Thursday, June 21, 2012

ഡയമണ്ട്  നെക്ലേസ് : പരസ്യ വിപണിയുടെ  രാഷ്ട്രീയം.


ലോകമെമ്പാടും നിറഞ്ഞു വിലസുന്ന ഒരു ജ്വല്ലറി ഗ്രൂപ്പിന്റേതടക്കം, മൂന്നോ നാലോ സ്ഥാപനങ്ങളുടെയും, ഉയരം കൊണ്ട് ലോകപ്രശസ്തമായ ഒരു കെട്ടിടത്തിന്റെയും വിപണന സാധ്യത ഉയര്‍ത്തുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി രചിക്കപ്പെട്ട, ഒരു കൗതുക കഥയുടെ സിനിമാവിഷ്കാരമാണ്  ഡയമണ്ട് നെക്ലേസ് .

കാറിന്റെയും ബൈക്കിന്‍റെയും പരസ്യങ്ങള്‍ക്ക് സ്ത്രീകളെ തുണിയഴിച്ച് നിര്‍ത്തുന്ന, പരസ്യലമ്പടന്മാരുടെ മ്ലേച്ചത പോലെ, വായിച്ചെടുക്കേണ്ടാതാണ് ഈ സിനിമയുടെ സൗന്ദര്യ ശാസ്ത്രം . അത്  ഈ  സിനിമയുടെ പേരില്‍ നിന്ന് തുടങ്ങി ചിത്രം അവസാനിപ്പിക്കുന്ന  വ്യാജ  നെക്ലെസിന്റെ പരിത്യജിത്വം വരെ പ്രകടമാണ്. 

വിപണനത്തിലെ പരസ്യതന്ത്രങ്ങള്‍ക്ക് സത്യത്തിന്റെയോ യുക്തിയുടെയോ യാതൊരു സാധ്യതകളും ഉള്‍ക്കൊള്ളാനാവുകയില്ല, എന്നിരിക്കെ പരിഭവിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. എങ്കിലും ഒരു കലാവസ്തു പ്രതീക്ഷിച്ച് തിരശ്ശീലക്ക് മുന്നിലിരിക്കുന്നവന്, ഉല്‍പ്പന്നങ്ങളുടെ, സ്ഥാപനങ്ങളുടെ പരസ്യമന്ത്രങ്ങള്‍ മാത്രം അനുഭവിച്ച് പുറത്ത് പോകേണ്ടി വരിക ദയനീയമല്ലേ ? അത്തരം ഒരു ദയനീയതയാണ് ഈ സിനിമയുടെ കാണികള്‍ അനുഭവിക്കേണ്ടി വരുന്നത്.

കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ ഉടലെടുത്ത ചില ആശയസംഘട്ടനങ്ങളുമായി ബന്ധപ്പെട്ട്  സംഭവിച്ച, സമകാലിക രാഷ്ട്രീയ സംഭവങ്ങളെ മുതലെടുത്ത്‌, തികച്ചും ഉപരിപ്ലവമായി,  നേത്യത്വത്തെ വ്യക്തി സൂചകമായി അവമതിക്കുന്ന തരത്തില്‍ , കഥ പറഞ്ഞ്  സാമ്പത്തീക വിജയം നേടിയ അറബിക്കഥ എന്ന സിനിമക്ക് ശേഷം, വ്യാപാര വിജയം നേടുന്ന അതേ  സംവിധായകന്റെ പുതിയ ചിത്രമാണിത്.

ലോകത്തെവിടെയും ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തിട്ടില്ലാത്ത, ക്യൂബാ മുകുന്ദന്‍ എന്ന ആദര്‍ശ അത്യാചാരി ആയിരുന്നു അറബിക്കഥയുടെ തുരുപ്പെങ്കില്‍, ഇവിടെ ആദ്യ വിശേഷണങ്ങള്‍ നടേപോലെ നിലനിര്‍ത്തി പറയാവുന്ന, യാതൊരു ആശയാദര്‍ശങ്ങളുടെയും പ്രതിബദ്ധത തീണ്ടാത്ത ഒരു ഡോക്ടറാണ് സംവിധായകന്റെ താക്കോല്‍ .

അവനവന്റെ തന്നെ തൊഴിലിനെ അവമതിക്കുന്ന തരത്തില്‍ , അധമനായ ഒരു ഡോക്ടറെ സൃഷ്ടിച്ചെടുക്കുന്നതില്‍ , ഡോക്ടര്‍ കൂടിയായ കഥാകൃത്തിന്റെ പ്രകോപനമെന്തെന്ന്‍ ഖേദിക്കുന്ന കാണികളോട്,  തികച്ചും ബാലിശമായി, കോട്ടിട്ട കുരുവിള ഡോക്ടറെ മുന്‍ നിര്‍ത്തി ന്യായവാദം നടത്തുന്നുണ്ട് . ഇതൊരു പക്ഷെ ഹോമിയോപ്പൊതിക്ക് അലോപ്പൊതിയോടുള്ള കുടിപ്പകയായി 
സമാധാനിക്കുക മാത്രമേ കാണികള്‍ക്ക് വഴിയുള്ളൂ .

ലോകത്ത് മനുഷ്യനെ ഏറ്റവും പരിതാപകരമായ ദയനീയതയില്‍ കൊണ്ടുനിര്‍ത്തുന്ന വ്യാധിയാണ്, അര്‍ബ്ബുദം . അതുമായി ബന്ധപ്പെട്ട ചികിത്സാ രീതിയാണ്  ഓംകോളജി . ഓംകോളജി എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ തെളിയുന്ന  ഒരു മുഖമുണ്ട്. കാരുണ്യദീപ്തി വഴിഞ്ഞൊഴുകുന്ന  പ്രശാന്ത സുന്ദര മായി പുഞ്ചിരിക്കുന്ന  ഒരു ഡോക്ടറുടെ മുഖം. ഡോക്ടര്‍ വി.പി.ഗംഗാധരന്‍ . സംവിധായകന്‍ നമുക്ക് ഇവിടെ പകരം വെക്കാന്‍ ഒരു മുഖം തരുന്നു . 22FK  എന്ന സിനിമയിലെ പിമ്പില്‍ നിന്നും വളര്‍ന്നു ഒരു പരിപൂര്‍ണ്ണ സ്ത്രീലമ്പടനായി അരങ്ങു തകര്‍ക്കുന്ന ശ്രീ. ഫഹദ്  ഫാസിലിന്റെ മുഖം. ദോഷം പറയരുതല്ലോ 22FK യിലെ പിമ്പില്‍ നിന്നും ഈ സിനിമയിലെ കാസനോവയില്‍ എത്തുമ്പോള്‍ അഭിനയ കലയില്‍ താന്‍ നേടുന്ന ഔന്നത്യം തന്റെ വളര്‍ച്ചയുടെ ഗ്രാഫില്‍ ഉയര്‍ച്ചയായി ചേര്‍ക്കുന്നുണ്ട് അദ്ദേഹം.  

വലിയ ശമ്പളം വാങ്ങുന്ന ഓംകോളജി സ്പെഷ്യലിസ്റ്റ് ആയ അരുണ്‍ എന്ന ഡോക്ടര്‍ ,              ഒരു വാലറ്റ്‌ നിറയെ ക്രെഡിറ്റ്  കാര്‍ഡുകളും കൊണ്ടാണ്  അടിച്ചു പൊളിച്ച് ജീവിക്കുന്നത്.         വളരെ താമസിയാതെ നമ്മള്‍ അറിയുന്നു വലിയ ഒരു തുക ടിയാന്‍ കടമായും എടുത്തിട്ടുണ്ടെന്ന് . നഗരത്തിലെ (ലോകത്തിലെ തന്നെ) ഉയരം കൂടിയ കെട്ടിടത്തിലെ, സുഹൃത്തിന്റെ ഫ്ലാറ്റ് പകുത്തെടുത്താണ് മേപ്പടിയാന്റെ സുഖവാസം .അതും ഭാര്യ പ്രസവത്തിന് പോയ അവസരത്തില്‍ .  ചില്ലറ പോക്കറ്റ് മണി ലഭിക്കുന്നതിന് സുഹൃത്ത് നടത്തുന്ന ഒരഭ്യാസം മാത്രം.
എങ്കിലും ആ പ്രസവാവധിയുടെ കാലദൈര്‍ഘ്യമോര്‍ത്ത് കാണികള്‍ അമ്പരക്കാനിടയുണ്ട് .

കാക്കതൊള്ളായിരം സ്ത്രീകളുമായി സൈബര്‍ ലോകത്തും, അതിലേറെ സ്ത്രീകളുമായി നിരത്തിലും,  ആടിപ്പാടി രമിച്ച് സുഖിച്ച് കഴിയുന്ന ഈ ഓംകോളജിയാന്‍, തന്റെ ആശുപത്രിയില്‍ പുതുതായി നഴ്സായി വരുന്ന  ഒരു പിച്ചക്കാരി പോലുള്ള  തമിഴത്തി പെണ്‍ക്കുട്ടിയില്‍ മൂക്കും കുത്തി വീഴുന്നത്,  ഈ സിനിമയുടെ മൊത്തം  അന്തക്കേടിന്റെ ഭാഗമായെടുക്കുന്നതാവും നല്ലത്.

അമ്മക്ക്  അസുഖമാണെന്നറിഞ്ഞ്  നാട്ടില്‍ പോകാന്‍ ശ്രമിക്കവെയാണ്  ഡോക്ടര്‍ ട്രാവല്‍ ബാന്‍ നേരിടുന്ന  തരത്തില്‍ അടവുകള്‍ മുടക്കിയ  കടക്കാരനാണെന്ന്  അറിയുന്നത്  . സഹായിക്കാന്‍ വരുന്ന  മണിയന്‍ പിള്ള  രാജുവിന്റെ മന്ദബുദ്ധി മുഖമുള്ള  നാരായണമേനോന്റെ ഇടപെടല്‍ കണ്ടാലേ  അറിയാം, അയാള്‍ മോളെ കെട്ടിക്കാന്‍ കണ്ടുവെച്ചത്  ഈ  വഷളന്‍ ഡോക്ടറെയാണെന്ന്  .

അതിശയകരമെന്ന്  പറയട്ടെ, ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ഇടപെടലുകളുടെ പരിസമാപ്തി,  തുടക്കത്തിലെ കാണികള്‍ക്ക്  തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ അത്ഭുതകരമായാണ്  ഹോമിയോ ഡോക്ടര്‍ എഴുതിവെച്ചിരിക്കുന്നത് . ഹോമിയോ ചികിത്സയില്‍ മരുന്നുകള്‍ക്ക്  അനുസരിച്ചാവുമോ രോഗനിര്‍ണ്ണയം നടത്തുന്നത്.

ഭാര്യയുടെ സ്നേഹം അടയാളപ്പെടുത്തുന്നതിന്, ഉപേക്ഷിക്കപ്പെടുന്നത് വ്യാജനെക്ലേസ് ആണെന്നത് കാണികള്‍ക്ക്‌ തരുന്ന സൂചനെയന്താണ് ? ജ്വല്ലറി ഉടമ നേരിട്ട് വന്ന് ഉത്പന്നം സാക്ഷ്യപ്പെടുത്തുന്നതും ഒരു പ്രത്യേക പ്രദേശത്തിന്റെ സംഭാഷണരീതി പ്രകടിപ്പിക്കുന്ന, കഥാപാത്രത്തിന്റെ   ജീവിതവീക്ഷണത്തിലൂടെ പ്രകടിപ്പിക്കുന്ന വാദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതും മറ്റെന്താണ്? തിരുമാതാവിന്റെ കൈകളില്‍ നിന്ന് പാരസൈറ്റാമോള്‍ എടുത്ത്‌ കൊടുത്ത്‌ പനി ഭേദമാക്കി, മതം മാറ്റിയ പൂര്‍വ്വികരുടെ ബുദ്ധി തന്നെയാണ് സംവിധായകന്‍ എടുത്ത്‌ പെരുമാറുന്നത്.

ശിവജിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒറ്റപ്പാലത്തുകാരന്‍ നായര്‍ , കൂടെ ലണ്ടന്‍ റിട്ടേണ്‍സ് അമ്മായിയമ്മയും ആധുനിക വിദ്യാഭ്യാസം നേടിയ ഭാര്യയോടൊപ്പം കഴിയുമ്പോഴും, ഏതോ അത്ഭുത കഥയിലെ, ആദിമ ലോകത്ത്‌ നിന്ന് വന്ന അതിശയ ജീവിയെ പോലെ, പെരുമാറുന്നത് എന്തിനാണെന്ന് അറിയാതെ, അന്തം വിട്ടുപോകുന്ന കാണികളെ അതിലേറെ ഭയപ്പെടുത്തുകയാണ് മകളായി വരുന്ന ഗൗതമി നായര്‍ .

ഓഹരി ഒന്നിന് മൂന്നര ലക്ഷം വരുന്ന തൊണ്ണൂറ്റിരണ്ട് ഓഹരികളില്‍ ഒന്നിന് വേണ്ടി, സ്വന്തം മരുമകളെ വെറും ഒരു കടപ്രാണിയായ ഡോക്ടര്‍ക്ക്‌ ചവക്കാന്‍ ഇട്ടുകൊടുക്കാന്‍ മാത്രം, മനുഷ്യത്വരഹിതമാണ് ഒറ്റപ്പാലത്തെ ജീവിതമെന്ന്, അവിടെ ഉണ്ടുറങ്ങി കഴിയുന്ന സംവിധായകന് ഇത്രയേറെ ബോദ്ധ്യമുണ്ടെങ്കില്‍ , കണ്ടിരിക്കുന്ന ഒറ്റപ്പാലക്കാരല്ലാത്ത കാണികള്‍ക്ക്‌ അതങ്ങിനെ തന്നെ വിഴുങ്ങുകയല്ലാതെ എന്തുവഴി?

തന്റെ മനോഹരമായ പ്രകടനം കൊണ്ട്, മനസ്സില്‍ തങ്ങേണ്ടിയിരുന്ന മായ എന്ന കഥാപാത്രം, തിരക്കഥയിലെ അസാദ്ധ്യത മൂലം സംവ്രത സുനില്‍ എന്ന നടിക്ക് ഗുണമൊന്നും ചെയ്യുന്നില്ല. അവരെ ഹിമാലയത്തില്‍ അലയാന്‍ വിടുന്നതിലെ യുക്തി സംവിധായകന് അറിയാമായിരിക്കും.

സിനിമ സാങ്കേതികതയും മറ്റു കലാസങ്കേതങ്ങളും കൂടി ചേര്‍ന്നതിന്റെ ആകത്തുക ആയിരിക്കെ, സാങ്കേതികതയെ  മാത്രം വേറിട്ടെടുത്ത് വിലയിരുത്തുന്നതില്‍ വലിയ യുക്തിയില്ല. ഒരാശയത്തെ പ്രേക്ഷകനിലേക്ക് സംവദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ,അരോചകമല്ലാത്ത രീതിയില്‍ സാങ്കേതികരംഗം കുറ്റമറ്റതായിരിക്കുക എന്നതാണ് കാര്യം. ആ ഒരര്‍ത്ഥത്തില്‍ സിനിമയുടെ സാങ്കേതികതയെ കാണുന്നതായിരിക്കും ഭംഗി.

എന്തുകൊണ്ടായിരിക്കും പ്രേക്ഷകര്‍ ഈ സിനിമയെ ഒരു കച്ചവടവിജയമായി ആഘോഷിച്ചത്? ഒറ്റ മറുപടിയെയുള്ളൂ . മനുഷ്യന്റെ അക്രമത്വര, അധമത്വം, മനുഷ്യവിരുദ്ധത തുടങ്ങി എല്ലാ ദുര്‍ഗ്ഗുണങ്ങളും ഈ സിനിമ വാഴ്ത്തുന്നുണ്ട് . കഴിഞ്ഞ ഇരുപതു വര്‍ഷമായി കുഞ്ഞാലിക്കുട്ടിയെയും ഐസ് ക്രീമിനെയും ആഘോഷിച്ചുകൊണ്ടേയിരിക്കുന്ന, വടകരയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൊലപാതകം ഉത്സവം പോലെ കൊണ്ടുനടക്കുകയും, സ്വന്തം ആയുസ്സിന്റെ മുക്കാല്‍ പങ്കും ഹോമിച്ച ഒരാശയത്തില്‍ നിന്ന്, അന്നട്ടുപുള്ളി രാഷ്ട്രീയത്തില്‍ ആനന്ദം കാണുന്ന ശെല്‍വരാജന്‍ മാരെ, ആഘോഷിച്ച് വിജയിപ്പിക്കുന്ന മലയാളിക്ക്‌ എങ്ങനെയാണ് ഈ അധമ സിനിമയെ കയ്യൊഴിയാന്‍ ആവുക...?!!

  
   

2 comments:

  1. ഇനിയും എന്തൊക്കെയോ ചേര്‍ക്കാമായിരുന്നു എന്ന് തോന്നി. ടൈറ്റില്‍ സോങ്ങില്‍ നിന്ന് തന്നെ മനസ്സിലായി ഇതില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഒരു വില്ലന്‍ ആണെന്ന്..!! യുക്തിക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടറും നേഴ്സും തമ്മില്‍ ആദ്യ കാഴ്ചയില്‍ തന്നെ ഉണ്ടായിപ്പോകുന്ന ആ പ്രണയം. കല്യാണം കഴിഞ്ഞു ഭാര്യ വീട്ടുകാര്‍ പാപ്പരാണെന്ന് വ്യക്തമാക്കാന്‍ വേണ്ടി ഉണ്ടാക്കിയ 'തമാശ' ഒരു കുട്ടിക്കളിയായി. തിരക്കഥയില്‍ എന്തിന്റെ പേരിലാണ് ജ്വല്ലറി ഉടമയെ തിരുകി കയറ്റിയത് എന്ന് മനസ്സിലാകുന്നില്ല. ലാല്‍ജോസിന് ബാല പാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കണം എന്ന് പറയുമ്പോള്‍ അത് അഹങ്കാരമായി ആരെങ്കിലും വ്യാഖ്യാനിച്ചാലോ...അത് കൊണ്ട് ഈ സിനിമയിലെ നെക്ലേസ് പോലെ ഞാനും മൊത്തം അങ്ങ് കോമ്പ്രമൈസ് ചെയ്തു :)

    ReplyDelete
  2. പൈസ കൊടുത്ത് അതും ദിര്‍ഹംസ് കൊടുത്ത് ഈ സിനിമ കാണാന്‍ പോയ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് സ്വാമിക്കും ആര്‍ക്കും സിനിമയെ നിരൂപിക്കാം. വിമര്‍ശിക്കാം. അതിനുള്ള സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്യില്ല.

    എന്നാലും ഇതിത്തിരി കടുത്തതായി പോയിട്ടോ. ഇത് വായിച്ചാല്‍ ഫഹദ്‌ ഫാസിലും ലാല്‍ജോസും, ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറവും പിന്നെ ആ തമിഴത്തി നഴ്സ് ആയി അഭിനയിച്ച കുട്ടിയും സിനിമ മതിയാക്കും എന്നാ പേടി.

    എന്നിരുന്നാലും ഇപ്പോള്‍ ഇറങ്ങുന്ന കോബ്ര, മായാമോഹിനി ടൈപ്പ്‌ സിനിമകളെക്കാളും തമ്മില്‍ ഭേതം തൊമ്മന്‍ ആണ് ജോയ്‌ ആലുക്കാസ്‌ പ്രസന്റ്സ്‌ ഓര്‍ പ്രായോജകര്‍ തന്ന ഡയമണ്ട് നക്ലെസ്‌.

    ReplyDelete