Tuesday, January 31, 2012

പക

ലോകം നാനാവിധത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, അതിനനുസാരിയായി മനുഷ്യന്റെ ബോധമണ്ഡലത്തിൽ നന്മയുടെ നേർഭാഗം ചുരുങ്ങി ചുരുങ്ങി വരികയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മുൻ കാലങ്ങളെ പോലെയല്ലാതെ , പലപ്പോഴും മനുഷ്യർ, തങ്ങളിൽ തന്നെയുള്ള തീരെ ചെറിയ അഭിപ്രായ വിത്യാസങ്ങളിൽ പോലും പ്രതികരിക്കുന്ന രൂക്ഷരീതികൾ ആശങ്കയുളവാക്കുന്ന തരത്തിൽ ഭീതിതമാണ്. നിസ്സാര വസ്തുതകളിൽ ജനിക്കുന്ന നിരുപദ്രവകരമാകാവുന്ന ഭിന്നതകൾ അൽപ്പം പോലും സഹിഷ്ണുതയുടെ സാധ്യതകൾ തേടാതെ കടുത്ത പകക്ക് കാരണമായി തീരുന്നു. അതിന്റെ പ്രതികാര വഴികൾ ആകട്ടെ ഭയവിഹല്വമാക്കുകയും ചെയ്യുന്നു. അത്തരം ഒരു കാലദൈർഘ്യത്തിലൂടെയാണ് മനുഷ്യർ നടന്നുനീങ്ങുന്നത്.

നിരന്തരമായി പ്രതികാരത്തെ ഉല്പാദിപ്പിക്കുന്ന ഒരു രസത്വരകമായി തന്നെ വ്യാഖ്യാനിക്കപ്പെടേണ്ട ഒന്നാണ് പക. പഴയ ഗോത്രബോധത്തിൽ നിന്ന് ഇറങ്ങി വരുന്ന പ്രതികൂലഘടകങ്ങളുടെ ബാക്കിപത്രം. വലിയ പ്രതികാരങ്ങളെ സൂചിപ്പിക്കാൻ നമ്മൾ അതിനോടൊത്ത് പകയെ ചേർത്ത് പറയാറുണ്ട്. കുടിപ്പക, ആനപ്പക തുടങ്ങിയെല്ലാം കടന്നുവന്നത് അങ്ങിനെയാണ്. ആരിൽ നിന്ന് എപ്പോൾ ഇത് പുറപ്പെട്ട് വരുമെന്നറിയാതെ, അന്തർ വിഹ്വലതകൾ കൊണ്ട് വിറയാലായിപോകുന്നു ഇക്കാലത്ത് ജീവിതം.

നമുക്ക് ഉത്തമ ബോധ്യമുള്ള ഒരു വസ്തുതയുടെ ഉറപ്പിൽനിന്നാവും ഒരു പക്ഷെ ഒരു ചർച്ചയിൽ നമ്മൾ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ അഭിപ്രായം ഉന്നയിക്കുന്നത്. അതു കേട്ടുനിൽക്കുന്ന ആൾക്ക് കേട്ടത് ക്യത്യമായി ബോധ്യപ്പെടണമെന്നില്ല. ബോധ്യാബോധം നിർമ്മിച്ചെടുക്കാവുന്ന ഏറ്റവും അരികിൽ നിൽക്കുന്ന ദുരന്തം, കേട്ടുനിൽക്കുന്ന ആൾക്ക് വെറുതെയെങ്കിലും തോന്നിക്കാവുന്ന, തനിക്ക് പ്രതികൂലമാണല്ലോ ഈ പരാമർശങ്ങൾ എന്ന ചിന്തയാണ്. അങ്ങനെ അയാൾക്ക് തോന്നുന്നതോടെ പറഞ്ഞയാളുടെ നരകം അവിടെ തുടങ്ങുന്നു. എതിരിടലിന്റെ ശരമാരി വിരിയുകയായി.

ഒരാൾ അയാൾക്ക് ഉറപ്പുള്ള വസ്തുത പരമാവധി ശക്തമായും സമർത്ഥമായും അവതരിപ്പിക്കുക സ്വാഭാവീകം. പക്ഷെ ഇത് മറ്റേ വ്യക്തിയിൽ ഉണ്ടാക്കാവുന്ന പ്രതികരണം അത്രയൊന്നും നിഷ്കളങ്കമായിരിക്കണം എന്നില്ല. വസ്തുതകൾ എത്രമാത്രം സത്യസന്ധമായാലും വാദങ്ങളെ കൊണ്ട് അയാൾ ക്ഷീണിക്കപ്പെടുകയാണെങ്കിൽ, വ്യക്തിപരമായ ഒരു തോൽവിയായി തന്നെയാവും അയാൾ അത് വായിച്ചെടുക്കുക. അത് പക്ഷെ ആശയപരമായ പാളിച്ചയല്ല, പകരം മറ്റേയാൾ തന്റെ ദുസ്സാമർത്ഥ്യം കൊണ്ട് തന്നെ ജയിക്കുകയായിരുന്നു എന്ന അപകർഷതയാവും അയാളെ ഭരിക്കുക. സ്വയം താഴ്ന്നുപോയി എന്നതിനപ്പുറത്ത്, മറ്റൊരാൾ തന്നിൽ അധീശത്വം പുലർത്തി എന്ന തോന്നലാവും അയാളെ പീഡിപ്പിക്കുക. വൈരുദ്ധ്യമെന്തെന്നാൽ ഒരു ജീവിയും യജമാനന്മാരെ ആഗ്രഹിക്കുന്നില്ല. പക്ഷെ യജമാനന്മാരാവാൻ ആഗ്രഹിക്കുന്നുണ്ട് താനും. യജമാന ഭാവത്തിന് ഏൽക്കുന്ന മുറിവ് ഗാഡമായി അവനെ സ്വാധീനിക്കുന്നു. അത് പകയായി രൂപപ്പെടുകയും പ്രതികാരമായി പൊട്ടിയൊലിക്കുകയും ചെയ്യും.

ഇതിനൊക്കെ ഒരറുതിവേണമെന്ന് ആരാണാഗ്രഹിക്കാത്തത് ? പക്ഷെ ഞാൻ തന്നെ എന്നിൽ ഒരുപജാപകനെ വളർത്തി വലുതാക്കുമ്പോൾ എനിക്കെങ്ങെനെയാണ് അതിനു പരിഹാരം തേടാനാവുക..?

തനിക്ക് പ്രയോജനകരമല്ലാത്തതാണ് സംഭവങ്ങളുടെ ഫലശ്രുതിയെങ്കിൽ “ പതിനാറ് പണവും വേണ്ട പാതിരാത്രിക്ക് ചണ്ടിക്കുളത്തിൽ ചാടുകയും വേണ്ട ” എന്ന നയമായിരിക്കും പിന്തുടരുക.തനിക്ക് ഉപദ്രവമുണ്ടാകും എന്നുറപ്പുള്ളിടത്ത് തന്റെ അഭിപ്രായങ്ങൾ എന്ത് പ്രലോഭനമുണ്ടായാലും വെളിപ്പെടുത്താതിരിക്കുക. പ്രതികാരബുദ്ധി ഒരിക്കൽ കാണിച്ച മനുഷ്യരിൽ നിന്ന് ഒരുപാട് കാതം അകലെ മാറി നടക്കുക. ഇങ്ങനെയൊക്കെ ആയിരിക്കും മനുഷ്യർ തങ്ങളെ തന്നിൽ സംരക്ഷിക്കുക.

കുഞ്ഞുങ്ങളുണ്ടായി പ്രാരാബ്ധങ്ങളിൽ മുങ്ങിപ്പോകാതിരിക്കാൻ പണ്ടൊരാൾ പറഞ്ഞത് ഇങ്ങിനെയായിരുന്നു. “അകലേ കിടന്നാൽ പകലേ ഉറങ്ങാം” !! പലരും ഈ വാചകം ഒരു സുരക്ഷയായി കൊണ്ടുനടക്കുന്നു.

യുഗങ്ങളായി സംസ്കാരങ്ങൾ ഏറെ വന്നുപോയിട്ടും മതങ്ങളും മതപ്രവാചകരും തിരിഞ്ഞുമറിഞ്ഞുവന്നിട്ടും കാര്യമായി മാറാനൊന്നും തയ്യാറാവാതെ മനുഷ്യരായി കഴിയുന്നവരെ കുറിച്ച് എന്ത് പ്രതീക്ഷ പുലർത്താനാണ്….?

No comments:

Post a Comment