Friday, May 25, 2012

ആത്മാഹത്യ





യൂ ഏ യില്‍ കഴിഞ്ഞ വര്‍ഷം  ആത്മാഹത്യ ചെയ്ത മലയാളികളുടെ എണ്ണം നൂറ്റിഎഴുപത്തൊമ്പത്‌ . ഈ വര്‍ഷം  ഒമാനില്‍ നിന്നുവരുന്ന കണക്ക്‌ ആറുദിവസത്തില്‍ ഒരു മലയാളി എന്ന കണക്കില്‍ ആത്മഹത്യ ചെയ്യുന്നു എന്നതാണ്.


ജനിമ്യതിക്കിടയിലെ ഏതെങ്കിലും ഒരു ബിന്ദുവില്‍ വെച്ച് ഒരിക്കലെങ്കിലും ഒരു വട്ടം ആത്മഹനനചോദന പ്രലോഭിപ്പിക്കാതെ, ഏതെങ്കിലും ഒരു ജീവിതം മ്യതികവാടവും കടന്നു യാത്ര തുടര്‍ന്നിരിക്കാനിടയുണ്ടോ?


ജീവിതത്തില്‍ ആദ്യം  കണ്ട മരണം ഒരാത്മഹത്യയായിരുന്നു.

ധനുമാസത്തിലെ കുളിരുള്ള ആ പ്രഭാതത്തില്‍ , നേരിയ മഞ്ഞ് ആവരണമിട്ട കുഞ്ഞു ചെടികളില്‍ മഞ്ഞ മുക്കുറ്റി പൂക്കള്‍ വിടര്‍ന്നു   നിന്നിരുന്നു.നനഞ്ഞവിറക്‌ ചീന്തിപൊളിക്കുന്ന ശബ്ദത്തില്‍ കാതില്‍ വീണ കരച്ചിലിലേക്കാണ് ഞാനുണര്‍ന്നത് . പതിയെ കരച്ചിലിനെ പിന്തുടര്‍ന്നു  ഞാനെത്തിപ്പെട്ടത് അയല്‍ വീട്ടിലെ കശുമാവിന്‍ തൊടിയിലായിരുന്നു. അവിടെ അത്രയൊന്നും ഉയരമില്ലാത്ത ഒരു ചെറിയ പുളിമാവിന്റെ ദുര്‍ബ്ബലമായ കൊമ്പില്‍ അദ്ദേഹം ചാരി നില്ക്കു കയായിരുന്നു. തൂങ്ങി കിടന്ന ഒരു ചകിരിക്കയര്‍ അദ്ദേഹം വീഴാതെ താങ്ങുന്നത് പോലെ തോന്നിച്ചു. തല ചേര്‍ത്ത് മുഖമടക്കി കെട്ടിയ ഒരു മുഴിഞ്ഞു തുടങ്ങിയ വെള്ള തുണികഷണവും ആടി ഭാഗത്ത്‌ കൂട്ടം കൂടി നിന്ന ഈച്ചകളും ഇപ്പോഴും കണ്മുന്നിലുണ്ട്.


വളരെ നാളുകള്‍ക്ക്   ശേഷമാണ് തിരിച്ചറിയുന്നത് കവിളിലെ കാന്‍ സറിന്റെ  കഠിന വേദന സഹിക്കാനാവാതെ ചന്തുവേട്ടന്‍ സ്വയം തിരഞ്ഞെടുത്ത ആശ്വാസ മാര്‍ഗ്ഗമായിരുന്നു ആത്മാഹത്യയെന്ന്.


ഏറുകൊണ്ട പട്ടിയെ പോലെ തെരുവില്‍ വട്ടം കറങ്ങിയുഴലുന്ന ജീവിതത്തിന് പല വിധ വേദനകളില്‍ നിന്നുള്ള ആശ്വാസത്തിനായി ആശ്രയിക്കാവുന്ന ഒരു പ്രതിക്രിയയാണ് ആത്മാഹത്യയെന്ന് എങ്ങനെയോ മനുഷ്യരില്‍  ഉറച്ചുപോയിരിക്കുന്നു.


മരുഭൂമിയില്‍ മണല്‍ വിരുന്നുണ്ട് കഴിഞ്ഞ സുഭഗകാലത്തിലെപ്പോഴോ ഒമാനില്‍ നിന്നെത്തിയ ഒരു പത്രവാര്‍ത്ത ഹ്യദയഭേദകമായിരുന്നു. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛനും അമ്മയും ആത്മാഹത്യ ചെയ്തു.


ആ അച്ഛന്‍ എന്നോടോത്ത് പത്ത്‌പതിനഞ്ചു വര്‍ഷങ്ങള്‍ , ബാല്യ കൗമാരത്തിലൂടെ രാഗദ്വേഷങ്ങള്‍ പങ്കുവെച്ച് കളിച്ചു രസിച്ച വളര്‍ന്ന    ചന്ദ്രനായിരുന്നു. ചന്ദ്രന്റെ മുഖം എപ്പോഴും ക്രുദ്ധമായിരുന്നു. അപൂര്‍വ്വ   മായേ ചന്ദ്രന്‍ ചിരിച്ച് കണ്ടിട്ടുള്ളൂ . ചുരുണ്ട മുടിയുള്ള ചട്ടി കമഴ്ത്തിയ പോലെ തലയുള്ള ചന്ദ്രനെ ചട്ടിത്തലയന്‍ എന്നതിനേക്കാള്‍ ചക്കകൂനന്‍ എന്നാണു ഞങ്ങള്‍ വിളിച്ചത്. നാട്ടിലെ ചക്ക വില്പനക്കാരനായിരുന്നു ചന്ദ്രന്റെ മുത്തച്ഛന്‍.

ഒമാനില്‍ സ്വന്തമായി ബാക്കാലയുള്ള(പലചരക്ക്‌ കട)  ചന്ദ്രന്‍ പൊതുവേ സമ്പന്നനായാണ് അറിയപ്പെട്ടത്.  എന്നിട്ടും എന്ത് തരം വേദനകളാണ് ചന്ദ്രനെ ഈയൊരു ക്രൂരതയിലേക്കും തുടര്‍ന്ന്‍     ആത്മഹനനത്തിലേക്കും നയിച്ചതെന്നു  നമ്മളെ അറിയിക്കാന്‍ ചന്ദ്രനിനിയും തിരിച്ചുവരുമോയെന്തോ?


ആത്മാഹത്യ പക്ഷെ ഒരു പ്രകമ്പനമായി മനസ്സിലേക്കിടിച്ചുകയറിയത് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ "അന്നകരിനീനെ"യിലെ അന്നയുടെ മരണത്തിലൂടെയായിരുന്നു. ടോള്‍സ്റ്റോയിയുടെ തന്നെ വിവരണത്തിലേക്ക് :- 
 [പെട്ടെന്ന് അവളുടെ മനസ്സിലൂടെ ബാല്യകാലസ്മരണകള്‍ കടന്നുപോയി. ആനന്ദം നിറഞ്ഞ കഴിഞ്ഞകാല ജീവിതം ഒരു നിമിഷം അവളുടെ മനസ്സില്‍ പ്രകാശം ചൊരിഞ്ഞു. എന്നാല്‍ അവളുടെ കണ്ണുകള്‍ അടുത്ത്‌ വന്നുകൊണ്ടിരുന്ന രണ്ടാമത്തെ ബോഗിയിലെ ചക്രങ്ങളില്‍ ആയിരുന്നു. ചക്രങ്ങള്‍ക്കിടയിലെ മദ്ധ്യ ബിന്ദു മുന്നിലെത്തിയ നിമിഷം  അന്ന ഹാന്‍ഡ് ബാഗ് വലിച്ചെറിഞ്ഞ് വണ്ടിക്കടിയിലേക്ക് എടുത്ത്‌ ചാടി.


 ഉടനെ അവള്‍ മരണ ഭീതിയില്‍ നടുങ്ങി. 


"ഞാന്‍ എവിടെയാണ്? എന്താണ് ചെയ്യുന്നത്? എന്തിന്?"


അവള്‍ എഴുന്നേറ്റ്‌ പിന്‍വാങ്ങാനാഗ്രഹിച്ചു. അപ്പോഴേക്കും തലയില്‍ എന്തോ വന്നിടിച്ച് അവളെ വീഴ്ത്തി.


"ഈശ്വരാ... എന്നോട് പോറുക്കണമേ...." 
രക്ഷപ്പെടാന്‍ സാധ്യമല്ലെന്നറിഞ്ഞ അവള്‍ കേണു.


ഒരു പണിക്കാരന്‍ എന്തോ പിറുപിറുത്തുകൊണ്ട് റെയിലില്‍ ജോലി ചെയ്തുകൊണ്ടിരുന്നു.ദുഃഖവും ഭയാശങ്കകളും വഞ്ചനകളും പാപങ്ങളും നിറഞ്ഞ പുസ്തകം വായിക്കാന്‍ അവള്‍ ഉപയോഗിച്ചിരുന്ന ആ മെഴുകുതിരി ആളിക്കത്തി. മുമ്പ് ഉണ്ടായിരുന്ന അന്ധകാരം നീക്കിയ ശേഷം പൊട്ടി പൊട്ടി മങ്ങി കത്തി ക്കൊണ്ട് എന്നെന്നേക്കുമായി അണഞ്ഞു പോയി.]


പണിക്കാരന്റെ അസ്വസ്ഥത വെച്ച് ടോള്‍സ്റ്റോയ്‌ പറയാതെ പറഞ്ഞത്‌  ആത്മാഹത്യ ആരുടേതായാലും  മറ്റുള്ളവരില്‍  അത് അല്പം അലോസരമുണ്ടാക്കി വെറുതെ കടന്നു പോകുന്നു എന്ന് തന്നെയാണ്. അത് ആര്‍ക്കും ഒന്നും നേടി കൊടുക്കുന്നില്ല.


ആത്മഹത്യ ചെയ്തവര്‍ക്ക് എന്ത് ആനന്ദമാണ് ലഭിച്ചതെന്ന് അവരൊന്നും നമ്മളെ പിന്നെ ഒട്ടും അറിയിച്ചതുമില്ല.


ശ്വാസത്തിന്റെ ഒടുക്കത്തിനുമുമ്പേ തിരിച്ചൊന്നു ജീവിതത്തിലേക്ക്‌ കയറണമെന്ന് അന്നയെപോലെ ആത്മാഹത്യ ചെയ്തവര്‍ ആഗ്രഹിച്ചിരുന്നുവോയെന്നത്  ജീവിച്ചിരിക്കുന്നവരുടെ ഒരു ഭയമാണ്. അങ്ങനെ ഒരാഗ്രഹത്തിനു ശരീരം വഴങ്ങാതെ പോകുന്നത് ദുഃഖകര  വുമാണ് . അതുകൊണ്ട് മനുഷ്യന്‍ അവന്റെ  വേദനകളെ തന്നില്‍ തന്നെ ആവുന്നത്ര  ഒതുക്കിപ്പിടിക്കുന്നു. ആത്മാഹത്യ വാഗദാനം ചെയ്യുന്ന  അവസാനത്തെ ആശ്വാസത്തിന് അവന്‍  പുറം തിരിഞ്ഞു നില്ക്കുകയും ചെയ്യുന്നു.

Saturday, April 14, 2012

അധരവ്യായാമം :
ശ്രീ എന്‍ രാജന്‍റെ കഥയെക്കുറിച്ച് ചില ചിന്തകള്‍ 
-------------------------------------------------------

എണ്‍പതുകളുടെ തുടക്കത്തില്‍ ചെറുകഥകളുടെ പുഷ്കല കാലത്ത്‌ പുതൂര്‍ക്കരകരയുടെ പുരാവ്യത്തങ്ങളുമായി കഥാലോകത്ത്‌ വന്നയാളാണ് ശ്രീ. എന്‍.രാജന്‍. പുതൂര്‍ക്കരയുടെ പുരാവ്യത്തങ്ങള്‍ , മധ്യേയിങ്ങനെ തുടങ്ങിയ സമാഹാരങ്ങളിലെ കഥകള്‍ പ്രസരിപ്പിച്ച പ്രസാദാത്മകമായ സാമൂഹ്യാന്തരീക്ഷം എന്തായാലും ഈ കാലത്തിലും കഥകളിലും പ്രതീക്ഷിക്കുന്നത് തീര്‍ത്തും അബദ്ധമാകനെ തരമുള്ളൂ . കാലം അത്രമേല്‍ ഒന്നും കാത്തുവെക്കുന്നില്ല. വളരെ പെട്ടന്ന് വാര്‍ദ്ധക്യം ജീവിതത്തെ ആക്രമിക്കുന്നു. ഒറ്റപ്പെടുക എന്നത്‌അതിന്റെ അനിവാര്യതയായി നമ്മള്‍ തിരിച്ചറിയുന്നുണ്ട്. നിഷ് പ്രയോജനകരമായ പുലരികളും സന്ധ്യകളും ജീവിതത്തിന്റെ പുറത്ത്‌ കരിമ്പടം ഉണക്കാനിടുന്ന കാലത്തിന്റെ നീറ്റലുകള്‍കൂടി നാം അനുഭവിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് രാജന്റെ പുതിയ കഥ “അധരവ്യായാമം”.

ആഗോളീകരണ കാലത്തെ മനുഷ്യജീവിതം എത്രമേല്‍ സ്വകാര്യമായി ചുരുങ്ങുന്നുവെന്നു രാമന്‍കുട്ടി എന്ന വ്യക്തിത്വത്തിലൂടെ മനോഹരമായി ആവിഷ്കരിക്കുകയാണ് കഥ. വളരെ നാളുകള്‍ക്ക്‌ ശേഷമാണ് ഒരു മലയാള കഥ മനസ്സിനെ സ്പര്‍ശിച്ച് കടന്നുവരുന്നത്. അതിന്റെ ആഹ്ലാദം നാലക്ഷരങ്ങളില്‍ പകര്‍ത്തി വെക്കാതെ പോകുന്നത് അക്ഷന്തവ്യമായ അപരാധമായി പോകുമെന്നത് വായനക്കാരുടെ മുഴുവന്‍ മൂല്യബോധത്തിന്റെ പ്രശ്നമാണ്. സത്യമായത് അറിയുന്നതിലല്ല പ്രിയങ്കരമായത് കേള്‍ക്കുന്നതിലാണ് സാമാന്യജനത്തിന്റെ താല്പര്യമാത്രയും. ഒരു മനുഷ്യന്‍ തനിക്ക്‌ പ്രതികൂലമായ വര്‍ത്തമാനങ്ങളെ അതിലെ സത്യം എത്ര ശക്തമായിരുന്നാലും നിവ്യത്തികേടിനുപോലും അതാസ്വദിക്കാന്‍ മനസ്സ്‌ കാണിക്കാറില്ല. അവര്‍ പാകം ചെയ്തുവെച്ചിട്ടുള്ള വിഭവങ്ങള്‍ എത്ര പ്രക്യതിവിരുദ്ധമാണെങ്കിലും അതിനെ ചോദ്യം ചെയ്യുന്നവരുടെ നിഴലിനോട്പോലും അവ ന്‍ കലഹിക്കും.

നമ്മള്‍എന്താണെന്നും എങ്ങനെയാണെന്നും തിരിച്ചറിയാത്ത പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ ബോധ്യങ്ങള്‍ ഒന്നും വെളിപ്പെടുത്താനില്ലെങ്കില്‍ ആത്മാഹത്യ തികച്ചും കുറ്റകരമാണെങ്കിലും, സത്യകഥനത്തിന് ഉപയോഗിക്കാവുന്ന അവസാനത്തെ ഒരുപാധിയായും അത് പരിണമിക്കും. ആഗോളീകരണത്തിന്റെ ഫലശ്രുതിയാല്‍ അത്മാഹത്യ ചെയ്തു പകരം വീട്ടുന്ന കുടുംബങ്ങളെ ചൂണ്ടി കൗണ്‍സിലര്‍മാരുടെ സംഘം വിലപിക്കുന്നത് അവരുടെ തൊഴില്‍പരമായ പ്രതിച്ഛായയുടെ തളര്‍ച്ചയിലാണ്. അല്ലാതെ മരിക്കുന്നവരോടുള്ള സഹതാപം കൊണ്ടല്ല. അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്കുക. സാമ്പത്തീകാമോ ശാരീരികമോ മാനസീകാമോ ആയ സാമൂഹ്യപീഡകളാല്‍ ആത്മാഹത്യയിലെത്തി നില്‍ക്കുന്ന ആളുകള്‍അവരെ ആ നിലയിലേക്ക്‌ എത്തിച്ച സമൂഹത്തോടും തന്നെ എന്താണ് തുറന്നു പറയേണ്ടത് ? വേട്ടക്കാരനോടുള്ള ഇരയുടെ യാചന പോലെ അസംബന്ധം മാത്രമല്ലേ അത്?

മനുഷ്യന്‍റെ നിസ്സഹായാവസ്ഥ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ദുര്‍ബ്ബലങ്ങളാണെന്ന അറിവ്‌ആരെയും കുറ്റപ്പെടുത്താനല്ല രാമന്‍കുട്ടി ഓര്‍ത്തെടുക്കുന്നത്. മറ്റുള്ളവരുടെ ദുരന്തങ്ങള്‍ പങ്കുവെക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ തന്നെ ഒട്ടും പ്രായോഗികമല്ലായെന്ന് ഓരോരുത്തര്‍ക്കും തിരിച്ചറിവുണ്ട്. എങ്കിലും സ്നേഹം കൊണ്ടവര്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യും. ദുഃഖങ്ങള്‍ പങ്കുവെച്ചെടുക്കാമെന്ന്. അതൊരു അസത്യമായ സാന്ത്വനം മാത്രമാണ്. ആര്‍ക്കും ആരുടേയും ദുഃഖം ശരിയായ അളവിലോ അര്‍ത്ഥത്തിലോ പങ്കിടാന്‍കഴിയില്ല തന്നെ. അതിന്റെ തിരിച്ചറിവുകളും മാപിനികളും വിത്യസ്ഥമാണെന്നത് തന്നെയാണ് അതിന് കാരണം. ഇത് പറയുന്നവനും കേള്‍ക്കുന്നവനും അറിയാത്തതല്ല.ഒരധര വ്യായാമത്തിന് പുറത്ത്‌ എത്ര ആത്മാര്‍ത്ഥത ആ വാഗ്ദാനം പേറിയാലും അതിന്റെ പ്രയോഗത്തിലെ അര്‍ത്ഥം മരണപ്പെട്ടവന്റെ ജാതകത്തിലെ ദീര്‍ഘായുസ്സ് പോലെ നിരര്‍ത്ഥകമാണ്.

ആളുകള്‍ ധ്യതിപ്പെട്ടു കയ്യും വീശി പാഞ്ഞു പോകുന്നത് അന്തംവിട്ടു നോക്കി നില്‍ക്കുകയാണ് രാമന്‍കുട്ടി.എന്തോ കണ്ടു പേടിച്ചവരുടെ വെപ്രാളമാണ് അവരുടെ പുലര്‍കാല നടത്തമെന്ന് അയാള്‍ക്ക്‌ തോന്നാറുണ്ട്. ഷാരടി ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശ മില്ലായിരുന്നെങ്കില്‍ ഒരിക്കലും അയാളതില്‍കണ്ണി ചേരില്ലായിരുന്നു. ഇത് അറിവിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലാണോ അതോ അനിവാര്യമായ അന്ത്യവിധിയെകുറിച്ചുള്ള ഭയസംഭ്രമങ്ങളോ, എന്ത് തന്നെയായാലും ശരീരത്തിന്റെ അവസാന ചലനവും നിലക്കുമ്പോഴും പിന്നെയും ഒരിത്തിരി നേരം സൂര്യന്റെ പ്രകാശരേണുക്കള്‍ വെറുതെ മോഹിക്കുന്നവരാണ് മനുഷ്യര്‍ . ചരിത്രം എന്നത് മറ്റെന്തിനേക്കാളും മനുഷ്യനെ സംബന്ധിച്ച് അവന്റെ ദുരന്തങ്ങളുടെ വിവരസൂചികയാണ്. സര്‍വ്വം കയ്യടക്കി അനുഭവിക്കാന്‍ പുറപ്പെട്ട് പോകുന്നവരുടെ ധീരമോ ദുരമോ ആയ അനുഭവ ചിത്രണങ്ങളുടെ ആസ്വാദ്യതയാണ് ചരിത്രത്തിനു അതിന്റെ വായനാസുഖം നിഷ്ക്രമിപ്പിക്കുന്നത്. ഏതു തരത്തിലുള്ള പിടിച്ചടക്കലിന്റെയും നിരര്‍ത്ഥകത എത്ര തിരിച്ചറിഞ്ഞാലും പിന്നെയും ത്യഷ്ണകളുടെ കൂമ്പാരത്തില്‍ അടയിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതാണ് മനുഷ്യമനസ്സ്. അനിവാര്യതകളെല്ലാം തിരിച്ചറിയുമ്പോഴും അതില്‍നിന്ന് കുതറി മാറാന്‍ അവസരം തേടി അലയുകയാണ് മനുഷ്യന്‍.

എഴുപതുകള്‍ താണ്ടിയ രാമന്‍കുട്ടി പക്ഷെ അത്തരക്കാരനല്ല. പ്രായത്തിന്റെ പക്വതയില്‍ ജീവിതത്തെ നിസ്സംഗമായി അനുഭവിക്കാന്‍പാകം വന്നവനാണ്. ദീര്‍ഘകാലമായി ശയ്യാവലംബിയായ ഭാര്യയെ തനിയെ ശുശ്രൂഷിക്കുന്നത് തന്റെ സ്വകാര്യാനന്ദമായി അനുഭവിക്കുന്നവനാണയാള്‍ . തികച്ചും വ്യക്തിപരമായ തന്റെ സ്വകാര്യതകളെ മറ്റുള്ളവരുടെ അലോസരമാക്കാന്‍ അയാള്‍ക്ക്‌ അശേഷം താല്‍പര്യമില്ല. മറ്റുള്ളവരുടെ സ്വകാര്യതയില്‍ ആളുകള്‍ ഇടിച്ചു കയറുന്നതില്‍ സാംഗത്യം രാമന്‍കുട്ടിക്ക് ഒട്ടും ബോധ്യമാകാറില്ല. സഹതാപ പ്രകടനങ്ങള്‍വെറും അധരവ്യായാമം മാത്രമാണെന്ന് അനുഭവങ്ങളില്‍ നിന്നുമയാള്‍ കണ്ടെടുത്തിട്ടുണ്ട്. തന്നോടടുക്കാന്‍ ശ്രമിക്കുന്ന മാധവമേനോനോടുള്ള മമതയും സ്നേഹവും തന്നില്‍തന്നെ ഒതുക്കി നിര്‍ത്താന്‍ പ്രാപ്തനാണയാള്‍ . എന്നിട്ടും ഏതോ ഒരപകടത്തിന്റെ നിഴലില്‍നിന്ന് മാധവമേനോനോടുള്ള ആ വികാരങ്ങളെ അയാളില്‍നിന്ന് വെളിപ്പെട്ട് പോകുന്നുണ്ട്.

നിഷ് പ്രയോജനകരമായ പദാഭ്യാസങ്ങള്‍ വെറുതെ വീണുടയുമ്പോള്‍ അവ സ്യഷ്ടിക്കുന്ന മാലിന്യങ്ങള്‍ ശുദ്ധീകരിക്കാവുന്ന യന്ത്ര സംവിധാനങ്ങള്‍ മനുഷ്യന്‍ കണ്ടുപിടിച്ചില്ലെന്നത് അതിശയകരമാണ്. ഒരു ദിവസം മനുഷ്യര്‍ പറഞ്ഞുകൂട്ടുന്ന വര്‍ത്തമാനങ്ങളിലെ വിളവുകളും പതിരുകളും എത്രയെന്നാരും കണക്കെടുക്കുന്നതേയില്ല. ചുളി നിവര്‍ത്തി വിരിച്ചെടുക്കുന്ന വിഴുപ്പുകള്‍പോലെ രാമന്‍കുട്ടി അത് തിരിച്ചറിയുന്നുണ്ട്.


മാധവമേനോന്‍ മാത്രമല്ല ആരും തന്റെ വാര്‍ദ്ധക്യത്തെ നിസ്സഹയാതയായി വായിച്ചെടുക്കേണ്ടതില്ല എന്നത് കൊണ്ടാണ് ഭാര്യയുടെ സാന്നിദ്ധ്യം മറച്ചു വെക്കുന്നതിനായി നിരുപദ്രവമെങ്കിലും ഒരു കള്ളം അയാള്‍ പറയുന്നത്. തന്റെ ജീവിതത്തിലേക്ക്‌ കടന്നു കയറാന്‍ ശ്രമിക്കുന്ന മാധവമേനോന്റെ ശ്രമങ്ങളെ തെല്ല് ആശങ്കയോടെ തന്നെയാണ് അയാള്‍നോക്കി കാണുന്നത്. ജീവിതത്തിന്റെ പൂര്‍വ്വഘണ്ഡത്തിലെ കയ്പേറിയ പാഠങ്ങളാണോയെന്തോ ബന്ധങ്ങളെ കുറിച്ച് രാമന്‍ക്കുട്ടി ഒട്ടും ആര്‍ത്തനല്ല. സൂചി പഴുതിലൂടെ നൂല് കോര്‍ക്കുന്നത്പോലെ അകത്ത്‌ കടന്നു വരുന്ന ആളുകള്‍ പിന്നീട് അഴിച്ചാലും അഴിയാത്ത കുരുക്കായി പോകുന്നത് രാമന്‍കുട്ടിയുടെ ഭയം മാത്രമല്ല നമ്മള്‍ അനുഭവിക്കുന്ന ജീവിത യാഥാര്‍ത്ഥ്യം കൂടിയാണ്. 


ഒരു കഥയും ജീവിതത്തിന്റെ നേര്‍പകര്‍പ്പായി അവതരിപ്പിക്കപ്പെടുന്നില്ല. അങ്ങനെയായാല്‍ അത് കഥയാകുകയുമില്ല. ഒരു ജീവിത സത്യവും നേര്‍വരയില്‍ നമുക്ക്‌ പറഞ്ഞു തീര്‍ക്കാനുമാവില്ല. ജീവിത സത്യങ്ങളെ ആവിഷ്കരിക്കാന്‍ ഒരുപക്ഷെ കുറച്ചുകൂടി ഋജുവായ മാര്‍ഗ്ഗം അതൊരു കഥയായി അവതരിപ്പിക്കുക എന്നത് തന്നെയാണ്. ഏറെ ശ്രമകരമായ ഈ ക്യത്യത്തെ അയത്നലളിതമായി അനുവാചകനില്‍ എത്തിക്കുകയായിരുന്ന എന്‍. രാജന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

Friday, April 6, 2012



മനസ്സ്‌.


മനുഷ്യന്‍, അവന്റെ ചിന്തകള്‍ , അവന്റെ പ്രവര്‍ത്തികള്‍ ഇവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളെ ഒട്ടൊരു അതിശയത്തോടെ മാത്രമേ നോക്കികാണാന്‍ കഴിയൂ.

നമുക്ക്‌ നന്നായറിയാം ഒന്നുമൊന്നും ചേര്‍ന്നാല്‍ രണ്ട് എന്ന അക്കംമാത്രമാണെന്ന്. നമ്മള്‍ ആഗ്രഹിച്ചത്‌ കൊണ്ട് മാത്രം അത് ഒരിക്കലും ഒരു വലിയ ഒന്ന് ആവില്ല.അതുകൊണ്ടാണ് അതിനെ കണക്ക്‌ എന്ന് വിളിക്കുന്നത്. ക്യത്യത എന്നതിന്റെ മറുവിളിയാണ് കണക്ക്‌.എന്നിട്ടും ബഷീറിനെ പോലെ മഹാനായ ഒരെഴുത്തുകാരന്‍ നമ്മളോട് പറയുന്നു ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി വല്യ ഒരു ഒന്നാവുമെന്ന്.

അത് മനുഷ്യരെ കുറിച്ചുള്ള വലിയ ഒരു കണ്ടെത്തലാണ്. അക്കങ്ങള്‍ അക്ഷരങ്ങള്‍ പോലെയല്ല. അവ കൂടിച്ചേരുമ്പോഴും, വിട്ടുപോകുമ്പോഴും, പെരുകുമ്പോഴും, വിഭാജിതമാകുമ്പോഴും ക്യത്യത പാലിക്കുന്നു. അക്ഷരങ്ങള്‍ നിര്‍മ്മിക്കുന്ന റൊമാന്റിസിസം ഒന്നും അക്കങ്ങള്‍ക്ക് അറിയില്ല.അങ്ങനെ ആയിരുന്നിട്ടും മനുഷ്യര്‍ ഈ അക്കങ്ങളെ എടുത്ത്‌ ഉപയോഗിക്കുമ്പോള്‍ അതിന്റെ ക്യത്യത നിശ്ചയിക്കുന്നത് മനുഷ്യര്‍ തന്നെയാകുന്നു. മനുഷ്യര്‍ അവന്റെ എല്ലാ കണക്കുകളും തന്റെ ആഗ്രഹത്തിനും ആവശ്യത്തിനും അനുസരിച്ച് സൗകര്യപ്രദമായ രീതിയില്‍ നിജപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ നേരിടുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ സ്വയം സ്ഥാപിച്ചെടുക്കുന്ന ഉത്തരങ്ങളുടെ നിരന്തരമായ വ്യാഖ്യാനം മാത്രമാണ് അവന്റെ ജീവിതം. വസ്തുത ഇതായിരിക്കെ എങ്ങനെയാണ് ഈ സാമൂഹ്യശാസ്ത്രഗ്രന്ഥങ്ങള്‍ മനുഷ്യനെ വ്യാഖ്യാനിച്ചെടുക്കുന്നത്.

മൂര്‍ത്തമായ മൂലകങ്ങളുടെ രാസപരീക്ഷണങ്ങള്‍ക്ക് അതിന്റേതായ ക്യത്യതയുണ്ട്. അത്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ ക്യത്യമായ ഫലം ലഭിക്കുന്നത് വരെ തുടരുകയും ചെയ്യും. കാത്തിരുന്നാല്‍ ക്യത്യമായ ഫലം ലഭിക്കുമെന്നത്‌ പ്രതീക്ഷ മാത്രമല്ല സത്യവുമാണ്. സാമാന്യേന ശാസ്ത്രം എന്ന് വ്യവഹരിക്കുമ്പോള്‍ ഈ ഒരു ക്യത്യതയുടെ പ്രകാശവലയം അതിനെ ചൂഴ്ന്നുനില്ക്കുന്നുവെന്നുകൂടിയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ശാസ്ത്രം എന്നാണു അറിയപ്പെടുന്നതെങ്കിലും ഏറെയും ഊഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും മാത്രം സാധ്യത കല്പി്ക്കപ്പെടുന്ന സാമ്പത്തീക ശാസ്ത്ര മടക്കമുള്ള സാമൂഹ്യ ശാസ്ത്രങ്ങള്‍ നടത്തുന്ന കണ്ടെത്തലുകളുടെ സ്വീകാര്യത അതിന്റെ സത്യസന്ധതയില്‍ സംശയിച്ചുകൊണ്ട് മാത്രമേ സാധ്യമാവൂ. സാമൂഹ്യ ശാസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന നിഗമനങ്ങള്‍ക്ക് അക്കങ്ങളുടെ (statistics) എത്ര തന്നെ പിന്തുണ ഉണ്ടായാലും, കാലാവസ്ഥ പ്രവചനത്തിലെ അസ്ഥിരത പോലെ, മാറി മറിഞ്ഞു വരുന്ന ഘടകങ്ങളുടെ പരിഗണന, ആ നിഗമനങ്ങളുടെ ക്യത്യതയില്‍ നമ്മളെ ഉറപ്പിച്ചു നിര്‍ത്താന്‍ പര്യാപ്തമല്ല. പ്ലേറ്റോയില്‍ തുടങ്ങി മാര്‍ക്സിലൂടെ തുടരുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാനരുടെ ഗ്രന്ഥശേഖരങ്ങള്‍ ആശയ ഗതിയുടെ തുടര്‍ച്ചയില്‍ എവിടെയും കണക്കുകളെ ക്യത്യമായ അക്കത്തില്‍ ബോധ്യപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .

മനുഷ്യനെ കേന്ദ്ര തലത്തില്‍ നിര്‍ത്തി എതാശയം രൂപകല്പന ചെയ്താലും അത് കല്പ്പാന്തകാലം നിലനില്ക്കുന്ന തകരാത്ത ഒന്നായി വായിച്ചെടുക്കുക ദുഷ്കരമാണ്.വ്യത്യസ്ഥമായ വ്യാഖ്യാനങ്ങള്‍ക്ക് ഒട്ടേറെ സാധ്യതകള്‍ നല്കിക്കൊണ്ട്, വൈകല്യങ്ങള്‍ , ധാരാളമായി മുഴച്ചു നില്ക്കുകതന്നെ ചെയ്യും. മനുഷ്യനെ നിയന്ത്രിക്കുന്ന കേന്ദ്രം മനസ്സോ, മസ്തിഷ്കമോ, ഹ്യദയമോ ആകട്ടെ, അതിന്റെ പരിക്രമണങ്ങള്‍ അവ തന്നെ സ്വയം രൂപപ്പെടുത്തി യെടുക്കുന്നതാണ്. അത് പ്രവര്‍ത്തിക്കുന്ന പരിസരം രൂപപ്പെടുത്തുന്നതായാലും രൂപപ്പെടുന്നതായാലും പുറത്ത്‌ നിന്നുള്ള ഒരു നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന് അത് വിധേയമാകുകയില്ല. മഹാനായ ടോള്‍സ്റ്റോയ്‌ പ്രഭു അന്ന ആര്‍ക്കഡയ്വന എന്ന തന്റെ മഹത്തായ കഥാപാത്രത്തിലൂടെ പറയാന്‍ ശ്രമിച്ച ഒരു സത്യം ഇതായിരുന്നു.മനുഷ്യരുടെ ഹ്യദയത്തില്‍ (കേന്ദ്രം)നിര്‍മ്മിക്കപ്പെടുന്ന വികാര ശലാകകള്‍ പ്രതിഫലിക്കുന്ന സ്വഭാവ വൈചിത്ര്യങ്ങളെ കണക്കിന്റെ ധര്‍മ്മങ്ങളില്‍ കൂട്ടാനും കിഴിക്കാനും പെരുക്കാനും ഹരിക്കാനും സാധ്യമല്ല. എന്തിന് ഒന്ന് നേരായി വിലയിരുത്താന്‍ പോലും കഴിയുന്ന മാപിനികള്‍ കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഈ അസാധ്യത ഏതൊരു സാമൂഹ്യ ശാസ്ത്രജ്ഞനേക്കാള്‍ ശക്തിയില്‍ ലോകത്തെ ബോധ്യപെടുത്തുകയായിരുന്നു മഹാ മനീഷിയായ ആ ലോകസാഹിത്യകാരന്‍...

മനുഷ്യന്‍ വലിയ നീര്‍ത്തടങ്ങള്‍ തീര്‍ക്കണമെന്ന ആശയോടെ പുറത്തേക്ക്‌ ഒഴുക്കുന്ന സുഭാഷണങ്ങള്‍ പലപ്പോഴും മുന്നിലെ പ്രതിബന്ധങ്ങളില്‍ തട്ടി, ഒന്ന് പിടിച്ചു നിര്‍ത്താന്‍ പോലും അവസരം കിട്ടുന്നതിനും മുമ്പേ മലിനമായ കാനയിലേക്ക് ഒഴുകിപ്പോകുന്നു. നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് എന്ത് എന്ന് കേട്ടുനില്ക്കുന്നവര്‍ക്ക്‌ മനസ്സിലാകാത്തതല്ല.പക്ഷെ തങ്ങളുടെ താല്പര്യങ്ങളെ സംത്യപ്തമാക്കാത്ത ഭാഷണങ്ങളെ, അവര്‍ പ്രതികരണങ്ങളിലൂടെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതികരണങ്ങള്‍ യാദ്യശ്ചികവും സ്വാഭാവികവുമാണന്ന് കരുതാനാവില്ല.എല്ലാവരും അവരവരുടെ രീതിയില്‍ തിരിച്ചറിവുകളുള്ളവരാണ്. ക്യത്യമായി അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് ലഭ്യമാകുന്ന ഇടങ്ങളില്‍ അവര്‍ ഹര്‍ഷ പുളകങ്ങളാല്‍ നിശ്ശബ്ദരാകുന്നു. അലഭ്യമായ ത്യപ്തികളില്‍ സന്താപ കാലുഷ്യത്താല്‍ പ്രതിഷേധിതരായി ശബ്ദമുയര്‍ത്തുന്നു. ഈ താപഹിമങ്ങളുടെ കണക്കുകള്‍ പ്രയോഗിക്കപ്പെടുന്നത് അവര്‍ക്കത്‌ എങ്ങനെ അനുഗുണമാകുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ്.ഇവിടെയാണ്‌ നടേ പറഞ്ഞ ഒന്നും ഒന്നും ഉമ്മിണി വല്യ ഒന്നായി പരിണമിക്കുന്നത്.

ഇരുട്ട് എല്ലാം ഒളിപ്പിക്കുന്നത് പോലെ ആരും ഒന്നും പറയാതിരിക്കുന്നത് നിശ്ശബ്ദതയാണെന്ന് നമുക്ക്‌ സമാധാനിക്കാം. പക്ഷെ സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ നിശ്ശബ്ദതയുടെ ഇഴകള്‍ക്കിടയില്‍ കാലുഷ്യത്തിന്റെ മഹാ ഗര്‍ത്തങ്ങള്‍ നമ്മളെ ഭയപ്പെടുത്തുനുണ്ട് ഇരുട്ട് പോലെ തന്നെ.

Friday, March 9, 2012

ഭുജംഗയ്യനും ഞാനും എന്റെ ജീവിതവും


ചിറകറ്റുവീണ പക്ഷിയെപോലെ പിടയുന്ന ഭാര്യയെ മെയ്യോടടുപ്പിച്ച് ഭുജംഗയ്യൻ മന്ത്രിച്ചു.

“
എല്ലാം ഭഗവാന്‍റെ  ലീല, ശിവന്‍റെ  ലീല.”

അയാൾ മെല്ലെ മെയ്യിൽ തട്ടി അവളെ ആശ്വസിപ്പിക്കാൻ ആരംഭിച്ചു. ആളുകൾ നോക്കി നിൽക്കെ ഭുജംഗയ്യന്‍റെ  കൈകൾ തളർന്നു. അവ നിശ്ചലമായി.


   

എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി……

ഒരു സാഹിത്യക്യതി അനുവാചകന്‍റെ ഹ്യദയത്തില്‍ ഇടം നേടണമെങ്കില്‍ അയാളെ ത്യപ്തിപ്പെടുത്തുന്ന വൈകാരികമായ ചില സംഗതികള്‍ അത് ഉള്‍ക്കൊള്ളുക തന്നെ വേണം. ചിലപ്പോള്‍ അത് തന്‍റെ  തന്നെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാവാം. അതല്ലെങ്കില്‍ ചിന്തകളിലേക്കുള്ള ഒരു തിരി തെളിക്കലാവാം. അതൊന്നുമല്ലെങ്കില്‍ ഒരു പക്ഷെ അത് പണ്ടു കണ്ട സ്വപ്നങ്ങളിലെ ഉടഞ്ഞുപോയ വളപൊട്ടുകള്‍ പരതി പെറുക്കിയെടുക്കലാവാം. എന്തുമാകട്ടെ അയാളുടെ വൈകാരിക ഇടങ്ങളിലെ വിള്ളലുകളെ പൂരിപ്പിക്കുന്ന ചിലത് ആ ക്യതി മുന്നോട്ട് വെക്കുന്നു എന്ന് തന്നെയാണ് അതിനര്‍ത്ഥം .

ശ്രീക്യഷ്ണ ആലനഹള്ളി നമ്മോടൊപ്പമില്ല . നാല്പത്തിരണ്ട് വര്‍ഷത്തെ ജീവനകാലത്ത് ജീവിതത്തെ അതിന്‍റെ ആഴത്തിലും പരപ്പിലും നോക്കിക്കണ്ടു തന്നെയാണ് അദ്ദേഹം തന്‍റെ  ക്യതികളെ മൂര്‍ത്തമാക്കിയത് . സമ്പന്നമായ ഒരു സാഹിത്യസരസ്സ് അനുവാചകന് ബാക്കി നിര്‍ത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. മാദള്ളിയിലെ ഗൌഡരുടെ ജീവിതങ്ങളിലൂടെ അദ്ദേഹം നമ്മളെ നടത്തി കൊണ്ടുപോകുമ്പോള്‍ മനുഷ്യരുടെ ഹ്യദയ രക്തം തൂവിതെറിച്ച ഇടവഴികളില്‍ തന്നെയാണ് നാം വീണ്ടും പദമൂന്നുന്നത് . എങ്ങും എവിടെയും മനുഷ്യന്‍റെ  ചെത്തവും ചൂരും ഏറെയൊന്നും വിത്യസ്തമായി വായിച്ചെടുക്കാന്‍ ആവുന്നില്ല എന്ന് നമുക്ക്‌ ബോദ്ധ്യമായിത്തീരുകയും ചെയ്യും.

മനുഷ്യരുടെ ഹ്യദയത്തില്‍ ഒരിത്തിരി ഇടം തേടി അലയുന്നവര്‍ ഒടുക്കം വേദനയുടെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നത് എന്തുകൊണ്ടാവാം? മറ്റുള്ളവര്‍ ഒരിക്കലെങ്കിലും വാത്സല്യത്തോടെ ഓര്‍ത്തെടുക്കണമെന്നതില്‍ മനുഷ്യന്‍ എന്തിനാണ് ഇത്ര ആനന്ദം കണ്ടെത്തുന്നത്? എത്രയോ മനുഷ്യര്‍ തങ്ങളുടെ സഹജീവികളുടെ ഹിതങ്ങള്‍ക്കായി ജീവിതം ചിട്ടപെടുത്തുകയും എന്നും അതിനു വിരുദ്ധമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു?

പഞ്ചഭൂതാഭിയുക്തമായ ഗാത്രം ആദിമൂലത്തിലേക്ക് നെഞ്ചടിപ്പറ്റടിഞ്ഞു ഭൂതപഞ്ചകത്തില്‍ ചേരുന്നതിനു ശേഷവും അവര്‍ നെഞ്ചിലേറ്റി നടന്നവരില്‍ ആരുടേയെങ്കിലും ഹ്യദയത്തില്‍ ഒരിത്തിരിയിടം നീക്കിയിരുപ്പായി ഉണ്ടാകണേയെന്നു വെറുതെ ആശിക്കുന്നു മനുഷ്യര്‍ . ഈ ആശകളുണ്ടാക്കുന്ന വലിയ ലോകമാണ് സ്നേഹബന്ധങ്ങളുടെ അടിത്തറകള്‍ തീര്‍ക്കുന്നത്. പലപ്പോഴും ജീവിതം കുരുക്കുകളില്‍ കുഴഞ്ഞു മറിയുന്നതും ഇതേ സ്നേഹ ബന്ധങ്ങളാലാണ് . അത്തരം കുരുക്കുകളില്‍ തലതല്ലി ചാകുന്നവരുടെ ആത്മാക്കള്‍ എന്നും നമ്മളെ വലം വെച്ചുകൊണ്ടിരിക്കുന്നു.

ഭുജംഗയ്യനെ ഓര്‍ത്ത് ഞാന്‍ കരയുന്നത് എന്തിനാണ്? ആരാണ് എനിക്കാ മനുഷ്യന്‍? മാദള്ളിയിലെ ഒരു സാധാരണ ഗൌഡന്‍ . മുന്നൂറ്റി അറുപത്തഞ്ചോളം പുറങ്ങളിലൂടെ ഭുജംഗയ്യനുമൊത്തുള്ള ജീവിതയാത്രയില്‍ ഞാന്‍ കൂട്ട് ചേരുമ്പോള്‍ എനിക്കറിയാമായിരുന്നു ഭുജംഗയ്യനിലൂടെ ഞാന്‍ തിരയുന്നത് എന്‍റെ  തന്നെ ജീവിതമായിരുന്നുവെന്നു. ഏതൊക്കെയോ ഇടങ്ങളില്‍ സന്ധിചേരുകയും മറ്റേതൊക്കെയോ കരണങ്ങളില്‍ വേറിട്ട്‌ പോവുകയുമായിരുന്നു ഞങ്ങളുടെ ജീവിതം. ഒടുക്കം ആരുടെയോ ഒരു മരണത്തിനു പകരം നല്‍കാന്‍ ഭുജംഗയ്യന്‍ കരുതിവെച്ചത് തന്‍റെ തന്നെ വെറും അരജീവന്‍ മാത്രം. 

ഇത് ജീവിതത്തിന്‍റെ  തന്നെ ഒരു സമസ്യയാണ്. വളരെ ഏറെ മിനക്കെട്ടാലും ഒട്ടുവളരെയൊന്നും പൂരിപ്പിക്കാനാവാത്ത ഒരു കടും സമസ്യ. നമ്മള്‍ കരുതി വെക്കുന്ന ജീവന്‍കൊണ്ട് നമുക്ക്‌ വിലപേശാന്‍ ഇത്രമാത്രം ഇവിടെ എന്തിരിക്കുന്നുവെന്ന ചോദ്യത്തിന് അര്‍ത്ഥമില്ലാത്ത കുറെ ഉത്തരങ്ങള്‍ മാത്രം. 

ജീവിതം കഥകളായി കാണണമെന്നത് നമ്മുടെ വലിയ ഒരു സ്വപ്നമാണ്.കദനങ്ങളെ കഥനങ്ങളാക്കുന്നത് ആര്‍ക്കൊക്കെയോ കണ്ണീരു വീഴ്ത്തി ആഹ്ലാദിക്കാനാണ് എന്ന് നമുക്കറിയാം. അതെ കഥകള്‍ അനുഭവങ്ങളായി ജീവിതത്തെ കയറി പിടിക്കുമ്പോഴാണ് നാം അന്തംവിടുന്നത്. ഉള്ളുലയുമ്പോഴാണ് നാം തിരിച്ചറിയുന്നത് ഉലയ്ക്കാന്‍ പാകത്തില്‍ ചിലത് നമ്മള്‍ നമ്മളില്‍ തന്നെ അറിയാതെ കരുതി വെച്ചിരിക്കുന്നുവെന്ന്. പിന്നെ ഉലയുകയും ഉഴലുകയും അല്ലാതെ മറ്റെന്തുവഴി?

Monday, February 13, 2012

 വാനമ്പാടിയുടെ ഗീതം 

സന്തോഷമുള്ള ആത്മാവേ 
നിന്നെ ഞാന്‍ ആശംസിക്കുന്നു
പറവയല്ലാത്ത നീ.. സ്വാഭാവിക സംഗീതംകൊണ്ട് 
എന്നിലെ ഉയരങ്ങളില്‍ നിന്നും എന്നില്‍ സന്തോഷം നിറയ്ക്കുന്നു..

ഉയരങ്ങളില്‍ നിന്ന്‍ ഉയരങ്ങളിലേക്ക്‌ ഉയരുന്ന നീ..
അസ്തമയ സൂര്യന്റെ ചുവപ്പണിഞ്ഞ മേഘംപോലെ..
അനന്ത നീലിമയില്‍ ചിറകടിച്ച് എനിക്കായി
പറന്നു പാടുന്നു..

മറഞ്ഞ സൂര്യന്റെ സ്വര്‍ണവര്‍ണ്ണം
നിറം പടര്‍ത്തിയ മേഘംപോലെ
പുതുമയുടെ അരുചിയായ മോദമായി
ചുറ്റും പാറി നടക്കുന്നു നീ...

വിളര്‍ത്ത സായാഹ്നത്തിന്റെ എനിക്കു മുന്നിലെ ചുവപ്പ്
നീ പറന്നുകൊണ്ടിരിക്കേ നിന്നില്‍ത്തന്നെ
ഉരുകിത്തീരുന്നത് ഞാന്‍ കാണുന്നു
ശുക്ര നക്ഷത്രംപോല്‍ പകലില്‍ നിന്നെ
കാണാതായിട്ടും എന്നില്‍ എവിടെ നിന്നോ
നിന്റെ പാട്ട് ഞാന്‍ കേള്‍ക്കുന്നു

തെളിയുന്ന പ്രഭാതത്തില്‍
വിളക്കിന്റെ പ്രകാശം കുറയുന്നതുപോലെ
വെള്ളിഗോള രശ്മികള്‍ക്ക് വയ്യാതാവുന്നു
മാഞ്ഞുപോയാലും എതു തുറന്ന രാത്രിയിലും
അതവിടെ ഞാന്‍ കാണുന്നു

മേഘം നിറച്ച ചന്ദ്രപ്രകാശം ആകാശത്തില്‍
മഴത്തുള്ളികളായി നിറഞ്ഞു പരന്നൊഴുകുന്നതുപോലെ
ആകാശ ഭൂമികളില്‍ അപ്പോഴും
ഉച്ചത്തിലുള്ള നിന്റെ ശബ്ദം നിറഞ്ഞിരിക്കും ..

(1985 ലെ ഒരു ഡയറി തട്ടിയെടുത്തപ്പോള്‍ കിട്ടിയത്‌ . ആകെ പൊടിമയം... !! )

Tuesday, January 31, 2012

സ്നേഹം.

എല്ലാ സ്നേഹബന്ധങ്ങളും മലിനമാകുന്നത് അതിന് ക്യത്യമായ ഉദ്ദ്യേശങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകുന്നത് കൊണ്ടാവാം. സ്നേഹം തന്നെ തന്റേതാണെന്നുള്ള വിചാരമാവാം. എന്തിനെ സ്നേഹിച്ചു തന്റേതാക്കുന്നുവോ അതൊരു മ്യതവസ്തുവേ അല്ലെന്നും, അതും അതിന്റെതായ പ്രതിപ്രവർത്തനങ്ങളില്‍ അഭിരമിക്കുന്നുവെന്നും സ്നേഹിക്കുന്നവന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വികാരങ്ങളും വിചാരങ്ങളും തന്നെപോലെ കൊണ്ടുനടക്കുന്ന ഏതൊരു മനുഷ്യനെയും, തന്റെ നിലനില്‍പ്പിനുള്ള ഒരുപകരണമായി പ്രയോജനപ്പെടുത്താൻ മനുഷ്യർ വിചാരിക്കുന്നിടത്താണ് സ്നേഹത്തിലെ ഈ മാലിന്യനിർമ്മാണം ആരംഭിക്കുന്നത്.

കൊടുത്തും വാങ്ങിയും വെറും രുചി ബന്ധങ്ങൾക്ക് മാത്രമായി പരസ്പരം സ്നേഹിക്കരുത്. ബന്ധങ്ങൾക്ക് ബന്ധങ്ങളുടേതായി സ്വതേ ഒരു രുചി ഉണ്ട്. പക്ഷെ ആരും അത് പരിഗണിക്കാറില്ല എന്നതാണ് സത്യം.

നമ്മൾ ചില ആളുകളെ സ്നേഹിക്കുന്നത് അവർ നമ്മളോട് അത്യധികമായ ഉദാരത പ്രകടിപ്പിക്കും എന്ന ആഗ്രഹചിന്തകൊണ്ടൊന്നുമല്ല. ഒരു പക്ഷെ നമുക്ക് തരാനായി പ്രയോജനകരമായ യാതൊന്നും അവരുടെ കയ്യിൽ ഉണ്ടാകണമെന്നുമില്ല. എങ്കിലും നമ്മളവരെ സ്നേഹിക്കുന്നു.

ഇതിനൊരു മറുവശം കൂടി പറയട്ടെ. അതാണ് രസകരം.

ശാരീരികമായി ജനിക്കാത്തവരാണല്ലൊ കഥകളിലെ മനുഷ്യർ. ഒരു പക്ഷെ ശരീരമുള്ള മനുഷ്യരേക്കാൾ എത്രയോ കഥാപാത്രങ്ങൾ നമ്മൾ സ്നേഹിക്കുന്നവരായി ഉണ്ട്. കടലാസിലോ സെല്ലുലോയിഡിലോ മാത്രം അസ്ഥിത്വമുള്ളവരായിട്ടും നാമവരെ സ്നേഹിക്കുകയാണ്. ഇനി വ്യക്തിപരമായ ഒരു കഥ പറയാം.

ഞാൻ ജീവിതത്തിൽ ഏറെ സ്നേഹിക്കുന്നവരിൽ ഒരാൾ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സാക്ഷാൽ ശ്രീ രാമക്യഷ്ണപരമഹംസരാണു. ഞാൻ ജനിക്കുന്നതിന് മുൻപ് അദ്ദേഹം ഭൂമിയിലെ വാസം മതിയാക്കി. എനിക്കാ‍കെ അദ്ദേഹത്തെ അറിയാവുന്നത് മറ്റുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് എഴുതിയ ജീവചരിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ സമാഹരിച്ച ഗ്രന്ഥത്തിലൂടെയുമാണ്. പക്ഷെ അദ്ദേഹത്തെ ഓർക്കുമ്പോൾ ഹ്യദയം എത്രമാത്രം ഹർഷപുളകിതമാകുന്നുവെന്ന് എനിക്ക് മാത്രമറിയാം. ഹ്യദയത്തിൽ നിറയുന്ന ഊഷ്മളമായ ആ ആഹ്ലാ‍ദമാണ് ഞാനെത്രമാത്രം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത്.

നമ്മളിൽ നിന്ന് ഖരദ്രവ്യവായു രൂപത്തിൽ ഒന്നും തന്നെ ലഭിക്കുകയില്ലായെന്ന് ക്യത്യമായി അറിഞ്ഞിട്ടും നമ്മളെ ഗാഡമായി സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ട് എന്ന് തന്നെ വിശ്വസിക്കണം. അവർ പക്ഷെ ആ അനുഭവം നമ്മളുമായി പങ്കുവെച്ചുവെന്ന് വരില്ല. അത് അവരുടെ മാത്രം ആനന്ദമാണ്. അതിനെ അളക്കാനും തൂക്കാനും കഴിയുന്ന ഉപകരണങ്ങൾ ലോകം കണ്ടുപിടിച്ചിട്ടില്ല.
സ്നേഹത്തിന്റെ മറ പിടിച്ച് കൊടുക്കാനും വാങ്ങാനും കാത്ത് നിൽക്കുന്നവർ വെറും വാണീഭക്കാർ മാത്രമാണ്. അവർ വസ്തുക്കളുടെ അളവിലും തൂക്കത്തിലും അഭിരമിക്കുന്നവരാണ്. ഇതിലെ ദുഃഖം, ഈ സ്നേഹവ്യാപാരികൾ തങ്ങൾ കൊടുക്കുന്നതിനെ കുറിച്ച് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കും. കേൾക്കുന്നവന് മസ്തിഷ്ക അജീർണ്ണം വർദ്ധിക്കാവുന്നതരത്തിൽ അരോചകമായിരിക്കുമത്.

സ്നേഹത്തിനു പുറത്ത് കൊടുത്തതും വാങ്ങിച്ചതും കണക്കുകളിലേക്ക് ഒതുക്കാനാവുന്നതല്ലായെന്ന് തിരിച്ചറിയാൻ മാത്രം പ്രായമാകാറില്ല മനുഷ്യർക്ക്. ലോകത്തോടുള്ള അതിരറ്റ സ്നേഹമാണ് മനുഷ്യരുടെ എല്ലാ പ്രവർത്തികളുടെ കാതൽ എന്നിരിക്കെ, അതിന് വിലയിട്ട് ചെറുതാകാൻ ഏത് മനുഷ്യനാണ് മോഹിക്കുക.

സ്നേഹം ഒരാനന്ദമാണ്. ആനന്ദമാകട്ടെ ആ‍ത്മനിഷ്ഠവും. കണക്ക് അക്കങ്ങളുടെ മാത്രം ഒരു ജീവിതമാണ്. ആത്മാവിന് എങ്ങനെയാന് ആനന്ദത്തിന്റെ കണക്ക് പഠിപ്പിക്കുക…? പ്രത്യേകിച്ചും അതെന്നും പരമാനന്ദഭാവത്തില്‍ നമ്മളായി തന്നെ നിലനില്‍ക്കേ ....

പക

ലോകം നാനാവിധത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, അതിനനുസാരിയായി മനുഷ്യന്റെ ബോധമണ്ഡലത്തിൽ നന്മയുടെ നേർഭാഗം ചുരുങ്ങി ചുരുങ്ങി വരികയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മുൻ കാലങ്ങളെ പോലെയല്ലാതെ , പലപ്പോഴും മനുഷ്യർ, തങ്ങളിൽ തന്നെയുള്ള തീരെ ചെറിയ അഭിപ്രായ വിത്യാസങ്ങളിൽ പോലും പ്രതികരിക്കുന്ന രൂക്ഷരീതികൾ ആശങ്കയുളവാക്കുന്ന തരത്തിൽ ഭീതിതമാണ്. നിസ്സാര വസ്തുതകളിൽ ജനിക്കുന്ന നിരുപദ്രവകരമാകാവുന്ന ഭിന്നതകൾ അൽപ്പം പോലും സഹിഷ്ണുതയുടെ സാധ്യതകൾ തേടാതെ കടുത്ത പകക്ക് കാരണമായി തീരുന്നു. അതിന്റെ പ്രതികാര വഴികൾ ആകട്ടെ ഭയവിഹല്വമാക്കുകയും ചെയ്യുന്നു. അത്തരം ഒരു കാലദൈർഘ്യത്തിലൂടെയാണ് മനുഷ്യർ നടന്നുനീങ്ങുന്നത്.

നിരന്തരമായി പ്രതികാരത്തെ ഉല്പാദിപ്പിക്കുന്ന ഒരു രസത്വരകമായി തന്നെ വ്യാഖ്യാനിക്കപ്പെടേണ്ട ഒന്നാണ് പക. പഴയ ഗോത്രബോധത്തിൽ നിന്ന് ഇറങ്ങി വരുന്ന പ്രതികൂലഘടകങ്ങളുടെ ബാക്കിപത്രം. വലിയ പ്രതികാരങ്ങളെ സൂചിപ്പിക്കാൻ നമ്മൾ അതിനോടൊത്ത് പകയെ ചേർത്ത് പറയാറുണ്ട്. കുടിപ്പക, ആനപ്പക തുടങ്ങിയെല്ലാം കടന്നുവന്നത് അങ്ങിനെയാണ്. ആരിൽ നിന്ന് എപ്പോൾ ഇത് പുറപ്പെട്ട് വരുമെന്നറിയാതെ, അന്തർ വിഹ്വലതകൾ കൊണ്ട് വിറയാലായിപോകുന്നു ഇക്കാലത്ത് ജീവിതം.

നമുക്ക് ഉത്തമ ബോധ്യമുള്ള ഒരു വസ്തുതയുടെ ഉറപ്പിൽനിന്നാവും ഒരു പക്ഷെ ഒരു ചർച്ചയിൽ നമ്മൾ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ അഭിപ്രായം ഉന്നയിക്കുന്നത്. അതു കേട്ടുനിൽക്കുന്ന ആൾക്ക് കേട്ടത് ക്യത്യമായി ബോധ്യപ്പെടണമെന്നില്ല. ബോധ്യാബോധം നിർമ്മിച്ചെടുക്കാവുന്ന ഏറ്റവും അരികിൽ നിൽക്കുന്ന ദുരന്തം, കേട്ടുനിൽക്കുന്ന ആൾക്ക് വെറുതെയെങ്കിലും തോന്നിക്കാവുന്ന, തനിക്ക് പ്രതികൂലമാണല്ലോ ഈ പരാമർശങ്ങൾ എന്ന ചിന്തയാണ്. അങ്ങനെ അയാൾക്ക് തോന്നുന്നതോടെ പറഞ്ഞയാളുടെ നരകം അവിടെ തുടങ്ങുന്നു. എതിരിടലിന്റെ ശരമാരി വിരിയുകയായി.

ഒരാൾ അയാൾക്ക് ഉറപ്പുള്ള വസ്തുത പരമാവധി ശക്തമായും സമർത്ഥമായും അവതരിപ്പിക്കുക സ്വാഭാവീകം. പക്ഷെ ഇത് മറ്റേ വ്യക്തിയിൽ ഉണ്ടാക്കാവുന്ന പ്രതികരണം അത്രയൊന്നും നിഷ്കളങ്കമായിരിക്കണം എന്നില്ല. വസ്തുതകൾ എത്രമാത്രം സത്യസന്ധമായാലും വാദങ്ങളെ കൊണ്ട് അയാൾ ക്ഷീണിക്കപ്പെടുകയാണെങ്കിൽ, വ്യക്തിപരമായ ഒരു തോൽവിയായി തന്നെയാവും അയാൾ അത് വായിച്ചെടുക്കുക. അത് പക്ഷെ ആശയപരമായ പാളിച്ചയല്ല, പകരം മറ്റേയാൾ തന്റെ ദുസ്സാമർത്ഥ്യം കൊണ്ട് തന്നെ ജയിക്കുകയായിരുന്നു എന്ന അപകർഷതയാവും അയാളെ ഭരിക്കുക. സ്വയം താഴ്ന്നുപോയി എന്നതിനപ്പുറത്ത്, മറ്റൊരാൾ തന്നിൽ അധീശത്വം പുലർത്തി എന്ന തോന്നലാവും അയാളെ പീഡിപ്പിക്കുക. വൈരുദ്ധ്യമെന്തെന്നാൽ ഒരു ജീവിയും യജമാനന്മാരെ ആഗ്രഹിക്കുന്നില്ല. പക്ഷെ യജമാനന്മാരാവാൻ ആഗ്രഹിക്കുന്നുണ്ട് താനും. യജമാന ഭാവത്തിന് ഏൽക്കുന്ന മുറിവ് ഗാഡമായി അവനെ സ്വാധീനിക്കുന്നു. അത് പകയായി രൂപപ്പെടുകയും പ്രതികാരമായി പൊട്ടിയൊലിക്കുകയും ചെയ്യും.

ഇതിനൊക്കെ ഒരറുതിവേണമെന്ന് ആരാണാഗ്രഹിക്കാത്തത് ? പക്ഷെ ഞാൻ തന്നെ എന്നിൽ ഒരുപജാപകനെ വളർത്തി വലുതാക്കുമ്പോൾ എനിക്കെങ്ങെനെയാണ് അതിനു പരിഹാരം തേടാനാവുക..?

തനിക്ക് പ്രയോജനകരമല്ലാത്തതാണ് സംഭവങ്ങളുടെ ഫലശ്രുതിയെങ്കിൽ “ പതിനാറ് പണവും വേണ്ട പാതിരാത്രിക്ക് ചണ്ടിക്കുളത്തിൽ ചാടുകയും വേണ്ട ” എന്ന നയമായിരിക്കും പിന്തുടരുക.തനിക്ക് ഉപദ്രവമുണ്ടാകും എന്നുറപ്പുള്ളിടത്ത് തന്റെ അഭിപ്രായങ്ങൾ എന്ത് പ്രലോഭനമുണ്ടായാലും വെളിപ്പെടുത്താതിരിക്കുക. പ്രതികാരബുദ്ധി ഒരിക്കൽ കാണിച്ച മനുഷ്യരിൽ നിന്ന് ഒരുപാട് കാതം അകലെ മാറി നടക്കുക. ഇങ്ങനെയൊക്കെ ആയിരിക്കും മനുഷ്യർ തങ്ങളെ തന്നിൽ സംരക്ഷിക്കുക.

കുഞ്ഞുങ്ങളുണ്ടായി പ്രാരാബ്ധങ്ങളിൽ മുങ്ങിപ്പോകാതിരിക്കാൻ പണ്ടൊരാൾ പറഞ്ഞത് ഇങ്ങിനെയായിരുന്നു. “അകലേ കിടന്നാൽ പകലേ ഉറങ്ങാം” !! പലരും ഈ വാചകം ഒരു സുരക്ഷയായി കൊണ്ടുനടക്കുന്നു.

യുഗങ്ങളായി സംസ്കാരങ്ങൾ ഏറെ വന്നുപോയിട്ടും മതങ്ങളും മതപ്രവാചകരും തിരിഞ്ഞുമറിഞ്ഞുവന്നിട്ടും കാര്യമായി മാറാനൊന്നും തയ്യാറാവാതെ മനുഷ്യരായി കഴിയുന്നവരെ കുറിച്ച് എന്ത് പ്രതീക്ഷ പുലർത്താനാണ്….?