Sunday, October 7, 2012

മതം.








ഏതെങ്കിലും ഒരു മതത്തിന്റെ പരിവേഷം മനുഷ്യന്റെ 
ജീവിതത്തിനുമേല്‍ എന്തെങ്കിലും മൌലീകമായ 
വിത്യാസങ്ങള്‍ അടയാളപ്പെടുത്തുന്നു എന്നത്, തികച്ചും 
അബദ്ധജഡിലമായ ഒരു വിശ്വാസം മാത്രമാണ്.

മതം മനുഷ്യന്റെ ആന്തരാവയവങ്ങളില്‍ എന്തെങ്കിലും 
മേന്മകള്‍ ഒരിക്കലും നിര്‍മ്മിച്ചെടുക്കുന്നില്ല. മതത്തിനു 
മനുഷ്യരുടെ രക്തം ധാരാളം ചീന്താനായിട്ടുണ്ടെങ്കിലും 
അതിന്റെ നിറത്തെ കെടുത്തി കളയാനോ തങ്ങളുടെ 
മത ചിഹ്നങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ 
ഇഷ്ടമുള്ള നിറങ്ങളെ സ്വീകരിക്കുവാനോ 
കഴിഞ്ഞതായി ശാസ്ത്രം തെളിയിച്ചിട്ടില്ല. 
എന്നിട്ടും മനുഷ്യര്‍ മതത്തിന്റെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത 
വാദങ്ങളെ വലിയ മേന്മകളെന്ന ഭാവേന, മറ്റുള്ളവരുടെ 
മസ്തിഷ്കത്തെ അവശമാക്കുന്ന തരത്തില്‍ ഒരായുധമായി 
എടുത്ത്‌ എത്ര കാരുണ്യരഹിതമായാണ് പ്രയോഗിക്കുന്നത് ?!!

മനുഷ്യന് മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും
പലപ്പോഴും മതത്തിന്റെ വരമ്പുകള്‍ വലിയ തടസ്സം
സൃഷ്ടിക്കുന്നത് ഒട്ടും പുതുമയല്ല. എന്നാല്‍ മനുഷ്യത്വത്തിനു
ദ്രോഹകരമായ സംഗതികളില്‍ എല്ലാ മതങ്ങളും
ഏകോദരസഹോദരങ്ങളാകുന്നത് ഒട്ടും അതിശയകരവുമല്ല.
എന്നിട്ടും മതത്തിന്റെ സാഹിത്യങ്ങളില്‍ നമ്മള്‍
ഇല്ലാത്ത രക്ഷകന്റെ അവതാരപരിവേഷത്തെ
തിരഞ്ഞുകൊണ്ടേയിരിക്കുന്നു.


കഠിനമായ ജീവിതസമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട്
തന്നത്താന്‍ ഒറ്റപ്പെടുകയെന്നത് മനുഷ്യന്റെ ദുര്‍ബ്ബലതയാണ്.
അത്തരം സന്ദര്‍ഭങ്ങളില്‍ കൂടെയുള്ളവരെ
വിശ്വാസത്തിലെടുക്കാനോ സാന്ത്വനം അന്വേഷിക്കാനോ
കഴിഞ്ഞു എന്ന് വരില്ല. പരസ്പരം ആശ്വസിപ്പികാനാവാതെ
കൂടെയുള്ളവരും നിസ്സഹായരാകുന്നുണ്ടാകാം. അതൊരു
ആത്മീയപ്രതിസന്ധിയാണ്. ഒപ്പം ശാരീരികമായ അവശതയും.
അത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്താണ്,
മതം പോലുള്ള സാന്ത്വനസംരംഭങ്ങള്‍ നമ്മുടെ
ദൌര്‍ബ്ബല്യങ്ങളിലേക്ക് ഇടിച്ചുകയറി വന്നത്.

അത് തീര്‍ച്ചയായും നിസ്വാര്‍ത്ഥമായ ആത്മീയ
അന്വേഷണമായാണ് ജീവിതത്തെ തേടി വരിക.
അതങ്ങനെതന്നെ ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായും
അതിലൊരു സൗന്ദര്യമുണ്ടെന്നത് സത്യം. എന്നാല്‍
മതങ്ങളുടെ ചരിത്രം നമ്മളോട് ഇതുവരെ തെര്യപ്പെടുത്തിയത്,
അധികപക്ഷവും ഈ സാന്ത്വന സംരംഭകര്‍
ഇതിനെ ഒരു വ്യാപാര സമുച്ഛയമാക്കുകയോ, രാഷ്ട്രീയ
ആയുധമാക്കുകയോ ആണ് ചെയ്തിട്ടുള്ളത് എന്നതാണ്.
മതങ്ങള്‍ കയ്യടക്കിയ രാഷ്ട്രങ്ങള്‍ പിന്നീട്
മനുഷ്യവംശത്തിന് തന്നെ അപായകരമാകുന്നത്
സമകാലികമായും മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന
യഥാര്‍ത്ഥ്യമാണ്. അതിനെ ശരിയായ അര്‍ത്ഥത്തില്‍
എന്തുകൊണ്ട് മനുഷ്യര്‍ മനസ്സിലാക്കുന്നില്ല
എന്നത് അതിശയകരവും.

അവനവന്റെ മനോദൌര്‍ബ്ബല്യങ്ങളെ മറികടക്കാനുള്ള
കരുത്ത് സ്വയം ഉണ്ടാക്കുക മാത്രമാണ് ഇത്തരം
ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം എന്ന്
നിഷ്കളങ്കമായി നമുക്ക്‌ പറഞ്ഞുപോകാം. എന്നാല്‍
അത് അനുഭവങ്ങളോട് നീതി പുലര്‍ത്തലാകും എന്ന്
കരുതാനാവില്ല. കാരണം സംവത്സരങ്ങള്‍ അനുഭവിച്ചും
ആചരിച്ചും നടപ്പാക്കിയും ആസ്വദിച്ചും വരുന്ന
അസംബന്ധങ്ങളെ നിസ്സാരമായി ഉപേക്ഷിച്ചുകടന്നുപോകാന്‍
മനുഷ്യര്‍ക്ക്‌ കഴിയില്ല എന്ന് തന്നെ. തിരിച്ചറിവുകള്‍ ഇല്ലാത്തതല്ല
പലപ്പോഴും അതേറ്റെടുക്കുക വ്യക്തിപരമായ
ഭൌതീകനഷ്ടങ്ങള്‍ക്ക്‌ കാരണമാകും എന്നത് മനുഷ്യന്റെ
എക്കാലത്തേയും ഒരു ഭീതിയാണ്.!

No comments:

Post a Comment