Tuesday, October 9, 2012

പ്രാകൃതം ഈ പ്രകൃതം.



സദൃശ്യം ചേഷ്ടതെ സ്വസ്യാ
പ്രകൃതേര്‍ ജ്ഞാന വാനപി 
പ്രകൃതീം യാന്തി ഭൂതാനി 
നിഗ്രഹ:  കിം കരിഷ്യതി.

ഭഗവത്ഗീത - കര്‍മ്മകാണ്ഡം - 33.

(ഒരുപാട് അറിവുകള്‍ ഉള്ളവര്‍ പോലും തങ്ങളുടെ
പൂര്‍വ്വാര്‍ജ്ജിത സംസ്കാരത്തിന് അധീനമായ
സ്വഭാവത്തിനനുസരിച്ച്  പ്രവര്‍ത്തിക്കുന്നു. 
അങ്ങനെയിരിക്കെ ജന്മവാസനയനുസരിച്ചുള്ള 
കര്‍മ്മരീതിയെ നിയന്ത്രിക്കുക വഴി എന്ത് 
പ്രയോജനമാണ് ഉള്ളത്?)

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന 
ജീനുകളാണ് മനുഷ്യരുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് 
എന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നു.
ജീനുകളെ കുറിച്ചുള്ള പഠനങ്ങള്‍ അതിവികസിതമായ 
കാലഘട്ടത്തില്‍ ഈ ശ്ലോകം അതിനെ സാധൂകരിക്കുന്നതില്‍ 
ഉളവായ അതിശയം മാത്രമല്ല ദര്‍ശനങ്ങള്‍ മതിക്കുന്ന 
ശാസ്ത്രത്തിന്റെ സാധ്യതകളെ കൂടിയാണ്
ഇത് ശ്രദ്ധയില്‍ കൊണ്ടുവരുന്നത് .

ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളുടെ 
സ്വയംഖനന  അക്ഷയഖനിയാണ് മനുഷ്യമനസ്സ് . 
അതില്‍ ഉറവയെടുക്കുന്ന ആശകളുടെ സ്വഭാവത്തെ 
നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രകൃതം
തന്നെയാണ്. ഈ ആശകള്‍ സമൂഹത്തിന്റെ പൊതുവായ 
നിലനില്‍പിന് പ്രതികൂലമായി ബാധിക്കുന്നത് ആണോയെന്നത് 
ആഗ്രഹിക്കുന്നയാളുടെ വിവേകത്തെ ആശ്രയിച്ചിരിക്കുന്നു. 
ആ വിവേകവും നിര്‍ണ്ണയിക്കപ്പെടുന്നത്
അയാളുടെ പ്രകൃതത്തിന് അനുസരിച്ചാണ്. തന്റെ 
ദുരുദ്ദേശപരമായ സ്വാര്‍ത്ഥങ്ങളെ  സാക്ഷാല്‍ക്കരിക്കുക 
മാത്രമാണ് തന്റെ അവതാരോദ്ദേശം എന്ന് അയാളുടെ 
പ്രകൃതം അയാളോട് നിര്‍ദ്ദേശിക്കുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്
ഒരുപക്ഷെ കുറ്റവാളികളുടെ ഒരു ലോകമാവാം.

അതാത് സമയത്ത്‌ പ്രകടിപ്പിക്കപ്പെടുന്ന നന്മ തിന്മകളെ 
മുന്‍നിര്‍ത്തിയാണ് മനുഷ്യന്‍ വിലയിരുത്തപ്പെടുന്നത്. 
തീര്‍ത്തും ആപേക്ഷികമായ ഈ വിലയിരുത്തലുകള്‍ക്ക് 
അടിസ്ഥാനമാകുന്ന മനുഷ്യന്റെ പ്രവര്‍ത്തികള്‍ക്ക്
പിന്നില്‍ അവന്റെ ജന്മവാസനയുടെ താളം അദൃശ്യമായി
 ചലിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അദ്ധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞ 
ഒരു വാചകം ആനുഷാംഗികമായി ഓര്‍ത്ത്‌ പോവുകയാണ് .
 " ഒരാശയം നമ്മള്‍ സ്വീകരിക്കണമെങ്കില്‍ , അതേ 
ആശയത്തിന്റെ അന്തസത്ത ഒരു മനോഭാവമായി നമ്മളിലും 
ഉണ്ടായിരിക്കണം. ഉദാഹരണത്തിന് സഹജീവികളെ കുറിച്ചുള്ള 
ഉദാത്തമായ പരിഗണന മനസ്സില്‍ പേറുന്ന
ഒരാള്‍ക്ക്‌ മാര്‍ക്സിസം അതില്ലാത്തെ മറ്റൊരാളേക്കാള്‍ വേഗത്തില്‍
മനസ്സിലാക്കാന്‍ കഴിയും."

നന്മയുള്ളവരായി കീര്‍ത്തിക്കപ്പെടുന്നവരെല്ലാം നന്മയില്‍ 
മാത്രം ധ്യാനലീനരായി കഴിയുന്നവരല്ല. പലപ്പോഴും 
സാമൂഹ്യബോധം എന്ന വിവേകം അവരെ തിന്മയില്‍ നിന്ന് 
ധാരാളമായി പിന്തിരിപ്പിക്കുന്നുണ്ട്. മറിച്ച് തിന്മയുടെ 
അപ്പോസ്തലനമാരായി അപകീര്‍ത്തിപ്പെടുന്നവര്‍ ജീവിതം
മുഴുവന്‍ അതിനുവേണ്ടി ഉഴിഞ്ഞുവെച്ചവരല്ല. സാഹചര്യങ്ങള്‍
സഹകരിക്കുമ്പോള്‍ അവനവന് ഗുണകരമായി ഭവിക്കുന്ന 
അവന്റെ നന്മയാണ് സമൂഹത്തിന് ഗുണഭവീകരിക്കാത്തതിനാല്‍ 
തിന്മയായി വ്യാഖ്യാനം ചെയ്യപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ഇത് രൂപം കൊള്ളുന്നത് മനുഷ്യരുടെ നിലനില്പിനെ
അടിസ്ഥാനമാക്കിയാണ്. ഉണ്ണാത്തവന് ഉരുള കിട്ടാത്തതിന്റെയും
ഉണ്ടവന് ഉറങ്ങാന്‍ പായ കിട്ടാത്തതിന്റെയും ന്യായം. ഇതുപക്ഷേ
ഉറപ്പില്ലാത്ത  ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണെന്ന് മാത്രം.

ചില മനുഷ്യരുണ്ട് അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ എത്ര
വീതിയേറിയ പാത വിശാലമായി മുന്നില്‍ കിടന്നാലും കുറച്ചുകൂടി
എളുപ്പത്തില്‍ അവിടെയെത്താന്‍ വല്ല കുറുക്കുവഴികള്‍ ഉണ്ടോയെന്ന്
തിരക്കുന്നവര്‍ . കുറുക്കുവഴികള്‍ക്കിടക്ക് എത്ര വട്ടം വഴി തെറ്റിയാലും
അവരത്  പിന്നെയും ആവര്‍ത്തിക്കും. കൃത്യമായ കാരണങ്ങളൊന്നും
അതിന് അവര്‍ക്ക്‌ അവതരിപ്പിക്കാന്‍ ഉണ്ടാവില്ല.ഏതോ ഒരു 
പ്രേരണയില്‍ അങ്ങനെ സംഭവിക്കുന്നു. അറിയപ്പെടാത്ത 
ആ പ്രേരണയെ നമുക്ക്‌ അവരുടെ പ്രകൃതമായി 
കണ്ടെത്താവുന്നതാണ്.

നിരന്തരമായ അബദ്ധങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യരെ 
തിരുത്തി നേരായ വഴിയില്‍ കൊണ്ടുവരാം എന്നത്‌,  
പലപ്പോഴും അതിനുവേണ്ടി പ്രയത്നിക്കുന്ന നല്ല മനുഷ്യരുടെ 
സ്വപ്നം മാത്രമായി തീരാറുണ്ട് . കാരണം അവര്‍ക്ക്‌ മറികടക്കാന്‍ 
കഴിയുന്നതിലും ശക്തവും കഠിനവുമാണ് പ്രകൃതം
എന്ന വികൃതിയുടെ ബലം .

സുഹൃത്തുക്കള്‍ക്ക് സംഭവിക്കുന്ന അപാകതകള്‍ക്ക് പുറകില്‍ 
പ്രകൃതം എന്ന വില്ലന്റെ സാന്നിദ്ധ്യം ഉണ്ട് എന്ന തിരിച്ചറിവ് 
ഒരു പക്ഷെ നിരുപാധികം ക്ഷമിക്കാനുള്ള ഒരു മനസ്സ്‌ മനുഷ്യരില്‍ 
ഉണ്ടാക്കിയേക്കാം . പക്ഷെ അങ്ങനെ ക്ഷമിക്കേണ്ടവരുടെ 
പ്രകൃതത്തില്‍ അതിനുള്ള ഹൃദയവിശാലതയുടെ സാന്നിദ്ധ്യം
ഉണ്ടാവണം എന്ന് മാത്രം.

മാനുഷീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാര്‍ത്ഥതയിലേക്കുള്ള 
യാത്രയാണ് ജീവിതം എന്ന് ഒരാള്‍ തീരുമാനിക്കുമ്പോള്‍ അയാളുടെ 
പ്രകൃതം എന്തുമാകട്ടെ അതിന്റെ തിന്മകളെ മറികടക്കാന്‍ 
തീര്‍ച്ചയായും അയാള്‍ പ്രാപ്തനാകും.

No comments:

Post a Comment