Saturday, September 22, 2012

കൂടംകുളം : സര്‍വ്വനാശത്തിന്റെ കുറുനരിഭേരി.







ഏത് വ്യവസ്ഥിതിയിലും ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്‌ അവിടുത്തെ ജനങ്ങള്‍ തന്നെയാണ്. ജനാധിപത്യസര്‍ക്കാരുകള്‍ ഭംഗിക്കായി ആണെങ്കിലും പറയുന്നത്, അവര്‍ ജനങളുടെ ദാസന്മാര്‍ ആകുന്നുവെന്നാണ്.അങ്ങനെയാവുമ്പോള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ ജനം എന്ന സമ്പത്ത്‌
 യജമാനന്മാര്‍ കൂടിയാണ്.

കൂടംകുളത്ത് ആ യജമാനന്മാര്‍ കൂടും കുടുക്കയും എടുത്ത്‌ വീടും കുടിയും നഷ്ടപ്പെട്ട് നിലവില്‍ കടലില്‍ അലയുകയാണ്. രാജ്യത്തിന്റെ ഊര്‍ജ്ജോല്പാദന ആവശ്യത്തിന്റെ മറവില്‍ ദാസന്മാരായ അധികാരികളുടെ പീഡനം മൂലം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ഈ യജമാനന്മാര്‍ നിരന്തരമായ സമരമാര്‍ഗ്ഗങ്ങളിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പ്രാഥമീക അവകാശം മാത്രമായ ജീവനും സ്വത്തിനും ഉള്ള സംരക്ഷണം കൂടംകുളത്ത് അതിദയനീയമായി അപഹസിക്കപ്പെടുന്ന ദാരുണ ചിത്രമാണ് ലോകത്തിന് മുന്‍പാകെ ഉള്ളത്.

പതിനയ്യായിരം കോടി രൂപ ചിലവില്‍ കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി പണിതിട്ടും പണിതിട്ടും ഇതേവരെ ഒരു യൂണിറ്റ് ഊര്‍ജ്ജം പോലും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അവസാനിക്കാത്ത അറ്റകുറ്റപണികള്‍ മൂലം നിലയം കമ്മീഷന്‍ ചെയ്യല്‍ മന്ത്രിയുടെ പ്രഖ്യാപനം മാത്രമായി ചുരുങ്ങി.

ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും അവരുടെ ഉപജീവനോപധികള്‍ അടക്കമുള്ള ദൈനംദിന ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആരുടെ താല്പര്യം ആണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ജനാധിപത്യരീതിയില്‍ തങ്ങളെ തിരഞ്ഞെടുത്ത്‌ ഭരണം ഏല്പിച്ച ജനങ്ങളെയാണോ അതോ വ്യവസായീക ഇടപാടുകള്‍ക്കായി
രാജ്യത്തെ സമീപിക്കുന്ന ലഭാക്കൊതിയന്മാരായ കോര്‍പ്പറേറ്റ്‌ ബിസിനസ്സ് സംരംഭകരയോ?

കൂടംകുളത്തിന്റെ കാര്യത്തില്‍ എങ്കിലും രണ്ടാമത്‌ പറഞ്ഞത് തന്നെയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.!!

ആണവകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനത്തില്‍ എണ്‍പതുകളില്‍ എപ്പോഴോ ആണ് ഡീഗോ ഗാര്‍ഷ്യയെ കുറിച്ച് ആദ്യം വായിക്കുന്നത്. ഡീഗോ ഗാര്‍ഷ്യ ഇന്ത്യയില്‍ നിന്ന് വളരെ ദൂരെയല്ല എന്നതായിരുന്നു ഓര്‍മ്മയില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്ന ശ്രദ്ധേയമായ ഒരു പരാമര്‍ശം.

967നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ആ ദൂരം. അണ്വായുധങ്ങള്‍ വഹിക്കുന്ന വിമാനങ്ങള്‍ അടക്കം സംരക്ഷിക്കപ്പെടുന്ന അമേരിക്കയുടെ സൈനിക താവളമാണ് ഡീഗോ ഗാര്‍ഷ്യ. ഒരിക്കല്‍ പോര്‍ട്ട്ഗലിന്റെ കോളനിയായിരുന്നു ഇന്ത്യാമഹസമുദ്രത്തിലെ മനോഹരമായ ഈ ദ്വീപ്. ബ്രിട്ടീഷുകാരുടെ നിരന്തരമായ വ്യാപാരവിജയങ്ങളുടെ ഭാഗമായി ദ്വീപ്‌ പിന്നീട് അവര്‍ക്ക്‌ സ്വന്തമായി. 1965-1973 കാലത്ത്‌ സാമ്പത്തീക തകര്‍ച്ചയുമായി ബന്ധപ്പെട്ട്‌ വിലപേശലുകളുടെ ഭാഗമായി അത് അമേരിക്കക്ക് പാട്ടത്തിന് നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

തദ്ദേശീയരായ ചഗ്ഗേഷ്യന്‍സിനെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു കടല്‍ കടത്തിയാണ് അമേരിക്ക അവിടെ സൈനീക താവളം ഒരുക്കിയത്‌.. . സ്വന്തം ഭൂമി നഷ്ടപ്പെട്ട അവര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ മൌറീഷ്യസിലും സേഷ്യല്‍സിലും അഭയാര്‍ത്ഥികള്‍ ആയി അലയാന്‍ വിധിക്കപ്പെടുകയായിരുന്നു.

ഒരു സൈനീകതാവളത്തില്‍ നിന്ന് അധികദൂരമൊന്നും ഒരു ആണവനിലയിത്തിലേക്കില്ലഎന്ന് തിരിച്ചറിയാവുന്നതെയുള്ളൂ.
ആണവോര്‍ജ്ജം എന്നതിനും ആണവായുധം എന്നതിനിടക്ക് അല്പം ചില സാങ്കേതിക വിത്യാസങ്ങള്‍ വേര്‍തിരിക്കുന്നുണ്ടെങ്കിലും രണ്ടും ഒരിക്കല്‍ സ്ഥാപിക്കപ്പെട്ടാല്‍ ആ ഇടം ജനവാസ യോഗ്യമല്ലാതാവാന്‍ മാറ്റ് കാരണങ്ങള്‍ ഒന്നും ആവശ്യമില്ല. ജീവിച്ചിരിക്കാന്‍ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോവുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ല.അവരുടെ ജീവനും സ്വത്തിനും യാതൊരു ഉറപ്പും ഒരു സര്‍ക്കാരില്‍ നിന്നും ലഭിക്കാനില്ല. ലഭിച്ചാലും അത് നടപ്പാക്കുക എളുപ്പമല്ല എന്ന് തെളിയിക്കുന്നതാണ് ഇത്രയേറെ സാങ്കേതിക വളര്‍ച്ചയും വികസനവും സാധ്യമായ ജപ്പാന്‍ പോലുള്ള രാജ്യത്ത് ഫുക്കുഷിമയുടെ കാഴ്ചകള്‍ നല്‍കുന്ന പാഠം.

ഈ ഡീഗോഗാര്‍ഷ്യ പാട്ടത്തിനെടുക്കുന്ന കാലത്ത്‌ അമേരിക്കയുടെ ധനകാര്യ സ്ഥാപനമായ അന്താരാഷ്ട്ര നാണ്യ നിധിയുടെ ഒരു വലിയ ഗുമസ്ഥന്‍ ആയി ജോലി ചെയ്യുകയായിരുന്നു ശ്രീ. മന്മോഹന്‍ സിംഗ് . അവസരങ്ങള്‍ മനുഷ്യനെ ഏതെല്ലാം ഉന്നതസ്ഥാനങ്ങളില്‍ വരെ എത്തിക്കും എന്നതിന്റെ മകുടോദാഹരണമായി അദ്ദേഹം ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവലക്ഷണങ്ങളില്‍ ഒന്നായ ലഭിക്കുന്നത് കൊണ്ട് തൃപ്തിപ്പെടുക എന്ന പ്രജയുടെ ദുര്യോഗമായി ഇനിയും ദീര്‍ഘകാലം അദ്ദേഹം പ്രധാനമന്ത്രിയായി തുടരാന്‍ സാധ്യതയില്ലാതില്ല.

അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ആഗ്രഹപ്രകാരം രാഷ്ട്രീയ അധികാരമുള്ള മദാമ്മ ഗാന്ധി ഇന്ത്യന്‍ ഭരണകമ്പനിക്ക്‌ ഏര്‍പ്പെടുത്തിയ ചീഫ്‌ ഓപ്പെറേറ്റിംഗ്‌ ഓഫീസര്‍ മാത്രമാണ് അദ്ദേഹം. കൂടംകുളത്ത് സര്‍വ്വനാശത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കുന്ന സാധു ജന്മങ്ങളെ ചൂണ്ടി ഈ പ്രധാനമന്ത്രി പറയുന്നു. അവര്‍ വിദേശശക്തികളുടെ കൈകളിലെ ആയുധമാണെന്ന് .പരിഹാസ്യമായ ഈ ആരോപണത്തിന്റെ അന്തസത്തയെന്താണ്? സമ്പുഷ്ട യൂറേനിയം നേരിട്ട് ലഭിക്കുന്നതിന് അമേരിക്കയുമായി ആണവക്കരാര്‍ ഉണ്ടാക്കിയത് കൂടംകുളത്തെ
മത്സ്യത്തൊഴിലാളികള്‍ ആണെന്നാണോ?

ഇതിലേറെ പരിഹാസ്യമാണ് തമിഴ്‌ നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നിലപാട്. ഭാഷയടക്കം നൂറു നൂറു വൈകാരിക പ്രശ്നങ്ങളുടെ പേരില്‍ നിരന്തരം അക്രമസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ ഒരിക്കലും അമാന്തം വരുത്തിയിട്ടില്ലാത്ത ഈ കക്ഷികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നിരന്തര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ സഹോദരങ്ങളെ കണ്ട മട്ട് പോലും നടിക്കുന്നില്ല.

അയല്‍ സംസ്ഥാനത്തെ അണക്കെട്ട് പൊട്ടിച്ചായാലും തങ്ങള്‍ക്ക് ജലസേചനവും വിദ്യുച്ഛക്തിയും ഉണ്ടാകാന്‍ തര്‍ക്കുലൈ ചെയ്യാനും ശ്രീലങ്കയിലെ തമിഴരുടെ നിലനില്‍പ്പിനായി എത്ര ബോംബ്‌ പൊട്ടിക്കാനും മടിയൊന്നുമില്ല വൈക്കോ പോലുള്ള തങ്ക തമിഴ്‌ മാനവന്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി കൂടംകുളത്തെ നിരാധാരരായ മത്സ്യതൊഴിലാളികളെ തമിഴ്‌ മാനവരായി തിരിച്ചറിയാന്‍ ദ്രാവിഡമാനത്തില്‍ രമിക്കുന്ന തമിഴ്‌ കക്ഷികള്‍ക്ക്‌ പോലും കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതുവാന്‍....

ഇതിന് കാരണമായി മനസ്സിലാക്കേണ്ടത്‌ ആണവനിലയം വാഗ്ദാനം ചെയ്യുന്ന ആയിരം മെഗാവാട്ട് വിദ്യുച്ഛക്തി എന്ന പ്രലോഭനാമയിരിക്കാം.തങ്ങളുടെ അനന്തര തലമുറയെ കൂടി അപകടപ്പെടുത്തുന്ന ആണവവികിരണം എന്ന ഭൂതത്തെ മറന്നുകൊണ്ട് മനുഷ്യര്‍ക്ക്‌ എങ്ങനെയാണ് ഇത്തരം ഒരു വികസന സ്വപ്നം കൊണ്ടുനടക്കാനാവുക?

തിരിച്ചറിയേണ്ട പ്രധാനമായ കാര്യം ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ നേതൃത്വവും അതിനൊപ്പം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഫയല്‍ ചലിപ്പിക്കുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് വളരെ ദൂഷിതമായ ഒരു കൂട്ടുകെട്ടാണ് നമ്മുടെ ഭരണസംവിധാനം. അതിനകത്ത്‌ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അന്നന്നത്തെ അഴിമതിയുടെ അത്താഴപ്പട്ടിണി മറികടക്കുക എന്നതില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത് . ഇത് അതീവ സുരക്ഷാഭീഷണിയുള്ള ആണവനിലയം പോലുള്ള കാര്യങ്ങളിലും ഏറെയൊന്നും വിത്യസ്ഥമാവില്ല എന്നതാണ് ഭീതി ജനിപ്പിക്കുന്നത്. കരുതിയിരിക്കുക കൂടംകുളം ഏറെ അകലെയല്ല.

No comments:

Post a Comment