Tuesday, September 4, 2012

സാമൂഹ്യബോധം എന്ന മിഥ്യ.മനുഷ്യന്റെ രീതികള്‍ വളരെ വിചിത്രമാണ്. പലപ്പോഴും അപഹാസ്യവും. അവന്റെ ഏത് അപചയങ്ങളെ അപവദിക്കാനും നിലവിലെ വ്യവസ്ഥിതിയുടെ
തകരാറുകളെയാണ്  അവനെപ്പോഴും ആശ്രയിക്കുക.
ഈ വ്യവസ്ഥിതി അവനുവേണ്ടി മറ്റാരോ പണിതെടുത്തതാണ് എന്നപോലെയാണ് ആരോപണക്രമം. യഥാര്‍ത്ഥത്തില്‍
അവന്റെ തന്നെ പ്രവര്‍ത്തന ഫലമായി ഓരോ കാലത്തും രൂപപ്പെട്ടുവരുന്ന ആശയങ്ങള്‍ ആണ് വ്യവസ്ഥിതിയെ രൂപപ്പെടുത്തുന്നത്. അതിന്‌ തൊട്ടുമുമ്പുള്ള നടപ്പ് 
വ്യവസ്ഥിതിയെ അതിന്റെ മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. എന്നാല്‍ ദയനീയം എന്ന് പറയട്ടെ, നിക്ഷിപ്തമായ മാലിന്യം നിലനില്‍ക്കെ തന്നെ പുതിയ മാലിന്യങ്ങളുടെ നിര്‍മ്മിതിയായി 
ഓരോ  വ്യവസ്ഥിതിയും മാറിപ്പോവുകയാണ് .

പ്രപഞ്ചത്തിലെ മറ്റുജീവജാലങ്ങളില്‍ തീര്‍ച്ചയായും മൃഗങ്ങളോ പക്ഷികളോ ഒന്നുംതന്നെ ശാസ്ത്രീയ ഗവേഷണങ്ങളോ സാംസ്കാരികപ്രവര്‍ത്തനങ്ങളോ നടത്തുന്നതായി 

നമുക്ക്‌ അറിയില്ല.അതുകൊണ്ട് തന്നെ  പ്രപഞ്ചത്തിലെ ഏറ്റവും ബുദ്ധി കൂടിയ ജീവിയായി മനുഷ്യന്‍ അഹങ്കരിക്കുന്നതില്‍ അപാകതയൊന്നും കാണാനാവില്ല. പക്ഷെ ഈ ബുദ്ധിയുടെ
ഒരു വൈരുദ്ധ്യം ഇത് ഏറിയകൂറും തങ്ങള്‍ക്ക് തന്നെ പ്രതിലോമകരമായി പ്രവര്‍ത്തിക്കപ്പെടുന്നു എന്നതാണ്.

എന്തായിരിക്കും ഈ ദുരവസ്ഥയുടെ കാതല്‍ ? അവിടെയാണ് കാലങ്ങളായി മനുഷ്യര്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടേയിരിക്കുന്ന ഒരു നുണ മനുഷ്യരെ തന്നെ കളിയാക്കി ചിരിക്കുന്നത്.
മനുഷ്യന്‍ ഒരു സമൂഹ്യജീവിയാണെന്ന അസത്യമാണ്
ആ അവകാശവാദം.മനുഷ്യരുടെ  ആലോചനകളും വിചാരങ്ങളും എങ്ങനെയായിരുന്നാലും പ്രവര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്ന സാഹചര്യങ്ങള്‍ ആയിരിക്കും യാഥാര്‍ത്ഥ്യത്തെ രൂപപ്പെടുത്തുക.
ആ യാഥാര്‍ത്ഥ്യം  പലപ്പോഴും ആലോചനകളിലെ നന്മയുടെ  അടുത്ത്‌ പോലും വരാറില്ലന്ന് തിരിച്ചറിഞ്ഞാലും മനുഷ്യര്‍  അങ്ങനെ ഭാവിക്കാറില്ല.മനുഷ്യന്‍ സാമൂഹ്യജീവിയാണ്
എന്ന തോന്നലിലും അത്രയെ സത്യമുള്ളൂ. മനുഷ്യര്‍ തമ്മിലുള്ള ഒരു പരിധിയില്‍ ഒതുങ്ങുന്ന ഇടപാടുകളെയും വിനിമയങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ടാണ് ഈ സാമൂഹ്യജീവിതം എന്ന വാങ്ങ്മയം ചിത്രീകരിക്കുന്നത്.

എന്നാല്‍ അതിന്റെ സത്യമെന്താണ്?

ഒരുവന്‍  തന്റെ  പ്രയോജനത്തിന്റെ സാധ്യതകള്‍ മാത്രം വിലയിരുത്തിയാണ് മറ്റൊരാളുമായി അവന്‍ ഇടപാടുകള്‍ കണ്ടെത്തുന്നത്. മറ്റെയാളവട്ടെ അയാളുടെ ആഗ്രഹ സാഫല്യങ്ങളെ എങ്ങനെ തൃപ്തമാക്കപ്പെടുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ് അപരനെ സഹിക്കുന്നത്. ഈ തത്വമാണ് സകലമാന മാനുഷീകവിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കപ്പെടുന്നത്. ഇതില്‍ എവിടെയാണ് സമൂഹത്തിന്റെ പൊതുവായ നിലനില്പുമായി ബന്ധപ്പെടുന്ന
വസ്തുതകളുടെ സാധ്യത പോലും? ഒരുവന് ആവശ്യമാണെങ്കില്‍ സമൂഹം നിലനില്‍ക്കട്ടെ എന്നല്ലാതെ സമൂഹത്തിന്റെ നിലനില്പ് അവനെ നിലനിര്‍ത്താന്‍ ആവശ്യമാണെന്ന ചിന്തയൊന്നും അവനെ അലട്ടുന്നതേയില്ല. ആ ചന്ദ്രതാരം തനിക്ക്‌  ജീവിതം ഉണ്ട് എന്ന അന്ധവിശ്വാസം അവര്‍ക്കുള്ളത് കൊണ്ട് അത്തരം ഒരു ചിന്ത അവന്  അത്യാവശ്യവുമല്ല.

താന്‍ ഭരിക്കുന്ന ലോകത്ത്‌ എന്തിനിത്ര ദുഖം എന്ന ചോദ്യം  സിദ്ധാര്‍ത്ഥന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. ആ ചോദ്യത്തിന് ഉത്തരം തേടി അലഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്‍ബുദ്ധനായി.
വ്യക്തിഗതമായ ആഗ്രഹാഭിലാഷങ്ങള്‍ ആണ് ദുഖഹേതുക്കള്‍ എന്നത് അവനവന്റെ വ്യക്തിസ്ഥിതി വെച്ച് തിരിച്ചറിയുകയായിരുന്നില്ല അദ്ദേഹം.(മറ്റുള്ളവരുടെ ദുഃഖം ഇല്ലാതാകണം എന്ന് സിദ്ധാര്‍ത്ഥന്‍ എന്തിനാഗ്രഹിക്കണം. അതായിരുന്നല്ലോ അദ്ദേഹത്തിന്റെ ദുഖഹേതു).
സമൂഹം ഇങ്ങനെ  ആയിരിക്കുന്നിടത്തോളം ദുഖവും മരണവും
സ്വാഭാവീകമാണ് എന്ന് തന്നെയാണ് ബുദ്ധനും വ്യാഖ്യാനിച്ചത്‌.  എന്നിട്ട് ധര്‍മ്മവും സംഘവും പരിഹാരമായി നിര്‍ദ്ദേശിച്ചു.
അതുവരെ നിലനിന്ന  ജൈനന്മാരുടെ വ്യക്തിഗത
ശുദ്ധീകരണബോധത്തില്‍ നിന്ന് പ്രതിവിധികളെ സമൂഹസംഘാടനത്തിലേക്ക്‌ നയിച്ചത് ഒരുപക്ഷെ ആദ്യമായി ബുദ്ധനായിരിക്കണം.

വ്യക്തികളുടെ ഇച്ഛകള്‍ വ്യത്യസ്തമായിരിക്കുന്നിടത്തോളം കണ്ടെത്തുന്ന പരിഹൃതമൂലകങ്ങള്‍ അസമമായി മാത്രമേ 
വിതരണം ചെയ്യപ്പെടൂ. അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ സാമൂഹ്യബോധം എന്ന മിത്തിനെ തകര്‍ത്ത്‌ തരിപ്പണമാക്കുകയാണ് ചെയ്യുന്നത്. വ്യക്തിയുടെ ഇച്ഛ. 
അതൊരു പ്രഹേളികയാണ്.എളുപ്പം അതിനെ നിര്‍വ്വചിച്ച് മറികടക്കാനാവില്ല.തനിക്ക്‌ അനിഷ്ടം കൊണ്ട് മാത്രം തോന്നുന്ന വിരോധത്തിന് പുറത്ത്‌ അപരനിട്ട് രണ്ടുപ്പൊട്ടിച്ചാലോ എന്ന് തോന്നുന്ന  മനുഷ്യരുണ്ടാവില്ലേ? ഈ ഇഷ്ടക്കേട് എന്നത് 
കുറച്ചൊക്കെ ഭയാനകമായ വസ്തു തന്നെയാണ്. 
എങ്ങനെയാണ് ഇത് ഭയാനകമാകുന്നത് എന്നല്ലേ? ഏത് ഇഷ്ടത്തിനുള്ളിലും എപ്പോഴും ഒരിഷ്ടക്കേട്‌ ഒളിച്ചിരിപ്പുണ്ട്.
ദ്രംഷ്ട്രങ്ങള്‍ ഉള്ളിലൊതുക്കി ഒളിച്ചിരിക്കുന്ന ഈ  ഇഷ്ടക്കേടുകള്‍ക്ക് ദൃഷ്ടിഗോചരമാവാന്‍ സമയക്രമമില്ല എന്നതാണ് സത്യം.

ഒരുമ്മവെക്കാന്‍ അരികിലണയുന്ന അധരങ്ങള്‍ക്ക് തൊട്ടുപുറകില്‍ കൂര്‍ത്ത പല്ലുകള്‍ ഉണ്ടെന്ന സത്യം 
അപ്പോഴെത്തെ ശൃംഗാരഭാവത്തിന്റെ പരിവേഷത്തില്‍ നാം കാണാതെ പോവുകയാണ്.മനുഷ്യരുടെ പ്രവര്‍ത്തികളുടെ പുറകില്‍ സൂക്ഷമായി നിരീക്ഷിച്ചാല്‍ മാത്രം വായിച്ചെടുക്കാവുന്ന ഗുപ്തതാല്പര്യങ്ങള്‍ എപ്പോഴും മറഞ്ഞിരിക്കുന്നു.മനോഹരമായ ചിരിയെന്ന് നിങ്ങള്‍ ആഹ്ലാദിക്കുന്നത് കൂര്‍ത്ത പല്ലുകളുടെ വരിയൊത്ത നിരയെ ചൂണ്ടിയാണ്. ആഹ്ലാദം പരത്തുന്ന അതെ ദന്തങ്ങള്‍ തന്നെയാണ് ആവശ്യമാകുമ്പോള്‍ ആയുധമായി രൂപം മാറുന്നത്.എത്ര തേന്‍ പുരട്ടി അവതരിപ്പിച്ചാലും സ്ഥാനം തെറ്റുന്ന വാക്ക്‌ വെറുമൊരു ജഡവസ്തുവാണെന്ന് ധാരാളംസന്ദര്‍ഭങ്ങളില്‍ 
മനുഷ്യനെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും  ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളുടെ ഇല്ലാത്ത പൂമഴയേറ്റ് കുളിരുകൊണ്ട്  നില്‍ക്കാന്‍ മനുഷ്യര്‍ക്കെന്തൊരു കൌതുകമാണ് .

പരസ്പരം കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനായി നിലനിര്‍ത്തുന്ന പരിമിതമായ ഗതാഗത നിയന്ത്രണം പോലെ അതിനപ്പുറം ഒന്നുമല്ല മനുഷ്യരെ സംബന്ധിച്ചിടത്തോളം
ഈ പൊതുബോധം എന്നത്. അതിനെ ആശ്രയിച്ച് രൂപപ്പെടുത്തുന്ന ഭരണസംവിധാനങ്ങള്‍ മനുഷ്യന്റെ 
ദുരാര്‍ത്തമായ മാനസീകനിലയെ ഒരിക്കലും നിയന്ത്രിക്കാന്‍ പര്യാപ്തമാകുന്നില്ല. എത്ര തിരിച്ചറിവുകള്‍ മുന്നില്‍ തൂവികിടന്നാലും തന്റെ ആഗ്രഹപൂര്‍ത്തിക്കാവശ്യമായ ലവണങ്ങളെ മാത്രമേ മനുഷ്യന്‍ പെറുക്കിയെടുക്കൂ. അത് തല്ലിക്കൊഴിച്ചിട്ട പൂവ്‌ പോലുള്ള അപരന്റെ ജീവനായാല്‍ പോലും. സംസ്കാരബോധത്തെ ഉയര്‍ത്തിക്കാട്ടുന്ന 
മേനിപറച്ചിലുകള്‍ക്കിടയിലും സംഘം ചേരുന്നതോടെ എത്ര അപരിഷ്കൃതനാവനും മടിയില്ലാത്തവനാക്കുന്നത് ഈ മനസ്സാവും. എല്ലാ മൂലധന സമാഹരണത്തിലും
എല്ലാ സാംസ്കാരിക അധിനിവേശത്തിലും  മുന്നിട്ട്
നില്‍ക്കുന്നത്‌   എപ്പോഴും നേതൃത്വം കൊടുക്കുന്നവരുടെ മലിനമായ ഇച്ഛാശക്തി തന്നെയാണ്. എന്നിട്ടും ഇതൊന്നും പൊട്ടിത്തെറിക്കാതെയിരിക്കുന്നത് പരസ്പരം ഉരസിയാല്‍ മാത്രമേ സ്ഫുലിംഗങ്ങള്‍ തകര്‍ച്ചയുണ്ടാക്കൂ  എന്ന പ്രാഥമീകമായ സുരക്ഷാബോധം കൊണ്ടാവാം.


No comments:

Post a Comment