Monday, October 1, 2012

സാമ്പത്തീക പരിഷ്കരണത്തിന്റെ രേഖാശാസ്ത്രം.ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍
നിയന്ത്രിക്കുന്ന മദ്ധ്യവര്‍ഗ്ഗസമൂഹത്തെ 
സംബന്ധിച്ചിടത്തോളം ഓഹരിവിപണി 
എന്നത് ഒരു ജീവനാഡി തന്നെയാണ്.
രാജ്യത്തെ സാമ്പത്തീകവിനിമയങ്ങളില്‍ 
നേരിട്ട് പങ്കെടുക്കാനുള്ള സാധ്യത ഇവര്‍ക്ക്‌ 
ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ജീവനാഡിയെ 
മുന്‍നിര്‍ത്തി തന്നെയാണ് രാജ്യത്ത്‌ നടക്കുന്ന
മുഴുവന്‍ സാമ്പത്തീകപരിഷ്കാരങ്ങളും  
ഉടലെടുക്കുന്നത്.

ലാഭമോഹങ്ങള്‍ ആണ് മദ്ധ്യവര്‍ഗ്ഗത്തെ 
വിപണിയിലേക്ക് ആകര്‍ഷിക്കുന്നത് എങ്കിലും 
യഥാര്‍ത്ഥത്തില്‍  മുതല്‍മുടക്കുന്നവരുടെ
സാമ്പത്തീകനഷ്ടങ്ങളെ പങ്കിട്ടെടുക്കുന്നതിനുള്ള
ഒരു പുതിയ മൂലധന സമാഹരണരീതിയെ ആണ്
ഓഹരി വിപണി പ്രതിനിധാനം ചെയ്യുന്നത്.

നിര്‍മ്മാണ,വിതരണ,സേവന രംഗങ്ങളില്‍ ഉള്ള
കമ്പനികളുടെ ഉടമസ്ഥാവകാശം ഓഹരികളായി 
നിജപ്പെടുത്തി അത് വലിയൊരു വിഭാഗം 
ജനങ്ങളിലേക്ക്‌ വിതരണം ചെയ്യപ്പെട്ടതോടെ 
സമ്പത്തിന്റെ വിനിമയത്തില്‍ ഇടത്തരം 
വരുമാനക്കാരനും പങ്കാളിത്തം ലഭിക്കാന്‍ 
ഇടയായി.

ഈ പങ്കാളിത്തം ഇടത്തരക്കാരനെ കൂടുതല്‍ 
കൂടുതല്‍ അത്യാഗ്രഹികള്‍ ആക്കി മാറ്റുകയും 
അവരുടെ കൈകളിലെ ഓഹരികളുടെ 
മൂല്യവര്‍ദ്ധനയില്‍ മാത്രം അവന്റെ സ്വപ്‌നങ്ങള്‍
കുടുങ്ങി കിടക്കുകയും ചെയ്യുന്നു.

ഉല്‍പ്പന്നത്തിന്റെ ആവശ്യകതയും വിശ്വാസ്യതയും
ഉല്പാദകരുടെ വിപണി വില ഉയര്‍ത്തുമ്പോള്‍ 
അവരുടെ മൂലധന ഓഹരികളുടെ വിലയും ഉയരുന്നു. 
ഈ ഉയര്‍ച്ചയാണ് ഇടത്തരക്കാരന്റെ ആഹ്ലാദം. 
ഈ സന്ദര്‍ഭത്തെ ഓഹരികള്‍ വില്‍ക്കാനുള്ള 
അവസരമായി അവര്‍ ഉപയോഗിക്കുന്നു.

ഉല്‍പ്പന്നത്തിന്റെ ആവശ്യത്തില്‍ ഉണ്ടാകുന്ന 
താഴ്ച ഇതിന് തികച്ചും വിപരീതമായ ഫലമാണ് 
ഉണ്ടാക്കുന്നത്. അപ്പോള്‍ വില ഇടിയുന്നതിന് 
അനുസാരിയായി ഓഹാരിവിലയും താഴുന്നു. 
പ്രതീക്ഷയും വിശ്വാസ്യതയും ഉള്ള കമ്പനികള്‍ 
ആണെങ്കില്‍ അതും ഇടത്തരക്കാരന് 
ആഹ്ലാദകരമാണ് കാരണം അപ്പോഴാണ്‌ 
അവര്‍ ഓഹരികള്‍ വാങ്ങി സൂക്ഷിക്കുന്നത്.

ഈ വാങ്ങലുകളും വില്‍പ്പനയും ചരിത്രത്തില്‍ 
ഒരുകാലത്തും ഒരിടത്തും സത്യസന്ധമായിരുന്നിട്ടില്ല.
ഓഹരിവിപണിയുടെ കാര്യത്തിലും ഇത് 
എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നു. 
വിപണി ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം 
ആയത്കൊണ്ട് അതിനപ്പുറത്ത് വലിയ 
ധര്‍മ്മനീതികള്‍ ഒന്നും തന്നെ അതിനെ 
സ്വാധീനിക്കാറില്ല.

സ്ഥാപനങ്ങള്‍ നേരിട്ടല്ല വിപണനത്തില്‍ 
ഏര്‍പ്പെടുന്നത് എന്നത് കൊണ്ട് വിലകള്‍ 
നിര്‍ണ്ണയിക്കപ്പെടുന്നത് തികച്ചും ഊഹങ്ങളെ 
മാത്രം ആസ്പദമാക്കിയാണ്. ഈ ഊഹങ്ങള്‍
എന്നത് എല്ലാ ചതിക്കുഴികള്‍ക്കും വരമ്പ്‌ 
കോരിവെക്കുക എന്നതാണ്. ഊഹമുയര്‍ത്തുന്ന  
പ്രചരണ പ്രവര്‍ത്തനത്തിന്റെ ശക്തിയും 
വിശ്വാസ്യതയും മാത്രമാണ് ഓഹരി വിലയ
നിയന്ത്രിച്ച് (കൂട്ടിയോ കുറച്ചോ) വിപണിയെ 
ശക്തമാക്കുന്നത്.

വിപണികളിലെ വ്യാപാരങ്ങള്‍ ഒട്ടും 
നിഷ്കളങ്കമായല്ല നടക്കുന്നത് എന്നത് കൊണ്ട് 
കമ്പോളത്തിലെ മൂലധന സംഭരണികളായ 
കമ്പനികള്‍ പലപ്പോഴും അവയുടെ സാമ്പത്തീക 
ദുരുദ്ദേശങ്ങളുടെ ഫലമായി ചില ഓഹരികള്‍ 
വലിയ തോതില്‍ വാങ്ങിക്കൂട്ടും. അവരുടെ തന്നെ 
സബ്സിഡയറി കമ്പനികള്‍ വഴിയുള്ള 
ഈ വാങ്ങിക്കൂട്ടല്‍ പലപ്പോഴും തങ്ങളുടെ 
ഓഹരികളുടെ വില ഉയര്‍ത്തി കമ്പോളത്തെ 
തെറ്റിദ്ധരിപ്പിക്കുക എന്നതായിരിക്കും ലക്‌ഷ്യം. 
ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം 
അവര്‍ക്ക്‌ തന്നെ ആയത് കൊണ്ട് പണത്തിന്റെ 
വിനിമയം ഇവിടെ നടക്കുന്നില്ല. ഇത് തിരിച്ചും 
സംഭവിക്കും . അപ്രതീക്ഷിതമായി ഓഹരികള്‍ 
വിറ്റഴിക്കും. ഇതും കമ്പനികള്‍ ആസൂത്രിതമായി 
നടപ്പാക്കുന്നതാണ്. ലാഭമോഹിതനായി 
കമ്പോളത്തില്‍ കയ്മേയ്‌ മറക്കുന്ന 
ഉപഭോക്താവിന് ഇടറി വീഴാന്‍ 
ഇത് തന്നെ ധാരാളം.

നരസിംഹറാവുവിന്റെ ഭരണകാലത്ത്‌ 
ഹര്‍ഷദ് മേത്ത എന്ന കാളക്കൂറ്റന്‍ ഇന്ത്യന്‍ 
ഓഹരി വിപണി ഇടിച്ചുതകര്‍ത്തത് ഇത്തരം 
ദുരൂഹ വഴികളിലൂടെ ആയിരുന്നു.അതിന്റെ 
ദൂഷ്യഫലങ്ങള്‍ വര്‍ഷങ്ങളോളം വിപണിയെ 
ബാധിക്കുക തന്നെ ചെയ്തു.

ഇതിന്റെ ഒരു മറുവശം ഒരു രാത്രി 
ഇരുട്ടിവെളുക്കുന്നതിന് മുന്‍പ് പെരുകി വളരുന്ന 
മൂലധന സമാഹരണം ആണ്. 
ശോഭ ഡെവലപ്പേഴ്സ് എന്ന കമ്പനി ഓഹരി 
വിപണിയില്‍ ലീസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ 
വാര്‍ഷീക വരുമാനം  349 കോടി മാത്രമായിരുന്നു. 
എന്നാല്‍ ഒരൊറ്റദിവസം കൊണ്ട് വിപണിയില്‍ 
അത് 6479 കോടി ആയി മാറി. ഇരുപതിരട്ടി വര്‍ദ്ധന. 
ഇതാണ് ഈ വിപണിയിലെ മായാജാലം.

ഈ മായകാഴ്ച്ചകളുടെ ലോകത്ത്‌ ഒരു 
ഭാഗ്പൈപ്പറെപോലെ,വിപണിയെ 
ശക്തിപ്പെടുത്താനുള്ള  ഒരുപാട് സാമ്പത്തീക 
പരിഷ്കാരങ്ങളുമായി അവതരിക്കുകയായിരുന്നു 
സാക്ഷാല്‍ ശ്രീ. മന്‍മോഹന്‍സിംഗ് .

അമേരിക്കയുടെ ഓഹരിവിപണിയായ 
വാള്‍ സ്ട്രീറ്റ്‌ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര 
നാണ്യനിധിയുടെ ഡയരക്ടര്‍ ആയിരുന്ന 
ശ്രീ. സിംഗിനെ ധനകാര്യമന്ത്രിയായിരുന്ന 
നരസിംഹറാവു റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ 
ആയാണ് ഭാരതസര്‍ക്കാരിലേക്ക്‌ ആനയിക്കുന്നത്. 
പിന്നീട് റാവു തന്നെ ആസൂത്രണ കമ്മീഷന്റെ 
ചെയര്‍മാന്‍ ആക്കുന്നു. റാവു പ്രധാനമന്ത്രിയായതോടെ 
ധനകാര്യമന്ത്രി സ്ഥാനത്ത് പ്രണബ്കുമാര്‍ മുഖര്‍ജിയെ 
തഴഞ്ഞാണ് മന്മോഹന്‍ സിംഗിനെ വാഴിക്കുന്നത്.

നെഹ്രുവിന്റെ കാലം മുതലുള്ള മിശ്രസമ്പത്ത്‌ 
വ്യവസ്ഥയുടെ നികുതി ആശ്രിതത്വവും സബ്സിഡി 
നയങ്ങളും ഉദ്യോഗസ്ഥരുടെ നാടകളിയും 
സാമ്പത്തീക രംഗത്തെ തീര്‍ത്തും 
ചലനാത്മകമല്ലാതാക്കിയ സാഹചര്യത്തില്‍  
ധനകാര്യമന്ത്രിയായിരിക്കെ റാവു തന്നെ തുടങ്ങി 
വെച്ച സാമ്പത്തീക പരിഷ്കരണങ്ങള്‍ക്ക് 
ദിശാബോധം നല്‍കുക  എന്നതായിരുന്നു
സിംഗിന്റെ അവതാരോദ്ദ്യേശം ആയി പറയപ്പെട്ടത്. 
എന്നാല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ്കള്‍ക്ക്‌ 
ഇന്ത്യന്‍ വിപണി തീരെഴുതുന്നതിന്റെ ഭാഗമായി തുറന്ന 
വിപണിയുടെ ആരാധകനായ സിംഗിനെ 
കൊണ്ടുവരികയായിരുന്നു എന്ന് 
ഉപശാലകളില്‍ മര്‍മ്മരങ്ങള്‍ കേള്‍ക്കാമായിരുന്നു.

ആ ഉപശാല വൃത്താന്തങ്ങളെ സാധൂകരിക്കുന്നതായിരുന്നു 
പിന്നീട് ഉണ്ടായ ധൃതഗതിയില്‍ സംഭവിച്ച സാമ്പത്തീക 
പരിഷ്കാരങ്ങള്‍ . ധാരാളം ബഹുരാഷ്ട്ര കുത്തകകള്‍ 
ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥയുടെ അലകും പിടിയും മാറ്റി 
വരക്കുന്നത് സ്ഥിരം കാഴ്ചയായി.

കുറച്ച് സമയം കൊണ്ട് കുറെയേറെ ശതകോടീശ്വരന്മാരുടെ 
സൃഷ്ടികര്‍മ്മം നടന്നുവെങ്കിലും അതൊരു നേട്ടമായി 
അവതരിപ്പിക്കാന്‍ കഴിയാത്ത വണ്ണം  വൈരുദ്ധ്യമായി 
ദരിദ്ര ജനതയുടെ എണ്ണം രാജ്യത്തെ 70 ശതമാനത്തിലേക്ക് 
കുതിക്കുകയാണ് ഉണ്ടായത്‌....

ഈ ദരിദ്രരുടെ സംഖ്യ  ദിനേനെയെന്നോണം വര്‍ദ്ധിക്കുന്നു 
എന്നത് മറച്ചുവെക്കാന്‍ കഴിയാത്തത്‌ ഈ നയത്തെ നോക്കി 
കൊഞ്ഞനം കുത്തുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 
കര്‍ഷകരുടെ  അത്മാഹത്യയുടെ  എണ്ണം  ഈ വര്‍ഷം 
ഇതുവരെ 543 തികഞ്ഞു.

പരിഷ്കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം 
ഒരു അക്കാദമീഷ്യന്‍ അധികാരത്തില്‍ വരുന്നത് ഒട്ടുവളരെ 
പ്രതീക്ഷകളോടെ തന്നെയാണ് നോക്കിക്കണ്ടിരിക്കുക . 
പ്രത്യേകിച്ച് കന്നുകാലികളുടെ ഭക്ഷണം വരെ 
അടിച്ചു മാറ്റി അഴിമതി നടത്തുന്ന മ്ലേച്ചന്മാരായ 
രാഷ്ട്രീയഭിക്ഷാംദേഹികള്‍ ഭരണം നിയന്ത്രിക്കുന്ന 
ഒരു സമൂഹത്തില്‍ .ചുരുങ്ങിയത്‌ സംസ്കാരപൂര്‍ണ്ണമായ 
പെരുമാറ്റമെങ്കിലും അവര്‍  പ്രതീക്ഷിക്കും.
എന്നാല്‍  അത്തരം പ്രതീക്ഷകളെ മുഴുവന്‍ തകിടം 
മറിക്കുന്ന  ഭീഭത്സരൂപമായി  മാറാന്‍ ശ്രീമാന്‍ സിംഗിന് 
വളരെ കാലമൊന്നും വേണ്ടിവന്നില്ല.മുഴുത്ത അഴിമതി 
രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിക്കുന്ന  
ഇന്ത്യാചരിത്രത്തിലെ ഗഡാഗഡിയന്‍ അഴിമതികള്‍ക്ക്
മുഴുവന്‍ വിളക്ക് പിടിച്ചുകൊടുത്ത വെറുമൊരു വിളക്ക് കാല്‍ 
മാത്രമായി ലോകത്തിനും ചരിത്രത്തിനും മുമ്പാകെ 
നാണം കേട്ട് നില്‍ക്കുന്നു അദ്ദേഹം.

അപ്രതീക്ഷിതമായി കളസമൂരിപ്പോയ കുഞ്ഞിനെപ്പോലെ
" സര്‍ക്കാരിന് പണം കായ്ക്കുന്ന മരമില്ല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ "
 എന്ന് ഈ മഹാന്‍ പറഞ്ഞുവെക്കുന്നതെന്താണ് ?

പരസ്പരവ്യാപാരത്തിലൂടെ സ്വയം പര്യാപ്തതക്ക്
ശ്രമിക്കുന്ന സ്റ്റേറ്റുകളുടെ ഫെഡറല്‍ ഭരണത്തെ 
നിയന്ത്രിക്കുന്ന ഈ അധികാരിക്ക്‌ സാധാരണ ജനങ്ങളുടെ 
ജീവിതത്തില്‍ ഡീസലിന്റെ സ്ഥാനമെന്ത് എന്ന് ഒട്ടും 
തന്നെ അറിയാന്‍ പാടില്ല. കാറില്ലാത്ത സാധാരണക്കാരന് 
എന്തിന് ഡീസല്‍ എന്ന ക്ലാസ്സിക്കല്‍ ചോദ്യം ചോദിക്കുന്നു 
അദ്ദേഹം. ലക്ഷം കോടികളുടെ അഴിമതിയില്‍ തലതൊട്ടപ്പന്‍ 
കളിക്കുന്ന അദ്ദേഹത്തിന് നിത്യനിദാന വരവ് ചെലവ് 
കണക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ
ആണോ ധനശാസ്ത്രവിശാരദനായി വിലസുന്നത്?

രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങളെ ആശ്രയിച്ച് 
യാത്രയും ഭക്ഷ്യവസ്തുക്കളുടെ വിനിമയവും സാധ്യമാക്കുന്ന 
സാധാരണ ജനങ്ങളെ പരിഹസിക്കുന്ന ഈ വിദ്വാന്‍ പൊതു
ഗതാഗതസംവിധാനം വെള്ളമൊഴിച്ച് നടത്തുന്നു 
എന്നാണോ ധരിച്ചിരിക്കുന്നത്?

ഭാരതം എന്നും നിസ്സഹായയായിരിന്നു . ചെങ്കിസ്ഖനില്‍ 
തുടങ്ങി ഈസ്റ്റിന്ത്യാകമ്പനിയില്‍ വരെ ചെന്ന് നിന്ന അതിന്റെ 
അടിമത്തം പുതിയ മിര്‍ജാഫര്‍മാരിലൂടെ ഇന്ന് ഇറ്റലിക്കാരിയായ 
ഒരു സ്ത്രീയില്‍ എത്തി നില്‍ക്കുന്നു.
ഈ മിര്‍ ജാഫര്‍ മാരെ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് വിളിക്കുവതെങ്ങിനെ?
മിര്‍ ജാഫറിനും തെല്ല് ആത്മാഭിമാനം ഉണ്ടായിരുന്നിരിക്കണമല്ലോ !
ഒരു പഴയ മൊഴി ചൊല്ലാം. 
പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ...
അത് ആസ്വദിക്കുക മാത്രമാണ് നിലവില്‍ കരണീയം.

  No comments:

Post a Comment