Wednesday, April 6, 2011

വേദനകൾ ഘാനയിലേക്ക് നീളുമ്പോൾ


“നിന്നിലൂടെ ഞാൻ എന്നിലെത്തുമ്പോൾ ഞാൻ നിന്നെയും നീ എന്നെയും അറിയുന്നു.           നമ്മളെന്ന ബോധമുള്ള ഒരു ജനത ഈ ലോകത്ത് പിറവിയെടുക്കുന്നു. പിന്നെ ഞാനും നീയും  ചേർന്ന് ഗോതമ്പ് വിളയിക്കുന്നു. കൊയ്യുന്നു. വീഞ്ഞും പലഹാരങ്ങളും നിർമ്മിക്കുന്നു.”


രഞ്ജിത്ത് ചെമ്മാട്ശ്രീ രഞ്ചിത്ത് ചെമ്മാട് എഴുതിയ “ ഘാനയിലെ കൊക്കൊപ്പാടങ്ങൾ “ എന്ന കഥയിലേക്ക് നാം കടക്കുന്നത് പ്രത്യാശയുടെ  പ്രകാശ കിരണങ്ങൾ ചിതറി തെറിക്കുന്ന ഈ മഹത്തായ വാചകത്തിനകത്ത് കൂടിയാണ്. ആ ക്വട്ടേഷന്റെ അവസാനത്തിൽ നാമറിയുന്നു, ആ വാചകം സോഷ്യൽ നെറ്റ് വർക്കിലെ ഒരു വെറും ചുമർ വാചകമായിരുന്നെന്ന്. നമ്മൾ കരുതി വെച്ച പ്രത്യാശയിൽ നിന്നുമാറി  ഈ കഥ നമ്മളോട് സംവദിക്കാൻ ശ്രമിക്കുന്നതെന്തായിരിക്കും എന്ന സംശയം ആ നിമിഷം മുതൽ നമ്മളെ പിടികൂടുകയായി. അതിനുകാരണം താരതമ്യേന വ്യക്തിയെ  മറച്ചുപിടിച്ച് ചോദനകളെ കെട്ടഴിച്ചുവിടുന്നതിന് ധാരാളം സാധ്യതകൾ തുറന്നിടുന്ന അയഥാർത്ഥ ലോകത്തെ കുറിച്ചുള്ള ഭയാശങ്കകൾ തന്നെയാണ്.
ഭായാശങ്കകൾ എന്തുമാകട്ടെ ഒരു കാര്യം ആദ്യമെ പറഞ്ഞുവെക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള കാലം കഥകൾക്ക് പശ്ചാത്തലമാകാൻ ജീവിതം പൂത്ത് തളിർക്കാൻ പോകുന്നത് ഒരുപക്ഷെ ഈ അയഥാർത്ഥലോകത്തായിരിക്കും. യാഥാർത്ഥ്യങ്ങളുടെ ലോകത്ത് നിങ്ങൾക്ക് പ്രശ്നങ്ങളെ നേരിട്ട് ഹതാശയനാകേണ്ടതുണ്ട്. ഇവിടെ ഒരു മൌസ് ക്ലിക്കിൽ മൊത്തം ജീവിതത്തേയും നിഷേധിക്കാം. സൌകര്യങ്ങളെ സായൂജ്യമായെടുക്കുന്ന മനുഷ്യന് ജീവിതം മായായാണന്ന് അനുഭവപ്പെടാൻ വലിയ ജ്ഞാനമാർഗ്ഗങ്ങൾ തേടിപോകേണ്ടതില്ല.
ഒരു മുതലാളിത്ത സമൂഹത്തിൽ മൂല്യങ്ങൾ എങ്ങിനെ  ലാഭകരമായി വിപണനം ചെയ്യുന്നു എന്നതിന്റെ വഴികൾ ഇന്ന് അജ്ഞാതമല്ല. പക്ഷെ ദരിദ്രരായ ജനതയിൽ നിന്ന് പടികൾ കയറിവരുന്നവർ സ്വന്തം ജനതയെ തന്നെ ആഗോളകമ്പോളത്തിൽ നാണയമാറ്റി മാറ്റുന്നതിന്റെ എളുപ്പവഴികളുടെ ദയനീയത ഈ കഥ നമ്മോട് പറയുന്നു. മനുഷ്യത്വം എന്നത് വിപണനത്തെ ഉത്തേജിപ്പിക്കാനുള്ള ഒരു പോംവഴി മാത്രമാണെന്ന് ഒരു ഞെട്ടലോടെ മാത്രമെ നമുക്ക് തിരിച്ചറിയാനാവൂ.. ജീവകാരുണ്യ പ്രവർത്തനങ്ങൾ എങ്ങിനെ ഒരു ദരിദ്ര ജനതയുടെ അദ്ധ്വാനത്തിന്റെ വില്പനശേഷിയെ കമ്പോളത്തിൽ  വിലനിർവീര്യമാക്കുന്നുവെന്നത്  ഒരു പുതിയ കാഴ്ചയായി നമ്മളെ വേട്ടയാടുക തന്നെ ചെയ്യും.
പടി പടിയായി വളർന്നുകയറുന്ന പ്രമേയത്തിൽ ആദ്യം നാം കണ്ടുമുട്ടുന്ന മനുഷ്യർ എത്രപെട്ടന്നാണ് രൂപപരിണാമം വന്നു മറ്റേതോ ഗ്രഹത്തിലെ ജീവികൾ പൊലെ നമുക്ക് അപരിചിതരായി മാറുന്നത്. കഥ മലയാളത്തിൽ പറഞ്ഞത് കൊണ്ട് മാത്രമാണ് നായകനെ നമുക്ക് മലയാളിയായി വായിച്ചെടുക്കാൻ കഴിയുന്നത്. അതല്ലെങ്കിൽ ലോകത്തെ ഏതൊരു സ്ത്രീവേട്ടക്കാരനായും നമുക്കയാളെ സങ്കൽപ്പിക്കാം. മത്സ്യങ്ങളുടെ കാഴ്ചബംഗ്ലാവിൽ പോലും അയാൾ തിരയുന്നത് മാംസത്തിന്റെ വളവുകളും ചെരിവുകളുമാണ്. ഒരു സൌഹ്യദത്തിന്റെ നേരിയ ബലത്തിലും അയാൾ അന്വേഷിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവിനെ നിയന്ത്രിക്കാനുള്ള  ഒരു സാന്ത്വനമാണ്.
വിചിത്രമായ ഒരു സന്ധിയിൽ  വിത്യസ്ഥവും  സ്വയം പ്രഖ്യാപിതവുമായ ലക്ഷ്യങ്ങളുമായി ഒരുമിക്കുന്ന രണ്ടുമനുഷ്യർ എങ്ങനെ അവരുടെ ലക്ഷ്യങ്ങൾ കൈമാറ്റം ചെയ്യുന്നുവെന്നത് ചെറുതല്ലാത്ത ഒരു കൌതുകത്തോടെ മാത്രമെ നമുക്ക് വായിച്ചവസാനിപ്പിക്കാനാവു. സ്ത്രീകളുടെ നിമ്നോന്നതങ്ങളെ  മത്സ്യത്തിന്റെ വിശപ്പിലെ മംസമോഹത്തിലും സാധൂകരിക്കുന്ന പുരുഷനും ദാരിദ്രത്തിന്റെ പടുകുഴിയിൽ പുതഞ്ഞുപോയ ബന്ധുക്കളെ കൈപിടിച്ചുയർത്താൻ വന്ന സ്ത്രീയും ഒടുവിൽ വായനക്കാരന്റെ മുന്നിൽ വന്നു നിൽക്കുന്നത് പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട അവരുടെ ദൌത്യവുമായാണ്.
ഇതിലേറെ ശക്തമായി ഈ വിഷയം എങ്ങിനെ അവതരിപ്പിക്കും എന്നെനിക്കറിയില്ല. ഒരു ഭാഗത്ത് ആഴം കാണാത്ത കൊക്കരണികളിൽ നിന്ന് കരകയറാനാവതെ ഊർദ്ദ്വശ്വാസം വലിക്കുന്ന ഒരു ജനത. മറുവശത്ത് ആഡംബരങ്ങളുടെ വർണ്ണത്തേരിൽ അനന്തവിഹായസ്സിൽ പറന്നു നടക്കുന്ന ജനത. ഇവർക്ക് തമ്മിൽ പൊരുത്തങ്ങളുടെ സാധ്യത നീക്കിയിരിപ്പില്ലെന്നറിഞ്ഞും. ഒരു കഥ പറയാൻ ഈ സങ്കേതം കരുപ്പിടിപ്പിച്ചെടുത്ത കഥാക്യത്തിന്റെ ആത്മധൈര്യം പ്രശംസനീയം. അത് ക്യത്യമായ അളവിൽ ഒരു ചിത്രകാരൻ ചാലിച്ചെടുത്ത ചായം പോലെ മനോഹരമാക്കി അവതരിപ്പിച്ചത് അഭിനന്ദനീയം.
ഇത്തരം വിചിത്രമായ ദശാസന്ധികളെ അവതരിപ്പിക്കേണ്ടിവരുമ്പോൾ സാധാരണ എഴുത്തുകാർക്കുണ്ടാകുന്ന സന്ദേഹമൊന്നും ഇവിടെ പ്രകടമാകുന്നില്ല. ഒരു പക്ഷെ അനുഭവങ്ങളുടെ ഒരു കൈത്തഴക്കം വിവരണങ്ങളിൽ മേൽക്കൈ നേടുന്നുവോ എന്ന ഒരു വേള വായനക്കാരൻ സംശയിക്കുന്നുമുണ്ട്. ഒരു പക്ഷെ നായകന്റെ സ്വഭാവത്തിലെ വൈരുദ്ധ്യം മറികടക്കാൻ ഏറെ സഹായിക്കുന്ന ഒരു വാചകം “ഉറൂഗ്വ വേഴ്സ് ഘാന, അസ്സമാവോ ഗ്യാൻസ് മിസ്സിങ്ങ് ദ പെനാൽട്ടി”ഇൻബോക്സിലൂടെ കഥാക്യത്തിന് വീണുകിട്ടുന്നുണ്ട്. പെനാൽട്ടി പോസ്റ്റിൽ തട്ടി തിരിച്ചുവന്നു നായകനെ മനുഷ്യത്വത്തിന്റെ കാർഗോ ബോക്സിൽ വീഴ്ത്തുമ്പോൾ ഒരു പെനാൽട്ടി സാർഥകമാകുന്നുവന്ന് നാം ആശ്വസിക്കും.


അനുവാചകനെ കാര്യം ബോധിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികകൾ വസ്തുതയെ സ്ഥാപിക്കുന്നുണ്ടെങ്കിലും ഒരു കഥയുടെ ആരൂഡത്തിൽ അതെത്രമാത്രം സാധുതമാണന്ന് കാലം തെളിയിക്കണം. സമ്പന്നതയുടെ ധാരാളിപ്പ് പ്രകടിപ്പിക്കുന്ന ധാരാളം ബിംബങ്ങൾ (അറ്റ്ലാന്റിസ്) സന്ദർഭത്തെ സാധൂകരിക്കാതെ വന്നുപോകുന്നുവെന്നത് ന്യൂനതയായി കാണുമെങ്കിലും ഭാഷകൊണ്ട് മനോജ്ഞമാക്കിയ തത്വ്വിചാരങ്ങൾ ആ പശ്ചാത്തലത്തിന്റെ ചെടിപ്പ് മറയിലാക്കുന്നു. എലീന ഫ്രെഡറിക്കിന്റെ വളർച്ചയെ കാണിക്കുന്ന കാലഗണന അതിന്റെ വേഗം കൊണ്ട് അതിശയം ജനിപ്പിക്കുമ്പോൾ കഥാപാത്രത്തിന്റെ വിശ്വാസ്യതയെ അത് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് നായക കഥാപാത്രത്തിന്റെ സ്വഭാവചിത്രണത്തിലും ചില ആശയക്കുഴപ്പങ്ങൾ സ്യഷ്ടിക്കുന്നുണ്ട്.


സൂക്ഷമായ ഒരു ശ്രദ്ധാവിചാരത്തിൽ മാത്രമാണ് ന്യൂനതകളെ കുറിച്ചുള്ള അപായസൂചനകൾ അലട്ടുക.അത് മാറ്റി നിറുത്തി ചിന്തിച്ചാൽ കാവ്യഭാഷയുടെ അരികുപറ്റി ഒഴുകി വരുന്ന അക്ഷരങ്ങൾ കഥയുടെ നിർമ്മിതിയിൽ ചെലുത്തിയിട്ടുള്ള സ്വാധീനം വായനക്കാരനെ ശരിക്കും ആഹ്ലാദിപ്പിക്കും. കഥയുടെ പശ്ചാത്തലത്തെ കുറിച്ചുള്ള ക്ലിഷ്ടത അവനെ വായനയുടെ ഒരു ഘട്ടത്തിലും അലട്ടുന്നില്ല. പുതിയ കാലത്തിന്റെ ഭാഷ ലക്ഷ്യം വെക്കുന്ന വായനക്കാരെനെ അത് കണ്ടെത്തുക തന്നെ ചെയ്യും . ഈ കഥ അതിന്റെ സാക്ഷ്യപത്രമാകട്ടെ.Comments

2 comments:

  1. ഒത്തിരി.. ഒത്തിരി ആശംസകള്‍...അഭിനന്ദനങ്ങള്‍...!!!! ....ഒരുപാട് നല്ല പോസ്റ്റുകളും, കമെന്റുകളും ആയി ഇവിടെ നിറഞ്ഞ് നില്‍ക്കുക.
    എല്ലാ ശ്രമങ്ങള്‍ക്കും ഭാവുകങ്ങള്‍.:)
    (maya sadan)

    ReplyDelete
  2. ഈ കഥയും വായിച്ചതാണ് .നല്ല ഭാഷ .പക്ഷെ ഘാനയെ കുറിച്ചുള്ള അവബോധം കഥാകരന്റെത്‌ തീര്‍ത്തും തെറ്റാണു .അസമാവോ ഗ്യന്റെ പെനാല്‍ടി കിക്കിനെ ഒരു ബിംബമാക്കാന്‍ വേണ്ടി ആയിരിക്കാം ഘാനയെ തിരഞ്ഞെടുത്തത്

    ReplyDelete