Sunday, June 17, 2012

വൈരുദ്ധ്യങ്ങള്‍


നമ്മള്‍ പൂക്കളെ അഗാധമായി സ്നേഹിക്കുന്നു.

പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക് അത് ഞെട്ടില്‍ നിന്ന് ഇറുത്തെടുക്കാന്‍ കഴിയുകയില്ല.
എന്നിട്ടും പ്രേമഭരിതമായ നമ്മുടെ ഓര്‍മ്മകളില്‍ പ്രണയിനികള്‍
എപ്പോഴും പൂ ചൂടി തന്നെ വരുന്നു.

ലോകത്തുള്ള മുഴുവന്‍ കള്ളന്മാരും അക്രമികളും നിഷ്കളങ്കമെന്നപോലെ ഒരു ന്യായം പറയും . 


"പ്രലോഭനം".


ഏതു വസ്തുവാണോ അപഹരിക്കപ്പെടുന്നത്ഏതു ജീവിതത്തെയാണോ ഹനിക്കാന്‍ ശ്രമിക്കുന്നത്അത് അവരില്‍ ഉണ്ടാക്കുന്ന ശക്തമായ പ്രലോഭനമാണ് അവരെ കുറ്റക്യത്യത്തിലേക്ക്‌ വലിച്ചിഴക്കുന്നതെന്ന്.


ഈ പ്രലോഭനങ്ങള്‍ ഒരിക്കലും ഒരു നന്മയേയും പ്രതിനിധാനം ചെയ്യാറുമില്ല.

മനുഷ്യശരീരത്തിലെ നവദ്വാരങ്ങളില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന
വിസര്‍ജ്യങ്ങളുടെ ദുര്‍ഗ്ഗന്ധത്തെ കുറിച്ചുള്ള ബോധ്യം 
സന്യാസത്തിനായുള്ള ബ്രഹ്മചര്യത്തിന്റെ ആദ്യപാഠങ്ങളില്‍ ഒന്നാണ് .
കടുക്കയൊക്കെ പിന്നീട് വരുന്നതാണ്. 
എന്താണ് ഇത് സൂചിപ്പിക്കുന്നത്
ശരീരത്തിനു ശരീരത്തോടുള്ള മനുഷ്യന്റെ ആസക്തികള്‍ തന്നെ.
പ്രത്യേകിച്ച് പുരുഷന് സ്ത്രീശരീരത്തോടുള്ള ആസക്തി 
അവന്റെ പ്രക്യതത്തിന്റെ ഭാഗമാണെന്ന സത്യം.

സംസ്കാരത്തിന്റെ സുഗന്ധമുള്ള ഒരു പൂക്കാലം മുഴുവന്‍ വെച്ച് മറക്കാന്‍ ശ്രമിച്ചാലും വിവേകത്തിന്റെ ചുട്ടുപഴുത്ത ദണ്ഡുകള്‍ക്കപ്പുറത്ത് നിന്നും വ്യത്തികെട്ട ഒരു ഗന്ധമായെത്തി ശിരസ്സിനെ അത് വേദനിപ്പിക്കുക തന്നെ ചെയ്യും.

ആയോധനമത്സരത്തില്‍ വിജയിച്ച് ദ്രൗപതിയെ നേടുന്നത് അര്‍ജ്ജുനന്‍ തനിച്ചാണ്.
അതാത് നാളത്തെ ലഭ്യവസ്തു അമ്മക്കരികില്‍ എത്തി പങ്കിട്ടെടുക്കുന്ന മക്കളോട്
ആ ദിവസത്തെ ഭിക്ഷ കാണാതെ തന്നെ അഞ്ചുപേരും തുല്യമായി പങ്കിട്ടെടുക്കുവാന്‍ 
നിര്‍ദ്ദേശിച്ച കുന്തിമാതാവിന് അറിയുമായിരുന്നില്ലേ
അന്നത്തേത് ഒരു വെറും ഭിക്ഷയല്ലെന്ന്.


ധര്‍മ്മ സംരക്ഷകനായ യുധിഷ്ഠിരന്‍ എന്തേ മാതാവിന്റെ തെറ്റ് തിരുത്തിയില്ല?!
ദ്രൗപതിയെ മുന്‍ നിര്‍ത്തി രണ്ടുപേരും തങ്ങള്‍ ആഗ്രഹിക്കുന്നതെന്താണോ 
അത് നിവ്യത്തിച്ച് എടുക്കുകയായിരുന്നു എന്നതല്ലേ സത്യം?
കുന്തിമാതാവ്‌ മക്കള്‍ അഞ്ചുപേരെ ഒന്നിച്ചു നിര്‍ത്താനുള്ള ആയുധമായി ദ്രൗപതിയെ കണ്ടപ്പോള്‍ തങ്ങളുടെ ആസക്തിയെ ദൂരികരിക്കാനുള്ള മനോഹരമായ 
ഒരുപകരണമായി മക്കളും അത് പ്രയോജനപ്പെടുത്തി.


ഇതൊക്കെ അത്ര നിഷ്കളങ്കമായി വായിച്ച് പോകാവതല്ല.


തീര്‍ച്ചയായും മനുഷ്യരിങ്ങനെയാണ് .
വ്യാഖ്യാനങ്ങള്‍ എല്ലാം അവരുടെ ആഗ്രഹപൂര്‍ത്തിക്കാവശ്യമായ തരത്തില്‍ സൗകര്യാര്‍ത്ഥമാണ്.

മോഷ്ടാവിന്റെ ജീവിതാശകളുടെ പ്രേരണയും,
സ്ത്രീ പീഡകര്‍ അപലപിക്കുന്ന വസ്ത്രധാരണം ,ഭാവപ്രകടനം
തുടങ്ങിയ പ്രലോഭനങ്ങള്‍ പ്രചോദിപ്പിക്കപ്പെടുന്നതും,
അഴിമതിക്കാരന്റെ രാഷ്ട്രനന്മ ചിന്തയും
എല്ലാം അതത്‌ മനുഷ്യര്‍ അവരുടെ ആഗ്രഹ പൂര്‍ത്തിക്കായി 
സ്വയം നിര്‍മ്മിച്ചെടുക്കുന്ന ന്യായീകരണങ്ങള്‍ മാത്രം.

ബഹുഭൂരിഭാഗം ആളുകളും ഇതെല്ലാം മറച്ചുപിടിക്കാന്‍ കഴിവുള്ളവരാണ് .
ആദര്‍ശാഭിനയത്തിന്റെ മികവ് കാട്ടാന്‍ കഴിയാതെ പോകുന്ന നിര്‍ഭാഗ്യവാന്‍ മാരെയാണ്
നമ്മള്‍ കുറ്റവാളികള്‍ എന്ന് വിളിച്ച് അപഹസിക്കുകയും 
വിചാരണ ചെയ്തും ചെയ്യാതെയും ശിക്ഷിക്കുന്നത്.


ഒരുപാട് കള്ളങ്ങളുടെ മറപിടിച്ച് പമ്മി പമ്മി
ഒറ്റയടി വെച്ച് നടക്കുന്നതിനെയാണോ ജീവിതം എന്ന് വിളിക്കുന്നത്?
ദൈവം തൊട്ട് മതം മുതല്‍ ജനാധിപത്യം വരെയുള്ള
മനുഷ്യനിര്‍മ്മിത സംവിധാനങ്ങളെ   സൂക്ഷമായി പരിശോധിക്കാനിരുന്നാല്‍
ലളിതമായി ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്.
അതത്‌ കാലത്തെ സമര്‍ത്ഥന്‍മാരുടെ ഒരു കാര്യസാധ്യവീഥിയാണ് ഇതെല്ലാമെന്ന്.


ഇങ്ങനെയൊക്കെ തരപ്പെടുത്തി പോകാന്‍ സാധ്യമായത് കൊണ്ടായിരിക്കാം
അനേകായിരം വര്‍ഷങ്ങളായിട്ടും മറ്റുപല ജീവിവര്‍ഗ്ഗങ്ങളും ലോകത്ത്‌ നാമാവശേഷമായിട്ടും മനുഷ്യകുലം പിന്നെയും പുഷ്പിച്ച്കൊണ്ടേയിരിക്കുന്നത്. 
മറ്റൊന്ന് ഇത്രയേറെ കൊന്നു തീര്‍ക്കുന്നുണ്ടെങ്കിലും
അത്രയൊന്നും രുചികരമല്ലാത്ത മാംസമായിരിക്കണം 
മനുഷ്യശരീരമെന്നു ഊഹിക്കേണ്ടിയിരിക്കുന്നു.
അങ്ങനെ അല്ലായിരുന്നെങ്കില്‍ ഈ എഴുത്തിന് പോലും സാധ്യതയെവിടെ?


ചിന്തകളും പ്രവ്യത്തികളും പ്രകാശഭരിതമായിരിക്കാന്‍
വെളുത്ത മനസ്സ്‌ കൊണ്ട് നാം ആശംസകള്‍ അര്‍പ്പിക്കും. 
അപ്പോഴും മനസ്സിന്റെ മറുഭാഗത്തെ  കറുപ്പിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന
വൈക്യതങ്ങള്‍ എന്തെന്ന് തന്നത്താന്‍ തിരിച്ചറിയുകയുമില്ല.
അവനവന്റെ തന്നെ പ്രവര്‍ത്തികളുടെ പ്രതികൂല പ്രതികരണം കണ്ട്
നമ്മള്‍ ആഗ്രഹിച്ചത്‌ ഇതല്ലല്ലോയെന്ന്‍ അമ്പരക്കുകയും ചെയ്യും.

അറിവ്‌ എപ്പോഴും ഭാരമാണ്.
ഒരു വിഡ്ഢിയായിരിക്കുന്നതിന്റെ സുഖം വിഡ്ഢി അറിയുകയുമില്ല.

No comments:

Post a Comment