Wednesday, April 6, 2011

ട്രാഫിക് : മലയാള സിനിമ വീണ്ടും യുവത്വമാർജ്ജിക്കുന്നു.


   വളരെ നാളുകൾക്ക് ശേഷം ഒരു മലയാള സിനിമ കണ്ട് ആഹ്ലാദത്തോടെ തിയ്യറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആദരവോടെ ഓർത്തത് സിനിമയുടെ നിർമ്മാതാവായ ശ്രീ.ലിസ്റ്റിൻ സ്റ്റീഫനെയാണ്. ചിത്രത്തിന്റെ പ്രമേയം വിലയിരുത്തിയാൽ, രണ്ടര കോടി മുടക്കി ഇങ്ങനെ ഒരു സാഹസത്തിന് മുതിരുമ്പോൾ ഒരിക്കലും ഒരു സാമ്പത്തീകലാഭം അദ്ദേഹം മോഹിച്ചിരുന്നുവെന്ന് പ്രതീക്ഷിക്കാനെ തരമില്ല. പക്ഷെ രാജേഷ് പിള്ളയെന്ന ഭാവനാശാലിയായ ചെറുപ്പക്കാരൻ പ്രേക്ഷകരെയെന്നല്ല അദ്ദേഹത്തെയും ഒട്ടും നിരാശപ്പെടുത്തിയില്ല. സിനിമയുടെ അവസാന ദിവസമായിട്ടും തിയ്യേറ്ററിൽ നിറഞ്ഞ  നിശ്ശഃബ്ദമായ സദസ്സ് ലിസ്റ്റിനും രാജേഷ് പിള്ളക്കും ആദരവ് നൽകുകയായിരുന്നു.

തിയ്യേറ്ററിലെ ശബ്ദ സംവിധാനത്തിന്റെ തകരാറാണോ അതൊ അരോചകമായി കൊണ്ടിരിക്കുന്ന ശ്രീനിവാസന്റെ ശബ്ദത്തിന്റെ കുഴപ്പമാണോ കേൾവിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു കമന്ററിയോടെയാണു സിനിമ തുടങ്ങുന്നത്. സിനിമയുടെ കാതലിനെ സൂചിപ്പിക്കുന്നതാണ് ആ ആത്മഭാഷണമെങ്കിലും ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിൽ ഒരു സുന്ദരി ഓടിക്കുന്ന കാർ തിരശ്ശീലയിൽ നീങ്ങികൊണ്ടിരുന്നത് ശ്രദ്ധ വെച്ചിരുന്ന പ്രേക്ഷകൻ ദ്യശ്യത്തിനു തന്നെയാണു പ്രാധാന്യം കൊടുത്തത്. പിന്നീട് അങ്ങനെയൊരു ഭാഷണം സിനിമയുടെ മൊത്തം ടോണിനു അത്രയൊന്നും അത്യാവശ്യമായിരുന്നില്ല എന്ന് പ്രേക്ഷകനും ബോധ്യപ്പെടുന്ന തരത്തിൽ ഡയനമിക്കായ രംഗങ്ങളിലൂടെയാണു കഥ വികാസപരിണാമങ്ങൾ തേടുന്നത്.
ആദിമദ്ധ്യാന്തമുള്ള ഒരു കഥയോ അതിശക്തമെന്ന് അവകാശപ്പെടാവുന്ന ഒരു തിരക്കഥയോ ഈ ചിത്രത്തിലൂടെ നാം കണ്ടെത്തുന്നില്ല. പക്ഷെ ദ്യശ്യങ്ങൾ എടുത്ത രീതിയും അവ യോജിപ്പിച്ച രീതിയും ഒരുപക്ഷെ സിനിമ മറ്റാരേക്കാളും സംവിധായകന്റെ മാത്രം സ്യഷ്ടിയാണന്ന തത്വത്തെ അടിവരയിടുന്നുണ്ട് ഈ ചിത്രം. മഹേഷ് നാരായണൻ എന്ന സന്നിവേശക്കാരനും ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകനും ബോബി സഞ്ജയ് സഹോദരന്മാർ എഴുതിവെച്ച ഷോട്ടുകളെ സാക്ഷാൽക്കരിക്കാൻ കുറച്ചൊന്നുമല്ല രാജേഷ് പിള്ളയെ സഹായിച്ചത്. ഉദ്വേഗം നിലനിർത്താൻ സഹായിക്കേണ്ട സംഗീതം  പക്ഷെ ബഹളമയമായി എന്നത് ഇത്തരം ഒരു പ്രമേയത്തിൽ നിശ്ശഃബ്ദതയുടെ സാധ്യത തിരിച്ചറിയാൻ സംവിധായകന് കഴിയാതെ പോയതായിരിക്കാം.
 

വിത്യസ്ത കുലഗോത്രഗാത്രരായ കുറച്ചു മനുഷ്യരെ, ഒരു സെപ്തംബർ 16 നു കാലത്ത്  8.50 നു കൊച്ചിയിലെ ഒരു ട്രാഫിക് സിഗ്നലിനു മുന്നിൽ നടക്കുന്ന തികച്ചും സാധാരണമായ ഒരപകടം, ഏതെല്ലാം തരത്തിൽ ജീവിതത്തിന്റെ വഴി തിരിച്ചുവിടുന്നു എന്ന് അതിശയത്തോടെ നമ്മൾ രണ്ടുമണിക്കൂർ നേരം അഗാധമായ ഉൽകണ്ഠയോടെ നോക്കിയിരുന്നുപോകും. ഒരു നിമിഷം പോലും സംവിധായകൻ വെറുതെ കളയുന്നില്ല.ഒരു രംഗം പോലും അനാവശ്യമെന്ന് കാണികൾക്ക് തോന്നുന്നുമില്ല. അളന്നു മുറിച്ച ഷോട്ടുകൾ.പലപ്പോഴും ആശയകുഴപ്പമുണ്ടാക്കാവുന്ന സന്നിവേശങ്ങൾ. കയ്യടക്കം  വന്ന തഴക്കക്കാരനെപോലെ സംവിധായകൻ സീനുകളോരോന്നും കാണികളുടെ മനസ്സിൽ പതിപ്പിച്ച് ഒരു സംശയത്തിനുപോലും സാധ്യത നൽകാതെ വീർപ്പടക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു.
 

എല്ലാ പ്രതീക്ഷകളുടെയും അപ്പുറത്ത് വിധി കരുതി വെച്ചിരിക്കുന്ന ദുരന്തങ്ങളെ തിരിച്ചറിയാനാവാതെ വിളക്കിലേക്ക് ഓടിയടുക്കുന്ന ഈയ്യാം പാറ്റകൾ. മനുഷ്യന്റെ വിധിയും ഏറെയൊന്നും വിത്യസ്തമല്ല.  വിധവയായ സഹോദരിയുടെ മകന്റെ ഭാരിച്ച ഫീസ് നൽകാൻ ഗതികേടുകൊണ്ടാണ് സുദേവൻ കൈക്കൂലി വാങ്ങിക്കുന്നത്. കയ്യോടെ പിടിക്കപ്പെടുന്ന അയാൾ പാർട്ടിയാപ്പീസിൽ കൈക്കൂലി കൊടുത്ത് തിരിച്ച് ജോലിക്ക് കയറുന്നത് അന്നായിരുന്നു. സെപ്തംബർ 16. ഡോക്ടർ ഏബിൾ പ്രിയതമക്ക് ജന്മദിനത്തിനു   അതിശയസമ്മാനാമായി ഒരു പുതിയ കാർ ഷോറൂമിൽ നിന്ന് ഇറക്കുന്നത് ആ ദിവസമായിരുന്നു. അന്നു തന്നെയാണു റയ്ഹാൻ എന്ന ചെറുപ്പക്കാരൻ ആദ്യമായി അയാളുടെ ജീവിതഭിലാഷമായ ചാനലിലെ ജോലിയിൽ ആദ്യത്തെ ദിനം തുടങ്ങുന്നത്. അന്ന് തന്നെയാണു പ്രശസ്ത സിനിമാ താരം സിദ്ധാർത്ഥിന്റെ മകളുടെ ഹ്യദയശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.ഈ മനുഷ്യരുടെയെല്ലാം സങ്കീർണ്ണമായ വിധിയെ ഒരു ചരടിൽ കോർത്ത് എങ്ങിനെ ഒരു ആദിമദ്ധ്യാന്തമുള്ള ഒരു കഥയായി ചലചിത്രത്തിലൂടെ നമുക്ക് കാണിച്ചുതരാം എന്ന് മനോഹരമായി സ്ഥാപിച്ചെടുക്കുകയാണു രാജേഷ് പിള്ള.
 

സിനിമയുടെ യാത്ര തുടക്കം മുതലെ ബുദ്ധിപരമായ ചില കയ്യടക്കങ്ങളിലൂടെയാണു സംവിധായകൻ രൂപപ്പെടുത്തിയിരിക്കുന്നത്. അത്തരം നിലപാടുകളുടെ ഒരപകടാവസ്ഥ ഏത് നിമിഷത്തിലും അത് കൈവിട്ടുപോകുമെന്നതാണു. ഭാഗ്യമെന്നുപറയട്ടെ ചിത്രത്തിന്റെ ചന്തം കുറക്കുന്ന ഒരപശബ്ദം പോലും എങ്ങും വീഴാതെ ഒരു പുതിയ സൌന്ദര്യബോധം ചിത്രത്തിലൂടെ ഒരുക്കിയെടുക്കാൻ സംവിധായകനായി എന്നത് എത്രമാത്രം ശ്ലാഘനീയം എന്ന് പറയാതിരിക്കാൻ വയ്യ. രണ്ട് ഷോട്ടുകളുടെ ഇടയിൽ കടന്നുവരുന്ന ആശയകുഴപ്പം മൂന്നാമത്തെ ഷോട്ടിൽ മറികടക്കുമ്പോൾ കാണികൾക്ക് ക്യത്യമായി തിരിച്ചറിയാനാവുന്ന ഒന്ന് ഒരു പുതിയ ചലചിത്രഭാഷ രസകരമായി അനുഭവപ്പെടുന്നു എന്നതാണു. തികച്ചും അപകടകരമായ ഈ രീതി ഒരു പക്ഷെ ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന ഒരു ട്രീറ്റ്മെന്റിന്റെ ഭാഗം കൂടിയായി നമുക്ക് വായിച്ചെടുക്കാവുന്നതാണ്.
 

സാമാന്യമായി പറയാവുന്ന ഒരു കഥയും സിനിമക്കില്ല എന്നതിലപ്പുറം പറയുന്ന സംഭവങ്ങൾ പ്രേക്ഷകന്റെ നിതാന്ത ശ്രദ്ധ ആവശ്യപ്പെടുന്നത് കൊണ്ട് കാഴ്ചയിലെ ഏത് അലംഭാവവും സിനിമയുടെ മൊത്തമായ ആസ്വാദനത്തെ ബാധിക്കും. അതുകൊണ്ട് തന്നെ കഥ ഇവിടെ വിവരിക്കുന്നതിൽ വലിയ അർത്ഥമില്ല. പകരം എനിക്ക് പൊരുത്തപ്പെടാൻ കഴിയാതിരുന്ന ചില പോരായ്മകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. പോരായ്മയെന്നാൽ എന്റെ മാത്രം കാഴചപ്പാടിനെ അടിസ്ഥാനമാക്കി പറയുന്നതാണ്. അങ്ങനെ ചൂണ്ടിക്കാണിക്കുമ്പോൾ അതൊന്നും വലിയ കല്ലുകടിയായി അനുഭവപ്പെടുന്നവയല്ല. എങ്കിലും കുറച്ചുകൂടി ശ്രദ്ധയാവാമായിരുന്നു എന്ന് എനിക്ക് തോന്നിയതും അത് ചിത്രത്തിന്റെ എടുപ്പിനു കുറെകൂടി സൌന്ദര്യം നൽകുമായിരുന്നു എന്ന എന്റെ വിശ്വാസവുമാണ്.
 

റയ്ഹാനോടൊത്തുള്ള യാത്രയിൽ സുദേവനു കിട്ടുന്ന നാസറിന്റെ നിർദ്ദേശം ഡോക്ടർ ഏബിളിന്റെ ഭാര്യക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹത്തെ വഴിയിൽ ഇറക്കി പകരം ഒരു ഡോക്ടറെ കൂടെ കൂട്ടണമെന്നുമാണ്. ഇതാകട്ടെ ഡോക്ടർ ഏബിൾ അറിയുന്നുമില്ല. പിന്നെ എന്തു പ്രകോപനമാണ് ഡോക്ടറുടെ പ്രവർത്തികൾക്ക് ന്യായീകരണമായി പറയാൻ കഴിയുക. ആ കഥാപാത്ര സ്യഷ്ടിയിൽ പൊതുവെ ഒരു അശ്രദ്ധ എഴുത്തുകാർ കാണിച്ചു എന്ന് പറയാതിരിക്കാനാവില്ല. തികച്ചും ഉദ്വോഗജനകമായ ആ യാത്രയുടെ ഉൽകണ്ഠ വർദ്ധിപ്പിച്ച് കാണികളെ ത്രസിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഡോക്ടറെ വഴിവിട്ട് പോകാൻ സംവിധായകൻ അനുവദിച്ചതെന്ന് സാമാന്യബോധമുള്ള കാണികൾ തിരിച്ചറിയും എന്നത് ഒരു പരാജയമായി സംവിധായകൻ കാണണം. ഒരു യാത്രയിൽ ത്രസിപ്പിക്കാനുള്ള ധാരാളം സാധ്യതകൾ വേറെയുണ്ടെന്നിരിക്കെ ആ കഥാപാത്രത്തിന്റെ അതുവരെയുള്ള വ്യക്തിത്വം ബലികഴിച്ചുകൊണ്ടുള്ള അവതരണം അനുചിതമായത്  തിർക്കഥയിലെ വലിയ ഒരു പോരായ്മയാണ്.
 

ഇതേ അപകടം അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും തിരിച്ചറിയപ്പെടും. പ്രത്യേകിച്ച് സിദ്ധാർത്ഥ് എന്ന കഥാപാത്രത്തിനു കണ്ടെടുത്ത നടൻ ദുനിയാവിലെ ഒരു വേഷവും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന ഒരാളായി അനുഭവപ്പെടുന്നില്ല. എങ്ങിനെയാണു ഇയാൾ മലയാളസിനിമയിൽ പിടിച്ചുനിൽക്കുന്നതെന്നു എനിക്ക് മനസ്സിലാകുന്നില്ല. അത്രയൊന്നും അഭിനയശേഷിയില്ലാത്ത ഒരു നടനുപോലും വികാര തീവ്രമാക്കാവുന്ന ധാരാളം അവസരങ്ങൾ ആ കഥാപാത്രം വെച്ചുനീട്ടുന്നുണ്ട്. ദയനീയമെന്ന് പറയട്ടെ ഒന്നും തിരിച്ചറിയാത്ത ഒരു അന്ധാളിപ്പ് മാത്രമായി ആ നടൻ തിയ്യേറ്റർ വിടുമ്പോൾ കാണികളുടെ ഒരു ഓർമ്മ പോലുമാകുന്നില്ല. എന്നാൽ മറിച്ചൊരു ചിന്തയുണ്ടാക്കുന്ന ഒരു നടന്റെ സാന്നിദ്ധ്യം പരാമർശിക്കാതെ പോകാനെ കഴിയില്ല. സായികുമാർ. ഈ സിനിമ കണ്ടുകഴിയുമ്പോൾ നമ്മൾ നമ്മളോട് തന്നെ ചോദിക്കും. എന്തിനാണു ഈ നടൻ ഇത്ര താഴെ ഇറങ്ങി നിൽക്കുന്നത്. എന്തൊരു അനുപമമായ അനുഭവമാണു റയ്ഹാന്റെ അച്ഛനിലൂടെ ഈ നടൻ കാണികൾക്ക് പകർന്നു നൽകുന്നത്. ഒരുപക്ഷെ കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്കുള്ള റയ്ഹാന്റെ യാത്രയിൽ ഞാനോർത്ത് സങ്കടപ്പെട്ടത് മുഴുവൻ ആ അച്ഛനെയോർത്താണ്. അത്രയേറെ ഹ്യദയാർജ്ജകമായിരുന്നു സായികുമാറിന്റെ വേഷപകർച്ച. കാലങ്ങളായി മലയാളസിനിമ അഭിനയത്തിന്റെ രണ്ടുകോമരങ്ങളെ വെച്ച് കളിക്കുന്നു. ആ കോമരങ്ങളെക്കാൾ എത്രയോ ഉയരത്തിലാണു അഭിനയത്തിന്റെ ഈ മൂർത്തി എന്ന് മനസ്സുപറയുന്നു. പറഞ്ഞിട്ടെന്ത് കാര്യം മൂർത്തിക്കല്ലല്ലോ വില. കോമരങ്ങൾക്കും പൂജാരികൾക്കുമല്ലേ?
 

അഭിനേതാക്കൾക്ക് ചെറിയ ചെറിയ വേഷങ്ങളെ ചിത്രത്തിലുള്ളു. മുഴുനീള വേഷം സംവിധായകനുമാത്രമാണു. പക്ഷെ ഓരോ അഭിനേതാക്കളും വളരെയെറെ ശ്രദ്ധ അവരവരുടെ വേഷങ്ങൾ മികവുറ്റതാക്കുന്നതിൽ കാണിച്ചുവെന്നത് ചെറിയൊരു കാര്യമല്ല. രജീവ് ആയി വരുന്ന ആസിഫിന്റെ പ്രകടനം മലയാളത്തിനു കഴിവുറ്റ ഒരു നടന്റെ ആഗമനം വാഗ്ദാനം ചെയ്യുന്നു. കൂട്ടത്തിൽ ശ്രീനിവാസനോട് സൂചിപ്പിക്കാനുള്ളത്, ആലിക്കോയക്കാടെ മോൻ ഗൾഫിൽ വന്നപ്പോൾ കുഞ്ഞാമുണ്ണിക്ക ചോദിച്ച ഒരു ചോദ്യമുണ്ട്. “ അല്ല ആലിക്കോയെ അന്റെ ചെക്കനിപ്പോ ഒരുമാതിരി കാര്യത്തിനൊക്കെ പോന്നിരിക്കണേല്ലോ.? ന്നാ പിന്നെ ഇപ്പണി അനക്കങ്ങട് നിർത്തിക്കൂടെ..?” ഈ ചിത്രം ശ്രീനിവാസൻ എന്ന നടനു അങ്ങിനെ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
 

എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും അവസാനം തളർന്ന് നിൽക്കുമ്പോൾ നമ്മൾ അറിയാതെ ആഗ്രഹിച്ചുപോകും. ഒരു മഴ പെയ്തെങ്കിൽ. ഒരു മഴയുടെ കുളിർനീരിൽ വെറുതെ നിന്ന് ഈറനായാൽ ഒലിച്ചുപോകുന്ന കണ്ണിർ മഴത്തുള്ളികളായല്ലെ കാഴ്ചക്കാരിലെത്തു. സംവിധായകനും അങ്ങനെ ആഗ്രഹിച്ചുവെന്നു തോന്നുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങുന്ന സുദേവൻ കാറോടിച്ചിറങ്ങുന്നത് നിറഞ്ഞുപെയ്യുന്ന മഴയിലേക്കാണു. സ്വന്തം പേരിലെ കൈക്കൂലിയുടെ കറ ആ മഴയിൽ ഒലിച്ചുപോകുന്നത് സുദേവനും അനുഭവിക്കുന്നുണ്ടാവും. തിയ്യേറ്റർ വിടുന്ന പ്രേക്ഷകനും അതുവരെ ഉള്ളിൽ നിറഞ്ഞ ചൂട് ആ മഴയിൽ നനഞ്ഞ് ഒരു നേർത്ത തണുപ്പായി മാറുന്ന ആഹ്ലാദവുമായി തന്നെ യാണു അനുഭവിക്കുന്നത്.
 

1 comment:

  1. സിനിമ കാണാന്‍ കഴിഞ്ഞിട്ടില്ല, ഈ കുറിപ്പിനു നന്ദി.

    ReplyDelete