Friday, October 21, 2011

മ്യത്യു വിചാരം.


രോഗപീഡകള്‍ മൂലം.
ആത്മാഹത്യകള്‍ വഴി.
കൊലചെയ്യപ്പെടുന്നവരായി.
അപകടങ്ങളിലൂടെ.
വാര്‍ദ്ധക്യസഹജമായി.

ദുരൂഹവും നിഗൂഡവും അനിശ്ചിതവുമാണ് മരണത്തിന്റെ വഴികള്‍

കാമനകളില്‍ നീന്തിത്തുടിക്കുന്ന മനുഷ്യര്‍ അതില്‍ ഭയപ്പെടാതിരിക്കുന്നതെങ്ങിനെ?

ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കിയിരുന്ന നമ്മള്‍ കണ്ടിട്ടില്ലാത്ത ഏതോ ഒരു വസ്തു മസ്തിഷ്കമടക്കമുള്ള ശരീരത്തെ ത്യജിക്കുക വഴിയാണ് നമ്മള്‍ ജഡമായി മാറുന്നത്. ജഡം എന്നുറപ്പാക്കിയ ഒരു ശരീരത്തെ നമ്മുക്കാവശ്യമുള്ളപ്പോള്‍ ആവശ്യമായ രാസപദാര്‍ത്ഥങ്ങളുടെ സങ്കലന ഫലമായി പ്രവര്‍ത്തനക്ഷമമാക്കി തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞാലേ ശാസ്ത്രത്തിന് മരണത്തിന്റെ ദുരൂഹത
നീക്കിയെടുക്കാന്‍ കഴിയൂ .

1893- ല്‍ ഷിക്കാഗോവിലെ സര്‍വ്വമത സമ്മേളനത്തില്‍പങ്കെടുത്ത്കൊണ്ട്  സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു.

"അമ്യതാത്മാക്കളാണ് നിങ്ങള്‍ മുക്തരൂപികള്‍ ,പവിത്രര്‍ , നിത്യര്‍ . ജഡമല്ല നിങ്ങള്‍ . നിങ്ങള്‍ ദേഹങ്ങളല്ല. ജഡം നിങ്ങളുടെ അടിമ, അല്ലാതെ നിങ്ങള്‍ ജഡത്തിന്റെ അടിമകളല്ല."

ഇത് മരണത്തിനു വേറെ ഒരു തലം സമ്മാനിക്കുന്നു. ജീവിതം എന്നത് ശരീരം
മാത്രമല്ല . ശരീരത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മറ്റൊരു ഘടകം ജീവിതത്തിലുണ്ട് എന്ന ചിന്ത. മസ്തിഷ്കം അല്ലാത്ത മറ്റെന്തോ ഒന്നുകൂടി. മരണത്തിനു ഹനിക്കാനാവാത്ത എന്തോ ഒന്ന്. തത്വചിന്തകര്‍ ജീവാത്മാവ് എന്ന് വിളിക്കുന്ന ഒന്ന്.

നമ്മള്‍ ശരീരങ്ങളിലൂടെ മാത്രം തിരിച്ചറിയപ്പെടുന്നവര്‍ ആയതുകൊണ്ട്, ഇല്ലാതാകുന്ന ശരീരം മൂലം, ഒരാളുടെ മരണം, അയാളെ സംബന്ധിച്ച് നമുക്ക്‌ ഒരു പൂര്‍ണ്ണ വിരാമമാണ്.നമ്മളെ അലട്ടുന്ന സങ്കടം ഇനിയൊരിക്കലും നമുക്കയാളെ നേരില്‍ കാണാനാവില്ലല്ലോ എന്നതാണ്.

അപൂര്‍വ്വമായൊഴിച്ച്, ജീവിതകാരന്റെ അനിഷ്ടമായാണ് മരണം കടന്നുവരുന്നത്. കൊലപാതകത്തിലാവട്ടെ നിര്‍ബന്ധിതമായി മരണം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ആത്മഹത്യാകാരന്മാര്‍ ഒരുപക്ഷെ ആഗ്രഹിച്ചുതന്നെ എടുക്കുന്നതാവും.

വ്യത്യസ്ഥതകളെയൊക്കെ പരിഗണിച്ചാലും ഒന്നുറപ്പാണ്, ശരീരത്തിന്റെ ജീവചംക്രമണം നിലക്കുന്നതിലൂടെയാണ് ആ ശരീരം ജഡമാകുന്നത്. അവിടെ ഒരാത്മാവിന്റെ സാന്നിദ്ധ്യം ആരും തിരിച്ചറിയുന്നില്ല. ശരീരത്തില്‍ കുടുങ്ങി കിടക്കുന്നതാണ് ആത്മാവ്, മരണം ആത്മാവിന്റെ മുക്തിയാണ് ഉറപ്പാക്കുന്നത്. അങ്ങനെ ജഡം അതിന്റെ ഫലശ്രുതിയാണെന്ന് വ്യാഖ്യാനിക്കുന്നത് ദുര്‍ഗ്രഹത വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നല്ല. ആദ്ധ്യാത്മികതലത്തില്‍ ധർമ്മാർത്ഥികൾക്ക് ഇത് ആശ്വാസമായിരിക്കും. ഇത്തരം സങ്കല്‍പ്പത്തില്‍ ലളിത മനസ്കര്‍ ത്യപ്തരാകുകയും ചെയ്യും.

4 comments:

  1. മരണത്തെക്കുറിച്ച് നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ചിന്തകള്‍ കടന്നു വരും. എത്ര താത്വികമായ സമാധാനത്തിനു ശ്രമിച്ചാലും നമ്മള്‍ ഇല്ലാതാകും എന്ന വിചാരം നമ്മളെ ആശ്വസിപ്പിക്കില്ല്ല.എത്ര നിസ്സംഗനാവാന്‍ ശ്രമിച്ചാലും ചെയ്യാന്‍ ബാക്കി വെച്ചതിനെ ഓര്‍ത്ത്‌ പിന്നെയും നാം സങ്കടപ്പെടും. എല്ലാം വെറുതെ ആണെന്ന് അറിഞ്ഞു തന്നെ. നിങ്ങള്‍ക്ക്‌ തോന്നുന്നത് നിങ്ങളും പറയുക. കേള്‍ക്കാന്‍ എനിക്കും ആഗ്രഹാഹമുണ്ട്. പോകുന്നതിനു മുന്‍പ്‌.

    ReplyDelete
  2. മരണം ജീവിതത്തിന്റെ തന്നെ ഒരു പുതുക്കി പണിയല്‍ ആണെന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം ,ആരും ഒരിക്കലും മരിക്കുകയില്ലെന്നും എല്ലാവരും നമുക്ക് ജീവിച്ചിരിക്കുന്നവര്‍ക്ക് മരണത്തിലൂടെ മാത്രം എത്താന്‍ കഴിയുന്ന എവിടെക്കോ യാത്ര പോകുന്നു എന്ന് തോന്നും ,അവര്‍ നമ്മെ കാത്തിരിക്കുന്നുണ്ട് അവിടെ ..

    ReplyDelete
  3. മനോഹരമായ സങ്കല്‍പ്പം സിയാഫ്‌,

    ഈ അഭിപ്രായം വല്ലാതെ മനസ്സില്‍ കടന്നുകയറി. അതോ ഹ്യദയത്തിലോ വാര്‍ദ്ധക്യം കഴിഞ്ഞു കയറി നില്‍ക്കുന്ന ഒരിടനാഴി. അതിനപ്പുറം അജ്ഞാതമായ ആ താഴ്വര. ആ താഴ്വരയെ പക്ഷെ ധീരന്മാര്‍ക്ക് ഭയപ്പെടേണ്ടതില്ല. ഗീതയില്‍ ഇങ്ങനെ പറയുന്നു.
    " ദേഹിനോസ്മിന്‍ യഥാ ദേഹേ കൌമാരം യൌവ്വനം ജരാ തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി " (ഗീത 2/13)

    ReplyDelete
  4. ജനനം എന്ന മൂന്നക്ഷരം ,മരണം എന്ന മൂന്നക്ഷരം, അതിനിനടയില് ജീവിതം എന്ന വലിയ മൂന്നക്ഷരത്തില് സുബ്രമണിയന്‍ എന്ന ആറ് അക്ഷരവും ..( അവസാനത്തെ ചില്ല് അക്ഷരം എല്ലാ എഴുത്തിലും കാണുന്നുണ്ട് :)))))

    ReplyDelete