
ഉണ്ടവന് ഉറങ്ങാന്‍ പായ കിട്ടാത്തതിന്റെയും ന്യായം. ഇതുപക്ഷേ
ഉറപ്പില്ലാത്ത  ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണെന്ന് മാത്രം.

ചില മനുഷ്യരുണ്ട് അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ എത്ര
വീതിയേറിയ പാത വിശാലമായി മുന്നില്‍ കിടന്നാലും കുറച്ചുകൂടി
എളുപ്പത്തില്‍ അവിടെയെത്താന്‍ വല്ല കുറുക്കുവഴികള്‍ ഉണ്ടോയെന്ന്
തിരക്കുന്നവര്‍ . കുറുക്കുവഴികള്‍ക്കിടക്ക് എത്ര വട്ടം വഴി തെറ്റിയാലും
അവരത്  പിന്നെയും ആവര്‍ത്തിക്കും. കൃത്യമായ കാരണങ്ങളൊന്നും
അതിന് അവര്‍ക്ക്‌ അവതരിപ്പിക്കാന്‍ ഉണ്ടാവില്ല.ഏതോ ഒരു 
പ്രേരണയില്‍ അങ്ങനെ സംഭവിക്കുന്നു. അറിയപ്പെടാത്ത 
ആ പ്രേരണയെ നമുക്ക്‌ അവരുടെ പ്രകൃതമായി 
കണ്ടെത്താവുന്നതാണ്.

നിരന്തരമായ അബദ്ധങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യരെ 
തിരുത്തി നേരായ വഴിയില്‍ കൊണ്ടുവരാം എന്നത്‌,  
പലപ്പോഴും അതിനുവേണ്ടി പ്രയത്നിക്കുന്ന നല്ല മനുഷ്യരുടെ 
സ്വപ്നം മാത്രമായി തീരാറുണ്ട് . കാരണം അവര്‍ക്ക്‌ മറികടക്കാന്‍ 
കഴിയുന്നതിലും ശക്തവും കഠിനവുമാണ് പ്രകൃതം
എന്ന വികൃതിയുടെ ബലം .

സുഹൃത്തുക്കള്‍ക്ക് സംഭവിക്കുന്ന അപാകതകള്‍ക്ക് പുറകില്‍ 
പ്രകൃതം എന്ന വില്ലന്റെ സാന്നിദ്ധ്യം ഉണ്ട് എന്ന തിരിച്ചറിവ് 
ഒരു പക്ഷെ നിരുപാധികം ക്ഷമിക്കാനുള്ള ഒരു മനസ്സ്‌ മനുഷ്യരില്‍ 
ഉണ്ടാക്കിയേക്കാം . പക്ഷെ അങ്ങനെ ക്ഷമിക്കേണ്ടവരുടെ 
പ്രകൃതത്തില്‍ അതിനുള്ള ഹൃദയവിശാലതയുടെ സാന്നിദ്ധ്യം
ഉണ്ടാവണം എന്ന് മാത്രം.

മാനുഷീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാര്‍ത്ഥതയിലേക്കുള്ള 
യാത്രയാണ് ജീവിതം എന്ന് ഒരാള്‍ തീരുമാനിക്കുമ്പോള്‍ അയാളുടെ 
പ്രകൃതം എന്തുമാകട്ടെ അതിന്റെ തിന്മകളെ മറികടക്കാന്‍ 
തീര്‍ച്ചയായും അയാള്‍ പ്രാപ്തനാകും.

Sunday, October 7, 2012

മതം.








ഏതെങ്കിലും ഒരു മതത്തിന്റെ പരിവേഷം മനുഷ്യന്റെ 
ജീവിതത്തിനുമേല്‍ എന്തെങ്കിലും മൌലീകമായ 
വിത്യാസങ്ങള്‍ അടയാളപ്പെടുത്തുന്നു എന്നത്, തികച്ചും 
അബദ്ധജഡിലമായ ഒരു വിശ്വാസം മാത്രമാണ്.

മതം മനുഷ്യന്റെ ആന്തരാവയവങ്ങളില്‍ എന്തെങ്കിലും 
മേന്മകള്‍ ഒരിക്കലും നിര്‍മ്മിച്ചെടുക്കുന്നില്ല. മതത്തിനു 
മനുഷ്യരുടെ രക്തം ധാരാളം ചീന്താനായിട്ടുണ്ടെങ്കിലും 
അതിന്റെ നിറത്തെ കെടുത്തി കളയാനോ തങ്ങളുടെ 
മത ചിഹ്നങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ 
ഇഷ്ടമുള്ള നിറങ്ങളെ സ്വീകരിക്കുവാനോ 
കഴിഞ്ഞതായി ശാസ്ത്രം തെളിയിച്ചിട്ടില്ല. 
എന്നിട്ടും മനുഷ്യര്‍ മതത്തിന്റെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത 
വാദങ്ങളെ വലിയ മേന്മകളെന്ന ഭാവേന, മറ്റുള്ളവരുടെ 
മസ്തിഷ്കത്തെ അവശമാക്കുന്ന തരത്തില്‍ ഒരായുധമായി 
എടുത്ത്‌ എത്ര കാരുണ്യരഹിതമായാണ് പ്രയോഗിക്കുന്നത് ?!!

മനുഷ്യന് മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും
പലപ്പോഴും മതത്തിന്റെ വരമ്പുകള്‍ വലിയ തടസ്സം
സൃഷ്ടിക്കുന്നത് ഒട്ടും പുതുമയല്ല. എന്നാല്‍ മനുഷ്യത്വത്തിനു
ദ്രോഹകരമായ സംഗതികളില്‍ എല്ലാ മതങ്ങളും
ഏകോദരസഹോദരങ്ങളാകുന്നത് ഒട്ടും അതിശയകരവുമല്ല.
എന്നിട്ടും മതത്തിന്റെ സാഹിത്യങ്ങളില്‍ നമ്മള്‍
ഇല്ലാത്ത രക്ഷകന്റെ അവതാരപരിവേഷത്തെ
തിരഞ്ഞുകൊണ്ടേയിരിക്കുന്നു.


കഠിനമായ ജീവിതസമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട്
തന്നത്താന്‍ ഒറ്റപ്പെടുകയെന്നത് മനുഷ്യന്റെ ദുര്‍ബ്ബലതയാണ്.
അത്തരം സന്ദര്‍ഭങ്ങളില്‍ കൂടെയുള്ളവരെ
വിശ്വാസത്തിലെടുക്കാനോ സാന്ത്വനം അന്വേഷിക്കാനോ
കഴിഞ്ഞു എന്ന് വരില്ല. പരസ്പരം ആശ്വസിപ്പികാനാവാതെ
കൂടെയുള്ളവരും നിസ്സഹായരാകുന്നുണ്ടാകാം. അതൊരു
ആത്മീയപ്രതിസന്ധിയാണ്. ഒപ്പം ശാരീരികമായ അവശതയും.
അത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്താണ്,
മതം പോലുള്ള സാന്ത്വനസംരംഭങ്ങള്‍ നമ്മുടെ
ദൌര്‍ബ്ബല്യങ്ങളിലേക്ക് ഇടിച്ചുകയറി വന്നത്.

അത് തീര്‍ച്ചയായും നിസ്വാര്‍ത്ഥമായ ആത്മീയ
അന്വേഷണമായാണ് ജീവിതത്തെ തേടി വരിക.
അതങ്ങനെതന്നെ ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായും
അതിലൊരു സൗന്ദര്യമുണ്ടെന്നത് സത്യം. എന്നാല്‍
മതങ്ങളുടെ ചരിത്രം നമ്മളോട് ഇതുവരെ തെര്യപ്പെടുത്തിയത്,
അധികപക്ഷവും ഈ സാന്ത്വന സംരംഭകര്‍
ഇതിനെ ഒരു വ്യാപാര സമുച്ഛയമാക്കുകയോ, രാഷ്ട്രീയ
ആയുധമാക്കുകയോ ആണ് ചെയ്തിട്ടുള്ളത് എന്നതാണ്.
മതങ്ങള്‍ കയ്യടക്കിയ രാഷ്ട്രങ്ങള്‍ പിന്നീട്
മനുഷ്യവംശത്തിന് തന്നെ അപായകരമാകുന്നത്
സമകാലികമായും മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന
യഥാര്‍ത്ഥ്യമാണ്. അതിനെ ശരിയായ അര്‍ത്ഥത്തില്‍
എന്തുകൊണ്ട് മനുഷ്യര്‍ മനസ്സിലാക്കുന്നില്ല
എന്നത് അതിശയകരവും.

അവനവന്റെ മനോദൌര്‍ബ്ബല്യങ്ങളെ മറികടക്കാനുള്ള
കരുത്ത് സ്വയം ഉണ്ടാക്കുക മാത്രമാണ് ഇത്തരം
ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം എന്ന്
നിഷ്കളങ്കമായി നമുക്ക്‌ പറഞ്ഞുപോകാം. എന്നാല്‍
അത് അനുഭവങ്ങളോട് നീതി പുലര്‍ത്തലാകും എന്ന്
കരുതാനാവില്ല. കാരണം സംവത്സരങ്ങള്‍ അനുഭവിച്ചും
ആചരിച്ചും നടപ്പാക്കിയും ആസ്വദിച്ചും വരുന്ന
അസംബന്ധങ്ങളെ നിസ്സാരമായി ഉപേക്ഷിച്ചുകടന്നുപോകാന്‍
മനുഷ്യര്‍ക്ക്‌ കഴിയില്ല എന്ന് തന്നെ. തിരിച്ചറിവുകള്‍ ഇല്ലാത്തതല്ല
പലപ്പോഴും അതേറ്റെടുക്കുക വ്യക്തിപരമായ
ഭൌതീകനഷ്ടങ്ങള്‍ക്ക്‌ കാരണമാകും എന്നത് മനുഷ്യന്റെ
എക്കാലത്തേയും ഒരു ഭീതിയാണ്.!

Monday, October 1, 2012

സാമ്പത്തീക പരിഷ്കരണത്തിന്റെ രേഖാശാസ്ത്രം.



ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍
നിയന്ത്രിക്കുന്ന മദ്ധ്യവര്‍ഗ്ഗസമൂഹത്തെ 
സംബന്ധിച്ചിടത്തോളം ഓഹരിവിപണി 
എന്നത് ഒരു ജീവനാഡി തന്നെയാണ്.
രാജ്യത്തെ സാമ്പത്തീകവിനിമയങ്ങളില്‍ 
നേരിട്ട് പങ്കെടുക്കാനുള്ള സാധ്യത ഇവര്‍ക്ക്‌ 
ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ജീവനാഡിയെ 
മുന്‍നിര്‍ത്തി തന്നെയാണ് രാജ്യത്ത്‌ നടക്കുന്ന
മുഴുവന്‍ സാമ്പത്തീകപരിഷ്കാരങ്ങളും  
ഉടലെടുക്കുന്നത്.

ലാഭമോഹങ്ങള്‍ ആണ് മദ്ധ്യവര്‍ഗ്ഗത്തെ 
വിപണിയിലേക്ക് ആകര്‍ഷിക്കുന്നത് എങ്കിലും 
യഥാര്‍ത്ഥത്തില്‍  മുതല്‍മുടക്കുന്നവരുടെ
സാമ്പത്തീകനഷ്ടങ്ങളെ പങ്കിട്ടെടുക്കുന്നതിനുള്ള
ഒരു പുതിയ മൂലധന സമാഹരണരീതിയെ ആണ്
ഓഹരി വിപണി പ്രതിനിധാനം ചെയ്യുന്നത്.

നിര്‍മ്മാണ,വിതരണ,സേവന രംഗങ്ങളില്‍ ഉള്ള
കമ്പനികളുടെ ഉടമസ്ഥാവകാശം ഓഹരികളായി 
നിജപ്പെടുത്തി അത് വലിയൊരു വിഭാഗം 
ജനങ്ങളിലേക്ക്‌ വിതരണം ചെയ്യപ്പെട്ടതോടെ 
സമ്പത്തിന്റെ വിനിമയത്തില്‍ ഇടത്തരം 
വരുമാനക്കാരനും പങ്കാളിത്തം ലഭിക്കാന്‍ 
ഇടയായി.

ഈ പങ്കാളിത്തം ഇടത്തരക്കാരനെ കൂടുതല്‍ 
കൂടുതല്‍ അത്യാഗ്രഹികള്‍ ആക്കി മാറ്റുകയും 
അവരുടെ കൈകളിലെ ഓഹരികളുടെ 
മൂല്യവര്‍ദ്ധനയില്‍ മാത്രം അവന്റെ സ്വപ്‌നങ്ങള്‍
കുടുങ്ങി കിടക്കുകയും ചെയ്യുന്നു.

ഉല്‍പ്പന്നത്തിന്റെ ആവശ്യകതയും വിശ്വാസ്യതയും
ഉല്പാദകരുടെ വിപണി വില ഉയര്‍ത്തുമ്പോള്‍ 
അവരുടെ മൂലധന ഓഹരികളുടെ വിലയും ഉയരുന്നു. 
ഈ ഉയര്‍ച്ചയാണ് ഇടത്തരക്കാരന്റെ ആഹ്ലാദം. 
ഈ സന്ദര്‍ഭത്തെ ഓഹരികള്‍ വില്‍ക്കാനുള്ള 
അവസരമായി അവര്‍ ഉപയോഗിക്കുന്നു.

ഉല്‍പ്പന്നത്തിന്റെ ആവശ്യത്തില്‍ ഉണ്ടാകുന്ന 
താഴ്ച ഇതിന് തികച്ചും വിപരീതമായ ഫലമാണ് 
ഉണ്ടാക്കുന്നത്. അപ്പോള്‍ വില ഇടിയുന്നതിന് 
അനുസാരിയായി ഓഹാരിവിലയും താഴുന്നു. 
പ്രതീക്ഷയും വിശ്വാസ്യതയും ഉള്ള കമ്പനികള്‍ 
ആണെങ്കില്‍ അതും ഇടത്തരക്കാരന് 
ആഹ്ലാദകരമാണ് കാരണം അപ്പോഴാണ്‌ 
അവര്‍ ഓഹരികള്‍ വാങ്ങി സൂക്ഷിക്കുന്നത്.

ഈ വാങ്ങലുകളും വില്‍പ്പനയും ചരിത്രത്തില്‍ 
ഒരുകാലത്തും ഒരിടത്തും സത്യസന്ധമായിരുന്നിട്ടില്ല.
ഓഹരിവിപണിയുടെ കാര്യത്തിലും ഇത് 
എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നു. 
വിപണി ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം 
ആയത്കൊണ്ട് അതിനപ്പുറത്ത് വലിയ 
ധര്‍മ്മനീതികള്‍ ഒന്നും തന്നെ അതിനെ 
സ്വാധീനിക്കാറില്ല.

സ്ഥാപനങ്ങള്‍ നേരിട്ടല്ല വിപണനത്തില്‍ 
ഏര്‍പ്പെടുന്നത് എന്നത് കൊണ്ട് വിലകള്‍ 
നിര്‍ണ്ണയിക്കപ്പെടുന്നത് തികച്ചും ഊഹങ്ങളെ 
മാത്രം ആസ്പദമാക്കിയാണ്. ഈ ഊഹങ്ങള്‍
എന്നത് എല്ലാ ചതിക്കുഴികള്‍ക്കും വരമ്പ്‌ 
കോരിവെക്കുക എന്നതാണ്. ഊഹമുയര്‍ത്തുന്ന  
പ്രചരണ പ്രവര്‍ത്തനത്തിന്റെ ശക്തിയും 
വിശ്വാസ്യതയും മാത്രമാണ് ഓഹരി വിലയ
നിയന്ത്രിച്ച് (കൂട്ടിയോ കുറച്ചോ) വിപണിയെ 
ശക്തമാക്കുന്നത്.

വിപണികളിലെ വ്യാപാരങ്ങള്‍ ഒട്ടും 
നിഷ്കളങ്കമായല്ല നടക്കുന്നത് എന്നത് കൊണ്ട് 
കമ്പോളത്തിലെ മൂലധന സംഭരണികളായ 
കമ്പനികള്‍ പലപ്പോഴും അവയുടെ സാമ്പത്തീക 
ദുരുദ്ദേശങ്ങളുടെ ഫലമായി ചില ഓഹരികള്‍ 
വലിയ തോതില്‍ വാങ്ങിക്കൂട്ടും. അവരുടെ തന്നെ 
സബ്സിഡയറി കമ്പനികള്‍ വഴിയുള്ള 
ഈ വാങ്ങിക്കൂട്ടല്‍ പലപ്പോഴും തങ്ങളുടെ 
ഓഹരികളുടെ വില ഉയര്‍ത്തി കമ്പോളത്തെ 
തെറ്റിദ്ധരിപ്പിക്കുക എന്നതായിരിക്കും ലക്‌ഷ്യം. 
ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം 
അവര്‍ക്ക്‌ തന്നെ ആയത് കൊണ്ട് പണത്തിന്റെ 
വിനിമയം ഇവിടെ നടക്കുന്നില്ല. ഇത് തിരിച്ചും 
സംഭവിക്കും . അപ്രതീക്ഷിതമായി ഓഹരികള്‍ 
വിറ്റഴിക്കും. ഇതും കമ്പനികള്‍ ആസൂത്രിതമായി 
നടപ്പാക്കുന്നതാണ്. ലാഭമോഹിതനായി 
കമ്പോളത്തില്‍ കയ്മേയ്‌ മറക്കുന്ന 
ഉപഭോക്താവിന് ഇടറി വീഴാന്‍ 
ഇത് തന്നെ ധാരാളം.

നരസിംഹറാവുവിന്റെ ഭരണകാലത്ത്‌ 
ഹര്‍ഷദ് മേത്ത എന്ന കാളക്കൂറ്റന്‍ ഇന്ത്യന്‍ 
ഓഹരി വിപണി ഇടിച്ചുതകര്‍ത്തത് ഇത്തരം 
ദുരൂഹ വഴികളിലൂടെ ആയിരുന്നു.അതിന്റെ 
ദൂഷ്യഫലങ്ങള്‍ വര്‍ഷങ്ങളോളം വിപണിയെ 
ബാധിക്കുക തന്നെ ചെയ്തു.

ഇതിന്റെ ഒരു മറുവശം ഒരു രാത്രി 
ഇരുട്ടിവെളുക്കുന്നതിന് മുന്‍പ് പെരുകി വളരുന്ന 
മൂലധന സമാഹരണം ആണ്. 
ശോഭ ഡെവലപ്പേഴ്സ് എന്ന കമ്പനി ഓഹരി 
വിപണിയില്‍ ലീസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ 
വാര്‍ഷീക വരുമാനം  349 കോടി മാത്രമായിരുന്നു. 
എന്നാല്‍ ഒരൊറ്റദിവസം കൊണ്ട് വിപണിയില്‍ 
അത് 6479 കോടി ആയി മാറി. ഇരുപതിരട്ടി വര്‍ദ്ധന. 
ഇതാണ് ഈ വിപണിയിലെ മായാജാലം.

ഈ മായകാഴ്ച്ചകളുടെ ലോകത്ത്‌ ഒരു 
ഭാഗ്പൈപ്പറെപോലെ,വിപണിയെ 
ശക്തിപ്പെടുത്താനുള്ള  ഒരുപാട് സാമ്പത്തീക 
പരിഷ്കാരങ്ങളുമായി അവതരിക്കുകയായിരുന്നു 
സാക്ഷാല്‍ ശ്രീ. മന്‍മോഹന്‍സിംഗ് .

അമേരിക്കയുടെ ഓഹരിവിപണിയായ 
വാള്‍ സ്ട്രീറ്റ്‌ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര 
നാണ്യനിധിയുടെ ഡയരക്ടര്‍ ആയിരുന്ന 
ശ്രീ. സിംഗിനെ ധനകാര്യമന്ത്രിയായിരുന്ന 
നരസിംഹറാവു റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ 
ആയാണ് ഭാരതസര്‍ക്കാരിലേക്ക്‌ ആനയിക്കുന്നത്. 
പിന്നീട് റാവു തന്നെ ആസൂത്രണ കമ്മീഷന്റെ 
ചെയര്‍മാന്‍ ആക്കുന്നു. റാവു പ്രധാനമന്ത്രിയായതോടെ 
ധനകാര്യമന്ത്രി സ്ഥാനത്ത് പ്രണബ്കുമാര്‍ മുഖര്‍ജിയെ 
തഴഞ്ഞാണ് മന്മോഹന്‍ സിംഗിനെ വാഴിക്കുന്നത്.

നെഹ്രുവിന്റെ കാലം മുതലുള്ള മിശ്രസമ്പത്ത്‌ 
വ്യവസ്ഥയുടെ നികുതി ആശ്രിതത്വവും സബ്സിഡി 
നയങ്ങളും ഉദ്യോഗസ്ഥരുടെ നാടകളിയും 
സാമ്പത്തീക രംഗത്തെ തീര്‍ത്തും 
ചലനാത്മകമല്ലാതാക്കിയ സാഹചര്യത്തില്‍  
ധനകാര്യമന്ത്രിയായിരിക്കെ റാവു തന്നെ തുടങ്ങി 
വെച്ച സാമ്പത്തീക പരിഷ്കരണങ്ങള്‍ക്ക് 
ദിശാബോധം നല്‍കുക  എന്നതായിരുന്നു
സിംഗിന്റെ അവതാരോദ്ദ്യേശം ആയി പറയപ്പെട്ടത്. 
എന്നാല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ്കള്‍ക്ക്‌ 
ഇന്ത്യന്‍ വിപണി തീരെഴുതുന്നതിന്റെ ഭാഗമായി തുറന്ന 
വിപണിയുടെ ആരാധകനായ സിംഗിനെ 
കൊണ്ടുവരികയായിരുന്നു എന്ന് 
ഉപശാലകളില്‍ മര്‍മ്മരങ്ങള്‍ കേള്‍ക്കാമായിരുന്നു.

ആ ഉപശാല വൃത്താന്തങ്ങളെ സാധൂകരിക്കുന്നതായിരുന്നു 
പിന്നീട് ഉണ്ടായ ധൃതഗതിയില്‍ സംഭവിച്ച സാമ്പത്തീക 
പരിഷ്കാരങ്ങള്‍ . ധാരാളം ബഹുരാഷ്ട്ര കുത്തകകള്‍ 
ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥയുടെ അലകും പിടിയും മാറ്റി 
വരക്കുന്നത് സ്ഥിരം കാഴ്ചയായി.

കുറച്ച് സമയം കൊണ്ട് കുറെയേറെ ശതകോടീശ്വരന്മാരുടെ 
സൃഷ്ടികര്‍മ്മം നടന്നുവെങ്കിലും അതൊരു നേട്ടമായി 
അവതരിപ്പിക്കാന്‍ കഴിയാത്ത വണ്ണം  വൈരുദ്ധ്യമായി 
ദരിദ്ര ജനതയുടെ എണ്ണം രാജ്യത്തെ 70 ശതമാനത്തിലേക്ക് 
കുതിക്കുകയാണ് ഉണ്ടായത്‌....

ഈ ദരിദ്രരുടെ സംഖ്യ  ദിനേനെയെന്നോണം വര്‍ദ്ധിക്കുന്നു 
എന്നത് മറച്ചുവെക്കാന്‍ കഴിയാത്തത്‌ ഈ നയത്തെ നോക്കി 
കൊഞ്ഞനം കുത്തുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 
കര്‍ഷകരുടെ  അത്മാഹത്യയുടെ  എണ്ണം  ഈ വര്‍ഷം 
ഇതുവരെ 543 തികഞ്ഞു.

പരിഷ്കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം 
ഒരു അക്കാദമീഷ്യന്‍ അധികാരത്തില്‍ വരുന്നത് ഒട്ടുവളരെ 
പ്രതീക്ഷകളോടെ തന്നെയാണ് നോക്കിക്കണ്ടിരിക്കുക . 
പ്രത്യേകിച്ച് കന്നുകാലികളുടെ ഭക്ഷണം വരെ 
അടിച്ചു മാറ്റി അഴിമതി നടത്തുന്ന മ്ലേച്ചന്മാരായ 
രാഷ്ട്രീയഭിക്ഷാംദേഹികള്‍ ഭരണം നിയന്ത്രിക്കുന്ന 
ഒരു സമൂഹത്തില്‍ .ചുരുങ്ങിയത്‌ സംസ്കാരപൂര്‍ണ്ണമായ 
പെരുമാറ്റമെങ്കിലും അവര്‍  പ്രതീക്ഷിക്കും.
എന്നാല്‍  അത്തരം പ്രതീക്ഷകളെ മുഴുവന്‍ തകിടം 
മറിക്കുന്ന  ഭീഭത്സരൂപമായി  മാറാന്‍ ശ്രീമാന്‍ സിംഗിന് 
വളരെ കാലമൊന്നും വേണ്ടിവന്നില്ല.മുഴുത്ത അഴിമതി 
രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിക്കുന്ന  
ഇന്ത്യാചരിത്രത്തിലെ ഗഡാഗഡിയന്‍ അഴിമതികള്‍ക്ക്
മുഴുവന്‍ വിളക്ക് പിടിച്ചുകൊടുത്ത വെറുമൊരു വിളക്ക് കാല്‍ 
മാത്രമായി ലോകത്തിനും ചരിത്രത്തിനും മുമ്പാകെ 
നാണം കേട്ട് നില്‍ക്കുന്നു അദ്ദേഹം.

അപ്രതീക്ഷിതമായി കളസമൂരിപ്പോയ കുഞ്ഞിനെപ്പോലെ
" സര്‍ക്കാരിന് പണം കായ്ക്കുന്ന മരമില്ല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ "
 എന്ന് ഈ മഹാന്‍ പറഞ്ഞുവെക്കുന്നതെന്താണ് ?

പരസ്പരവ്യാപാരത്തിലൂടെ സ്വയം പര്യാപ്തതക്ക്
ശ്രമിക്കുന്ന സ്റ്റേറ്റുകളുടെ ഫെഡറല്‍ ഭരണത്തെ 
നിയന്ത്രിക്കുന്ന ഈ അധികാരിക്ക്‌ സാധാരണ ജനങ്ങളുടെ 
ജീവിതത്തില്‍ ഡീസലിന്റെ സ്ഥാനമെന്ത് എന്ന് ഒട്ടും 
തന്നെ അറിയാന്‍ പാടില്ല. കാറില്ലാത്ത സാധാരണക്കാരന് 
എന്തിന് ഡീസല്‍ എന്ന ക്ലാസ്സിക്കല്‍ ചോദ്യം ചോദിക്കുന്നു 
അദ്ദേഹം. ലക്ഷം കോടികളുടെ അഴിമതിയില്‍ തലതൊട്ടപ്പന്‍ 
കളിക്കുന്ന അദ്ദേഹത്തിന് നിത്യനിദാന വരവ് ചെലവ് 
കണക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ
ആണോ ധനശാസ്ത്രവിശാരദനായി വിലസുന്നത്?

രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങളെ ആശ്രയിച്ച് 
യാത്രയും ഭക്ഷ്യവസ്തുക്കളുടെ വിനിമയവും സാധ്യമാക്കുന്ന 
സാധാരണ ജനങ്ങളെ പരിഹസിക്കുന്ന ഈ വിദ്വാന്‍ പൊതു
ഗതാഗതസംവിധാനം വെള്ളമൊഴിച്ച് നടത്തുന്നു 
എന്നാണോ ധരിച്ചിരിക്കുന്നത്?

ഭാരതം എന്നും നിസ്സഹായയായിരിന്നു . ചെങ്കിസ്ഖനില്‍ 
തുടങ്ങി ഈസ്റ്റിന്ത്യാകമ്പനിയില്‍ വരെ ചെന്ന് നിന്ന അതിന്റെ 
അടിമത്തം പുതിയ മിര്‍ജാഫര്‍മാരിലൂടെ ഇന്ന് ഇറ്റലിക്കാരിയായ 
ഒരു സ്ത്രീയില്‍ എത്തി നില്‍ക്കുന്നു.
ഈ മിര്‍ ജാഫര്‍ മാരെ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് വിളിക്കുവതെങ്ങിനെ?
മിര്‍ ജാഫറിനും തെല്ല് ആത്മാഭിമാനം ഉണ്ടായിരുന്നിരിക്കണമല്ലോ !
ഒരു പഴയ മൊഴി ചൊല്ലാം. 
പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ...
അത് ആസ്വദിക്കുക മാത്രമാണ് നിലവില്‍ കരണീയം.