Sunday, September 16, 2012

സാമൂഹ്യവലകളുടെ രാഷ്ട്രീയദുര്യോഗം.



ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായസ്വാതന്ത്ര്യം
മൌലീക അവകാശങ്ങളില്‍ ഒന്നാണ് എന്നിരിക്കെ
സ്വതന്ത്ര സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ അവയില്‍ പ്രകടമാകുന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ , നിയന്ത്രിക്കണം
നിരോധിക്കണം, എന്നെല്ലാം ഭരണാധികാരികള്‍ ആക്രോശ
ിക്കുന്നതിലെ യഥാര്‍ത്ഥ പ്രകോപനം എന്തായിരിക്കും എന്നത്‌ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്.

നെറ്റ് വര്‍ക്കുകളില്‍ ഭാഗഭാക്കാവുന്ന ആളുകള്‍ക്ക് തങ്ങളുടെ വികാരങ്ങളെ , വിചാരങ്ങളെ , വിവരദോഷങ്ങളെ
എല്ലാം സ്വതന്ത്രമായി പ്രകാശിപ്പിക്കാനാവുന്നു എന്നതാണ് നിലവിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ആകര്‍ഷണീയത.
ഒരു വിധത്തിലും തങ്ങളുടെ പ്രതികരണങ്ങള്‍ അവതരിപ്പിക്കപ്പെടാന്‍ അവസരമോ ഇടമോ ,ലഭ്യമല്ലാത്ത നിസ്സഹായരായ സാധാരണ മനുഷ്യര്‍ക്ക്‌ തങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക്‌ സാക്ഷാല്‍ക്കാരമാവാന്‍
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് കഴിയുന്നു എന്നത് നിസ്സാരമായി തള്ളിക്കളയപ്പെടാവുന്നതല്ല.

ഇത്തരം ഒരു സ്വതന്ത്ര ചട്ടക്കൂടില്‍ ധാരാളം ആളുകള്‍ ഇതില്‍ ഭാഗഭാക്കാവും എന്നത്‌, ഇതിന്റെ നടത്തിപ്പുകാര്‍ക്ക്
പരസ്യവരുമാനത്തിന്റെ വലിയ പ്രലോഭനം മുന്നിലുള്ളത് കൊണ്ട്, ലാഭകരമായ ഒരേര്‍പ്പാടായി ഭവിക്കുന്നു.

ഒരു തരത്തിലും തങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തേണ്ടതില്ല
എന്നത് ഇതിലെ അംഗങ്ങളെ അജ്ഞാതരായി ഇരിക്കാന്‍
അവസരമൊരുക്കുന്നുണ്ട്. അത്കൊണ്ട് അവയില്‍ പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായപ്രകടനങ്ങളുടെ ആധികാരീകത ഏതെങ്കിലും തരത്തില്‍ വിശ്വസനീയത തെളിയിക്കുന്നതല്ല. എന്നാല്‍ അവയില്‍ നിന്നും
ഉരുത്തിരിയുന്ന അഭിപ്രായങ്ങളിലെ പ്രത്യുല്‍പ്പന്നമതിത്വവും ക്രിയാത്മകതയും ഈ കാരണങ്ങളെ മുന്‍ നിര്‍ത്തി
തീരെ അവഗണിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഒരു നിലവാരം ഉയര്‍ത്തിക്കാണിക്കാന്‍ ആയില്ലെങ്കിലും പൊതുവായ അര്‍ത്ഥത്തില്‍ ഇത് ജനങ്ങളുടെ ഇച്ഛയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. സാധാരണഗതിയില്‍ ഇത് ജനാധിപത്യസംവിധാനത്തിലെ ഭരണം നിയന്ത്രിക്കുന്ന അധികാരികള്‍ക്ക്‌ സഹായകരമായിരിക്കേണ്ടതാണ്. എന്നാല്‍ നിലവില്‍ ഈ ഭരണാധികാരികള്‍ ഇതിനെയെല്ലാം ശത്രുതാപരമായി സമീപിക്കുന്ന കാഴ്ചയാണ് സമകാലികമായി അനുഭവപ്പെടുന്നത്.

ആചന്ദ്രതാരം ഭരണാധികാരികളായി ഇരിക്കാം എന്ന് എകാധിപതികള്‍ക്ക് പോലും ഉറപ്പില്ലാത്തതാണ് കാലം.
അങ്ങനെയിരിക്കെ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ ജനങ്ങളെ നേരിടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഈ വര്‍ഗ്ഗം തങ്ങള്‍
അല്‍പവിഭവന്‍മാരല്ലെന്ന് തെളിയിക്കാനെങ്കിലും ഇത്തരം ഭയാശങ്കകളില്‍ നിന്ന് മാറി നില്‍ക്കേണ്ടതല്ലേ?

സാമൂഹ്യതിന്മകള്‍ക്ക് വളമാകുന്ന തരത്തില്‍ കുപ്രചരണങ്ങള്‍ക്ക് വേദിയാകുന്നു എന്നതാണ് പ്രധാന ആരോപണം.
ജനാധിപത്യം അനുവദിച്ചുതരുന്ന നിയമസംവിധാനങ്ങള്‍ അത്തരം മാലിന്യങ്ങളെ നേരിടാന്‍ പര്യാപ്തമാണ് എന്നിരിക്കെ ആ വഴി തന്നെ പ്രയോജനപ്പെടുത്തുക എന്നതല്ലേ അഭികാമ്യം? എന്നാല്‍ കള പറിക്കാന്‍ എന്ന വ്യാജേനെ മുഴുവന്‍ വിളകളും പറിച്ചുമാറ്റുന്ന ഒരു നയമാണ് സര്‍ക്കാരുകളില്‍ നിന്നും ഉണ്ടാകുന്നത്. ഇത് ഏതുതരം
ബുദ്ധിയാണെന്ന് അവര്‍ തന്നെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.

അപ്പോള്‍ അതൊന്നുമല്ല കാര്യം. പാലത്തിനിപ്പുറവും പാലത്തിലും നാരായണന്‍ നാരായണന്‍ തന്നെ ആയിരിക്കുകയും
പാലത്തിനപ്പുറത്തെ രമ്യഹര്‍മ്മ്യത്തില്‍ നാരായണന്‍ കൂരായാണന്‍ ആയിരിക്കുകയും ചെയ്യും എന്നതാണ്. കാലം പഠിതാക്കള്‍ക്ക് ഒരുക്കി വെച്ച പാഠം കാണാതെ പോകുന്ന വിഡ്ഢികളെ ചരിത്രം പിന്നെയും പിന്നെയും കയ്യൊഴിഞ്ഞിട്ടുണ്ട്.
ചരിത്രപാഠം ഇവര്‍ മറക്കാതിരിക്കട്ടെ...!!!

No comments:

Post a Comment