Wednesday, July 11, 2012

പാലായനത്തിന്റെ രാഷ്ട്രീയം പട്ടിണി.
സ്വജീവസന്ധാരണത്തിനും സഹജീവി സംരക്ഷണത്തിനുമായി, സാമ്പാദിക മോഹങ്ങളോടെ, തൊഴില്‍ തേടി അലയുന്നവരുടെ ഒരു സമൂഹം ലോകമെമ്പാടുമായി വ്യാപകമായി രൂപപ്പെട്ടിട്ട് ചുരുങ്ങിയത് ഒരെണ്‍പത്  വര്‍ഷങ്ങളെങ്കിലുമാകുന്നു.  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപപ്പെട്ടുവന്ന ലോക സാഹചര്യങ്ങളെ, ഒരു മൈല്‍ കുറ്റിയായി എടുത്ത് കൊണ്ടുള്ള ഒരു കാല ഗണന മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ രേഖപ്പെടുത്തുന്നത് . എന്നാല്‍ അതിനു മുന്‍പ്  തന്നെ ചരിത്രത്തില്‍ ഇത്തരം തൊഴില്‍ പരമായ കുടിയേറ്റങ്ങളെ, വ്യാപകമായല്ലെങ്കിലും ധാരാളമായി കണ്ടെത്താനാവും. ആഫ്രിക്ക, അമേരിക്ക, ആസ്ത്രേലിയ ഈ മൂന്ന്‍ ഭൂഖണ്ഡങ്ങളിലേയും മനുഷ്യരില്‍ ഭൂരിഭാഗവും തദ്ദേശിയരല്ല. അവിടങ്ങളില്‍ കുടിയേറി പാര്‍ത്ത യൂറോപ്പ്യന്മാരെല്ലാം വിനോദത്തിനായി അവിടെ എത്തിയവരായിരുന്നില്ല. ജീവസന്ധാരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തന്നെയായിരുന്നു അവരും തേടിയത്‌........................................................ . വ്യവസായ വിപ്ലവത്തിനും എത്രയോ മുന്നെയായിരുന്നു ഈ കുടിയേറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ് . വ്യവസായ വിപ്ലവത്തെ തുടര്‍ന്നു യൂറോപ്പില്‍ രൂപപ്പെട്ട  തൊഴില്‍ സാധ്യതകളാണ് തൊഴില്‍ കുടിയേറ്റങ്ങള്‍ക്ക്  വിശാലമായ വഴി തുറന്നത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധാനന്തരം ലോകത്ത്‌ രൂപപ്പെട്ട തൊഴില്‍ നഷ്ടവും സാമ്പത്തീക തകര്‍ച്ചയും  പട്ടിണിയുമാണ് തൊഴില്‍  കുടിയേറ്റങ്ങളെ  രാഷ്ട്രീയ കുടിയേറ്റങ്ങളായി   വ്യാപകമാക്കിയത്.


ആമുഖമായി ഇത്രയും പറഞ്ഞത്‌ പഴയ പുസ്തകത്തിലെ മോശ മുതല്‍ ആധുനിക കാലത്തെ മലയാളി വരെ, അതിജീവനത്തിന്റെ ആന്തരീക ചോദനായാല്‍ അലഞ്ഞുതിരിയുന്ന, മനുഷ്യര്‍ എന്ന മഹാ സഞ്ചയത്തിലെ കണ്ണികള്‍ മാത്രമാണെന്നു പറയുന്നതിന് വേണ്ടിയാണ്.


 ഒരു രാജ്യത്തിനു ഒരിക്കലും പൊറുപ്പിക്കാന്‍ ആകാത്ത ക്രൂരകുറ്റവാളികളുടെ സംഘത്തെ കടലില്‍ ഇറക്കി വിടുമ്പോള്‍ , ബ്രിട്ടന്‍ എന്ന സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം ഓര്‍ത്തിരുന്നുവോ, ഇവര്‍ തീര്‍ത്ഥാടകപിതാക്കളായി ആധുനിക അമേരിക്കയെ നിര്‍മ്മിക്കാന്‍ പുറപ്പെടുകയായിരുന്നുവെന്ന്. സമാനമല്ലെങ്കിലും താരതമ്യേന നാട്ടില്‍ പൊറുപ്പിക്കാന്‍ പ്രയാസമുള്ള, അല്ലെങ്കില്‍ പൊറുക്കാന്‍  പ്രയാസം അനുഭവിച്ച ചെറുപ്പക്കാര്‍ തന്നെയാണ്, ഇന്ത്യയുടെ തീരദേശങ്ങളില്‍ നിന്ന്  ലോഞ്ചുകളിലും പത്തേമാരികളിലും കയറി കടലില്‍ പുറപ്പെട്ട് പോയത്‌. . ഇന്ന് വിടര്‍ന്നുവികസിച്ച് നില്‍ക്കുന്ന മദ്ധ്യപൌരസ്ത്യദേശത്തെ അംബരചുംബികള്‍ നിറഞ്ഞ  പട്ടണങ്ങളുടെ നിര്‍മ്മാണപ്രക്രിയയില്‍ ആ ചെറുപ്പക്കാരുടെ വിയര്‍പ്പും കണ്ണീരും കലര്‍ന്നുകിടക്കുന്നു.അവരിലേറെയും കേരളത്തില്‍ നിന്നായിരുന്നു എന്നത് വിധിയുടെ ഒരു വിളയാട്ടം. 


അറബികളും പാശ്ചാത്യരുമായുള്ള വ്യാപാരവിനിമയ ബന്ധങ്ങളാണ്, മലയാളിയെ ജീവ സന്ധാരണത്തിനായി ദൂരദേശങ്ങളിലേക്ക് ആകര്‍ഷിച്ച യാത്രകളെ  ത്വരിതപ്പെടുത്തിയത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളായിരുന്നു ആദ്യകാലപരവതാനികളില്‍ പച്ച വിരിച്ചത്. ബര്‍മ്മ, മലയ, സിങ്കപ്പൂര്‍ പിന്നീടത്‌ സിലോണിലേക്കുള്ള ഒഴുക്കായി മാറി. മദ്ധ്യപൌരസ്ത്യദേശത്തെ എണ്ണഖനനം കേരളീയന്റെ ജീവിതത്തെ ആഴത്തില്‍ മാറ്റി മറിക്കുന്നത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്. ആ കാലത്തിന്റെ അവസാനസീനുകളില്‍  എത്തുമ്പോഴും കേരളത്തിലെ തൊഴിലന്വേഷകര്‍ ബഹുഭൂരിഭാഗവും ആദ്യ തിരഞ്ഞെടുപ്പ്‌ നടത്തുന്നത് ഖലീജിലേക്ക് തന്നെയാണ്.


 ഖലീജില്‍ തൊഴിലെടുക്കുന്ന ബഹുഭൂരിഭാഗം മലയാളികളും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഒരുപാധിയായാണ് തങ്ങളുടെ ജീവിതത്തെ കാണുന്നത്. അത്യന്തം അപകടകരവും ബുദ്ധിശൂന്യവുമായ ഒരു നിലപാടാണ് സത്യത്തില്‍ ഇത്.
ഏറെ പേരും തങ്ങളുടെ ആരോഗ്യമോ ഭാവി സുരക്ഷിതത്വമോ ഒട്ടും പരിഗണിക്കാതെയുള്ള ജീവിതസാഹചര്യങ്ങളെയാണ് അനുഭവിച്ച് തീര്‍ക്കുന്നത്.തങ്ങളുടെ സ്വന്തം നിലനില്‍പ്പ്‌ സുരക്ഷിതമാക്കാതെയുള്ള ഈ സേവനജീവിതം ഒരേ സമയം തങ്ങളുടെ ആശ്രിതരേയും തങ്ങളെ തന്നെയും അപകടത്തിലാക്കും എന്ന് ഈ മനുഷ്യര്‍ തിരിച്ചറിയുന്നില്ലായെന്നത് അതിശയകരമാണ്.

ഒരു സാമൂഹീക കാഴ്ചപ്പാടില്‍ നിന്നാണ് നാടേ പറഞ്ഞ ആശയം കണ്ടെത്തുന്നത്. അവനവന്റെ ജീവിതം തന്റെ ആസക്തികളെ മാത്രം ആനന്ദതുന്ദിലിതമാക്കാന്‍ ആയാസപ്പെടുന്ന സുഖാന്വേഷികളെ ഈയൊരു  സാമൂഹ്യചുറ്റുപാടിന്റെ പ്രസക്തിയിലേക്ക് കൊണ്ടുവരാനാകില്ല. സമൂഹത്തെ പോലും തങ്ങളുടെ ആനന്ദത്തിനുള്ള ഉപാധിയായിട്ടാവും അവര്‍ കാണുന്നത്. അത്തരം ആനന്ദന്മാരെ പൊതുധാരയില്‍ വിലയിരുത്താനാവില്ല. എങ്കിലും അവരെ കാണാതെ പോയാല്‍ നടേ  പറഞ്ഞതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും.


ഏതാണ്ട് അറുപതുകളില്‍ ആരംഭിക്കുന്ന കേരളത്തിന്റെ പാലായനത്തെ കുറിച്ച് ഗൌരവതാരമായ  പഠനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല എന്ന് തന്നെ പറയണം. സി ഡി എസിന് വേണ്ടി ശ്രീ. ഇരുദയരാജന്‍ നേതൃത്വം കൊടുത്ത്‌ കൊണ്ട് നടന്ന ഔദ്യോഗിക പഠനം ഒഴിവാക്കിയാല്‍ ശ്രീ.ടി.രാമവര്‍മ്മന്‍ ( ദി ഹിന്ദു) സ്വന്തമായി നടത്തിയ ചില പഠനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മറ്റു ചിലത് പലതും പാര്‍ശ്വവല്കൃതവും അപൂര്‍ണ്ണമായ വസ്തുതകളെ ആശ്രയിച്ചും ആയതുകൊണ്ട്  അവയുടെ പ്രസക്തി സംശയാസ്പദമാണ്.ഉദാഹരണത്തിന് നിഴല്‍ വിധവകള്‍ (ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യമാര്‍ ) തുടങ്ങിയവ.


വിദേശഇന്ത്യക്കാരെ സഹായിക്കുന്നതിനായി കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് റാങ്കില്‍ ഒരു മന്ത്രിയും(കഷ്ടകാലമെന്ന് പറയട്ടെ അതൊരു മലയാളിയാണ്) പ്രത്യേകമായ ഒരു വകുപ്പും ധാരാളം പൂജ്യങ്ങള്‍ ഉള്ള ഒരു ടോള്‍ ഫ്രീ ഫോണ്‍ നമ്പറും എല്ലാം ഉണ്ടെങ്കിലും സാധാരണക്കാരന്റെ ചോദ്യങ്ങള്‍ക്ക്‌"" """""""" """""'" അരിയെത്ര പയറഞ്ഞാഴി " ന്യായത്തിലുള്ള ഉത്തരങ്ങളാണ് ലഭിക്കുക. വര്‍ഷാവര്‍ഷം നടത്തിവരുന്ന പ്രവാസിദിവസ് പോലുള്ള ആഘോഷങ്ങള്‍ വിദേശങ്ങളിലെ വലിയ കച്ചവടക്കാരെ ആദരിക്കാനും ആസ്വദിപ്പിക്കാനും മാത്രം ലക്‌ഷ്യം വെച്ചുമാത്രമാണ്. വിദേശങ്ങളില്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ ആവശ്യമുള്ള സാധാരണ തൊഴിലാളികളുടെ പ്രാതിനിധ്യമൊന്നും ഇത്തരം ആഘോഷങ്ങളില്‍ പ്രതിഫലിക്കാറില്ല.


ഖലീജില്‍ ധാരാളം സേവന സന്നദ്ധ സംഘടനകള്‍ കുടിയേറ്റക്കാരെ സഹായിക്കാനായി കൂട്ടായ്മ കൂടുന്നുണ്ട്. ദയനീയമായത്  എന്തെന്നാല്‍ കാലങ്ങള്‍ ഇത്രയായിട്ടും അടിസ്ഥാനപരമായ അവന്റെ ആവശ്യങ്ങള്‍ ഒന്നും തന്നെ സംഘടനീയമായി പരിഹരിക്കപ്പെടുകയുണ്ടായില്ല. യാത്രാക്കൂലി തൊട്ട് താമസകുടിയേറ്റ  വകുപ്പിന്റെ മാറി മാറി വരുന്ന ദുര്‍ഘടചട്ടങ്ങള്‍ വരെ കാലാനുസൃതമായി മുറുകി മുറുകി വരുന്നതല്ലാതെ അയവുണ്ടാകുന്ന മട്ട് തീരെ കാണുന്നുമില്ല. സംഘടനകളില്‍ രാഷ്ട്രീയ സ്വഭാവമുള്ളവ പലപ്പോഴും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞാനുവര്‍ത്തികളായ മുദ്രാവാക്യസംഘങ്ങള്‍ മാത്രമായി ചുരുങ്ങുകയാണ് പതിവ്‌ . എന്നാല്‍  സ്വതന്ത്രസംഘടനകളാകട്ടെ വ്യക്ത്യാധിഷ്ഠിതമായ സ്ഥാപനവല്‍ക്കരണത്തില്‍ അഭിരമിക്കുകയും ചെയ്യുന്നു. ഈ രണ്ടുകൂട്ടര്‍ക്കും പൊതുവായി കാണുന്ന ഒരു സംഗതി കുടിയേറ്റക്കാരനെ നിരന്തരമായി ചൂഷണം ചെയ്യുന്ന കച്ചവടക്കാരോടുള്ള അമിതവിധേയത്വവും അവരുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്ന പാണത്വവും തന്നെയാണ്. മേമ്പൊടിക്ക് ചില്ലറ സേവനകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുമെങ്കിലും, അതുപോലും മേപ്പടി  മുതലാളിമാരുടെ രൂപവലിപ്പം ചിത്രീകരിക്കുന്നതിനാവും.  

കമ്പോള സാമ്പത്തീക ചക്രത്തിലെ ഊഹ ചന്തകളില്‍ നിരന്തരമായി അവതരിക്കുന്ന  സാമ്പത്തീക തകര്‍ച്ചകള്‍ സ്ഥാപിച്ചെടുക്കുന്ന മാന്ദ്യങ്ങളുടെ വെളിച്ചത്തില്‍ സാധാരണക്കാരുടെ ജീവിതാശകള്‍ തകര്‍ന്നടിയുന്ന സമകാലീക അവസ്ഥയിലും വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള യാതൊരു വിധ ആശങ്കകളും ഭരണീയരെ ഒരു തരത്തിലും ആശങ്കപ്പെടുത്തുന്നില്ല എന്ന് വേണം കരുതാന്‍...  പുതിയ നികുതി നിര്‍ദ്ദേശങ്ങളും കസ്റ്റംസ്‌ ചട്ടങ്ങളും കൊണ്ടുവരുക വഴി സര്‍ക്കാര്‍ തൊഴില്‍ കുടിയേറ്റക്കാരനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് മറ്റെന്താണ്?


കന്നുകാലികളോട്  കര്‍ഷകര്‍ കാണിക്കുന്നത് പോലുള്ള ഒരു നിലപാട്‌ പോലും സര്‍ക്കാരിനു ഈ മനുഷ്യരോട് പുലര്‍ത്താനാവുന്നില്ല. കറവയുള്ള സമയത്ത്‌ കാടി പോലും കൊടുക്കാത്ത സര്‍ക്കാര്‍ കറവ വറ്റിയവരോട്  എടുക്കാവുന്ന നിലപാട് തീര്‍ച്ചയായും ആശങ്കാജനകമാണ് . 

  
No comments:

Post a Comment