Monday, July 18, 2011

അമ്മ



അമ്മയെ കുറിച്ച് എഴുതണമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ല.
കാരണം അമ്മ ശരീരിയല്ലാതെ എന്നോടൊപ്പം ഉണ്ട് എന്നാണ് എപ്പോഴെത്തെയും എന്റെ വിശ്വാസം. ഉള്ളത് ഇല്ലാതായ ആ ശരീരത്തെ കുറിച്ചുള്ള വേവലാതിയാണ്. അത് ഞാന്‍ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്.


നാല് വർഷത്തോളം ഞങ്ങൾ ടെലിഫോണിൽ മാത്രമുള്ള സംഭാഷണങ്ങളിൽ, കാണതെ ചേർന്നുനിന്നതിന്റെ ഓർമ്മകളുണ്ട്. ദീർഘകാലം കാണാതിരിക്കുക എന്നത് അത്ര അത്ഭുതമല്ല ഞങ്ങളെ സംബന്ധിച്ച്. അതുകൊണ്ട് അമ്മ വീട്ടിലുണ്ടല്ലോ എന്നത് എന്റെ എന്നത്തേയും ഒരുറപ്പായിരുന്നു. അത് ഒട്ടും അതിശയകരമൊന്നുമായിരുന്നില്ല. വീട്ടിൽ നിന്നു മൂവായിരത്തി എഴുനൂറോളം കിലോ മീറ്റർ അകലെ ആയി പോയ ഞാൻ അമ്മയുടെ സാന്നിദ്ധ്യം മുൻപും  ഓർമ്മയിൽ നിലനിർത്തുകയായിരുന്നുവല്ലോ.!!


അഞ്ചു ധമനികൾ തകർത്ത മസ്തിഷ്കാഘാതത്തെ പതിനെഴുവർഷം അതിജീവിക്കാൻ കരുത്തുകാണിച്ചു അമ്മ. ദുരിതങ്ങളുടെ ഘോഷയാത്രയെ ആർക്കും ഭാരമാക്കിയില്ല.ജീവിതം സഹനങ്ങളുടെ തനിയാവർത്തനം മാത്രം. അല്ലെങ്കിലും അവർ പലപാട് പൊരുതിതന്നെയാണ് ജീവിതം പിടിച്ചെടുത്തത്. പിൽക്കാലത്ത് സമ്പന്നരായ മക്കളുടെ ധാരാളിത്തമൊന്നും അവരെ മോഹിപ്പിച്ചതുമില്ല. നിസ്വയായി ജീവിച്ചു. അതിലേറെ നിസ്വയായി യാത്രയും പറഞ്ഞു.


ഊഷ്മളമായ സ്നേഹാദരസ്മ്യതികൾ ഏത് മകനും അമ്മയെ കുറിച്ചുണ്ടാകും. വാക്കുകളിൽ വികാരപ്രപഞ്ചമൊന്നും പൊലിപ്പിച്ചെടുക്കാനാവില്ല അമ്മയെ കുറിച്ച്. അല്ലെങ്കിലും പൊലിമയിലല്ലല്ലോ കാതൽ. എങ്കിലും ദീപ്തമായ ഒരു സ്മരണ ഹ്യദയം കുടഞ്ഞുകളയാനാവാതെ സൂക്ഷിക്കുന്നു. ഒരു യാത്രമൊഴി. ഗുരുവായൂർ ബസ് സ്റ്റാന്റിലെ സിമന്റു ബഞ്ചിൽ ചേർന്നിരുന്ന് ആശ്ലേഷിച്ച് നെറുകയിൽ ഉമ്മ വെച്ച് യാത്രയാക്കുകയായിരുന്നു അമ്മ. ഓർമ്മയിലെ ഗദ്ഗദം. അമ്മക്കറിയില്ലായിരുന്നല്ലൊ വിജനമായ മരുഭൂമിയുടെ അനാഥമായ ഏകാന്തത്തിലേക്കാണ് മകനെ യാത്രയാക്കുന്നതെന്ന്.പിന്നീട് കിട്ടിയ അവസരത്തിൽ, അടുക്കും ചിട്ടയും തെറ്റിയ ഓർമ്മകളിൽ സ്വയം പരതി കഷ്ടപ്പെടുന്ന അമ്മയോട് ആ കഥകൾ പറഞ്ഞു ബോധിപ്പിക്കാൻ മകനും കഴിയാതെ പോയി. അമ്മ ഒന്നും അറിയാതിരുന്നതും നന്നായി.


അമ്മ യാത്രയാവുമ്പോൾ അടുത്ത് ഞാനില്ലായിരുന്നു. പോകും എന്നു ഒരു വിദൂര സൂചന പോലും ഇല്ല്ലായിരുന്നു. അജ്ഞാതയായ ഒരനുജത്തിയോട് ഒരുപാട് കാര്യങ്ങൾ എന്നോട് പറയാൻ പറഞ്ഞ് ഏൽപ്പിച്ചായിരുന്നു അമ്മ ഇറങ്ങിയത്. 


അതെപ്പോഴും അങ്ങനെ തന്നെ ആയിരുന്നു. പഠനകാലത്തെ എന്റെ യാത്രകളിലെ കഥകൾ ചോദിച്ചറിയുന്നത് അമ്മക്ക് എന്നും ഇഷ്ടമായിരുന്നു. രാത്രി വൈകുവോളം അമ്മ കാത്തിരിക്കും കഥകൾ കേൾക്കാൻ. ഉപജീവനാർത്ഥം വിദേശത്തായപ്പോഴും ദീർഘനേരം ടെലിഫോൺ സംഭാഷണങ്ങളിൽ ഞങ്ങൾ പരസ്പരം ചേർത്തുപിടിച്ചു.  അമ്മ വെറും ഒരു ശരീരമായി യാത്ര പറയുന്നത് കാണാതെ കഴിക്കാൻ എനിക്കായല്ലോ എന്നത്.എന്റെ വലിയ ഒരാശ്വാസമാണ്. അതുകൊണ്ട് അമ്മ ഇല്ലാതായി എന്നു എനിക്ക് വിശ്വസിക്കേണ്ടിവരുന്നില്ല.


ജൂലായ്18 ബുധനാഴ്ച.  നാലുവർഷം മുൻപ് . അന്നു രാമായണമാസത്തിന്റെ ആരംഭമായിരുന്നു. ആ ദിവസത്തിന്റെ നിശ്ചേതനത്വം ഓർമ്മയിൽ ബാക്കിയുണ്ട്. അമ്മ പക്ഷെ എവിടെ പോകാൻ. എന്റെ കഥകളുടെ ഏക ശ്രോതാവ്. ഇടക്കൊക്കെ സാമി…. എന്ന വിളി ഞാൻ കേൾക്കാറുള്ളതല്ലേ. ഞാൻ തേച്ചുമിനുക്കി വെക്കുന്ന എന്റെ ഓർമ്മകൾക്ക് എങ്ങിനെയാണ് ക്ലാവ് പിടിക്കുക.

4 comments:

  1. ആത്മാവില്‍ നിന്നും നീളുന്ന ഒരു പൊക്കിള്‍ക്കൊടി ,അത് ദേഹം ശൂന്യതയില്‍ വിലയിക്കുമ്പോഴും ദേഹിയെ വിട്ടു പോകാതെ നിരന്തരം ..ഊഷ്മളമായ സ്നേഹത്തിന്റെ വെളിച്ചം ഞങ്ങളിലേക്ക് പകര്‍ന്നതിനു ഒരു പുഞ്ചിരി പകരം ...

    ReplyDelete
  2. പുണ്യവതിയായ അമ്മ. നല്ല ഓര്‍മ്മക്കുറിപ്പ്.

    ReplyDelete
  3. അമ്മയുടെ അനുഗ്രഹങ്ങളും,സാന്ത്വനങ്ങളും എന്നെന്നും കൂടെയുണ്ട് സ്വാമിയേട്ടാ... വളരെ ഹൃദയസ്പര്‍ശിയായ എഴുത്ത്..

    ReplyDelete