Friday, April 6, 2012



മനസ്സ്‌.


മനുഷ്യന്‍, അവന്റെ ചിന്തകള്‍ , അവന്റെ പ്രവര്‍ത്തികള്‍ ഇവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളെ ഒട്ടൊരു അതിശയത്തോടെ മാത്രമേ നോക്കികാണാന്‍ കഴിയൂ.

നമുക്ക്‌ നന്നായറിയാം ഒന്നുമൊന്നും ചേര്‍ന്നാല്‍ രണ്ട് എന്ന അക്കംമാത്രമാണെന്ന്. നമ്മള്‍ ആഗ്രഹിച്ചത്‌ കൊണ്ട് മാത്രം അത് ഒരിക്കലും ഒരു വലിയ ഒന്ന് ആവില്ല.അതുകൊണ്ടാണ് അതിനെ കണക്ക്‌ എന്ന് വിളിക്കുന്നത്. ക്യത്യത എന്നതിന്റെ മറുവിളിയാണ് കണക്ക്‌.എന്നിട്ടും ബഷീറിനെ പോലെ മഹാനായ ഒരെഴുത്തുകാരന്‍ നമ്മളോട് പറയുന്നു ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി വല്യ ഒരു ഒന്നാവുമെന്ന്.

അത് മനുഷ്യരെ കുറിച്ചുള്ള വലിയ ഒരു കണ്ടെത്തലാണ്. അക്കങ്ങള്‍ അക്ഷരങ്ങള്‍ പോലെയല്ല. അവ കൂടിച്ചേരുമ്പോഴും, വിട്ടുപോകുമ്പോഴും, പെരുകുമ്പോഴും, വിഭാജിതമാകുമ്പോഴും ക്യത്യത പാലിക്കുന്നു. അക്ഷരങ്ങള്‍ നിര്‍മ്മിക്കുന്ന റൊമാന്റിസിസം ഒന്നും അക്കങ്ങള്‍ക്ക് അറിയില്ല.അങ്ങനെ ആയിരുന്നിട്ടും മനുഷ്യര്‍ ഈ അക്കങ്ങളെ എടുത്ത്‌ ഉപയോഗിക്കുമ്പോള്‍ അതിന്റെ ക്യത്യത നിശ്ചയിക്കുന്നത് മനുഷ്യര്‍ തന്നെയാകുന്നു. മനുഷ്യര്‍ അവന്റെ എല്ലാ കണക്കുകളും തന്റെ ആഗ്രഹത്തിനും ആവശ്യത്തിനും അനുസരിച്ച് സൗകര്യപ്രദമായ രീതിയില്‍ നിജപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ നേരിടുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ സ്വയം സ്ഥാപിച്ചെടുക്കുന്ന ഉത്തരങ്ങളുടെ നിരന്തരമായ വ്യാഖ്യാനം മാത്രമാണ് അവന്റെ ജീവിതം. വസ്തുത ഇതായിരിക്കെ എങ്ങനെയാണ് ഈ സാമൂഹ്യശാസ്ത്രഗ്രന്ഥങ്ങള്‍ മനുഷ്യനെ വ്യാഖ്യാനിച്ചെടുക്കുന്നത്.

മൂര്‍ത്തമായ മൂലകങ്ങളുടെ രാസപരീക്ഷണങ്ങള്‍ക്ക് അതിന്റേതായ ക്യത്യതയുണ്ട്. അത്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ ക്യത്യമായ ഫലം ലഭിക്കുന്നത് വരെ തുടരുകയും ചെയ്യും. കാത്തിരുന്നാല്‍ ക്യത്യമായ ഫലം ലഭിക്കുമെന്നത്‌ പ്രതീക്ഷ മാത്രമല്ല സത്യവുമാണ്. സാമാന്യേന ശാസ്ത്രം എന്ന് വ്യവഹരിക്കുമ്പോള്‍ ഈ ഒരു ക്യത്യതയുടെ പ്രകാശവലയം അതിനെ ചൂഴ്ന്നുനില്ക്കുന്നുവെന്നുകൂടിയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ശാസ്ത്രം എന്നാണു അറിയപ്പെടുന്നതെങ്കിലും ഏറെയും ഊഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും മാത്രം സാധ്യത കല്പി്ക്കപ്പെടുന്ന സാമ്പത്തീക ശാസ്ത്ര മടക്കമുള്ള സാമൂഹ്യ ശാസ്ത്രങ്ങള്‍ നടത്തുന്ന കണ്ടെത്തലുകളുടെ സ്വീകാര്യത അതിന്റെ സത്യസന്ധതയില്‍ സംശയിച്ചുകൊണ്ട് മാത്രമേ സാധ്യമാവൂ. സാമൂഹ്യ ശാസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന നിഗമനങ്ങള്‍ക്ക് അക്കങ്ങളുടെ (statistics) എത്ര തന്നെ പിന്തുണ ഉണ്ടായാലും, കാലാവസ്ഥ പ്രവചനത്തിലെ അസ്ഥിരത പോലെ, മാറി മറിഞ്ഞു വരുന്ന ഘടകങ്ങളുടെ പരിഗണന, ആ നിഗമനങ്ങളുടെ ക്യത്യതയില്‍ നമ്മളെ ഉറപ്പിച്ചു നിര്‍ത്താന്‍ പര്യാപ്തമല്ല. പ്ലേറ്റോയില്‍ തുടങ്ങി മാര്‍ക്സിലൂടെ തുടരുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാനരുടെ ഗ്രന്ഥശേഖരങ്ങള്‍ ആശയ ഗതിയുടെ തുടര്‍ച്ചയില്‍ എവിടെയും കണക്കുകളെ ക്യത്യമായ അക്കത്തില്‍ ബോധ്യപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .

മനുഷ്യനെ കേന്ദ്ര തലത്തില്‍ നിര്‍ത്തി എതാശയം രൂപകല്പന ചെയ്താലും അത് കല്പ്പാന്തകാലം നിലനില്ക്കുന്ന തകരാത്ത ഒന്നായി വായിച്ചെടുക്കുക ദുഷ്കരമാണ്.വ്യത്യസ്ഥമായ വ്യാഖ്യാനങ്ങള്‍ക്ക് ഒട്ടേറെ സാധ്യതകള്‍ നല്കിക്കൊണ്ട്, വൈകല്യങ്ങള്‍ , ധാരാളമായി മുഴച്ചു നില്ക്കുകതന്നെ ചെയ്യും. മനുഷ്യനെ നിയന്ത്രിക്കുന്ന കേന്ദ്രം മനസ്സോ, മസ്തിഷ്കമോ, ഹ്യദയമോ ആകട്ടെ, അതിന്റെ പരിക്രമണങ്ങള്‍ അവ തന്നെ സ്വയം രൂപപ്പെടുത്തി യെടുക്കുന്നതാണ്. അത് പ്രവര്‍ത്തിക്കുന്ന പരിസരം രൂപപ്പെടുത്തുന്നതായാലും രൂപപ്പെടുന്നതായാലും പുറത്ത്‌ നിന്നുള്ള ഒരു നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന് അത് വിധേയമാകുകയില്ല. മഹാനായ ടോള്‍സ്റ്റോയ്‌ പ്രഭു അന്ന ആര്‍ക്കഡയ്വന എന്ന തന്റെ മഹത്തായ കഥാപാത്രത്തിലൂടെ പറയാന്‍ ശ്രമിച്ച ഒരു സത്യം ഇതായിരുന്നു.മനുഷ്യരുടെ ഹ്യദയത്തില്‍ (കേന്ദ്രം)നിര്‍മ്മിക്കപ്പെടുന്ന വികാര ശലാകകള്‍ പ്രതിഫലിക്കുന്ന സ്വഭാവ വൈചിത്ര്യങ്ങളെ കണക്കിന്റെ ധര്‍മ്മങ്ങളില്‍ കൂട്ടാനും കിഴിക്കാനും പെരുക്കാനും ഹരിക്കാനും സാധ്യമല്ല. എന്തിന് ഒന്ന് നേരായി വിലയിരുത്താന്‍ പോലും കഴിയുന്ന മാപിനികള്‍ കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഈ അസാധ്യത ഏതൊരു സാമൂഹ്യ ശാസ്ത്രജ്ഞനേക്കാള്‍ ശക്തിയില്‍ ലോകത്തെ ബോധ്യപെടുത്തുകയായിരുന്നു മഹാ മനീഷിയായ ആ ലോകസാഹിത്യകാരന്‍...

മനുഷ്യന്‍ വലിയ നീര്‍ത്തടങ്ങള്‍ തീര്‍ക്കണമെന്ന ആശയോടെ പുറത്തേക്ക്‌ ഒഴുക്കുന്ന സുഭാഷണങ്ങള്‍ പലപ്പോഴും മുന്നിലെ പ്രതിബന്ധങ്ങളില്‍ തട്ടി, ഒന്ന് പിടിച്ചു നിര്‍ത്താന്‍ പോലും അവസരം കിട്ടുന്നതിനും മുമ്പേ മലിനമായ കാനയിലേക്ക് ഒഴുകിപ്പോകുന്നു. നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് എന്ത് എന്ന് കേട്ടുനില്ക്കുന്നവര്‍ക്ക്‌ മനസ്സിലാകാത്തതല്ല.പക്ഷെ തങ്ങളുടെ താല്പര്യങ്ങളെ സംത്യപ്തമാക്കാത്ത ഭാഷണങ്ങളെ, അവര്‍ പ്രതികരണങ്ങളിലൂടെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതികരണങ്ങള്‍ യാദ്യശ്ചികവും സ്വാഭാവികവുമാണന്ന് കരുതാനാവില്ല.എല്ലാവരും അവരവരുടെ രീതിയില്‍ തിരിച്ചറിവുകളുള്ളവരാണ്. ക്യത്യമായി അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് ലഭ്യമാകുന്ന ഇടങ്ങളില്‍ അവര്‍ ഹര്‍ഷ പുളകങ്ങളാല്‍ നിശ്ശബ്ദരാകുന്നു. അലഭ്യമായ ത്യപ്തികളില്‍ സന്താപ കാലുഷ്യത്താല്‍ പ്രതിഷേധിതരായി ശബ്ദമുയര്‍ത്തുന്നു. ഈ താപഹിമങ്ങളുടെ കണക്കുകള്‍ പ്രയോഗിക്കപ്പെടുന്നത് അവര്‍ക്കത്‌ എങ്ങനെ അനുഗുണമാകുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ്.ഇവിടെയാണ്‌ നടേ പറഞ്ഞ ഒന്നും ഒന്നും ഉമ്മിണി വല്യ ഒന്നായി പരിണമിക്കുന്നത്.

ഇരുട്ട് എല്ലാം ഒളിപ്പിക്കുന്നത് പോലെ ആരും ഒന്നും പറയാതിരിക്കുന്നത് നിശ്ശബ്ദതയാണെന്ന് നമുക്ക്‌ സമാധാനിക്കാം. പക്ഷെ സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ നിശ്ശബ്ദതയുടെ ഇഴകള്‍ക്കിടയില്‍ കാലുഷ്യത്തിന്റെ മഹാ ഗര്‍ത്തങ്ങള്‍ നമ്മളെ ഭയപ്പെടുത്തുനുണ്ട് ഇരുട്ട് പോലെ തന്നെ.

No comments:

Post a Comment