Tuesday, January 31, 2012

സ്നേഹം.

എല്ലാ സ്നേഹബന്ധങ്ങളും മലിനമാകുന്നത് അതിന് ക്യത്യമായ ഉദ്ദ്യേശങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകുന്നത് കൊണ്ടാവാം. സ്നേഹം തന്നെ തന്റേതാണെന്നുള്ള വിചാരമാവാം. എന്തിനെ സ്നേഹിച്ചു തന്റേതാക്കുന്നുവോ അതൊരു മ്യതവസ്തുവേ അല്ലെന്നും, അതും അതിന്റെതായ പ്രതിപ്രവർത്തനങ്ങളില്‍ അഭിരമിക്കുന്നുവെന്നും സ്നേഹിക്കുന്നവന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വികാരങ്ങളും വിചാരങ്ങളും തന്നെപോലെ കൊണ്ടുനടക്കുന്ന ഏതൊരു മനുഷ്യനെയും, തന്റെ നിലനില്‍പ്പിനുള്ള ഒരുപകരണമായി പ്രയോജനപ്പെടുത്താൻ മനുഷ്യർ വിചാരിക്കുന്നിടത്താണ് സ്നേഹത്തിലെ ഈ മാലിന്യനിർമ്മാണം ആരംഭിക്കുന്നത്.

കൊടുത്തും വാങ്ങിയും വെറും രുചി ബന്ധങ്ങൾക്ക് മാത്രമായി പരസ്പരം സ്നേഹിക്കരുത്. ബന്ധങ്ങൾക്ക് ബന്ധങ്ങളുടേതായി സ്വതേ ഒരു രുചി ഉണ്ട്. പക്ഷെ ആരും അത് പരിഗണിക്കാറില്ല എന്നതാണ് സത്യം.

നമ്മൾ ചില ആളുകളെ സ്നേഹിക്കുന്നത് അവർ നമ്മളോട് അത്യധികമായ ഉദാരത പ്രകടിപ്പിക്കും എന്ന ആഗ്രഹചിന്തകൊണ്ടൊന്നുമല്ല. ഒരു പക്ഷെ നമുക്ക് തരാനായി പ്രയോജനകരമായ യാതൊന്നും അവരുടെ കയ്യിൽ ഉണ്ടാകണമെന്നുമില്ല. എങ്കിലും നമ്മളവരെ സ്നേഹിക്കുന്നു.

ഇതിനൊരു മറുവശം കൂടി പറയട്ടെ. അതാണ് രസകരം.

ശാരീരികമായി ജനിക്കാത്തവരാണല്ലൊ കഥകളിലെ മനുഷ്യർ. ഒരു പക്ഷെ ശരീരമുള്ള മനുഷ്യരേക്കാൾ എത്രയോ കഥാപാത്രങ്ങൾ നമ്മൾ സ്നേഹിക്കുന്നവരായി ഉണ്ട്. കടലാസിലോ സെല്ലുലോയിഡിലോ മാത്രം അസ്ഥിത്വമുള്ളവരായിട്ടും നാമവരെ സ്നേഹിക്കുകയാണ്. ഇനി വ്യക്തിപരമായ ഒരു കഥ പറയാം.

ഞാൻ ജീവിതത്തിൽ ഏറെ സ്നേഹിക്കുന്നവരിൽ ഒരാൾ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സാക്ഷാൽ ശ്രീ രാമക്യഷ്ണപരമഹംസരാണു. ഞാൻ ജനിക്കുന്നതിന് മുൻപ് അദ്ദേഹം ഭൂമിയിലെ വാസം മതിയാക്കി. എനിക്കാ‍കെ അദ്ദേഹത്തെ അറിയാവുന്നത് മറ്റുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് എഴുതിയ ജീവചരിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ സമാഹരിച്ച ഗ്രന്ഥത്തിലൂടെയുമാണ്. പക്ഷെ അദ്ദേഹത്തെ ഓർക്കുമ്പോൾ ഹ്യദയം എത്രമാത്രം ഹർഷപുളകിതമാകുന്നുവെന്ന് എനിക്ക് മാത്രമറിയാം. ഹ്യദയത്തിൽ നിറയുന്ന ഊഷ്മളമായ ആ ആഹ്ലാ‍ദമാണ് ഞാനെത്രമാത്രം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത്.

നമ്മളിൽ നിന്ന് ഖരദ്രവ്യവായു രൂപത്തിൽ ഒന്നും തന്നെ ലഭിക്കുകയില്ലായെന്ന് ക്യത്യമായി അറിഞ്ഞിട്ടും നമ്മളെ ഗാഡമായി സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ട് എന്ന് തന്നെ വിശ്വസിക്കണം. അവർ പക്ഷെ ആ അനുഭവം നമ്മളുമായി പങ്കുവെച്ചുവെന്ന് വരില്ല. അത് അവരുടെ മാത്രം ആനന്ദമാണ്. അതിനെ അളക്കാനും തൂക്കാനും കഴിയുന്ന ഉപകരണങ്ങൾ ലോകം കണ്ടുപിടിച്ചിട്ടില്ല.
സ്നേഹത്തിന്റെ മറ പിടിച്ച് കൊടുക്കാനും വാങ്ങാനും കാത്ത് നിൽക്കുന്നവർ വെറും വാണീഭക്കാർ മാത്രമാണ്. അവർ വസ്തുക്കളുടെ അളവിലും തൂക്കത്തിലും അഭിരമിക്കുന്നവരാണ്. ഇതിലെ ദുഃഖം, ഈ സ്നേഹവ്യാപാരികൾ തങ്ങൾ കൊടുക്കുന്നതിനെ കുറിച്ച് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കും. കേൾക്കുന്നവന് മസ്തിഷ്ക അജീർണ്ണം വർദ്ധിക്കാവുന്നതരത്തിൽ അരോചകമായിരിക്കുമത്.

സ്നേഹത്തിനു പുറത്ത് കൊടുത്തതും വാങ്ങിച്ചതും കണക്കുകളിലേക്ക് ഒതുക്കാനാവുന്നതല്ലായെന്ന് തിരിച്ചറിയാൻ മാത്രം പ്രായമാകാറില്ല മനുഷ്യർക്ക്. ലോകത്തോടുള്ള അതിരറ്റ സ്നേഹമാണ് മനുഷ്യരുടെ എല്ലാ പ്രവർത്തികളുടെ കാതൽ എന്നിരിക്കെ, അതിന് വിലയിട്ട് ചെറുതാകാൻ ഏത് മനുഷ്യനാണ് മോഹിക്കുക.

സ്നേഹം ഒരാനന്ദമാണ്. ആനന്ദമാകട്ടെ ആ‍ത്മനിഷ്ഠവും. കണക്ക് അക്കങ്ങളുടെ മാത്രം ഒരു ജീവിതമാണ്. ആത്മാവിന് എങ്ങനെയാന് ആനന്ദത്തിന്റെ കണക്ക് പഠിപ്പിക്കുക…? പ്രത്യേകിച്ചും അതെന്നും പരമാനന്ദഭാവത്തില്‍ നമ്മളായി തന്നെ നിലനില്‍ക്കേ ....

പക

ലോകം നാനാവിധത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, അതിനനുസാരിയായി മനുഷ്യന്റെ ബോധമണ്ഡലത്തിൽ നന്മയുടെ നേർഭാഗം ചുരുങ്ങി ചുരുങ്ങി വരികയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മുൻ കാലങ്ങളെ പോലെയല്ലാതെ , പലപ്പോഴും മനുഷ്യർ, തങ്ങളിൽ തന്നെയുള്ള തീരെ ചെറിയ അഭിപ്രായ വിത്യാസങ്ങളിൽ പോലും പ്രതികരിക്കുന്ന രൂക്ഷരീതികൾ ആശങ്കയുളവാക്കുന്ന തരത്തിൽ ഭീതിതമാണ്. നിസ്സാര വസ്തുതകളിൽ ജനിക്കുന്ന നിരുപദ്രവകരമാകാവുന്ന ഭിന്നതകൾ അൽപ്പം പോലും സഹിഷ്ണുതയുടെ സാധ്യതകൾ തേടാതെ കടുത്ത പകക്ക് കാരണമായി തീരുന്നു. അതിന്റെ പ്രതികാര വഴികൾ ആകട്ടെ ഭയവിഹല്വമാക്കുകയും ചെയ്യുന്നു. അത്തരം ഒരു കാലദൈർഘ്യത്തിലൂടെയാണ് മനുഷ്യർ നടന്നുനീങ്ങുന്നത്.

നിരന്തരമായി പ്രതികാരത്തെ ഉല്പാദിപ്പിക്കുന്ന ഒരു രസത്വരകമായി തന്നെ വ്യാഖ്യാനിക്കപ്പെടേണ്ട ഒന്നാണ് പക. പഴയ ഗോത്രബോധത്തിൽ നിന്ന് ഇറങ്ങി വരുന്ന പ്രതികൂലഘടകങ്ങളുടെ ബാക്കിപത്രം. വലിയ പ്രതികാരങ്ങളെ സൂചിപ്പിക്കാൻ നമ്മൾ അതിനോടൊത്ത് പകയെ ചേർത്ത് പറയാറുണ്ട്. കുടിപ്പക, ആനപ്പക തുടങ്ങിയെല്ലാം കടന്നുവന്നത് അങ്ങിനെയാണ്. ആരിൽ നിന്ന് എപ്പോൾ ഇത് പുറപ്പെട്ട് വരുമെന്നറിയാതെ, അന്തർ വിഹ്വലതകൾ കൊണ്ട് വിറയാലായിപോകുന്നു ഇക്കാലത്ത് ജീവിതം.

നമുക്ക് ഉത്തമ ബോധ്യമുള്ള ഒരു വസ്തുതയുടെ ഉറപ്പിൽനിന്നാവും ഒരു പക്ഷെ ഒരു ചർച്ചയിൽ നമ്മൾ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ അഭിപ്രായം ഉന്നയിക്കുന്നത്. അതു കേട്ടുനിൽക്കുന്ന ആൾക്ക് കേട്ടത് ക്യത്യമായി ബോധ്യപ്പെടണമെന്നില്ല. ബോധ്യാബോധം നിർമ്മിച്ചെടുക്കാവുന്ന ഏറ്റവും അരികിൽ നിൽക്കുന്ന ദുരന്തം, കേട്ടുനിൽക്കുന്ന ആൾക്ക് വെറുതെയെങ്കിലും തോന്നിക്കാവുന്ന, തനിക്ക് പ്രതികൂലമാണല്ലോ ഈ പരാമർശങ്ങൾ എന്ന ചിന്തയാണ്. അങ്ങനെ അയാൾക്ക് തോന്നുന്നതോടെ പറഞ്ഞയാളുടെ നരകം അവിടെ തുടങ്ങുന്നു. എതിരിടലിന്റെ ശരമാരി വിരിയുകയായി.

ഒരാൾ അയാൾക്ക് ഉറപ്പുള്ള വസ്തുത പരമാവധി ശക്തമായും സമർത്ഥമായും അവതരിപ്പിക്കുക സ്വാഭാവീകം. പക്ഷെ ഇത് മറ്റേ വ്യക്തിയിൽ ഉണ്ടാക്കാവുന്ന പ്രതികരണം അത്രയൊന്നും നിഷ്കളങ്കമായിരിക്കണം എന്നില്ല. വസ്തുതകൾ എത്രമാത്രം സത്യസന്ധമായാലും വാദങ്ങളെ കൊണ്ട് അയാൾ ക്ഷീണിക്കപ്പെടുകയാണെങ്കിൽ, വ്യക്തിപരമായ ഒരു തോൽവിയായി തന്നെയാവും അയാൾ അത് വായിച്ചെടുക്കുക. അത് പക്ഷെ ആശയപരമായ പാളിച്ചയല്ല, പകരം മറ്റേയാൾ തന്റെ ദുസ്സാമർത്ഥ്യം കൊണ്ട് തന്നെ ജയിക്കുകയായിരുന്നു എന്ന അപകർഷതയാവും അയാളെ ഭരിക്കുക. സ്വയം താഴ്ന്നുപോയി എന്നതിനപ്പുറത്ത്, മറ്റൊരാൾ തന്നിൽ അധീശത്വം പുലർത്തി എന്ന തോന്നലാവും അയാളെ പീഡിപ്പിക്കുക. വൈരുദ്ധ്യമെന്തെന്നാൽ ഒരു ജീവിയും യജമാനന്മാരെ ആഗ്രഹിക്കുന്നില്ല. പക്ഷെ യജമാനന്മാരാവാൻ ആഗ്രഹിക്കുന്നുണ്ട് താനും. യജമാന ഭാവത്തിന് ഏൽക്കുന്ന മുറിവ് ഗാഡമായി അവനെ സ്വാധീനിക്കുന്നു. അത് പകയായി രൂപപ്പെടുകയും പ്രതികാരമായി പൊട്ടിയൊലിക്കുകയും ചെയ്യും.

ഇതിനൊക്കെ ഒരറുതിവേണമെന്ന് ആരാണാഗ്രഹിക്കാത്തത് ? പക്ഷെ ഞാൻ തന്നെ എന്നിൽ ഒരുപജാപകനെ വളർത്തി വലുതാക്കുമ്പോൾ എനിക്കെങ്ങെനെയാണ് അതിനു പരിഹാരം തേടാനാവുക..?

തനിക്ക് പ്രയോജനകരമല്ലാത്തതാണ് സംഭവങ്ങളുടെ ഫലശ്രുതിയെങ്കിൽ “ പതിനാറ് പണവും വേണ്ട പാതിരാത്രിക്ക് ചണ്ടിക്കുളത്തിൽ ചാടുകയും വേണ്ട ” എന്ന നയമായിരിക്കും പിന്തുടരുക.തനിക്ക് ഉപദ്രവമുണ്ടാകും എന്നുറപ്പുള്ളിടത്ത് തന്റെ അഭിപ്രായങ്ങൾ എന്ത് പ്രലോഭനമുണ്ടായാലും വെളിപ്പെടുത്താതിരിക്കുക. പ്രതികാരബുദ്ധി ഒരിക്കൽ കാണിച്ച മനുഷ്യരിൽ നിന്ന് ഒരുപാട് കാതം അകലെ മാറി നടക്കുക. ഇങ്ങനെയൊക്കെ ആയിരിക്കും മനുഷ്യർ തങ്ങളെ തന്നിൽ സംരക്ഷിക്കുക.

കുഞ്ഞുങ്ങളുണ്ടായി പ്രാരാബ്ധങ്ങളിൽ മുങ്ങിപ്പോകാതിരിക്കാൻ പണ്ടൊരാൾ പറഞ്ഞത് ഇങ്ങിനെയായിരുന്നു. “അകലേ കിടന്നാൽ പകലേ ഉറങ്ങാം” !! പലരും ഈ വാചകം ഒരു സുരക്ഷയായി കൊണ്ടുനടക്കുന്നു.

യുഗങ്ങളായി സംസ്കാരങ്ങൾ ഏറെ വന്നുപോയിട്ടും മതങ്ങളും മതപ്രവാചകരും തിരിഞ്ഞുമറിഞ്ഞുവന്നിട്ടും കാര്യമായി മാറാനൊന്നും തയ്യാറാവാതെ മനുഷ്യരായി കഴിയുന്നവരെ കുറിച്ച് എന്ത് പ്രതീക്ഷ പുലർത്താനാണ്….?

Sunday, January 15, 2012

അധാർമ്മീകതയുടെ പാഠങ്ങൾ


                                                                                                                              
സമകാലിക മലയാള ജീവിതത്തിന്റെ കാപട്യങ്ങളിലേക്ക് അതിശക്തമായ പ്രകാശം പ്രസരിപ്പിച്ച രണ്ട് ക്രിമിനൽ കേസുകളായിരുന്നു ഐസ്ക്രീം പാർലർ, അഭയ കേസുകൾ.
നമ്മുടേതായ രീതിയിലുള്ള ജനാധിപത്യ വ്യവസ്ഥിതിയിൽ നിയമങ്ങൾ നടപ്പാക്കേണ്ട സ്ഥാപനങ്ങളുടെ നടത്തിപ്പ് എത്രമാത്രം ദുർബ്ബലമാണ് എന്നതിന്റെ ഒന്നാം തരം തെളിവുകളാണ് ഈ രണ്ട് കേസുകളും.
കുറ്റങ്ങളുടെ ഗൌരവത്തേക്കാൾ അതിന്റെ വിചാരണയിൽ നിന്ന് കുതറി ചാടാൻ അതിലെ പ്രതികൾ കാണിച്ച സാമർത്ഥ്യം മാത്രമാണ് ഈ കേസുകളെ വ്യത്യസ്ഥമാക്കുന്നത്.
കുറ്റം ചെയ്തതിന് ലഭിക്കാവുന്ന ശിക്ഷയെയല്ല മറിച്ച് കുറ്റം യഥാർത്ഥത്തിൽ നടന്നുവൊ എന്ന് തെളിയിക്കാനുള്ള ശ്രമത്തെയാണ്, അത് ചെയ്യേണ്ട സ്ഥാപനങ്ങൾ സംഘടിതമായി തകർത്ത് കളഞ്ഞത്. ഇത് നമ്മുടെ സംവിധാനത്തിന്റെ തന്നെ തകർച്ചയെയാണ് കാണിക്കുന്നത്. നമ്മുടെ തിരഞ്ഞെടുപ്പിലെ അപാകതകൾ മൂലം, ഉന്നതമായ ധാർമ്മീക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കേണ്ട സ്ഥാനങ്ങളിൽ പലപ്പോഴും എത്തിപ്പെടുന്നത് സഖാവ്. എം. വി. ജയരാജൻ സൂചിപ്പിച്ച പേര് അന്വർത്ഥമാക്കുന്ന തരത്തിലുള്ള വ്യക്തികളാണെന്നത് പകൽ പോലെ സത്യമാണ്. അത് ക്യത്യമായും വ്യക്തമായും തെളിയിക്കപ്പെട്ടത് ഈ രണ്ട് കേസുകളിലൂടെയായിരുന്നു.
ചില വസ്തുതകളെ വ്യാപാരാടിസ്ഥാനത്തിൽ വിലയിരുത്താനാവില്ല. അത്തരം വസ്തുതകളെയാണ് നാം മൂല്യങ്ങൾ എന്ന് വ്യവഹരിക്കുന്നത്. ധാർമ്മീകത എന്നതാകട്ടെ മൂല്യങ്ങളിൽ തന്നെ അമൂല്യവും.ഒരു സമൂഹം നിലനിൽക്കണമെങ്കിൽ മൂല്യങ്ങളുടെ ഒരു സമതുലനം അത്യാവശ്യമാണ്.എല്ലാവരും കള്ളന്മാരും, കയ്യൂക്കുള്ളവർ മാത്രം കാര്യക്കാരും ആകുന്ന ഒരു സമൂഹത്തിനും നിലനിൽക്കാനാവില്ല. ഇല്ലാത്ത ഗർഭ്ഭം ഉണ്ടെന്ന് ഭാവിച്ച് ശാപം പിടിച്ച് വാങ്ങി പരസ്പരം കലഹിച്ച് തമ്മിൽ തല്ലി ചാകുകയായിരുന്നു യാദവവംശം എന്ന് ഭാഗവതകാരൻ രേഖപ്പെടുത്തുന്നു.എന്താണ് യാദവവംശത്തിന്റെ പ്രാധാന്യം ? ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും ശക്തനായി വ്യവഹരിക്കപ്പെടുന്ന സക്ഷാൽ ഭഗവാൻ ശ്രീക്യഷ്ണന്റെ വംശമാണത്. ഇതൊരു മുന്നറിയിപ്പാണ്. ഭയപ്പെടുത്തലല്ല. ഇതൊരു പക്ഷെ ഞങ്ങളുടെ പുരാണ ഗ്രന്ഥങ്ങളിൽ ഇല്ലായെന്ന് ഈ കേസിൽ ഉൾപ്പെട്ടവർക്ക് പറഞ്ഞുനിൽക്കാം. പക്ഷെ സമാനമായ സാഹചര്യങ്ങളാണ് മുഹമ്മദ് നബി() യും ഭഗവാൻ ക്യസ്തുവും നേരിട്ടതെന്ന് അവർക്കറിയാത്തതാവില്ല. ആത്യന്തീകമായി അവരും അവ്യവസ്ഥകൾക്കെതിരെ ആയിരുന്നു പോരാടിയത്.
ചില ഹോർമോണുകളുടെ ധാരാളത കൊണ്ടുണ്ടാകുന്ന അസുഖങ്ങൾക്ക് അവയെ കുറച്ചുകൊണ്ട് സമതുലനം പാലിക്കാവുന്ന ചികിത്സാവിധികൾ രാജ്യത്ത് ഉണ്ടെന്നിരിക്കെ അവർക്കത് സ്വീകരിക്കാമായിരുന്നു.ഇനി അതല്ലെങ്കിൽ വ്യവസ്ഥാപിതമായി തന്നെ ഇത്തരം ആളുകളെ ആനന്ദിപ്പിക്കുന്നതിനായി വ്യാപാരടിസ്ഥാനത്തിൽ പ്രയത്നിക്കുന്ന ധാരാളം സ്ഥാപനവൽക്കരിക്കപ്പെട്ട കേന്ദ്രങ്ങളും വ്യക്തികളും ഉണ്ട്. മിനിമം ഈ രണ്ടു കേസുകളിലെയും കക്ഷികൾക്ക് അവരെയെങ്കിലും പ്രയോജനപ്പെടുത്താമായിരുന്നു.
അഭയകേസിൽ പ്രതി ചേർക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് ആനന്ദിക്കുന്നതിനായി കുറച്ചുകൂടി സ്വകാര്യത ഉള്ള ഒരു സ്ഥലം കണ്ടെത്താമായിരുന്നു. മറ്റുള്ളവർ കൂടി പൊതുവായി ഇടപെടുന്ന അടുക്കള പോലെ ഒരിടം ഒഴിവാക്കാമായിരുന്നു. ഇത്തരം പ്രാഥമീകമായ മുൻ കരുതലുകൾക്ക് പോലും സമയം കണ്ടെത്താനാവാത്ത ഇവർ ഒരു സമൂഹത്തിന്റെ മുഴുവൻ സ്വാസ്ഥ്യവും കെടുത്തുന്ന നിയമലംഘനവ്യവസ്ഥയാണ് സ്ഥാപിച്ചെടുത്തത്. ഈ അപകടാവസ്ഥയാണ് ഈ കേസുകളെ ഇന്നും പ്രസ്ക്തമാക്കി നിർത്തുന്നത്.
വെറും ഒരു നൂറ് രൂപ ജീവനാംശം ഒരു സാധുസ്ത്രീക്ക് നിഷേധിക്കുന്നതിന് മാത്രം നിയമനിർമ്മാണം നടത്തി, ഒരു വലിയ വിഭാഗം ജനങ്ങളുടെ ആത്മരക്ഷയെ തന്നെ അപകടത്തിലാക്കിയ അവിവേവികളായ അസുരന്മാർ ഭരണം നടത്തുന്ന ജനാധിപത്യമാണ് നമ്മുടേത്. അത്തരം രാജ്യത്ത് ഉള്ള നിയമവ്യവസ്ഥകൾ പോലും ദുർബ്ബലമാക്കാൻ കഠിനമായി ശ്രമിക്കുന്ന ഇത്തരം കുറ്റവാളികളും, ചില്ലറ സാമ്പത്തീക ലാഭങ്ങൾക്ക് വേണ്ടി ഒരു വ്യവസ്ഥിതിയെ തന്നെ തകർക്കാൻ കൂട്ടുനിൽക്കുന്ന അല്പബുദ്ധികളായ നടത്തിപ്പുകാരും ചേർന്ന് ജനങ്ങളെ ഭയപ്പെടുത്തുകയാണ്.
ഐസ്ക്രീം കേസ് അട്ടിമറിക്കാൻ ധനസ്വാധീനാദികളാൽ അഹോരാത്രം ശ്രമപ്പെട്ട കക്ഷി, താൻ പ്രതി ചേർക്കപ്പെട്ടാലുണ്ടാകാവുന്ന അപമാനകരമായ അവസ്ഥ തന്റെ സാമൂഹ്യസ്ഥിതിയെ ബാധിക്കാതിരിക്കാനാവണം ഇത്ര പണിപ്പെട്ടത്.എന്നിട്ടെന്തുണ്ടായി? ഉള്ളതും ഇല്ലാത്തതുമായ കാക്കത്തൊള്ളായിരം കഥകളിലൂടെ അതിദയനീയമായി നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു ഈ വിനീതൻ.“ ഇത്രയേറെ അപകർഷതയോടെ അധികാരസ്ഥാനത്തിരിക്കുന്നതിലും ഭേദം ആത്മാഭിമാനമുണ്ടായിരുന്നെങ്കിൽ ആത്മാഹത്യപരമായി മറ്റെന്തുണ്ട്?
അഭയ കേസിലാകട്ടെ, തനിക്ക് തന്റെ ലൈംഗീകാനന്ദത്തിന് ഒന്നിലേറേ പുരുഷന്മാരുടെ സഹായം ആവശ്യമുണ്ടെന്ന് ബോധത്തിലോ അബോധത്തിലോ അവർ പിറുപിറുക്കുന്നത് ലോകം മുഴുവനുമുള്ള വിശ്വാസികളും കണ്ടുരസിച്ചു. പൊതു സമൂഹത്തിനുമുന്നിൽ ഇവർ പ്രത്യക്ഷപ്പെടുമ്പോൾ ഒരു സ്ത്രീ ശരീരം നൽകുന്ന സൂചനകളുടെ അർത്ഥങ്ങളിലേക്ക് കണ്ണുപായിക്കുകയാണ് സമൂഹം എന്നതിലേറെ അപമാനകരമായി ഒരു സ്ത്രീക്ക് മറ്റെന്തുണ്ട്?
എവിടെയാണ് ഇതെല്ലാം മറച്ചുപിടിക്കുക? ഡെന്മാർക്കിൽ ചീഞ്ഞുനാറുന്നത് ഗന്ധംകൊണ്ടെങ്കിലും നാടറിയും എന്ന് തിരിച്ചറിയാൻ കഴിയാത്ത വിഡ്ഡികളായിരുന്നുവോ ഇവർ? ഇവരുണ്ടാക്കിയ അപായകരമായ സംഗതി സകല മൂല്യങ്ങളോടും പുറം തിരിഞ്ഞുനിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു എന്നതാണ്. ഈ തകർച്ചയെ അതിജീവിക്കാൻ കേരളത്തിലെ സാമാന്യജനത്തിന് കഴിയുമോ? അതു മാത്രമാണ് ചോദ്യം.?!!!